വായിക്കാന്‍ ആരംഭിച്ച കാലംതൊട്ടേ ഞാന്‍ ദേശാഭിമാനി വായിക്കുന്നു. സി പി എമ്മിന്റെ കൂടെ നിന്നപ്പോഴും വിയോജിച്ചു മാറി നിന്നപ്പോഴും ദേശാഭിമാനി മുടക്കിയിട്ടില്ല. അതിനു പല കാരണങ്ങളുണ്ട്. എന്നെ വായനയും എഴുത്തും പഠിപ്പിച്ച, നേര്‍ക്കാഴ്ച്ചയില്‍ തെളിയാത്ത പല കാഴ്ച്ചകളും കാണിച്ചുതന്ന, ദര്‍ശനങ്ങളുടെ വെളിച്ചം പകര്‍ന്നുതന്ന, യോജിക്കാനും വിയോജിക്കാനും പ്രാപ്തനാക്കിയ പാഠപുസ്തകമാണത്.
ഇന്നാവട്ടെ, നേര്ത്തുനേര്ത്തുപോയിട്ടുണ്ട് അതിന്റെ ഇടപെടല്‍ ശേഷി. ദര്‍ശനങ്ങളുടെ തിളക്കമില്ല. ജനാധിപത്യ മര്യാദ തീരെയില്ല. മത്സരോത്സാഹം മറ്റൊരു വഴിയില്‍ തിരിഞ്ഞൊഴുകുന്നു. വലതു പദാവലികള്‍ പായല്‍പോലെ പടരുന്നു. സി പി എമ്മിനെ ബാധിച്ച കാറ്റുവീഴ്ച്ചയുടെ ആഘാതം ഏറെയേറ്റത് അവിടെയാണ്. പാര്‍ട്ടിയോടു വിയോജിച്ചു വിട്ടുപോന്നിട്ടും എനിക്കു ദേശാഭിമാനി നിര്‍ത്താന്‍ തോന്നിയില്ല. ദരിദ്രരുടെ ചില്ലറത്തുട്ടുകള്‍കൊണ്ട് പടുത്തുയര്‍ത്തിയ സ്വപ്നഗോപുരമാണത്. എന്നെ ഇങ്ങനെയൊക്കെയാക്കിയ ഒരൂര്‍ജ്ജം അവിടെയുണ്ടെന്ന് സങ്കല്‍പ്പിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് എന്നും ഞാന്‍ ദേശാഭിമാനി വാങ്ങുന്നു. വായിക്കുന്നു.
സത്യം മാത്രം പറയുന്ന പത്രമല്ല ദേശാഭിമാനി. ഒരിക്കലും അങ്ങനെയായിരുന്നില്ല. അതിനു കാരണം, അങ്ങനെയൊരു ശുദ്ധസത്യം നിലനില്ക്കുന്നില്ല എന്നതാണ്. വാസ്തവ ലോകത്തിന്റെ ഒരു കാഴ്ച്ചയേ കാണാനാവൂ. ദേശാഭിമാനി അതു ചെയ്യുന്നു. മാദ്ധ്യമങ്ങളെല്ലാം അതു ചെയ്യുന്നു. കണ്ണിന്റെ ദിശയാണ്, ദര്‍ശനത്തിന്റെ തീര്‍ച്ചയാണ് വാസ്തവത്തെ പലതാക്കുന്നത്. ദേശാഭിമാനി കണ്ട കാഴ്ച്ച വിയര്‍പ്പിന്റെയും രക്തത്തിന്റെയും ആളലുകളായിരുന്നു. പുറംതള്ളപ്പെട്ടവരുടെ ആധികളായിരുന്നു. അവശ ലക്ഷങ്ങളുടെ അതിജീവന സ്വപ്നങ്ങളായിരുന്നു. അതു കാണാത്ത ഒരു വികസനത്തെയും അന്ന് കൊട്ടിഘോഷിച്ചില്ല.
ഇന്ന് ആ കണ്ണിന്റെ ദിശ മാറി. ദര്‍ശനത്തിന്റെ തെളിച്ചമറ്റു. വികസനത്തിന്റെ പൊങ്ങച്ചങ്ങളും കെട്ടുകാഴ്ച്ചകളുമില്ലാതെ ആ പത്രത്തിന് ഒരു ദിവസംപോലും ഇറങ്ങാനാവുന്നില്ല. ഇരകളെ സൃഷ്ടിക്കുന്ന വികസനത്തിന്റെ രാഷ്ട്രീയം ഒട്ടും ലജ്ജയില്ലാതെ അതാവിഷ്കരിക്കുന്നു. ഭൂസമരങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ജനവിരുദ്ധ പൊലീസ്നയത്തിന് സ്തുതി പാടുന്നു. വലതുപക്ഷ മാദ്ധ്യമങ്ങളോടാണ് എന്തിനുമേതിനും മത്സരം. എന്നിട്ടും ആ പത്രം വേണ്ടെന്നു വെയ്ക്കാന്‍ കഴിയുന്നില്ല. മരം മോശമാകുന്നത് മണ്ണിന്റെ പ്രശ്നംകൊണ്ടാണ്.
വലതുപക്ഷ മാദ്ധ്യമങ്ങള്‍ മൂലധന താല്‍പ്പര്യങ്ങള്‍ക്ക് ഹാനി വരാത്തിടംവരെ വാസ്തവത്തിന്റെ പക്ഷാന്തരം തേടും. പല കാഴ്ച്ചകള്‍ ചേര്‍ത്തുവെയ്ക്കും. ഇടതുപക്ഷ പത്രങ്ങള്‍ മുമ്പൊക്കെ നാളെയെ രൂപപ്പെടുത്തുന്ന നേരില്‍ ഊന്നിയിരുന്നു. അത് നിറപ്പകിട്ടില്‍ ഭ്രമിപ്പിച്ചില്ല. വലത് – ഇടതു വേര്‍തിരിവുകള്‍ പാര്‍ട്ടി പക്ഷപാതങ്ങളായി സങ്കോചിച്ചപ്പോള്‍ സ്ഥിതി മാറി. അധികാരോന്മാദം പിടികൂടിയ വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് ബഹുജന മാദ്ധ്യമങ്ങളെ ഭയക്കേണ്ടി വരുന്നു. വാസ്തവക്കാഴ്ച്ചയുടെ ശകലങ്ങള്‍ തങ്ങളില്‍ തുളച്ചു കയറുന്നത് അവരെ ഭയപ്പെടുത്തും.
വരുതിയിലുള്ള മാദ്ധ്യമങ്ങള്‍, വരുതിയില്‍ നില്‍ക്കാത്ത മാദ്ധ്യമങ്ങള്‍ എന്നിങ്ങനെ രണ്ടു പക്ഷത്തെച്ചൊല്ലിയേ പിന്നീടവര്‍ കലഹിക്കൂ. ഒപ്പമല്ലാത്തവ പറയുന്നതെല്ലാം നുണ എന്ന് ആക്ഷേപമുയരും. ഒരു കാലത്തും വര്‍ഗ നിലപാട് മയപ്പെടുത്തിയിട്ടില്ലാത്ത വലതുപക്ഷ മാദ്ധ്യമങ്ങള്‍ക്ക് ‘ഇപ്പോഴെന്തോ സംഭവിച്ചു’ എന്നു പരാതികളോ ഖേദപ്രകടനങ്ങളോ ഉണ്ടാകും. വാസ്തവത്തില്‍ കണ്ണാടിക്കല്ല കുഴപ്പം. അതു സ്ഥാപിച്ച ക്രമത്തില്‍ ദൃശ്യപ്പെടുന്നവ പകര്‍ത്തും. അതില്‍ ചെന്നു ‘പെടുന്ന’വിധം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ ജീവിതം മാറുന്നുണ്ടോ എന്നതാണ് പ്രശ്നം.
ഇടതുപക്ഷ പത്രം ഏറെ മാറിയെങ്കിലും വലതുപക്ഷ പത്രപ്രവര്‍ത്തനം ഒട്ടും മാറിയില്ല. കെട്ടുകഥാ നിര്‍മ്മാണം വ്യാവസായിക അടിസ്ഥാനത്തില്‍ നടക്കുന്നു. അതില്‍ വാസ്തവ നാളങ്ങളും കണ്ടേയ്ക്കാം. കളങ്കിതര്‍ നോക്കുമ്പോള്‍ എല്ലാം തങ്ങളെ ചൂണ്ടിയുള്ള കുറ്റാരോപമെന്നു കരുതും. അത്രയേയുള്ളു. പോസ്റ്റ് ട്രൂത്തു കാലത്ത് സത്യത്തെക്കുറിച്ച് ആരും ഉത്ക്കണ്ഠപ്പെടില്ല. എല്ലാം സത്യമാണ് എന്നതിന് ഒന്നും സത്യമല്ല എന്നാണ് അര്‍ത്ഥമെന്ന് ആര്‍ക്കാണ് അറിയാത്തത്? പുതിയ സങ്കീര്‍ണതകളെ മറികടക്കാന്‍, വേണ്ട സത്യം നൂലിട്ടു പിടിക്കാന്‍ അവശ്യം വേണ്ടത് പ്രത്യയശാസ്ത്ര നിലപാടാണ്. ദര്‍ശനങ്ങളെ തിരിച്ചു പിടിച്ചല്ലാതെ മാദ്ധ്യമങ്ങളെ കീഴ്പ്പെടുത്താനോ നിര്‍ണയിക്കാനോ സാദ്ധ്യമാവില്ല.
അതിനാല്‍ കണ്ട കണ്ണാടികളെല്ലാം തല്ലിപ്പോട്ടിക്കേണ്ട. സകല മാദ്ധ്യമങ്ങളോടും കലഹിക്കേണ്ട. പലകോണുകളില്‍ പകര്‍ത്തുന്ന ചിത്രങ്ങളോടു കയര്ത്തിട്ടെന്ത്? സി പി എം നേതാക്കള്‍ മാദ്ധ്യമങ്ങള്‍ക്കു നേരെ ഒച്ചയിടുകയല്ല വേണ്ടത്. പ്രത്യയശാസ്ത്ര നിഷ്ഠമായ മാദ്ധ്യമ വിമര്‍ശനം ഉയര്‍ത്തണം. ഓരോ വാര്‍ത്തയുടെയും പക്ഷാന്തരം തുറന്നു കാട്ടണം. അതു ‘ഞങ്ങള്‍ ചെയ്യുമ്പോള്‍ തെറ്റല്ലെ’ന്നു പറയാന്‍ വലതു പാര്‍ട്ടികളെ ചൂണ്ടി ന്യായീകരിക്കുന്ന പ്രവൃത്തിപോലെ ആവരുത്.
ആസാദ്
16 നവംബര്‍ 2020
