Article POLITICS

ബൈഡന്റെ വിജയവും പോസ്റ്റ് കോവിഡ് രാഷ്ട്രീയവും

കോവിഡാനന്തര ലോകം സ്വേച്ഛാവാഴ്ച്ചകളെ തള്ളി സമാധാന ജീവിതത്തിലേക്ക് വാതിലുകള്‍ തുറക്കുകയാണ്. അക്രാമകവും ദയാരഹിതവുമായ വംശീയ വാഴ്ച്ചകള്‍ക്കും വികസന തീവ്രവാദത്തിനും അന്ത്യമാവുന്നു. എല്ലാ വന്‍കരകളിലുമുള്ള മനുഷ്യര്‍ കൂടുതല്‍ ജനാധിപത്യമെന്ന് മുറവിളി കൂട്ടുന്നു. വിദൂര സോഷ്യലിസ്റ്റ് അനുഭാവത്തിന്റെ പുതുകാലം പിറക്കുകയാണ്.

ജോ ബൈഡന്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നാല്‍പ്പത്തിയാറാം പ്രസിഡണ്ടായി അധികാരമേല്‍ക്കുന്നത് വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കണമെന്നില്ല. അമേരിക്കയുടെ പൊതുരാഷ്ട്രീയ നിലപാടുകള്‍ തുടരും. എന്നാലും റൊണാള്‍ഡ് ട്രമ്പല്ല ബൈഡന്‍ എന്നു തീര്‍ച്ച. വംശീയ വിദ്വേഷങ്ങളുടെയും വിവേചനങ്ങളുടെയും വിഭജനങ്ങളുടെയും പാത ബൈഡന്‍ അതുപോലെ തുടര്‍ന്നേക്കില്ല. ബ്ലാക് ലീവ്സ് മാറ്റര്‍ കലാപത്തിന്റെയും കോവിഡ് അനുഭവങ്ങളുടെയും ജനവിധിയുടെയും അര്‍ത്ഥം ബൈഡന് അറിയാതെ വരില്ല.

ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതിബില്ലിനോടും പൗരത്വ പട്ടികയോടും കാശ്മീര്‍ നിലപാടിനോടും കടുത്ത അതൃപ്തി പ്രകടിപ്പിച്ച നേതാക്കളാണ് ബൈഡനും കമലാ ഹാരിസും. ട്രമ്പുകാലത്തെ അസഹിഷ്ണുതയുടെ ലോകക്രമം ബൊള്‍സനാരോ – മോദി – നെതഹ്ന്യാഹു – എര്‍ദഗണ്‍- പുടിന്‍ -ഓര്‍ബാന്‍ തീവ്രവലതു ധാരയെ പരിപോഷിപ്പിച്ചതാണ്. അതു തുടരാനിടയില്ല എന്നുവേണം കരുതാന്‍.

ബൈഡനില്‍ വലിയ പ്രതീക്ഷകള്‍ വേണ്ട. കാരണം അദ്ദേഹം അമേരിക്കയുടെ പ്രസിഡണ്ടായാണ് അധികാരമേല്‍ക്കുന്നത്. എങ്കിലും ട്രമ്പു കെട്ടിയ അതിരുകള്‍ പലതും തകര്‍ക്കേണ്ടതുണ്ട്. ലോകം വംശീയ സ്വേച്ഛാ വാഴ്ച്ചകളെ കഠിനമായി വെറുക്കുകയും പൗരസമൂഹം പലവിധ പ്രക്ഷോഭങ്ങളിലേക്ക് ആനയിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് അദ്ദേഹത്തിന് ആ ചുമരെഴുത്തുകള്‍ വായിക്കാതെ മുന്നോട്ടു പോവുക പ്രയാസമാവും.

കോവിഡു പകര്‍ച്ചവ്യാധിയുടെ കാലം ലോകജനതയ്ക്കു നല്‍കിയ പാഠം അവരുടെ പുതിയ തെരഞ്ഞെടുപ്പുകളില്‍ പ്രകടമാണ്. സമീപകാലത്തു നടന്ന തെരഞ്ഞെടുപ്പുകള്‍ നോക്കൂ. അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ജനങ്ങള്‍ തള്ളിക്കളയുന്നു. ന്യൂസിലാന്റ് മുതല്‍ ബൊളീവിയ വരെ അതു പ്രകടമാണ്. സ്വേച്ഛാധിപതികള്‍ക്കെതിരെ ജനങ്ങള്‍ പ്രക്ഷോഭമാരംഭിക്കുന്നു. തായ്ലന്റിലും ഹോങ്കോങ്ങിലും ബെലാറസ്സിലും അതു കാണുന്നു. കോവിഡ് അച്ചടക്ക നിര്‍ദ്ദേശങ്ങള്‍പോലും മറന്ന് പുതിയ മുന്നേറ്റങ്ങള്‍ ലോകമെമ്പാടും രൂപപ്പെടുന്നു. സോഷ്യലിസ്റ്റനുഭാവ ഇടതു രാഷ്ട്രീയം പൊതുധാരയില്‍ ശക്തമാവുന്നു.

ഈ കാറ്റ് എല്ലായിടത്തും വീശിയെത്തുന്നുണ്ട്. ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലും അതു പ്രകടമാവും. ഇന്നലെ പുറത്തു വന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അതു കാണാം. ഇനി മോദി ഭരണകൂടത്തിനു പഴയ വീറില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ എളുപ്പമാവില്ല. ബൈഡന്റെ വിജയമല്ല, അതിലേക്കുകൂടി വഴി തുറന്ന പോസ്റ്റ് കോവിഡ് രാഷ്ട്രീയ ഉണര്‍വ്വാണ് കാരണം. അമേരിക്കന്‍ തെരഞ്ഞെടുപ്പുഫലം അതിന് അടിവരയിടുന്നു എന്നേ കാണേണ്ടൂ.

ആസാദ്
08 നവംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )