എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ എല്ലാം നടപ്പാക്കും. എല്ലാം ശരിയാക്കും.
വീടും വികസനവുമാണ് മുഖ്യപരിഗണന.
വീടില്ലാത്തവര്‍ക്ക് വീട്. വീടായാല്‍ വികസനം.
ഞങ്ങളുടെ വീടു നോക്കൂ. ഞാന്‍ പൊതുപ്രവര്ത്തകന്. ഭരണാധികാരി. എന്റെ മക്കളോ സത്യാന്വേഷികള്‍.
സത്യമെങ്ങിരിപ്പൂ എന്നത്രെ നിത്യമായ തേടല്‍.
സത്യം പണമോ വസ്തുവോ ആവാം.
സത്യം സ്വപ്നമോ ഉന്മാദമോ ആവാം.
ചിലപ്പോള്‍ കിണറിലതു കിട്ടും.
ചിലപ്പോള്‍ കടലില്‍.
ചിലപ്പോള്‍ നൃത്തവേദിയില്‍.
ചിലപ്പോള്‍ സമരവേദിയില്‍.
സിദ്ധാര്ത്ഥന് അന്വേഷിച്ചുകൊണ്ടേയിരിക്കും.
അവന് ബുദ്ധനാണ്. ചിലപ്പോള്‍ അംബേദ്കര്‍. എപ്പോഴും മാര്‍ക്സ്. ഛായയില്‍ സ്റ്റാലിന്. അവനോളം മാര്‍ക്സിസ്റ്റായി ആരുണ്ട്?
പണത്തെപ്രതി അവന്റെ ജനങ്ങളെ പട്ടിണിക്കിട്ട മുതലാളിത്തത്തോട് അവന് പണമെറിഞ്ഞു കലഹിച്ചു. ഞങ്ങളുടെ രാജകുമാരന്. ലോകത്തിലും അധോലോകത്തിലും അവനെ വെല്ലാനാര്?
വാസ്തവത്തില്‍ ഞാനാരുമല്ല.
ഈ കൊടിയുടെ ഉപാസകന്. എല്ലാം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവന്. എന്നാല്‍ എനിക്കു മുമ്പേ അവന് നടന്നു. തൊട്ടതു പൊന്നായി. വെള്ളം വീഞ്ഞായി. വെളിച്ചം വന്നും പോയുമിരുന്നു. പൂവു ചോദിച്ചവന് ഉദ്യാനങ്ങളുടെ രാജാവായി. ചായ കൊടുത്തവന് ടിപ്പുകൊണ്ട് ഹോട്ടല്‍ വിലയ്ക്കു വാങ്ങി. അവന് അത്ഭുതങ്ങളുടെ അഹങ്കാരമില്ലാത്തവന്‍ കൈവീശി നടന്നു.
എവിടെ വാഗ്ദത്ത ഭൂമിയെന്നു വിലപിച്ച കവികളേ, വരൂ, കാണൂ, ഇതുതന്നെ നാകം. ചോര ചിന്താതെ വിപ്ലവമുണ്ട് ഗുവേരാ. ഗ്രാമങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും വിത്തു വിതയ്ക്കാം ഫിദെല്‍. എന്തു തൊഴിലാണ് എടുക്കുന്നതെന്ന് ആധിപ്പെട്ട മഞ്ഞച്ച കിഴവനമ്മാവാ, വിമോചനത്തിന്റെ സൂത്രവാക്യം ഇവന് എന്റെ പുത്രന് കണ്ടെത്തിയിരിക്കുന്നു.
ചെങ്കൊടിത്തണലില്‍ ബൂര്‍ഷ്വാസിയെ അവന് മുട്ടുകുത്തിച്ചു. കോര്‍പറേറ്റ് ഭീമന്മാര് തലകുനിച്ചു നില്ക്കുന്നു. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ അവന്റെ ഛായാചിത്രം തൂങ്ങുന്നു. രാജ്യങ്ങളില്‍ ഖ്യാതി പരക്കുന്നു. ഈ ചെങ്കൊടിക്കീഴിലിരുന്ന് എന്റെ മാര്‍ക്സ് മുത്തച്ഛനും വിപ്ലവകുമാരനും കുശലം പറയുന്നതു നോക്കൂ. സന്തോഷമായില്ലേ എല്ലാവര്ക്കും?
അതിനാല്‍ ആദ്യം വീടു തരാം. പിറകെ സമ്പൂര്‍ണ വികസനം. അവന് കണ്ടെത്തിയ ഗുളികകളാണ്. കൊടിപിടിച്ചു വിഴുങ്ങുവിന്! ഉന്മാദങ്ങളുടെ ഉദ്യാനത്തില്‍ ലെനിനൊപ്പം അത്താഴമുണ്ണുവിന്! കാമികള്ക്കൊപ്പം നൃത്തമാടുവിന്! സമത്വത്തിന്റെ സൂത്രവാക്യം അവനില്‍നിന്നു പഠിക്കുവിന്‍!
ഓരോ വീടും ഇതുപോലാവട്ടെ.
വിപ്ലവം പൂത്തുലയട്ടെ!
ലാല്‍ സലാം.
ആസാദ്
04 നവംബര്‍ 2020
