Article POLITICS

ജനസംഖ്യാ അനുപാതത്തില്‍ സ്ത്രീകള്‍ക്ക് സീറ്റുകള്‍ നല്‍കണം

തെരഞ്ഞെടുപ്പുകാലം വരുമ്പോള്‍ പ്രാതിനിധ്യത്തെക്കുറിച്ച് ആലോചിക്കാതെ പറ്റുമോ? ജനാധിപത്യത്തിന്റെ പൊതുധാരയിലേക്ക് എല്ലാ പ്രാന്തവല്‍കൃത സാമൂഹിക വിഭാഗങ്ങളെയും കൂട്ടിയിണക്കാന്‍ നിലവിലുള്ള നിയമവും കീഴ് വഴക്കവും പ്രാപ്തമാണോ? പതിറ്റാണ്ടുകളുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത് എന്താണ്? രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തിലുള്ള സമീപനം തിരുത്തുമോ?

ദളിതരും ആദിവാസി ഗോത്ര വിഭാഗങ്ങളും ന്യൂനപക്ഷ ഭാഷാ വിഭാഗങ്ങളും സ്ത്രീകളും അവര്‍ക്ക് അര്‍ഹതപ്പെട്ട പങ്കാളിത്തത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടോ? നിയമങ്ങളുടെ സാങ്കേതിക നിര്‍ബന്ധത്തിനപ്പുറം പൊതു ധാര്‍മികത മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന് തുനിഞ്ഞിട്ടുണ്ടോ? പരിഷ്കൃത ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വീണ്ടുവിചാരത്തിന് സമയമായി.

സ്ത്രീസംവരണം സംബന്ധിച്ച നിയമ നിര്‍മ്മാണം തന്നെ എങ്ങുമെത്തിയില്ല. സ്ത്രീകള്‍ക്ക് അമ്പതു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതില്‍ തടസ്സമെന്താണ്? രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള വിയോജിപ്പ് എന്താണ്? നിയമ നിര്‍മാണ വേദികളില്‍ സ്ത്രീ പങ്കാളിത്തം ആനുപാതികമായി നല്‍കണം എന്നു നിര്‍ബന്ധമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനവുമില്ല. നിയമനിര്‍മാണത്തിന് ഭരണ കക്ഷികള്‍ തടസ്സം നിന്നാലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതുനടപ്പാക്കാവുന്നതേ ഉള്ളു. പൊതുമണ്ഡലത്തില്‍ സ്ത്രീകളെയും ഇതര ബഹിഷ്കൃത വിഭാഗങ്ങളെയും മത്സരിപ്പിക്കാം. ഇടതുപക്ഷ പാര്‍ട്ടികള്‍പോലും അതിനു തയ്യാറല്ല എന്നത് അത്ഭുതകരമാണ്.

ക്യൂബന്‍ പാര്‍ലമെന്റില്‍ അമ്പതു ശതമാനത്തിലേറെയാണ് സ്ത്രീ പ്രാതിനിധ്യം. 605ല്‍ 322 സീറ്റുകള്‍. ബൊളീവിയയിലും മെക്സിക്കോയിലും അമ്പതു ശതമാനമുണ്ട്. സ്വീഡനില്‍ 47ശതമാനം. സൗത്ത് ആഫ്രിക്കയില്‍ 42 ശതമാനം. ഇന്ത്യ വളരെ വളരെ താഴെയാണ്. പതിനഞ്ചു ശതമാനത്തില്‍ താഴെ. മഹത്തായ നമ്മുടെ ജനാധിപത്യം സാമൂഹിക നീതി നല്‍കാന്‍ പ്രാപ്തിയില്ലാത്തതെന്നു ലോകം കാണുന്നു!

സ്ത്രീകളോടു നീതി പുലര്‍ത്തുന്ന രാഷ്ട്രീയം പ്രയോഗത്തിലോണ് അതു പ്രകടമാക്കേണ്ടത്. കേരള അസംബ്ലിയില്‍ നാലിലൊന്നു സീറ്റുകളില്‍ പോലും സ്ത്രീകളിരുന്നിട്ടില്ല. കേരളത്തില്‍ മുഖ്യമന്ത്രിയായി ഒരു സ്ത്രീ വന്നിട്ടില്ല. ദളിതര്‍ വന്നിട്ടില്ല. പുരോഗമന രാഷ്ട്രീയത്തിന്റെ സ്വാധീനം സാമൂഹിക നീതി നല്‍കുംവിധം വളര്‍ന്നിട്ടില്ല. ഭിന്നലിംഗ വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കേണ്ട കാലമാണ്. കേരളത്തിലെ രാഷ്ട്രീയ ബോധം ഇത്ര പിന്തിരിപ്പനായത് എന്തുകൊണ്ടാവും?

നിഷേധിക്കപ്പെട്ട മലകള്‍ ചവിട്ടാന്‍ സ്ത്രീകള്‍ ഉണരുന്ന കാലമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാതി സീറ്റുകളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ സംവരണം നിയമമായതിന്റെ ഗുണഫലം സമൂഹമിപ്പോള്‍ അറിയുന്നുണ്ടല്ലോ. നിയമസഭയിലും അതു കാണണം. പകുതി സീറ്റ് സ്ത്രീകള്‍ക്കു നീക്കി വെക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം. അത് ഉറപ്പു വരുത്താന്‍ സ്ത്രീകളുടെ സമ്മര്‍ദ്ദം വളര്‍ന്നു വരണം. സ്ത്രീയനുഭാവവും സ്ത്രീകളോടുള്ള സഹതാപവും വോട്ടു നേടാനുള്ള ആണ്‍വിദ്യ മാത്രമാണിപ്പോള്‍. അതു മാറണം. അഥവാ മാറ്റണം. നിയമസഭകളിലേക്ക് സ്ത്രീകളെ മത്സരിപ്പിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളെ സ്ത്രീകള്‍ ബഹിഷ്കരിക്കണം. ആ പാര്‍ട്ടികള്‍ സ്ത്രീകളെ ഭരിക്കാന്‍ അര്‍ഹതയുള്ളവയല്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലെ സ്ത്രീസംവരണം സമൂഹത്തെ പലമട്ട് ഉത്തേജിപ്പിച്ചിട്ടുണ്ട്. അടിത്തട്ടു രാഷ്ട്രീയ വ്യവഹാരങ്ങളെ അതു കൂടുതല്‍ സര്‍ഗാത്മകമാക്കി. സംവരണേതര സീറ്റുകളില്‍ മത്സരിക്കാന്‍ പ്രാപ്തിയും അവസരവും ഉണ്ടായിത്തുടങ്ങി. എങ്കിലും പല സംവരണ വിഭാഗങ്ങളെയും അതതു സംവരണ മണ്ഡലങ്ങളില്‍ തളച്ചിടാനുള്ള ശാഠ്യം ഇല്ലാതായിട്ടില്ല. പൊതുമണ്ഡലത്തില്‍ അവരെ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട് എന്നത് കാണാതിരിക്കുന്നുമില്ല.

ആസാദ്
02 നവംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )