Article POLITICS

അടുത്തെത്തുന്ന കാലൊച്ചകളും മുഖ്യമന്ത്രിയുടെ ക്ഷോഭവും

സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ ദേശീയ അന്വേഷണ ഏജന്‍സികള്‍ മൂന്നോ നാലോ മാസത്തെ അന്വേഷണംകൊണ്ട് സര്‍ക്കാര്‍ കേന്ദ്രത്തില്‍ എത്തിയിരിക്കുന്നു. കള്ളനെ കപ്പലില്‍തന്നെ പരതുകയാണവര്‍. കഴിഞ്ഞ ദിവസംവരെ അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി ക്ഷോഭിച്ചു പൊട്ടിത്തെറിക്കുന്നതാണ് ഇന്നു കണ്ടത്.

സ്വര്‍ണക്കള്ളക്കടത്ത് ആദ്യമായോ അവസാനമായോ പിടിക്കപ്പെട്ടതായിരുന്നില്ല. പക്ഷെ, അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഏജന്‍സികളെ ക്ഷണിച്ചത് ആദ്യമായാണ്. മറ്റുള്ളവയില്‍നിന്നു വേറിട്ട ഒരു പ്രാധാന്യം ഈ കേസില്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് കണ്ടിരുന്നു എന്നര്‍ത്ഥം. ക്ഷണിക്കാന്‍ കാണിച്ച ഉത്സാഹത്തിന് പിറകിലെ താല്‍പ്പര്യം എന്തായിരുന്നുവെന്നും ആരുടേതായിരുന്നുവെന്നും സംശയിക്കണം.

ദേശീയ ഏജന്‍സികള്‍ക്കു കടന്നുവരാന്‍ മുഖ്യമന്ത്രിയെക്കൊണ്ടുതന്നെ ചുവന്ന പരവതാനി വിരിപ്പിച്ച കൗശലം കേന്ദ്രത്തിലെ മോദിസര്‍ക്കാറിന്റേതായിരുന്നുവോ? അത് ആരിലൂടെയാണ് നടപ്പാക്കിയത്? ആദ്യ ദിവസങ്ങളില്‍ ഒട്ടും വഴങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ നില്‍പ്പ്. പിന്നീട് പാര്‍ട്ടിയിലെ ചിലരുടെ പ്രസ്താവനയും നിര്‍ബന്ധവും പിണറായിയെ കുരുക്കിലാക്കിയതാകുമോ? ഏതായാലും പ്രതീക്ഷിച്ച അതിരുകള്‍ വിട്ടാണ് ഏജന്‍സികള്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും ബോധ്യം വന്നിട്ടുണ്ട്. എവിടെയോ എന്തോ പിഴച്ചിരിക്കുന്നു.

ദേശീയ ഏജന്‍സികളൊന്നും നല്ല പുള്ളികളല്ല. കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന രാഷ്ട്രീയ താല്‍പ്പര്യത്തില്‍നിന്നു വേറിട്ടു നില്‍ക്കാന്‍ അവര്‍ക്കാവുമെന്ന് തോന്നുന്നില്ല. അത്രമാത്രം സ്വാതന്ത്ര്യമേ അവയ്ക്കു കാണുന്നുള്ളു. കോടതിയെപ്പോലും വരുതിയില്‍ നിര്‍ത്തുന്ന സ്വേച്ഛാധികാര പ്രവണതകള്‍ പ്രകടമാണ്. ആഭ്യന്തര ശത്രുക്കളെന്നു വിചാരധാര അടയാളപ്പെടുത്തിയ ശക്തികളെ ഇല്ലായ്മ ചെയ്യാന്‍ വലിയ താല്‍പ്പര്യം കാണും. അതുകൊണ്ടു കേരളത്തിലെ ഇടപെടല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനു മേലുള്ള കടന്നാക്രമണമായി കാണണോ? അങ്ങനെ ചിന്തിക്കാന്‍ കാരണങ്ങളുണ്ടായിട്ടും ജനങ്ങള്‍ അപ്പടി വിശ്വസിക്കാത്തത് കേരളത്തിലെ ഇടതുപക്ഷ ഭരണം ചില ദുരൂഹവ്യവഹാരങ്ങള്‍ നടത്തിയെന്നു സംശയിക്കാവുന്ന സാഹചര്യം ബാക്കി നില്‍ക്കുന്നതുകൊണ്ടാണ്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളക്കടത്തു ലോബി വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്ത സെക്രട്ടറി എല്ലാ അരുതായ്മകളിലും പങ്കുപറ്റിയത് അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടുവരുന്നു. ദുരൂഹ ഇടപാടുകളുടെ പുതിയ പുതിയ കഥകള്‍ പുറത്തു വരുന്നു. സെക്രട്ടറിയുടെ വീരകഥകള്‍ മുഖ്യമന്ത്രിയെ ഞെട്ടിക്കുകയോ ക്ഷോഭിപ്പിക്കുകയോ ചെയ്തു കണ്ടില്ല. പകരം അടുത്തടുത്തു വരുന്ന കാലൊച്ചകളാണ് അദ്ദേഹത്തെ അസ്വസ്ഥമാക്കുന്നത്. അതിരു വിടുകയാണ് അന്വേഷണമെന്ന് അദ്ദേഹം പൊട്ടിത്തെറിക്കുന്നു! ഫെഡറല്‍ ഘടന തകര്‍ക്കുന്ന ഇടപെടലാണ് കേന്ദ്ര ഏജന്‍സികളുടേതെന്ന് കുറ്റപ്പെടുത്തുന്നു!

ലൈഫ്മിഷ്യനില്‍ ഒരു അഴിമതിയുമില്ല, ഒരു അന്വേഷണവും നടത്തേണ്ടതില്ല എന്നു വാശിപൂര്‍വ്വം പറഞ്ഞുപോന്ന മുഖ്യമന്ത്രിക്കു വൈകിയാണെങ്കിലും വിജിലന്‍സ് അന്വേഷണം നടത്തേണ്ടിവന്നു. ലൈഫ്മിഷ്യന്‍ ചെയര്‍മാനായ മുഖ്യമന്ത്രിക്കു നേരെ അന്വേഷണമുണ്ടാവുമോ എന്ന ചോദ്യത്തിന് ആ പൂതി മനസ്സിലിരിക്കും എന്നാണ് മാധ്യമ പ്രവര്‍ത്തകരോടു മറുപടി പറഞ്ഞത്. ഇപ്പോള്‍ വിശ്വസ്ത സെക്രട്ടറി ശിവശങ്കരനെ വിജിലന്‍സ് അഞ്ചാം പ്രതിയാക്കി കുറ്റപത്രം നല്‍കുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റൊരു വകുപ്പില്‍ നടന്ന അഴിമതിയാണ് അടിവരയിട്ട് ഉറപ്പിക്കുന്നത്. ആ കേസില്‍ നടന്ന പണമിടപാട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടതില്ലെന്ന് എങ്ങനെ പറയും?

ഭരണമാറ്റത്തിന്റെ കാറ്റ് ആദ്യം അറിയുക ഉന്നത ഉദ്യോഗസ്ഥരാണ്. ഭരണത്തിന്റെ അവസാന നാളുകളില്‍ സര്‍ക്കാറിന്റെ എല്ലാ പ്രവൃത്തികളിലും പൂര്‍ണപിന്തുണയുമായി അവര്‍ നിന്നുവെന്ന് വരില്ല. മാറിവരുന്ന സര്‍ക്കാറിനെയും അവര്‍ക്കു പരിഗണിക്കേണ്ടി വരും. അതാണല്ലോ ശീലം! അപ്പോള്‍ ചില കാലത്ത് നീര്‍ക്കോലിക്കും അത്താഴം മുടക്കാനാവും. മുഖ്യമന്ത്രിയും സര്‍ക്കാറും അകത്തും പുറത്തും ശത്രുക്കളെ കണ്ടു ഭയക്കേണ്ടി വരുന്ന സാഹചര്യമാണത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ കളങ്കിത ഭരണത്തിലാണെങ്കില്‍ എതിര്‍ക്കാന്‍ ആരും മടിക്കും. കളങ്കം മറയ്ക്കാനുള്ള നിലവിളികളെ ആരും വിലവെയ്ക്കില്ല. വിശ്വാസ്യതയില്ലാത്ത കേന്ദ്ര ഏജന്‍സികള്‍ക്ക് വിശ്വാസ്യത നല്‍കുന്നതാവും സംസ്ഥാന ഭരണത്തിലെ ഇത്തരം വീഴ്ച്ചകളും വൈകല്യങ്ങളും.

മുഖ്യ ഭരണകക്ഷിയായ സി പി എമ്മിന്റെ സെക്രട്ടറിയും പ്രയാസത്തിലാണ്. മകന്‍ ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട ഒരു കേസിലെ പണമിടപാടില്‍ പെട്ടു പൊലീസ് കസ്റ്റഡിയിലാണ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കുറെ കാലമായി തങ്ങള്‍ സ്വീകരിച്ച സമീപനത്തിന്റെ ഫലമായി വലതു ജീര്‍ണതകളുടെ അനിവാര്യമായ കെണിയില്‍ തല കുത്തി വീണിരിക്കുകയാണ്. അണികളുടെയോ ആരാധകരുടെയോ ഭജന മതിയാവില്ല അവരെ രക്ഷിക്കാന്‍. രാഷ്ട്രീയമായ തിരുത്തു കൊണ്ട് ഈ ആപല്‍ ഘട്ടത്തെ മറികടക്കാന്‍ പാര്‍ട്ടിക്കു സാദ്ധ്യമായെന്നു വരാം. അതിനു ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ നിശിതമായ പരീക്ഷയില്‍ ഉരുകിത്തെളിയണം. പാര്‍ട്ടി അംഗങ്ങള്‍ നിര്‍ഭയരായി പുതിയ യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യേണ്ടിയും വരും.

ഇന്നോളം ഒരിടതു സര്‍ക്കാറും ഇങ്ങനെയൊരു ജീര്‍ണസന്ധിയില്‍ എത്തിയിട്ടില്ല. ഒരു കാലത്തെ നേതൃത്വവും ഇത്ര കുത്തഴിഞ്ഞു പ്രവര്‍ത്തിച്ചിട്ടില്ല. ഒരാളിലേക്കു മാത്രമായി അധികാരം കേന്ദ്രീകരിച്ചു പാര്‍ട്ടി വെറും സന്നദ്ധ സംഘമായി പരിണമിച്ച മറ്റൊരു കാലവും ഉണ്ടായിട്ടില്ല. വലതു – നവലിബറല്‍ ആസക്തികള്‍ക്കു വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. വരുംകാല വിമോചന പ്രസ്ഥാനത്തിന്റെ ചുമതല കളങ്കിത നേതൃത്വത്തെ വെള്ളപൂശലല്ല. ജീര്‍ണത ബാധിച്ച ഭാഗം മുറിച്ചുനീക്കി അതിജീവിക്കലാണ്. അല്ലെങ്കില്‍ ഈ വ്യാധി പാര്‍ട്ടിയുടെ ഉടലിലാകെ വ്യാപിക്കും. പിന്നെയാര്‍ക്കും രക്ഷപ്പെടുത്താനാവില്ല.

ആസാദ്
02 നവംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )