ബാലാവകാശ കമ്മീഷന് ഒരു കുഞ്ഞിന്റെ കാര്യത്തില്‍ പ്രകടിപ്പിച്ച സേവന താല്‍പ്പര്യവും നീതിബോധവും നിയമജാഗ്രതയും വാഴ്ത്തപ്പെടണം. തിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇ ഡി റെയ്ഡ് സമയത്ത് അകത്തു തടയപ്പെട്ട രണ്ടര വയസ്സുള്ള കുട്ടിയുടെ അവകാശം സംരക്ഷിക്കാന്‍ ബാലാവകാശ കമ്മീഷന് ഓടിയെത്തി. അവരുടെ പ്രകടനം ഇങ്ങനെയുള്ള കുട്ടികളുടെ ക്ഷേമം അന്വേഷിക്കാന്‍ ഇവിടെയൊരു സര്‍ക്കാറുണ്ട് എന്നു ബോദ്ധ്യപ്പെടുത്തുന്നതായി.

അപ്പോഴാണ് ഞാനോര്‍ത്തത്. വാളയാര്‍ കുഞ്ഞുങ്ങളുടെ വീട് ഈ കമ്മീഷന് കണ്ടിട്ടുണ്ടോ? ഒമ്പതും പതിമൂന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ ആഴ്ച്ചകളുടെ ഇടവേളയിലുള്ള ബലാല്‍ക്കാരത്തിനും കൊലയ്ക്കും കാരണമായത് കമ്മീഷന്റെ അനാസ്ഥകൊണ്ടുകൂടിയല്ലേ? പോക്സോ കേസുകളില്‍ പ്രതിക്കുവേണ്ടി വാദിക്കുന്ന വക്കീലിന് ബാലാവകാശ സമിതിയുടെ പദവിയിലെത്താന്‍ കഴിയും എന്നു പാലക്കാട്ടു നാം കണ്ടതുമാണ്. അധികാരശക്തിയുള്ള ആളുകളുടെ കുട്ടികള്‍ക്ക് ബാലാവകാശ കമ്മീഷന്റെ സേവനം വളരെവേഗം ലഭ്യമാകും.
പൊലീസ് ഭീകരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടവരുടെ കുഞ്ഞുമക്കള്‍ എങ്ങനെ ജീവിക്കുന്നു എന്നത് ബാലാവകാശ പ്രവര്‍ത്തകരുടെ ഉറക്കം കെടുത്താറുണ്ടോ? വ്യാജ ഏറ്റുമുട്ടലില്‍ ഭരണകൂടം കൊല ചെയ്യുന്നവര്‍ക്കും മക്കള്‍ കാണാതിരിക്കുമോ?വികസനത്തിന്റെ പേരില്‍ പുറംതള്ളപ്പെടുന്ന മനുഷ്യരുടെ കുട്ടികള്‍ അവരുടെ ഉത്ക്കണ്ഠയാവാറുണ്ടോ? കോടിയേരിയുടെ കൊച്ചുമക്കളുടെ കാര്യത്തിലുള്ള ധൃതി നീതിബോധത്തിന്റെ സ്ഫോടനമായിരുന്നല്ലോ!
ആദരണീയ കമ്മീഷന് ദയവായി വാളയാറില്‍ പോകണം. കൊലചെയ്തു കെട്ടിത്തൂക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഒരു കുഞ്ഞനിയന് കൂടിയുണ്ട്. പെണ്കുട്ടികള്ക്കേറ്റ പരിക്കുകള്‍ നോക്കിയാല്‍ ഈ അനിയനെയും അക്രമിക്കാന്‍ സാദ്ധ്യതയുണ്ട് എന്നുവരുന്നു. അവിടെ ജാഗ്രത പുലര്‍ത്താനും സംരക്ഷണം ഏര്‍പ്പെടുത്താനും ബാലാവകാശ കമ്മീഷന് എന്താണ് ചെയ്തത്? ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ എന്തുകൊണ്ടാണ് മടിക്കുന്നത്? കോടിയേരിയുടെ വീട്ടില്‍ ഓടിയെത്തി പ്രകടിപ്പിച്ച പ്രതിബദ്ധതയും വീറും സംശയിക്കപ്പെടരുത് എന്നു കരുതുന്നുവെങ്കില്‍ ഉടന്‍ വാളയാറില്‍ പോകണം. കടമ നിര്‍വ്വഹിക്കണം.
ആസാദ്
05 നവംബര്‍ 2020