ബി ജെ പിയ്ക്കെതിരായ തെരഞ്ഞെടുപ്പു മുന്നണി സംബന്ധിച്ചു സി പി ഐ എമ്മില്‍ വ്യക്തതയുണ്ടായിരിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ധാരണയില്‍ മത്സരിക്കും. കേരളത്തില്‍ എല്‍ ഡി എഫ് തുടരും. സ്വാഗതാര്‍ഹമായ രാഷ്ട്രീയ നിലപാടാണിത്.
ഫാഷിസ്റ്റ് സ്വേച്ഛാധികാര പ്രവണതകള്‍ ശക്തിപ്പെടുന്ന കാലത്ത് വിപുലമായ ഫാഷിസ്റ്റ് വിരുദ്ധ ജനകീയ പ്രസ്ഥാനവും രൂപം കൊള്ളേണ്ടതുണ്ട്. ബി ജെ പിയ്ക്കെതിരായ തെരഞ്ഞെടുപ്പു മുന്നണിയുടെ അടിസ്ഥാനം അതാവണം. ഇന്ത്യന്‍ ഭരണവര്‍ഗ നയങ്ങളുടെ ആഘാതമനുഭവിക്കുന്ന ജനങ്ങളെയും സമര മുന്നേറ്റങ്ങളെയും ഐക്യപ്പെടുത്തണം. ഇടതു പക്ഷത്തെ വിവിധ പ്രസ്ഥാനങ്ങളും ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും മാത്രമല്ല സാമൂഹിക ഇടതുപക്ഷ ശക്തികളും ഒന്നിക്കുന്ന പൊതുപ്രസ്ഥാനമാണ് വിഭാവനം ചെയ്യപ്പെടേണ്ടത്. ഈ വഴിയിലുള്ള ആലോചനകള്‍ക്ക് നേതൃത്വം കൊടുക്കേണ്ടത് സി പി ഐ എമ്മാണ്.
തത്ത്വത്തില്‍ സി പി ഐ എം മുന്നോട്ടു വെയ്ക്കുന്ന മുന്നണി സംബന്ധിച്ച ആശയം അതുതന്നെയാണ്. തെരഞ്ഞെടുപ്പു മുന്‍ നിര്‍ത്തിയല്ല, ബഹുജന സമരങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുന്നണികള്‍ രൂപപ്പെടേണ്ടത് എന്ന സങ്കല്‍പ്പമാണത്. എന്നാല്‍ കുറെ കാലമായി ബഹുജന സമരങ്ങളിലൂന്നിയുള്ള രാഷ്ട്രീയ ധ്രുവീകരണവും ഐക്യവും നടക്കുന്നില്ല. സമരപാത വേര്‍തിരിഞ്ഞു നില്ക്കുന്നു. ശ്രദ്ധ പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്തു വട്ടം ചുറ്റുന്നു. ഫാഷിസ്റ്റു വിരുദ്ധ മുന്നണിക്കു നേതൃത്വം നല്‍കാനുള്ള ഊര്‍ജ്ജമില്ലാതെ പോകുന്നത് ഈ പിഴവു മൂലമാണ്.
ഭരണമുള്ള സംസ്ഥാനങ്ങളില്‍ സി പി എം സ്വീകരിക്കുന്ന നയസമീപനം നവലിബറല്‍ വികസനത്തിന് അനുരോധമാണ്. മറ്റിടങ്ങളില്‍ പ്രതിരോധത്തിന്റേതും. ഈ പിളര്‍പ്പ് പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്കും വളര്‍ച്ചയ്ക്കും തടസ്സമാകുന്നു. ഫെഡറല്‍ യൂണിയനില്‍ സംസ്ഥാന ഭരണം നേരിടുന്ന ഈ പരിമിതി കണ്ടാണ് നേരത്തേ ഭരണവും സമരവും എന്ന കൗശലം വികസിപ്പിച്ചത്. കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കുന്നതിനു മുമ്പ് അത് അവരുടെ ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനം ആവശ്യമാണെന്ന് ബംഗാളില്‍ ഹരേ കൃഷ്ണ കോനാര്‍ വാശിപിടിച്ച സംഭവം ഹര് കിഷന് സിങ് സുര്‍ജിത് അനുസ്മരിക്കുന്നുണ്ട്.
ജനകീയ സമരങ്ങളെല്ലാം ഭരണവര്‍ഗം സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളില്‍ പിറവി കൊള്ളുന്നതാണ്. അടിസ്ഥാനപരമായി അവ വര്‍ഗസമരങ്ങളാണ്. എന്നാല്‍ അത് അങ്ങനെ തിരിച്ചറിയാനും വര്‍ഗസമരത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് ഏകോപിപ്പിക്കാനും പരിഹാരം കാണാനും മടിക്കുന്നവിധം സി പി എം മാറുന്നതാണ് ഭരണമോ ഭരണ സാദ്ധ്യതയോ ഉള്ളയിടങ്ങളിലെല്ലാം കാണുന്നത്. ഈ ന്യൂനത തിരുത്താതെ ആ പാര്‍ട്ടിക്ക് ഇന്ത്യന്‍ ഇടതുപക്ഷ ധാരയില്‍ അധികകാലം പിടിച്ചു നില്‍ക്കാനാവില്ല.
ബി ജെ പിക്കെതിരെ തെരഞ്ഞെടുപ്പു മുന്നണിയുണ്ടാക്കുന്നതിനെക്കാള് പ്രധാനമാണ് ഫാഷിസത്തിനെതിരായ വിശാലമായ ഐക്യമുന്നണിയുണ്ടാക്കല് എന്ന് അംഗീകരിക്കണം. ചെറിയ പിണക്കങ്ങള്‍ വിട്ട് ചെറുതും വലുതുമായ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികളെ ഐക്യപ്പെടുത്തണം. ജനകീയ സമരങ്ങളെ ചേര്‍ത്തു പിടിച്ച് ഇടതുപക്ഷ – സാമൂഹിക ഇടതുപക്ഷ ശക്തി വര്‍ദ്ധിപ്പിക്കണം. അത് ഒന്നാമത്തെ കടമയായി ഇന്ത്യന്‍ ഇടതുപക്ഷം ഏറ്റെടുക്കണം. തെരഞ്ഞെടുപ്പു മുന്നണി ഇന്നത്തെ കാലത്തു പ്രധാനം തന്നെയാണ്. എങ്കിലും അതില്‍ കറങ്ങാതെ ഈ ഉത്തരവാദിത്തത്തിലേക്ക് വികസിക്കാന്‍ ശ്രമിക്കണം. അതിനു തടസ്സമാകുന്ന വികസന തീവ്രവാദങ്ങള്‍ ഉപേക്ഷിക്കണം.
ഇന്ത്യന്‍ ഫാഷിസം വികസന തീവ്രവാദത്തിലും ജാതിഹിന്ദുത്വ രാഷ്ട്ര നിര്‍മ്മാണത്തിലും ഊന്നിയാണ് മുന്നേറുന്നത്. രണ്ടിലും എതിര് രാഷ്ട്രീയത്തിന്റെ സമരമുഖം തുറക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനാണ് സാദ്ധ്യമാവുക. ജനാധിപത്യ കക്ഷികളെ ഒപ്പം അണി നിരത്താനും കഴിയും. ഇങ്ങനെയൊരു മുന്നേറ്റം കാലം ആവശ്യപ്പെടുന്നു.
ആസാദ്
01 നവംബര്‍ 2020
