POLITICS

ജനകീയാസൂത്രണ പരിപാടി ഒരു പാലമായിരുന്നു

ജനകീയാസൂത്രണ പരിപാടി, ഇടതുപക്ഷ കേരളത്തെ വലതുവികസന പാതയിലേക്കു ബന്ധിപ്പിക്കുന്ന ഒരു പാലം മാത്രമായിരുന്നു. റോഡും പാലവും വിമാനത്താവളവുമല്ല വികസനമെന്നും വീടും വെള്ളവും കൃഷിയും തൊഴിലും വ്യവസായവും ആരോഗ്യവും മറ്റുമാണെന്നും അന്നു പറഞ്ഞിരുന്നു. അത് ഗ്രാമസഭകളില്‍ തീരുമാനിക്കാന്‍ വേണ്ട അധികാര വികേന്ദ്രീകരണം വന്നു എന്നു മോഹിപ്പിച്ചിരുന്നു. ജനങ്ങളില്‍ ഊന്നിയുള്ള വികസനത്തെക്കുറിച്ചായിരുന്നു സകല വാഗ്ദാനങ്ങളും. ഗ്രാമസഭകള്‍ ഉറക്കമൊഴിഞ്ഞു പദ്ധതികള്‍ തയ്യാറാക്കി പുതിയ വിപ്ലവത്തെ വരവേറ്റിരുന്നു.

1996നു ശേഷമുള്ള സര്‍ക്കാറുകളൊന്നും ജനകീയാസൂത്രണ പരിപാടി കാര്യമായി പിന്തുടര്‍ന്നില്ല. ഗ്രാമസഭകളില്‍ വഴിപാടു പദ്ധതികളുണ്ടായി. അടിത്തട്ടധികാരങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കപ്പെട്ടു. റോഡും പാലവും വിമാനത്താവളവും തന്നെയായി വികസന ലക്ഷ്യം. മൂലധന ശക്തികള്‍ പദ്ധതികളുമായി വന്നു. കണ്‍സള്‍ട്ടന്‍സികള്‍ പഠനം നടത്തി. പഞ്ചായത്തുകള്‍ക്കു മേല്‍ അധികാരത്തിന്റെ സിംഗിള്‍ വിന്‍ഡോ തുറക്കപ്പെട്ടു. അധികാര വികേന്ദ്രീകരണമെന്ന് തെറ്റിദ്ധരിപ്പിച്ച് പങ്കാളിത്ത ജനാധിപത്യ പരിപാടി തയ്യാറാക്കിയതും രാഷ്ട്രീയം ചോര്‍ത്തി ജനാധിപത്യ സംവിധാനങ്ങളെ നിര്‍വീര്യമാക്കി മുതലാളിത്ത വിപണി വ്യാമോഹങ്ങളെ എഴുന്നെള്ളിച്ചതും ‘മാനായി വന്ന മാരീചന്റെ’ കൗശലങ്ങളായിരുന്നു.

ഇനിയിപ്പോള്‍ ജനകീയാസൂത്രണ പരിപാടി വേണ്ട. ഇടതുപക്ഷ രാഷ്ട്രീയത്തെ മുതലാളിത്ത വികസനലോകത്ത് എത്തിച്ച ശേഷം ആ പാലം എടുത്തുകളയാം. പാര്‍ട്ടി രഹിത പങ്കാളിത്ത ജനാധിപത്യം മുതലാളിത്ത വികസന പാതയിലേക്കുള്ള ചവിട്ടുകല്ലാണ് എന്ന വിമര്‍ശനമാണ് അന്നു ഞങ്ങള്‍ ഉയര്‍ത്തിയത്. ഇന്ന് അത് പകല്‍പോലെ വ്യക്തമായിരിക്കുന്നു. അധികാര വികേന്ദ്രീകരണ തത്വങ്ങളെപ്പോലും അത് തകര്‍ത്തിരിക്കുന്നു. ഇപ്പോള്‍ ജനാധിപത്യ സര്‍ക്കാറിന്റെ അധികാരം പോലും ഉദ്യോഗസ്ഥ മേധാവിത്തത്തിലേക്കോ കോര്‍പറേറ്റ് താല്‍പ്പര്യങ്ങളിലേക്കോ കേന്ദ്രീകരിക്കുകയാണ്. മന്ത്രിമാര്‍ക്കു മുകളിലാണ് സെക്രട്ടറിമാരുടെ സ്ഥാനം. അവര്‍ക്കുള്ള ഊണ് കോര്‍പറേറ്റ് /കണ്‍സള്‍ട്ടന്‍സി കാന്റീനുകളില്‍നിന്നാണ്.

വരും തലമുറയ്ക്ക് എന്തുവേണമെന്ന് ഇപ്പോള്‍ തീരുമാനിച്ചു നല്‍കുകയാണ് വികസന തമ്പ്രാക്കള്‍. വരുംകാലത്തെ വരുമാനത്തില്‍പോലും കൈയിട്ടുവാരി തലമുറകളെ ദരിദ്രരാക്കുന്ന വികസനമാണത്. കേരളത്തില്‍ ഇനി പണയം വെക്കാന്‍ ഒന്നുമില്ല. അതിനാല്‍ തോമസ് ഐസക് ഇനി നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യതയില്ല. ഇനി അദ്ദേഹത്തിന് ധനകാര്യ മന്ത്രിയും ആവേണ്ടതില്ല. ദൗത്യം പൂര്‍ണമായിരിക്കുന്നു. മൂന്നു പതിറ്റാണ്ടുകൊണ്ട് കേരളത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും മുഖച്ഛായയല്ലേ അദ്ദേഹം മാറ്റിമറിച്ചത്! വലത് – ഇടതു വികസന പാതകള്‍ എവിടെ വേര്‍തിരിയുന്നുവെന്ന് ഇനി ഒരാള്‍ക്കും കണ്ടെത്താനാവില്ല. ഇന്ദുലേഖയുടെ പുടവയും ശരീരവുമെന്നപോലെ എന്തൊരു ലയം!

പൊലിമയുള്ള വികസനോത്സവങ്ങള്‍ക്കു താഴെ പുറംതള്ളപ്പെടുന്നവര്‍ കുറയുന്നില്ല. ലക്ഷക്കണക്കിനു വീടുകള്‍ നിര്‍മ്മിച്ചിട്ടും മണ്ണും കൂരയുമില്ലാത്തവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നും വരുന്നില്ല. സംശയമുണ്ടെങ്കില്‍ പോയ വര്‍ഷങ്ങളിലെ ഭവനരഹിതരുടെ സര്‍ക്കാര്‍ കണക്കുകള്‍ നോക്കിയാല്‍ മതി. കോളനികളിലും പുറമ്പോക്കിലും കഴിയുന്നവര്‍ക്ക് ഭൂമിയില്‍ അവകാശം കിട്ടിയില്ല. ശുദ്ധജലവും ശുദ്ധവായുവും ഇല്ലാതാക്കുന്ന മണ്ണ് പാറ വനം ക്വാറി കയ്യേറ്റങ്ങള്‍ കൂടിയതേയുള്ളു. മിനിമം വേതനത്തിനും തൊഴിലിനും തൊഴില്‍ സുരക്ഷയ്ക്കും പൊരുതുന്നവര്‍ പെരുകുന്നു. തൊഴില്‍നിയമങ്ങള്‍ മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്കു മാറ്റിയെഴുതുന്നു. പ്രശ്നങ്ങള്‍ അനവധിയാണ്. മുതലാളിത്ത ചൂഷണത്തിന്റെ വേഗവും ശക്തിയും കൂടുകയാണ്. പലമട്ട് പൊരുതുന്നവരുടെ ആശ്രയമായിരുന്ന മഹാ പ്രസ്ഥാനത്തെ മുതലാളിത്ത വികസനത്തിന്റെ നടത്തിപ്പു സംഘമാക്കിയ നേതൃത്വം അതിന്റെ ജീര്‍ണതകളില്‍ പുളച്ചുതുടങ്ങിയിരിക്കുന്നു.

എങ്ങോട്ടാണ് പോകുന്നതെന്ന് ഒന്നര ദശകം മുമ്പ് എം എന്‍ വിജയന്‍ മാഷ് പറഞ്ഞിട്ടുണ്ട്. അതിപ്പോള്‍ ആര്‍ക്കും ദൃശ്യമാണ്. ഒരു ബ്രേക്കിംഗ് പോയിന്റ് എല്ലാവരെയും ഉണര്‍ത്തുമെന്ന് മാഷ് ഒരു പ്രതീക്ഷ ഉള്ളില്‍ കരുതിയിരുന്നു. അതുമാത്രം അകലുകയാണ്.

ആസാദ്
21 നവംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )