Article POLITICS

കോടിയേരി മാറി വിജയരാഘവന്‍ വരുമ്പോള്‍

സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം വിട്ടിറങ്ങുകയാണ് കോടിയേരി ബാലകൃഷ്ണന്‍. രോഗബാധിതനായതിനാല്‍ ചികിത്സാര്‍ത്ഥം അവധിയില്‍ പോകുകയാണ് എന്നു പാര്‍ട്ടിയുടെ പത്രക്കുറിപ്പ് കണ്ടു. അത് അവിശ്വസിക്കേണ്ട കാര്യമില്ല. പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ അദ്ദേഹം തുടരുന്നുണ്ട്.

കോടിയേരിയെക്കാള്‍ രോഗാതുരമാണ് പാര്‍ട്ടിയുടെ അവസ്ഥ. അതു മാറ്റാന്‍ പ്രാപ്തമായ നേതൃത്വം എന്ന നിലയ്ക്കാണോ എ വിജയരാഘവനെ സെക്രട്ടറിയാക്കിയത് എന്നറിയില്ല. അല്ലെങ്കില്‍ ഈ അവസ്ഥയില്‍ പാര്‍ട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും യോഗ്യനായ സെക്രട്ടറി എന്ന തെരഞ്ഞെടുപ്പാവുമോ? എന്തായാലും അത് ആ പാര്‍ട്ടിയുടെ ആഭ്യന്തര ക്രമീകരണമാണ്. അതിന്റെ രാഷ്ട്രീയം പക്ഷെ സംസ്ഥാനത്തെ ജനാധിപത്യ വ്യവഹാരങ്ങളെ ബാധിക്കാതിരിക്കില്ല.

ഇപ്പോള്‍ സി പി ഐ എം നേരിടുന്ന പ്രതിസന്ധി ചെറുതല്ല. മുഖ്യമന്ത്രിയുടെ ഓഫീസിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലും കടന്നു കയറിയ മുതലാളിത്ത ജീര്‍ണതകളുടെ ആഴം ആരെയും ഞെട്ടിക്കും. ഒരു തരത്തിലുള്ള തടസ്സവും കൂടാതെ കള്ളക്കടത്തു മയക്കു മരുന്ന് അധോലോക സംഘങ്ങള്‍ അഴിഞ്ഞാടുന്ന ചിത്രമാണ് ഭയപ്പെടുത്തുന്നത്. ഇടതുപക്ഷ പാര്‍ട്ടിയെന്നോ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നോ ഉള്ള അഭിമാനമാണ് തകര്‍ക്കപ്പെട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മാത്രം സാദ്ധ്യമായ സമൂഹനിര്‍മ്മാണത്തിന്റെ സാദ്ധ്യതകളാണ് അടിതകര്‍ന്നു വീണത്.

ദേശിയ അന്വേഷണ ഏജന്‍സികള്‍ക്ക് ഭരണ വര്‍ഗ രാഷ്ട്രീയവും സംഘപരിവാര ലക്ഷ്യവും കാണും. കമ്യൂണിസ്റ്റ് നാമമുള്ള ഒന്നിനെയും അവര്‍ അവശേഷിപ്പിക്കില്ല. സമര്‍ത്ഥമായി കരുക്കള്‍ നീക്കാന്‍ മിടുക്കുള്ള നേതൃത്വവും കേന്ദ്രത്തിലുണ്ട്. കേരളത്തിലെ സര്‍ക്കാറിനെയും സി പി ഐ എമ്മിനെയും തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും. പക്ഷെ, ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് ഇടയാക്കിയത് പാര്‍ട്ടിയുടെ കുറ്റമോ പിഴവോ ജാഗ്രതക്കുറവോ അല്ലെന്ന് എങ്ങനെ പറയും? മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക ലീലകളുടെ കേന്ദ്രമായെങ്കില്‍ അതിലുള്ള ഞെട്ടലും നടുക്കവും മുഖ്യമന്ത്രിയില്‍ കാണണം. ജാഗ്രതക്കുറവ് ഏറ്റു പറയാനും പിഴവുകള്‍ അന്വേഷിക്കാനും സന്നദ്ധമാവണം. പകരം അന്വേഷണ ഏജന്‍സികളെ മാത്രം പഴിക്കാാണ് ഉത്സാഹമെങ്കില്‍ അതു ഗുണകരമാവില്ല.

പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലെത്തിയ ദുരൂഹ സ്വാധീനങ്ങളുടെ വ്യാപ്തി വിശദീകരിക്കാന്‍ പാര്‍ട്ടിയ്ക്കു ബാദ്ധ്യതയുണ്ട്. കാല്‍ നൂറ്റാണ്ടു പിന്നിടുന്ന തെറ്റു തിരുത്തല്‍ രേഖയുടെ സത്ത മനസ്സിലാക്കിയില്ലെന്നു മാത്രമല്ല അതിന് കീറക്കടലാസിന്റെ വിലപോലും നല്‍കിയില്ല സംസ്ഥാന സെക്രട്ടറി എന്നത് പാര്‍ട്ടി എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെകൂടി നിദര്‍ശനമാണ്. സെക്രട്ടറി മാറി നില്‍ക്കണം എന്നാവശ്യപ്പെടുന്നതിന്റെ ധാര്‍മ്മിക പ്രേരണപോലും തിരിച്ചറിയാന്‍ അശക്തമായ നേതൃത്വം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു ഭാരമാണ്. രോഗംകൊണ്ടു അവധി എടുക്കുന്നു എന്നത് കോടിയേരിയെ സംബന്ധിച്ച വാസ്തവമാവാം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയെ അദ്ദേഹത്തിന്റെ ജാഗ്രതക്കുറവിന്റെ പേരില്‍ മാറ്റുമ്പോഴാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ആത്മവീര്യം ഉയര്‍ത്തിപ്പിടിക്കുന്നത്. വലതു ജീര്‍ണതകളില്‍ ഊളിയിട്ടു പുളയുന്നവര്‍ക്ക് ഇതിന്റെ വ്യത്യാസം മനസ്സിലാവണമെന്നില്ല.

മൂന്നു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച പാര്‍ലമെന്ററി അവസരവാദത്തിന്റെയും വിഭാഗീയ പ്രവര്‍ത്തനങ്ങളുടെയും വളര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മറ്റൊന്നാക്കി തീര്‍ത്തിട്ടുണ്ട്. കോഴിക്കോട്, കൊല്ലം, പാലക്കാടു സമ്മേളനങ്ങളില്‍ നടന്ന അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം കൊടുത്ത വിഭാഗീയ വീര്യമാണ് പലരിലുമുള്ളത്. തനിക്കു ചുറ്റും തന്റെ ആളുകള്‍ വേണമെന്ന പ്രമാണിയുടെ മോഹത്തിനാണ് മുന്‍കൈ. പാര്‍ട്ടിയെ ശക്തമാക്കാന്‍ പ്രത്യയശാസ്ത്ര ബോധവും കാര്യപ്രാപ്തിയുമുള്ള നേതൃത്വം വരട്ടെ എന്നു കരുതാനുള്ള കമ്യൂണിസ്റ്റ് ബോധംപോലും ബാക്കിയില്ലെന്നു വേണം കരുതാന്‍. സി എച്ച് കണാരനില്‍നിന്ന് എ വിജയരാഘവനില്‍ എത്തുമ്പോള്‍ പാര്‍ട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാണ്.

വേദനാകരമെങ്കിലും അനിവാര്യമായ ഒരു ശസ്ത്രക്രിയയിലൂടെ കടന്നുപോവേണ്ടതുണ്ട് പാര്‍ട്ടി. ജനതയുടെ വിമോചന പ്രസ്ഥാനമായി പാര്‍ട്ടിയെ വീണ്ടെടുക്കാനാവുമോ എന്നു നോക്കണം. ഇത് ഒരു പക്ഷെ അവസാന സന്ദര്‍ഭമാണ്. തകര്‍ന്നടിഞ്ഞാല്‍ ഒന്നും എളുപ്പമാവില്ല. തിരിച്ചുവരവ് പ്രയാസം. ഇന്ത്യന്‍ ഇടതുപക്ഷത്തിനു മുന്നില്‍ വലിയ ബാദ്ധ്യതകളുള്ള കാലമാണ്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സകല ജനാധിപത്യ ശക്തികളെയും കൂട്ടി യോജിപ്പിക്കേണ്ടതുണ്ട്. അങ്ങനെയൊരു കാലത്ത് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ജീര്‍ണതകളില്‍ മുങ്ങി മരിക്കാന്‍ വിട്ടുകൊടുത്തുകൂടാ.

ആസാദ്
14 നവംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )