Article POLITICS

കൊന്നുതള്ളരുത് മനുഷ്യാവകാശത്തെ

കാടിറങ്ങുന്ന കടുവയെയോ പന്നിയെയോ കൊന്നുകൂടാ. കൃഷി നശിപ്പിച്ചാലും വീടു തകര്‍ത്താലും മനുഷ്യരെ കൊന്നാലും വന്യ ജീവികളെ മയക്കുവെടിവെച്ചു പിടികൂടാനേ നിയമം അനുവദിക്കുന്നുള്ളു. കാടുകയറിയ മനുഷ്യരെ പക്ഷെ, തണ്ടര്‍ബോള്‍ട്ടിനു വെടിവെച്ചു കൊല്ലാം. മയക്കുവെടി അവിടെയില്ല. ജീവനോടെ പിടിക്കണമെന്ന വാശിയില്ല. മനുഷ്യാവകാശം നഗ്നമായി ലംഘിക്കപ്പെടും.

വെടിവെപ്പു തുടങ്ങുന്നത് ഒരിക്കലും പൊലീസല്ല. ‘അവര്‍ വെടിവെപ്പു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തിരിച്ചടിച്ച’താണ് എന്നേ പറയൂ. അരയ്ക്കു മീതെ മാത്രമേ വെടി കൊള്ളൂ. ഒരു നിലയ്ക്കും ജീവനോടെ പിടിക്കപ്പെടരുതെന്ന് ശാഠ്യമുള്ളതുപോലെ തോന്നും. മനുഷ്യരെ മനുഷ്യര്‍തന്നെ കൊന്നുതള്ളുന്നത് എത്ര ലളിതമായാണ്! എന്തൊരു കെട്ട കാലമാണിത്!

തണ്ടര്‍ബോള്‍ട് നല്ല തകര്‍പ്പന്‍ പേരാണ്. ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് ആരെ ഭയപ്പെടുത്താനും കീഴ്പ്പെടുത്താനും കൊലപ്പെടുത്താനുമാണ് ഇങ്ങനെയൊരു സേന? നിയമം നടപ്പാക്കേണ്ടത് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയാണ്. വിചാരണയ്ക്കു വിധേയമാക്കി വിധി കല്‍പ്പിച്ചാണ്. ഒറ്റ വെടിയുണ്ടയില്‍ വിചാരണയും വിധിയും ശിക്ഷയും നിര്‍വ്വഹിക്കുന്ന അപൂര്‍വ്വ സംവിധാനമായി തണ്ടര്‍ബോല്‍ട്ട് മാറുന്നുണ്ടോ? അതു നമ്മുടെ ജനാധിപത്യ സംവിധാനത്തിനു ഭൂഷണമാണോ?

ഒരാള്‍ നിരോധിക്കപ്പെട്ട സംഘടനയില്‍ അംഗമാവാം. നിയമ ലംഘകരാവാം. അക്രമിയാവാം. കൊലയാളിയാവാം. അയാളെ ജീവനോടെ പിടികൂടാന്‍ നമ്മുടെ പരിഷ്കൃത സംവിധാനങ്ങള്‍ക്ക് കഴിയാത്തതെന്ത്? വേണമെങ്കില്‍ നടക്കാവുന്നതേയുള്ളു എന്ന് ഏതൊരാള്‍ക്കും മനസ്സിലാവും. പക്ഷെ, ഒരക്രമക്കഥയുണ്ടാക്കി കൊന്നുതള്ളാന്‍ ഏതു നിയമമാണ് അനുവാദം നല്‍കുന്നത്? അക്രമികളുടെ വെടിവെപ്പില്‍ ഒരു പൊലീസുകാരനും പരിക്കേല്‍ക്കുന്നില്ല എന്നത് ആ അക്രമികളുടെ സമരശേഷി എത്ര ദുര്‍ബ്ബലമാണ് എന്നു വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും അവരിലൊരാളെ പരിക്കുകളോടെയെങ്കിലും പിടികൂടാന്‍ കഴിയാത്ത സേനയ്ക്ക് അഭിമാനിക്കാന്‍ എന്തുണ്ട്?

കേരളത്തിലെ ഇടതുപക്ഷ ഭരണകാലത്താണ് വ്യാജ ഏറ്റുമുട്ടല്‍കൊലകള്‍ ഉണ്ടായത്. സി പി ഐതന്നെ അക്കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. രാജ്യത്ത് ഇവ്വിധമുള്ള ഏറ്റുമുട്ടല്‍കൊലകള്‍ ഈയിടെ ഏറെയുള്ളത് കേരളത്തിലാണ് എന്ന അറിവ് നമ്മെ ഞെട്ടിക്കാത്തതെന്ത്? വര്‍ഗീസിനെ വെടിവെച്ചു കൊന്നതിന്റെ ആഘാതം കേരളത്തിന്റെ മനസ്സിലുണ്ടല്ലോ. എന്നിട്ടും എല്‍ ഡി എഫ് സര്‍ക്കാറിന് ഒരു ജാഗ്രതയും ഉണ്ടായില്ല. ആരാണ് ആഭ്യന്തര വകുപ്പിനെ ഇത്ര ഹീനമായ കൃത്യത്തിലേക്ക് തുറന്നുവിട്ടത്? മന്ത്രിയാണോ, ഉപദേശകനാണോ ബെഹറയാണോ? അതിനും മീതെ ഏതെങ്കിലും ശക്തിയാണോ?

എന്തായാലും ജനാധിപത്യ ഘടനയില്‍ ഇതു സ്വാഗതം ചെയ്യാവുന്നതല്ല. മനുഷ്യരെ അവരുടെ ആശയത്തിന്റെയോ പ്രയോഗത്തിന്റെയോ പേരില്‍ ഉന്മൂലനം ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല. തിരുത്തണം. നിയമവ്യവസ്ഥ പുലരണം. ഭരണഘടനയും ഇന്ത്യന്‍ റിപ്പബ്ലിക്കും ചോരവീണ് കളങ്കപ്പെടരുത്.

ആസാദ്
03 നവംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )