കേരളത്തെ മുതലാളിത്ത നവലിബറല്‍ വികസനത്തിന്റെ പാതയിലെത്തിക്കാന്‍ ഡോ. തോമസ് ഐസക് അല്‍പ്പമൊന്നുമല്ല പണിപ്പെട്ടത്. മൂന്നു പതിറ്റാണ്ടു നീണ്ട യത്നം വിജയത്തിലെത്തുന്നു. സി പി ഐ എമ്മില്‍ വലിയ അട്ടിമറി നടത്തിയാണ് പടിപടിയായി ഈ പരിണാമം യാഥാര്‍ത്ഥ്യമാക്കിയത്.
തൊഴിലാളിവര്‍ഗ ശാഠ്യം കേരളത്തിന്റെ വികസനത്തിനു തടസ്സമാണെന്ന് അമേരിക്കന്‍ സുഹൃത്തിനൊപ്പം എഴുതിയ പുസ്തകത്തില്‍ ഐസക് തുറന്നടിച്ചിരുന്നു. പിന്നീട് ട്രേഡ് യൂണിയന് നേതാക്കളില്‍നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കാനുള്ള മഹായത്നം അരങ്ങേറി. പ്രത്യയശാസ്ത്ര ശാഠ്യങ്ങളെ പതുക്കെ മയപ്പെടുത്തി. സകലതിനോടും സമരസപ്പെടാന്‍ പാര്‍ട്ടിയെ ശീലിപ്പിച്ചു. ആദ്യം പങ്കാളിത്ത പരീക്ഷണങ്ങളായി മുഖംമൂടിയിട്ടു വന്ന മുതലാളിത്ത ധനാധിനിവേശ അജണ്ടകള്‍ ഇപ്പോള്‍ അവയുടെ പരുക്കന്‍ മുഖത്തോടെ പുറത്തിറങ്ങിത്തുടങ്ങി.
ഊഹമൂലധനക്കമ്പോളത്തില് മസാലബോണ്ടു തേടുന്ന ഇടതുപക്ഷ ഭരണമായി കേരളത്തിലെ പിണറായി സര്‍ക്കാര്‍ മാറി. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ തുറന്നിട്ട വഴിയിലോ കെണിയിലോ ആദ്യം ചാടിവീണത് ഐസക്കാണ്. 2016ല്‍ എല്‍ ഡി എഫ് അധികാരമേല്‍ക്കുന്ന സമയത്ത് ഒന്നര ലക്ഷം കോടിയുടെ കടബാദ്ധ്യതയുള്ള സംസ്ഥാനമായിരുന്നു കേരളം. ഇപ്പോഴത് ഇരട്ടിയോടടുത്തു. വരാനിരിക്കുന്ന തലമുറകള്‍ക്ക് കടക്കെണി ബാക്കിവെക്കുന്ന ധനധൂര്‍ത്താണ് നടന്നത്. പലിശയിനത്തില്‍ മാത്രം ആഭ്യന്തര വരുമാനത്തിന്റെ ഭീമമായ പങ്കു മാറ്റിവെക്കേണ്ടിവരുന്ന ഗതികേടിലാണ് നാം. ഐസക് എന്ന ധനമന്ത്രി കേരളത്തെ അന്താരാഷ്ട്ര ധനകാര്യ ശക്തികള്‍ക്ക് പണയം വെച്ചിരിക്കുന്നു.
തൊണ്ണൂറുകളിലെ മത്സരയോട്ടത്തില് നാലാം ലോകം അദ്ദേഹത്തിനു മറയായിരുന്നു. എം പി പരമേശ്വരന് തണലായിരുന്നു. എം പിയുടെ ‘മാതൃകാലോകം’ സൃഷ്ടിക്കാനല്ല മുതലാളിത്ത വികസനത്തെ കുടിയിരുത്താനാണ് ഐസക് ഉത്സാഹിച്ചത്. പണം ചെയ്യുന്ന വിസ്മയങ്ങള്‍ കാണിച്ചു കയ്യടിവാങ്ങുന്ന രാഷ്ട്രീയ ജാലവിദ്യ നാം കാണുന്നു. മുഖ്യമന്ത്രിയെ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിലേക്ക് മണിയടിക്കാന്‍ പറഞ്ഞു വിട്ട വലതുകൗശലത്തിന്റെ മാന്ത്രികശേഷി ആരെയാണ് വിസ്മയിപ്പിക്കാത്തത്? കേന്ദ്ര കേരള ധനമന്ത്രിമാര്‍ മത്സരിച്ചാനയിച്ച മസാലാ ബോണ്ടു വിപ്ലവവും അതിന്റെ കോര്‍പറേറ്റ് ആഘോഷവും തകര്‍ക്കുകയാണ്.
എ ഡി ബിയോ ലോകബാങ്കോ നീട്ടിയ പണം അദൃശ്യ ചരടുകളുള്ള കെണികളായിരുന്നു മുമ്പ്. കേരളമാതൃക തകര്‍ക്കാനുള്ള പണക്കെണിയെന്നേ പറഞ്ഞുകേട്ടുള്ളു. മുണ്ടു മുറുക്കിയുടുത്തും വായ്പകളില്‍നിന്നു രക്ഷ നേടണമെന്നും ഉള്ളതുകൊണ്ടു പൊരുതി പുരോഗതി കൈവരിക്കണമെന്നും പഠിപ്പിച്ച ആചാര്യന്മാരുണ്ടായിരുന്നു. പക്ഷെ, അവരൊക്കെ പഴഞ്ചരാണെന്ന് പുതിയ നേതൃത്വം പറയുന്നു. വായ്പയ്ക്ക് അതിരുകള്‍ വേണ്ടെന്ന് ഐസക്ക് വരുംകാലം മാന്തി വെളുപ്പിക്കുകയായി. നാലാംലോകം അയാളില്‍ ഒന്നാംലോകമാകുന്ന അത്ഭുതം!
കേന്ദ്ര ഏജന്‍സികള്‍ക്കു അസൂയ തോന്നാതിരിക്കുമോ കേരളത്തോടും ഐസക്കിനോടും? സി &എ ജി റിപ്പോര്‍ട്ടു വരുമ്പോഴേക്കും കെട്ടുപൊട്ടിക്കാനുള്ള വെപ്രാളം അതുകൊണ്ടാണ്. അവരെന്തു കരുതുന്നു എന്നറിയാന്‍ ധൃതി. പണി വരുന്നുണ്ടോ എന്ന ആധി. ഭരണഘടനയോ ചട്ടങ്ങളോ ഓര്‍ക്കാന്‍ നേരമെവിടെ? മുതലാളിത്ത അധികാര കേന്ദ്രങ്ങള്‍ തമ്മില്‍ പെരുക്കുകയാണ് വൈരുദ്ധ്യങ്ങള്‍. അവരുടെ മാത്രമായ കൊതിക്കെറുവുകള്‍. പിന്വെട്ടുകള്. ഐസക്കും കൂട്ടരും നമ്മെ എത്തിച്ചത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉത്സവകേരളത്തിലാണ്.
നമ്മെ പണയംവെച്ച കാശിന്റെ പകിട്ടു കാണിച്ചു നമ്മെ ആനന്ദിപ്പിക്കുന്ന ഐസക് ഒട്ടും മോശക്കാരനല്ല. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെ മുതലാളിത്ത പാതയിലേക്കും കേരള സംസ്ഥാനത്തെ അന്താരാഷ്ട്ര ധനക്കോയ്മകളുടെ ലോക്കറിലേക്കും എത്തിച്ചതിലുള്ള അദ്ദേഹത്തിന്റെ പങ്ക് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല.
ആസാദ്
17 നവംബര്‍ 2020
