Article POLITICS

വാസ്തവത്തില്‍ കേന്ദ്രവും കേരളവും തമ്മിലെന്ത്?

കേന്ദ്ര സര്‍ക്കാറും ബി ജെ പിയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു കേരളത്തിലെ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഒട്ടും സംശയിക്കാതെ പറയാം, ഞാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കൂടെയാണ്.

പിന്നെ എന്തുകൊണ്ടാണ് പക്ഷം ചേരാന്‍ വൈകുന്നത്?

അതങ്ങു ബോദ്ധ്യമാവാത്തതുകൊണ്ടു തന്നെ. സ്വര്‍ണ കള്ളക്കടത്ത് അന്വേഷിക്കാന്‍ വന്ന ഏജന്‍സികള്‍ മറ്റൊരു സ്വര്‍ണക്കടത്തിലും കാണിക്കാത്ത അന്വേഷണകൗതുകം ഇവിടെ കാണിച്ചു എന്നതു നേരാണ്. അതുമാത്രം കണക്കിലെടുത്ത് ഒരു തീരുമാനത്തിലെത്തുക പ്രയാസമായിരുന്നു. കാരണം, മുഖ്യമന്ത്രിയുടെ വകുപ്പില്‍ കള്ളന്‍ കയറിയിരുന്നു. ഓഫീസില്‍ കള്ളക്കടത്തു ലോബി മേഞ്ഞിരുന്നു. അത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി താല്‍പ്പര്യം കാണിച്ചതേയില്ല. കസ്റ്റംസ് അന്വേഷണം തുടങ്ങിയ നാളുകളില്‍ സ്വപ്നയുടെയും ശിവശങ്കറിന്റെയും ഇടപെടലുകള്‍ പുറത്തു വന്നപ്പോള്‍ മുഖ്യമന്ത്രി ജനങ്ങളിലുണ്ടായ നടുക്കം തിരിച്ചറിഞ്ഞില്ല. ശിവശങ്കര്‍ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്നതും സ്വപ്നയുടെ നിയമനം അദ്ദേഹത്തിന്റെ ക്രമവിരുദ്ധ നടപടിയാണെന്നതും കാര്യമായെടുത്തില്ല. പിന്നീട് ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനും ശിവശങ്കറിന്റെ സസ്പെന്‍ഷനും നിര്‍ബന്ധിക്കപ്പെടുന്നത് നാം കണ്ടു. അതിന്റെ ശേഷവും ശിവശങ്കറിന്റെ നടപടികളില്‍ നടുക്കമോ ക്ഷോഭമോ ദുഖമോ ഒരു ഘട്ടത്തിലും മുഖ്യമന്ത്രി പ്രകടിപ്പിച്ചു കണ്ടില്ല. അദ്ദേഹം ശിവശങ്കറിന് എത്രമാത്രം അമിതമായ അധികാരവും വിശ്വാസവും നല്‍കിയിരുന്നുവെന്ന് സ്പ്രിംഗ്ളര്‍ വിവാദകാലത്ത് നമുക്കു ബോധ്യപ്പെട്ടതാണ്.

സ്വര്‍ണ കള്ളക്കടത്ത് വിമാനത്താവളത്തില്‍ നടന്ന സംഭവമായതുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാതെ പറ്റില്ല. സംസ്ഥാന സര്‍ക്കാര്‍, ഏത് ഏജന്‍സിയും അന്വേഷിക്കട്ടെ എന്ന നിലപാടെടുത്തു. കേന്ദ്ര ഏജന്‍സികള്‍ ഓരോന്നായി കേരളത്തിലേക്കു തിരിച്ചു. ഒരന്വേഷണത്തിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ഇതുവരെ കണ്ടില്ല. എന്നാല്‍ അന്വേഷണത്തിനിടയില്‍ പലതും ചികഞ്ഞു പുറത്തിടാന്‍ അവര്‍ക്കു സാധിച്ചു. അതില്‍ ലൈഫ്മിഷ്യന്‍ മുതല്‍ കിഫ്ബിയും കെ ഫോണും ഇ മൊബിലിറ്റിയും വരെയുള്ള പദ്ധതികള്‍ പെടും. യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു സ്വര്‍ണക്കടത്തു മാത്രമല്ല ലൈഫ്മിഷ്യന്‍ അഴിമതിയും ചര്‍ച്ച ചെയ്യപ്പെട്ടു. നാലേകാല്‍ കോടിയുടെ അഴിമതി വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവും ധനമന്ത്രിയും ചേര്‍ന്നാണ് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. ജനങ്ങളിലെ ആശങ്ക വളരാന്‍ അതിടയാക്കി.

അനധികൃത നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി ഇടപെടലുകള്‍ കരാറുകള്‍, വിദേശ യാത്രകള്‍, സാമ്പത്തിക ആരോപണങ്ങള്‍, യു എ ഇ കോണ്‍സുലേറ്റുമായുള്ള വിവാദ ബന്ധങ്ങള്‍, മത ഗ്രന്ഥവുമായും ഈത്തപ്പഴവുമായും ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നങ്ങള്‍ എന്നിങ്ങനെ വിവാദ വിഷയങ്ങളുടെ ഘോഷയാത്രകളായിരുന്നു. ഇവയില്‍ പലതും തികച്ചും സാങ്കേതികമായ പിഴവുകളോ നോട്ടക്കുറവുകളോ ആവാം. എന്നാല്‍ ക്രമവിരുദ്ധമായ നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു എന്നതില്‍ സംശയമില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അമിതാധികാരത്തിന്റെ തണലില്‍ എത്ര സ്വപ്നമാര്‍, എത്ര കണ്‍സള്‍ട്ടന്‍സികള്‍ തഴച്ചു വളര്‍ന്നിട്ടുണ്ടാവണം! പൊതുസമ്പത്ത് ഏതൊക്കെ വഴികളില്‍ ചോര്‍ന്നിട്ടുണ്ടാവണം!

ഇങ്ങനെ പലതും പുകച്ചു പുറത്തിട്ടു എന്നല്ലാതെ തികഞ്ഞ വ്യക്തതയോടെ ഒരു കേസും അവതരിപ്പിക്കാന്‍ മാസങ്ങളായിട്ടും ഒരന്വേഷണ ഏജന്‍സിക്കും സാധിച്ചിട്ടില്ല. പരസ്പര വിരുദ്ധങ്ങളായ നിരീക്ഷണങ്ങള്‍ ധാരാളം ഉണ്ടുതാനും. ഇതു സൂചിപ്പിക്കുന്നത് ഇത്തരം കേസുകളൊന്നും തെളിയിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഏജന്‍സികളോ ഭരണ കേന്ദ്രങ്ങളോ നിലവിലില്ല എന്നാവാം. മുതലാളിത്ത വികസനം അതിന്റെ സഹജമായ പിന്നാമ്പുറ ഇടപെടലുകളെയും വൈകല്യങ്ങളെയും കൈവിടാനിടയില്ല. കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറമുള്ള അധികാര ബന്ധങ്ങളെ അതിനു നില നിര്‍ത്തേണ്ടി വരും. അതിനാല്‍ കോര്‍പറേറ്റ് ധനമേധാവിത്തം ആഗ്രഹിക്കാത്ത വഴികളിലേക്ക് ഒരന്വേഷണവും നീങ്ങാന്‍ സാദ്ധ്യതയില്ല. കള്ളപ്പണമോ അഴിമതിയോ അധികാര ദുര്‍വിനിയോഗമോ ഇക്കാലത്ത് വലിയ കുറ്റമല്ലാതായിരിക്കുന്നു!

കേന്ദ്രം കേരളത്തെ വേട്ടയാടുന്നുണ്ട്. കേന്ദ്ര ഭരണകൂടം കേരളത്തിന്റെ വിഭവങ്ങളിലും സമ്പാദ്യങ്ങളിലും കൈവെയ്ക്കുന്നുണ്ട്. കവര്‍ന്നെടുക്കുന്നുണ്ട്. അതിന്റെ ഒട്ടും ആനുപാതികമല്ലാത്ത വിഹിതവും ശ്രദ്ധയും മാത്രമേ തിരിച്ചു കിട്ടുന്നുള്ളു. സംസ്ഥാനത്തെ ഭരണ നേതൃത്വവുമായും കേന്ദ്രത്തിനു വൈരുദ്ധ്യങ്ങളുണ്ട്. എന്നാല്‍ അത് അടിസ്ഥാന വികസന പ്രയോഗങ്ങളില്‍ ദൃശ്യമാവുന്നില്ല. ദേശീയപാതാ സ്വകാര്യവത്ക്കരണത്തില്‍ ബി ജെ പി സര്‍ക്കാറുകളെ പിറകിലാക്കാന്‍ കഴിഞ്ഞ സര്‍ക്കാറാണ് കേരളത്തിലേത്. അതിന് കേന്ദ്രം ആത്മാര്‍ത്ഥമായി അഭിനന്ദിച്ചിട്ടുണ്ട്. രാജ്യത്തെങ്ങും കൃഷിയിടങ്ങളിലൂടെയും ജനവാസ കേന്ദ്രങ്ങളിലൂടെയും വാതക പൈപ്പ്ലൈന്‍ കൊണ്ടു പോകുന്നതിന് എതിരായ സി പി എം കേരളത്തില്‍ അതു നടത്തിക്കൊടുത്തു കയ്യടി നേടി. പരിസ്ഥിതി വിജ്ഞാപനം സംബന്ധിച്ചും അതു തള്ളിക്കളയണമെന്ന സി പി എം നിലപാടിനോടൊപ്പമല്ല കേരള സര്‍ക്കാര്‍ നിന്നത്. ചില ഭേദഗതികള്‍ മാത്രം മതി എന്ന നിലപാടിലാണ്.

എന്‍ ഐ എ, യു എ പി എ ഭേദഗതികളിലും പാര്‍ട്ടിയുടെ എതിര്‍പ്പ് സംസ്ഥാന ഭരണ നേതൃത്വത്തില്‍ കണ്ടില്ല. സംഘപരിവാരം ഉന്നയിച്ചുകൊണ്ടിരുന്ന അര്‍ബന്‍ നക്സല്‍ ആരോപണത്തെ പിന്തുണയ്ക്കുംവിധം അലന്‍ താഹമാര്‍ക്കെതിരെ യു എ പി എ കേസെടുത്ത് കൂറു തെളിയിച്ചു. നാലു തവണ വ്യാജ ഏറ്റുമുട്ടല്‍ നടത്തി മാവോയിസ്റ്റു ഭീഷണിയുടെ മറവില്‍ എട്ടുപേരെ വധിച്ചു. വടക്കേ ഇന്ത്യയില്‍ കാണുന്നതുപോലെ ബലാല്‍സംഗ – കൊലപാതക കേസുകളില്‍ പൊലീസ് പ്രതികളെ രക്ഷിക്കുന്നത് വാളയാറിലും പാലത്തായിയിലും കണ്ടു. ആഭ്യന്തര നയത്തിന്റെ കാര്യത്തില്‍ പഴയ ഇടതുപക്ഷ ഭരണത്തിന്റെ പാരമ്പര്യം പൂര്‍ണമായും കേന്ദ്രത്തിന് അടിയറ വെച്ചു.

ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ കേന്ദ്ര അവഗണനക്കെതിരെ ദില്ലിയില്‍ പോയി മന്ത്രിമാരും എം എല്‍ എ മാരും സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴാവട്ടെ, കേന്ദ്ര ഭരണ നേതൃത്വത്തെ പേരെടുത്ത് വിമര്‍ശിക്കാന്‍ പോലും ധൈര്യമില്ലാതായിരിക്കുന്നു. കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തുന്ന സന്ദര്‍ഭത്തിലൊന്നും അവയെ നിയന്ത്രിക്കുന്ന നരേന്ദ്രമോദിയെയോ അമിത് ഷായെയോ വിമര്‍ശിക്കാതിരിക്കാന്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. ബംഗാളില്‍ മമതാ ബാനര്‍ജി സ്വീകരിച്ച പ്രതിരോധ കാര്‍ക്കശ്യം കേരളത്തിലില്ല. അമിത് ഷാ വരുന്നതു തടഞ്ഞ സന്ദര്‍ഭംപോലും ബംഗാളിലുണ്ട്. ഇവിടെയാകട്ടെ, കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തതുതന്നെ അമിത്ഷായാണ്. രാഷ്ട്രീയമായ വിമര്‍ശനമില്ലാതെ കേന്ദ്ര സംസ്ഥാന സമീപനങ്ങളുടെ വ്യതിരിക്തത എങ്ങനെ പ്രകടിപ്പിക്കാനാവും? മുന്നോക്ക വിഭാഗത്തിനു സംവരണം നല്‍കുന്ന കാര്യത്തില്‍ രാഷ്ട്രീയ ഐക്യവും നാം കണ്ടതാണ്. സംഘപരിവാര ജാതി ഹിന്ദുത്വ മുദ്രാവാക്യത്തെയാണ് അത് ശക്തിപ്പെടുത്തിയത്.

ലാവലിന്‍ കേസിന്റെ കാര്യം നോക്കൂ. ഇരുപതു തവണയാണ് സുപ്രീംകോടതിയില്‍ അതു മാറ്റി വെച്ചത്. സി ബി ഐ എന്ന കേന്ദ്ര ഏജന്‍സിക്ക് പിണറായി വിജയനോട് എന്തെങ്കിലും വിരോധമുള്ളതായല്ല അതു ബോധ്യപ്പെടുത്തുന്നത്. ഇപ്പോഴുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളിലും കേരള സി പി എമ്മിനു ക്ഷീണമുണ്ടാക്കുന്ന ഒരു നീക്കവും ഉണ്ടാവാനിടയില്ല. കോര്‍പറേറ്റ് മുതലാളിത്തം അതിന്റെ മണ്ണു മോശമാക്കാന്‍ തുനിയുമെന്ന് കരുതാനാവില്ല.

ഇങ്ങനെയൊക്കെയാണ് ഞാന്‍ കരുതുന്നതെങ്കിലും കേരളത്തിന്റെ ജനാധിപത്യ ഭരണ സംവിധാനത്തെ അപായപ്പെടുത്തുന്ന ഒരു നീക്കത്തെയും ഞാന്‍ പിന്തുണയ്ക്കില്ല. ഫാഷിസ്റ്റ് ഭരണ നേതൃത്വവും കേരളവും തമ്മില്‍ ഏറ്റുമുട്ടുന്ന സന്ദര്‍ഭമുണ്ടായാല്‍ മുഖ്യമന്ത്രിക്കൊപ്പം എന്നതു തന്നെയാണ് എന്റെ നിലപാട്. അത് മറ്റെല്ലാം മിണ്ടാതിരിക്കാനോ വിമര്‍ശനങ്ങള്‍ മറച്ചുവെയ്ക്കാനോ എന്നെ പ്രേരിപ്പിക്കുന്നില്ല.

ആസാദ്
20 നവംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )