‘കേരളത്തിന്റെ അഭിമാനവികസന പദ്ധതികള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ’ ജനകീയ പ്രതിരോധം സംഘടിപ്പിക്കുകയാണ് എല്‍ ഡി എഫ്. വികസന പദ്ധതികള്‍ തട്ടിപ്പിനും അഴിമതിക്കും ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥ – രാഷ്ട്രീയ കൂട്ടുകെട്ടിന് എതിരെക്കൂടി സമരം ചെയ്യുമ്പോഴാണ് ജനങ്ങള്‍ തൃപ്തരാവുക. രണ്ടപകടങ്ങളില്‍ ഒന്നു മാത്രം കാണുന്നതില്‍ പോരായ്മയുണ്ട്.
വികസന പദ്ധതികള്‍ അഭിമാനകരമാവുന്നത് ജനങ്ങള്‍ക്കുവേണ്ടി പ്രതിബദ്ധതയോടെ അവ ആസൂത്രണം ചെയ്ത് നിര്‍വ്വഹിക്കുമ്പോഴാണ്. കൊള്ളസംഘങ്ങള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കുന്ന പദ്ധതികള്‍ സംശയിക്കപ്പെടും. സംസ്ഥാനത്ത് കോടികള്‍ പിന്‍വാതിലിലൂടെ ഒഴുകി ഇടനിലക്കാരുടെ ബാങ്ക് ലോക്കറുകളില്‍ എത്തുന്നതു നാം കണ്ടു. തന്നിഷ്ടപ്രകാരം പൊതുഫണ്ടും അധികാരവും ദുരുപയോഗം ചെയ്യുന്നതു കണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന പദവിയിലിരുന്ന് വികസന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു പോന്ന ഒരാള്‍ അഴിമതിയുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ സകല വികസന പ്രവര്‍ത്തനങ്ങളും സംശയത്തിന്റെ പരിധിയില്‍ വരുന്നത് സ്വാഭാവികമാണ്. സ്വതന്ത്രമായ അന്വേഷണത്തെ സ്വാഗതം ചെയ്യേണ്ട സന്ദര്‍ഭമാണിത്.
കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കടന്നുകയറാന്‍ അതിരറ്റ ഉത്സാഹം പ്രകടിപ്പിക്കുന്നുണ്ട്. ഭരണകക്ഷി ഇത്തരം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മിക്കപ്പോഴും മറച്ചുവെക്കുന്നുമില്ല. ഫെഡറല്‍ഘടനയുടെ സ്വഭാവമോ ഭരണഘടനാ പരിമിതികളോ ധാര്‍മ്മികബോധമോ അവര്‍ക്ക് തടസ്സമാവാറില്ല. സംഘപരിവാര യുക്തികളേ അവരെ ഭരിക്കുന്നുള്ളു. പക്ഷെ രാജ്യത്തെ ഉന്നതമായ അന്വേഷണ ഏജന്‍സികളെ ആശ്രയിക്കാതെ പലകേസുകളിലും മുന്നോട്ടു പോകാനാവില്ല.ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയത്.
തങ്ങളെ ക്ഷണിച്ച മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കള്ളക്കടത്തു – പണമിടപാടുകളുടെ മുഖ്യ കണ്ണിയായി പിടികൂടി കേസെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കു കഴിഞ്ഞു. ഇത് സംസ്ഥാന സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും ഭരണ ദൗര്‍ബല്യത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. പിഴവും ജാഗ്രതക്കുറവും ഇത്രത്തോളം ആപല്‍ക്കരമായ മറ്റൊരു സന്ദര്‍ഭമില്ല. ഏതെല്ലാം വകുപ്പുകളിലേക്ക്, ഏതെല്ലാം വികസന പദ്ധതികളിലേക്ക് അഴിമതിയുടെ വേരുകളിറങ്ങിയെന്ന് അന്വേഷിക്കണമെന്ന് ജനങ്ങള്‍ക്കും തോന്നാം. അതു പ്രാഥമികമായി നിര്‍വ്വഹിക്കേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാറാണ്. എന്നാല്‍ കണ്ണടച്ച് ഇരുട്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
വികസനവാദം വികസന തീവ്രവാദമാകരുത്. പിശകുകള്‍ മറച്ചു മഹത്വവത്ക്കരിക്കയും വേണ്ട. എല്ലാവിധ ഓഡിറ്റിങ്ങുകളെയും അതിജീവിക്കാന്‍ വേണ്ട സത്യസന്ധതയും സുതാര്യതയും പദ്ധതികള്‍ക്ക് ഉണ്ടാവണം. മുഖം മോശമാകുമ്പോള്‍ കണ്ണാടിയുടച്ചിട്ടെന്ത്? കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പൊരുതാന്‍ ധാര്‍മ്മികശേഷി വേണമെങ്കില്‍ പദ്ധതികളില്‍ നടന്നേയ്ക്കാവുന്ന ദുരുപയോഗങ്ങള്‍ക്ക് എതിരെ പൊരുതണം. സംശയത്തിന്റെ നിഴല്‍ മാറ്റണം. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് വഴിയൊരുക്കണം.
ആസാദ്
15 നവംബര്‍ 2020
