Article POLITICS

സര്‍പ്പങ്ങളെ വിതച്ച പാര്‍ട്ടി പുഴുക്കളെ മുളപ്പിക്കുന്നു

ഇപ്പോഴും താങ്കള്‍ ഈ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രതീക്ഷ പുലര്‍ത്തുന്നുവോ? താങ്കളുടെ വിമര്‍ശനത്തിന്റെ മുഖ്യഭാഗം ഇടതുപക്ഷത്തെച്ചൊല്ലിയുള്ള പരാതികളും നിലവിളികളുമാണല്ലോ!

അതെ, സി പി ഐ എമ്മില്‍ എന്റെ പ്രതീക്ഷകള്‍ ആരംഭിക്കുന്നു. ഇപ്പോഴും അവിടെത്തന്നെ ചുറ്റിനില്‍ക്കുന്നു എന്നതില്‍ എനിക്കുമുണ്ട് അത്ഭുതം.

കെ പി ആര്‍ മുതല്‍ കെ വേണു വരെ എഴുതിയത് വായിച്ചില്ലേ? സോഷ്യലിസ്റ്റ് ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ടില്ലേ? ഇന്ത്യന്‍ പാര്‍ട്ടി സമരപാത വിട്ട് നവലിബറല്‍ തീവ്രവികസന പാതയില്‍ പ്രവേശിച്ചതു കണ്ടില്ലേ? കണ്ണനും കുഞ്ഞിക്കണ്ണനും ഭരതനും വേദനയോടെ വിടവാങ്ങിയത് ഓര്‍മ്മയില്ലേ? ലോറന്‍സിനെയും രവീന്ദ്രനാഥിനെയും പിറകില്‍നിന്നു വെട്ടി നിശ്ശബ്ദരാക്കി മൂലയില്‍ ഇരുത്തിയത് മറന്നുവോ? അട്ടിമറിക്കാരും വെട്ടിനിരത്തലുകാരും അധികാരികളായി മാറിയില്ലേ? അവരുടെ ആര്‍ത്തിയും ആക്രാന്തവും സകല കമ്യൂണിസ്റ്റ് മര്യാദകളും ലംഘിച്ചതു കണ്ടില്ലേ? സി കെ പി പത്മനാഭനും ടി ശശിധരനും തെറ്റുതിരുത്തിത്തീര്‍ന്നില്ല? ടി പിയുടെ രക്തം തെരുവില്‍ പടരുകയല്ലേ?

ഇങ്ങനെ ചോദ്യങ്ങളുടെ പെരുമഴ ചോരുന്നില്ല. ആ ചോദ്യങ്ങള്‍ എന്നിലെ പ്രതീക്ഷകളെ ഇല്ലാതാക്കുകയല്ല, വാശിയോടെ തിരിച്ചു വിളിക്കാന്‍, ഒറ്റയ്ക്കു കൂവാന്‍ ശക്തി നല്‍കുകയാണ്. തീയില്‍ കുരുത്ത നേതാക്കളെയും നാളെയുടെ വിമോചന പ്രത്യയശാസ്ത്രത്തെയും വെട്ടിവീഴ്ത്തി ഉന്മാദം കൊണ്ട പ്രച്ഛന്ന വലതുചാരന്മാര്‍ ഇപ്പോള്‍ തുറന്നുകാട്ടപ്പെടുന്നുണ്ട്. അവര്‍ക്കു ചുറ്റും തെഴുത്ത പുതുമുതലാളിത്ത മോഹവനം അവരെ കൊണ്ടുപോകട്ടെ. ഈ ചെങ്കൊടി അവരില്‍നിന്നു തിരിച്ചുവാങ്ങാതെ പറ്റുമോ?

സോഷ്യലിസ്റ്റു ലോകത്തെ തകര്‍ച്ചയുടെ പിറകെയാണ് ഇവിടെയും അട്ടിമറി അരങ്ങേറിയത്. അതു തിരിച്ചറിഞ്ഞ നാള്‍ തൊട്ട് എനിക്കു വിമര്‍ശകനാവാതെ തരമില്ലായിരുന്നു. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തിരിച്ചു പിടിക്കാനുള്ള അതീവ ദുര്‍ബ്ബലമായ നിലവിളിയില്‍ കവിഞ്ഞ് ഒന്നുമാവില്ല. എങ്കിലും അതുമൊരു രാഷ്ട്രീയ ജീവിതംതന്നെ. ഇപ്പോള്‍ ആ വലതുപക്ഷ അട്ടിമറിയുടെയും പാര്‍ട്ടി പുനസംഘാടനത്തിന്റെയും നായകര്‍ അനിവാര്യമായ ദുരന്തത്തിന്റെ മുന്നില്‍ നില്‍ക്കുന്നു. അവര്‍ വിതച്ചത് അവര്‍ കൊയ്യുകയായി!

തൊണ്ണൂറുകള്‍ക്കു ശേഷം വന്നവര്‍ കമ്യൂണിസ്റ്റ് പേരുള്ള പദവികളും അധികാരങ്ങളുമുള്ള പാര്‍ട്ടിയെയാണ് കണ്ടത്. അവര്‍ക്ക് ഭക്തരോ ഗുണ്ടകളോ ആവാന്‍ ഒരു തടസ്സവും കാണില്ല. രണ്ടും അധികാരത്തിന്റെ ജീര്‍ണസന്തതികളാണ്. കമ്യൂണിസ്റ്റുകാരുടെ തലയെടുപ്പും ആദര്‍ശദാര്‍ഢ്യവുമുള്ള തലമുറ പുറംതള്ളപ്പെടുന്നു. മിച്ചഭൂമി സമരംപോലും വിറ്റഴിക്കാവുന്ന ഗൃഹാതുരതയാണ്. ഭൂമിക്കു വേണ്ടിയുള്ള സമരം മുന്നോട്ടു കൊണ്ടുപോകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെയുമുണ്ട്. സി പി ഐ എമ്മിനു പക്ഷെ അവയോടു പുച്ഛമാണ്. സോഷ്യല്‍ ഡമോക്രസിപോലും ഇവരുടെ വലതു ജീര്‍ണതയെക്കാള്‍ എത്രയോ സ്വീകാര്യമാണ്.

എന്നിട്ടും പ്രതീക്ഷ കൈവിടാത്തതെന്ത്? പലവട്ടം സ്വയം ചോദിച്ച ചോദ്യമാണ്. ഒറ്റ ഉത്തരം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മാത്രം പകരാവുന്ന ചില പ്രതീക്ഷകളും നയിക്കാവുന്ന വിപ്ലവങ്ങളുമുണ്ട്. അതു നടത്താന്‍ പ്രാപ്തമല്ലാത്ത പാര്‍ട്ടികളിലെ ലക്ഷക്കണക്കിനു പ്രവര്‍ത്തകരും അനുഭാവികളും തീവ്രവികസന ശാഠ്യങ്ങളിലേക്കും താല്‍ക്കാലിക നവലിബറല്‍ മധുരങ്ങളിലേക്കും വീണുപോയിക്കൂടാ. അവരെ കമ്യൂണിസ്റ്റ് യുക്തികള്‍കൊണ്ട് വിളിച്ചുകൊണ്ടേയിരിക്ക. അതൊരു വീക്ഷണവും സമീപനവുമാണ്. ഫാഷിസം വിഴുങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പഴയ കമ്യൂണിസ്റ്റ് വീര്യത്തിന്റെ വീണ്ടെടുപ്പാണ് വേണ്ടത്.

ഇതാ, വലതുവ്യതിയാനത്തിന്റെ പരിക്കുകള്‍ വ്രണങ്ങളായി പൊട്ടിയൊലിക്കുകയാണ് പാര്‍ട്ടിയുടെ ഉടല്‍ നിറയെ. ഇപ്പോഴെങ്കിലും ഒരു ശസ്ത്രക്രിയ ആവശ്യമാണ്. വേദനാകരമെങ്കിലും ചില വെട്ടിമാറ്റലുകള്‍. ചില വീണ്ടെടുപ്പുകള്‍. അല്ലെങ്കില്‍ പല മഹാപ്രസ്ഥാനങ്ങളെയും ഏറ്റുവാങ്ങിയ മണ്ണ് ഈ പാര്‍ട്ടിയെയും കരുണാപൂര്‍വ്വം അലിയിച്ചു കളയും. കണ്ണീരിന്റെയും രക്തത്തിന്റെയും തിരയിളക്കങ്ങള്‍ അവയ്ക്കുമേല്‍ പുതിയ ഉണര്‍വ്വുകളെ തെളിച്ചെടുക്കും. മുതലാളിത്ത ആര്‍ത്തിപ്പണ്ടാരങ്ങളുടെ അട്ടിമറിത്തലമുറ അവസാനിപ്പിക്കുംമുമ്പ് പാര്‍ട്ടിയെ വീണ്ടെടുക്കാന്‍ ഇതാ ഇപ്പോഴേ സമയമുള്ളൂ.

ഇതു പറയാന്‍ ഒരാള്‍ വേണം. അതു ഞാന്‍ ചെയ്യുന്നു. എന്നെപ്പോലെ പലരും ചെയ്യുന്നു. അതിനുള്ള ആഭിമുഖ്യവും ആത്മാര്‍ത്ഥതയും വിമര്‍ശനങ്ങളായി മാത്രമേ ആവിഷ്കരിക്കാനാവൂ. അല്ലെങ്കില്‍ അതിന്റെ പറ്റുകാരായി ചീഞ്ഞടിയും. കൂത്താടികളുടെ ഉത്സവകാലം കണ്ട് മഹാവിപ്ലവമെന്ന് ആര്‍ത്തുവിളിക്കുന്ന ആരാധക ബഹളങ്ങളില്‍ മുങ്ങിപ്പോവും. അതിനാല്‍ ഇതെല്ലാം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കല്‍ എന്റെ കമ്യൂണിസ്റ്റ് ജീവിതമായി ഞാന്‍ കരുതുന്നു.

സര്‍പ്പങ്ങളെ വിതച്ച പാര്‍ട്ടി പുഴുക്കളെ കൊയ്യേണ്ടി വരരുത് എന്ന് എംഗല്‍സിനെ ഉദ്ധരിച്ച് ഓര്‍മ്മപ്പെടുത്തിയിരുന്നു എ കെ ജി.

ആസാദ്
06 നവംബര്‍ 2020

2 അഭിപ്രായങ്ങള്‍

 1. ജോസഫ് സ്റ്റാലിന്‍ പിറക്കുന്നതിനും മുന്‍പ് സൈബീരിയയിലെ വിഷാദത്തിന്‍റെ പിയാനോകളെക്കുറിച്ച് ലോകം കേള്‍ക്കുന്നതിനും മുന്‍പായിരുന്നു ആസാദ് എന്ന കമ്മ്യൂണിസ്റ്റ്കാരന്‍ ജനിച്ചതും പ്രവര്‍ത്തിച്ചതുമെന്ന് കരുതുന്നവര്‍ കേരളത്തിലുണ്ടോ ?

  2002 ന് ശേഷം ഞാന്‍ ഡിഗ്രി കഴിഞ്ഞ കാലം. കൊണ്ടോട്ടി ഇ. എം. ഇ. എ കോളേജില്‍ അബ്ദുള്‍ ലത്തീഫ് എന്ന എം. എസ്. എഫ് കാരന്‍ സ്വതന്ത്രനായി എസ്. എഫ്. ഐ പിന്തുണയോടെ ചെയര്‍മാനായി വിജയിച്ചത് അക്കാലത്താണ്. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ പുകാസ നടത്തിയ സാമ്രാജത്വ വിരുദ്ധ സെമിനാറില്‍ ലത്തീഫ് ഒരു കേള്‍വിക്കാരനായിരുന്നു. ആസാദ് മുഖ്യ പ്രഭാഷകന്‍. അന്നേക്ക് സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് പത്ത് വര്‍ഷത്തിലധികമായിരിക്കുന്നു. കമ്മ്യൂണിസ്റ്റ് റഷ്യയും കംബോഡിയയും ചെയ്ത ക്രൂരതകള്‍ ഈ നാട്ടിലെ ഓരോ വലതുപക്ഷക്കാരനും പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞ് നടക്കുന്ന കാലം. ആ കാലത്താണ് ആസാദ് ഇതൊന്നുമറിയാത്ത കൊച്ചുകുട്ടിയായി ജോസഫ് സ്റ്റാലിനെ അംഗീകരിക്കുന്ന കമ്മ്യൂണിസ്റ്റുകാരോടൊപ്പം സാമ്രാജത്വ വിരുദ്ധ പ്രസംഗം നടത്തിയതെന്ന് വിശ്വസിക്കുവാന്‍ പ്രയാസമുണ്ട്.

  വളരെപെട്ടന്നൊരുനാളാണ് കേരളത്തിലെ ഇടതുപക്ഷത്തിന് വലതുപക്ഷ വ്യതിയാനം ആരോപിച്ച് ആസാദ് മുതല്‍ അപ്പുക്കുട്ടനും നീലകണ്ഠനും വരെയുള്ളവര്‍ ട്രോട്സ്കിമാരായി പുറത്ത് പോകുന്നത്. കേരളത്തിലെ സാധാരണക്കാരായ കമ്മ്യൂണിസ്റ്റ് കാര്‍ക്ക് ഒരു കാലത്തും മനസിലാവാത്ത സൈദ്ധാന്തികത പറഞ്ഞ് വഴക്കടിച്ചാണ് അന്നവര്‍ പുറത്ത് പോയത്.

  അവര്‍ പറഞ്ഞുനടന്ന വാദങ്ങള്‍ , വിശദീകരണങ്ങള്‍ ഈ നാട്ടിലെ ചിന്തിക്കുന്ന ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റ് കാരനായ ഒരു തൊഴിലാളിക്കോ എസ്. എഫ് ഐ ക്കാരനായിരുന്ന ഒരു വിദ്യാര്‍ത്ഥിക്കോ ഡി വൈ എഫ് ഐ ക്കാരനായ ഒരു യുവാവിനോ നിഷ്പക്ഷനായ ഒരാള്‍ക്ക് പോലും ഒന്നും മനസിലാക്കാവുന്ന ഒന്നായിരുന്നില്ല. സാമാന്യ യുക്തിക്ക് പോലും നിരക്കുന്നതായിരുന്നതായിരുന്നില്ല അതൊന്നും. ശെല്‍വാരാജ് , അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ ഉയര്‍ത്തിയ ന്യായീകരണങ്ങളില്‍ കൂടുതലായി ആസാദില്‍ ഒന്നും കണ്ടിരുന്നുമില്ല.

  പിന്നീട് ആസാദിന്‍റെയും കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ സ്റ്റാലിന്‍ ശിവദാസ് എന്ന സിനിമയിലെ നെടുമുടിയുടെ കഥാപാത്രത്തെ അനുസ്മരിക്കുന്ന വിധത്തിലായിരുന്നു. സഖാവ് . ഇ. എം എസിന്‍റെ 1957 ലെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ CIA വരെ ഇടപെട്ടുവെന്ന് വാദിച്ചവര്‍ അതേ വിമോചനസമരത്തിന്‍റെ വക്താക്കളുടെ കൈകളിലെ ചട്ടുകമായി മാറുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ഷൊര്‍ണൂര്‍ മുതല്‍ ഒഞ്ചിയം വരെ ഒരുപാട് തവണ ഓടി. RMP യേയും JVS നേയും കൂട്ടിക്കെട്ടി ബദല്‍ സൃഷ്ടിച്ചു. എന്നിട്ടെന്ത് മാതൃകയാണ് ഈ ലോകത്തിന് മുന്‍പില്‍ നിങ്ങള്‍ക്ക് കാണിക്കുവാന്‍ സാധിച്ചത്. മുമ്പ് ഫാസിസ്റ്റുകളെന്നും സാമ്രാജത്വചാരനെന്നും വിളിച്ചവരുടെ കൂടെ ഒളിഞ്ഞും തെളിഞ്ഞും കൂട്ട്കൂടി കമ്മ്യൂണിസ്റ്റ് വലത് വ്യതിയാനത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചുവെന്നതല്ലാതെ ഒന്നും നിങ്ങള്‍ക്ക് കാണിക്കാനായില്ല. അവിടെയെങ്കിലും തെറ്റ് പറ്റിയെന്ന് ബോധ്യപ്പെടേണ്ടതായിരുന്നു. അക്കാലത്ത് ഒരു ഘട്ടത്തില്‍ ചില സഖാക്കളെല്ലാം നിങ്ങളെ തെറ്റിദ്ധരിച്ചുവെങ്കിലും തെറ്റ് മനസിലാക്കി പോയവരില്‍ ഭൂരിപക്ഷവും തിരിച്ച് ശരിയുടെ പക്ഷത്തേക്ക് തന്നെ മടങ്ങി. കുറച്ച് കാലം ടി പി യുടെ രക്തസാക്ഷിത്വം വിറ്റ് നടന്നുവെങ്കിലും മാര്‍ക്കറ്റ് മൂല്യം നഷ്ടമായതോടെ അതും അവസാനിച്ചു.

  പിന്നീട് കേരളത്തില്‍ ആസാദികള്‍ നടത്തിയ പ്രവര്‍ത്തനം മൗദൂദികളുടെ ഓരം പറ്റിയായിരുന്നു. ദേശീയപാത മുതല്‍ ഗെയില്‍ പൈപ്പ്ലൈന്‍ വരെ ഇടത്പക്ഷത്തെ തകര്‍ക്കാന്‍ വേണ്ടി ശീതയുദ്ധ കാലത്ത് അമേരിക്കന്‍ ചാരസംഘടന നടത്തിയ ഇടപെടലിനെ അനുസ്മരിക്കുന്ന തരത്തില്‍ ഈ കൊച്ചുകേരളത്തിലുടനീളം നിങ്ങള്‍ പ്രവര്‍ത്തിച്ചു. സോളിഡാരിറ്റിയുടെയും മൗദൂദികളുടെയും വലം കയ്യായി നിന്ന് കൃത്യമായ ഇടതുപക്ഷ വിരുദ്ധത നിങ്ങള്‍ ഇക്കാലമത്രയും ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു.

  നിങ്ങളെന്താണ് സോഷ്യലിസമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നും ചെയ്യാതെ കൈയ്യും കെട്ടിയിരിക്കുന്നതാണോ. ആസാദ് പാര്‍ട്ടി വിടുന്നതിനും മുന്‍പ് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ വിസ്താരമേറിയ ദേശീയപാതകള്‍ പണിതിരുന്നില്ലേ. വാതകപൈപ്പ്ലൈനുകള്‍ പണിതിരുന്നില്ലേ. സോവിയറ്റ് യൂണിയന്‍ നടപ്പാക്കിയ അത്രയും വന്‍കിട പദ്ധതികള്‍ ലോകത്ത് മറ്റേതെങ്കിലും രാഷ്ട്രങ്ങള്‍ അക്കാലത്ത് നടപ്പിലാക്കിയിട്ടുണ്ടോ. അന്നെന്തേ അതൊന്നും എതിര്‍ത്ത് ഒരുവാക്ക് പോലും പറയാതിരുന്നത്.

  കേരളത്തിലെ വാഹനബാഹുല്യം നിങ്ങള്‍ കാണുന്നില്ലേ. ദേശീയപാതകള്‍ക്ക് തങ്ങളുടെ തിട്ടൂരമനുസരിച്ചുള്ള വീതി മതിയെന്ന് ഈ സമൂഹത്തോട് കല്‍പ്പിക്കാന്‍ നിങ്ങളാരാണ്. ഏത് നീതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വാദമെന്ന് വിശദീകരിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.
  വളരെ കൃത്യമായി നഷ്ടപരിഹാരം എല്ലാ ആനുകൂല്യങ്ങളും നല്‍കി സ്ഥലം ഏറ്റെടുത്ത് ഈ നാട്ടില്‍ ദേശീയപാത വരുമ്പോള്‍ നിങ്ങള്‍ ഇതുവരെ പറഞ്ഞതെല്ലാം എവിടെ.

  കേരളത്തിലെ അടുക്കളകളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ വഴി വളരെ കുറഞ്ഞ ചെലവില്‍ ഗ്യാസ് വിതരണം സാധ്യമാകാന്‍ പോവുകയാണ്. പൊതുമേഖലാ സ്ഥാപനമാണ് ഗെയില്‍. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഇടങ്ങളിലെ സ്ഥലമുടമകള്‍ പൂര്‍ണ്ണസമ്മതത്തോടെ തന്നെ കാര്യങ്ങള്‍ മനസിലാക്കി സ്ഥലം നല്‍കിയപ്പോള്‍ നിങ്ങളും കൂടെ നിന്ന മൗദൂദികളും തീവ്രവാദികളും എത്രവലിയ പരാജയമാണെന്ന് സ്വയം മനസിലാക്കേണ്ടതായിരുന്നില്ലേ.

  കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ അടിസ്ഥാന സൗകര്യത്താലും അക്കാദമിക് നിലവാരത്തിലും ഉന്നതിയിലെത്തുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവിധ സൗകര്യങ്ങളും സാധാരണക്കാരന് ലഭ്യമാകുമ്പോള്‍ പ്രളയകാലത്തും കോവിഡ്കാലത്തും ഓരോ വീടുകളിലും സൗജന്യറേഷനും ഭക്ഷ്യ കിറ്റും ഇടതടവില്ലാതെ എത്തുമ്പോള്‍ എല്ലാ പാവപ്പെട്ടവര്‍ക്കും മുടക്കമില്ലാതെ സാമൂഹ്യപെന്‍ഷനുകള്‍ ലഭ്യമാകുമ്പോള്‍ ഈ നാട്ടിലെ പിന്നോക്കക്കാരനും ആദിവാസികള്‍ക്കും പട്ടികജാതിക്കാരനുമെല്ലാം ലൈഫിലൂടെ വീടുകളും ഫ്ലാറ്റുകളും ലഭ്യമാകുമ്പോള്‍ മുന്നോക്കക്കാരിലെ ഓരോ പിന്നോക്കക്കാരനും പരിഗണന ലഭിക്കുമ്പോള്‍ ഫാസിസ്റ്റ് സര്‍ക്കാറിനെതിരെ മലപ്പുറത്ത് വന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി ഈ നാട്ടിലെ ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് പിടിച്ചപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാവുമ്പോള്‍ പ്രിയ എക്സ് കമ്മ്യൂണിസ്റ്റ് കാരാ നിങ്ങളും നിങ്ങളുടെ മൗദൂദിക്കൂട്ടങ്ങളും വീണ്ടും വീണ്ടും വീണ്ടും കേരളീയ സമൂഹത്തിന് മുന്‍പില്‍ പരാജയപ്പെടുകയാണ്. നിങ്ങളൊരു ബദലും മുന്നോട്ട് വച്ചിട്ടില്ല. നിങ്ങള്‍ക്ക് അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധതയല്ലാതെ മറ്റൊന്നും കൈമുതലായില്ല.

  ഒരു ആത്മ പരിശോധന നടത്താന്‍ പോലുമാവാത്ത വിധം താങ്കളുടെ മനസ്സ് ഒരു ഒറ്റുകാരന്‍റേതായി തീര്‍ന്നിരിക്കുന്നു. എന്നാലും ഒന്ന് ചിന്തിക്കണം. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി താങ്കളും താങ്കളുടെ കൂട്ടങ്ങളും പാടിക്കൊണ്ടിരിക്കുന്ന അര്‍ത്ഥമില്ലാത്ത വിപ്ലവ വായാടിത്തത്തെക്കുറിച്ച്. നഷ്ടപ്പെടുത്തിയ കാലത്തെക്കുറിച്ച്. സഖാവ് ഇ. എം. എസും, എ കെ ജിയും നായനാരും തെളിച്ച പാതയിലൂടെയാണ് ഈ പ്രസ്ഥാനവും നേതാക്കളും മുന്നോട്ട് പോവുന്നത് എന്ന് ഈ നാട്ടിലെ സാധാരണക്കാരന് നല്ല ബോധ്യമുണ്ട്. ഇപ്പോഴും ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെയാണ് കേരളത്തിലെ ഭൂരിപക്ഷത്തിനും വിശ്വാസവും പ്രതീക്ഷയും. നിങ്ങളില്‍ വിശ്വസിച്ച ഒഞ്ചിയം കാരും ഷൊര്‍ണൂരുകാരും തളിക്കുളം കാരും വരെ ആ പ്രതീക്ഷകള്‍ വെടിഞ്ഞ് ഇടതായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രസ്ഥാനമല്ല നിങ്ങളാണ് ഒറ്റുകാരുടെ പക്ഷത്തെത്തിയത് എന്ന് എതെങ്കിലുമൊരു രാത്രിയില്‍ ഒറ്റക്കിരിക്കുമ്പോള്‍ ഒന്ന് താങ്ങള്‍ ചിന്തിക്കണം . താങ്കളുടെ രാഷ്ട്രീയ അധപതനത്തെക്കുറിച്ച് ഒരു തവണയെങ്കിലും ചിന്തിക്കണം. അങ്ങനെ ഒന്നുണ്ടായാല്‍ താങ്കള്‍ക്കും തെറ്റ് തിരുത്തുവാന്‍ കഴിയും.

  എന്‍റെയൊക്കെ കുട്ടിക്കാലം സാക്ഷരതാ ഗാനങ്ങളുടേതായിരുന്നു. ആ ഗാനത്തിലെഏറ്റവും വൈറലായ വരികള്‍ നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ എന്നതാണ്. തെറ്റ് മനസിലാക്കി ഇരുള്‍ മൂടിയ ആ കാലത്തുനിന്നും നിങ്ങള്‍ തിരിച്ച് വരണം.

  അഭിവാദ്യങ്ങളോടെ
  രാജുആറങ്ങാട്

  Like

 2. രാജു ആറങ്ങാട് എന്നെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിചാരങ്ങള്‍ ആധികാരികമായി എഴുതിയിരിക്കുന്നു. അങ്ങനെ ഒരു ആസാദിനെ അദ്ദേഹത്തിന് അവതരിപ്പിക്കാം. ഞാനും അത് മനസ്സിലാക്കാന്‍ ശ്രമിക്കാം.

  എന്നെ സംബന്ധിച്ചല്ലെങ്കിലും എന്റെ നിലപാടുകളെക്കുറിച്ച് ഞാന്‍ ധാരാളം എഴുതിയിട്ടുണ്ട്. അത് മലയാളത്തിലെ അച്ചടി മാദ്ധ്യമങ്ങളിലും ബ്ലോഗിലുമൊക്കെയുണ്ട്. ചില പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ കാര്യവും അതതു കാലത്തു വിശദീകരിച്ചിട്ടുണ്ട്. തൊണ്ണൂറുകളുടെ അവസാനം മുതല്‍ 2005വരെ പാര്‍ട്ടിയ്ക്കകത്ത് നടന്ന ആശയസമരത്തില്‍ ഞാനും പങ്കാളിയാണ്. അതില്‍ പങ്കെടുത്ത പലരുമുണ്ട്. 2005ല്‍ ഞാന്‍ പാര്‍ട്ടി വിട്ടു. ഇക്കാര്യമെല്ലാം ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട്. രാജു ഇവിടെ പറഞ്ഞ സമരങ്ങളുടെയും വികസനങ്ങളുടെയും കാര്യത്തിലുള്ള വിശദീകരണവും ഈ ഓണ്‍ലൈന്‍ പേജുകളില്‍ നോക്കിയാല്‍ കാണാം.

  മുകളിലെ എന്റെ ലേഖനത്തിനുള്ള പ്രതികരണം അവിടെ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെടുത്തി പറയാന്‍ രാജുവിന് ശേഷിയില്ലായിരിക്കും. എന്നാല്‍ തനിക്കു തോന്നിയത് ആധികാരിമായി എഴുന്നെള്ളിക്കാനുള്ള ആ ത്രാണി പ്രശംസനീയംതന്നെ!

  അദ്ദേഹത്തിന്റെ കുറിപ്പില്‍ ഉത്തരം കിട്ടേണ്ടതായി വല്ലതും ഉണ്ടെന്ന് അദ്ദേഹത്തിനു തോന്നുന്നുവെങ്കില്‍ ഈ http://www.azadonline.in പേജുകളില്‍ അതു വായിക്കാവുന്നതേയുള്ളു. ഓരോ ലേഖനത്തിനും താഴെ ആ ലേഖനവുമായി ബന്ധപ്പെട്ട വിമര്‍ശനം ഉന്നയിക്കുന്നതാവും കുറെകൂടി നല്ലത്.

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )