Article POLITICS

മുന്നോക്ക സംവരണം ഉപേക്ഷിക്കണം

മുന്നോക്ക സംവരണത്തില്‍ കടുത്ത വിയോജിപ്പുകളാണ് ഉയര്‍ന്നു വരുന്നത്. പ്രയോഗിച്ചു തുടങ്ങിയപ്പോള്‍ അതിന്റെ ഫലം പ്രതീക്ഷിച്ചതുപോലെയല്ലെന്ന് പലരും പറഞ്ഞു തുടങ്ങി. മുഖ്യമന്ത്രി ന്യായീകരണം നിരത്തിയിട്ടും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിക്കുപോലും കാര്യം ബോദ്ധ്യപ്പെടുന്നില്ല. വിവേചനം കുറയ്ക്കാനുദ്ദേശിച്ചുള്ള സംവരണങ്ങള്‍ വിവേചനം വര്‍ദ്ധിപ്പിക്കാനുതകുന്നത് ഖേദകരമാണ്.

ഭരണഘടനാനുസൃതമായ സംവരണം ദാനകര്‍മ്മമല്ല. തെറ്റു തിരുത്താനുള്ള ശ്രമമാണ്. നൂറ്റാണ്ടുകളോ ആയിരത്താണ്ടുകളോ ബഹിഷ്കൃതരായി ജീവിച്ച ഒരു ജനതയ്ക്ക് അവരുടെ അവകാശങ്ങള്‍ വിട്ടുകൊടുക്കലാണ്. തള്ളിക്കളഞ്ഞ ഇടങ്ങളിലെല്ലാം അവര്‍ക്ക് അവകാശം അനുവദിക്കലാണ്. അതിന്റെ വക്കു കടിച്ചുപറിക്കാന്‍ മറ്റാരും ചെന്നുകൂടാ.

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ ഒരു ബഹിഷ്കൃത വിഭാഗമല്ല. അവരെ പിന്നോക്കം നിര്‍ത്തുന്നത് തൊഴിലിന്റെയോ സ്വത്തിന്റെയോ അഭാവം മാത്രമാണ്. ആയിരത്താണ്ടുകളുടെ അടിമത്തത്തിന്റെ വടുക്കളും വഴക്കങ്ങളും നീക്കാന്‍ വേണ്ട ഉപാധികളൊന്നും ഇവരുടെ ദുഖംമാറ്റാന്‍ ആവശ്യമില്ല. കൃഷിഭൂമി നല്‍കിയും തൊഴില്‍ നല്‍കിയും പാക്കേജുകള്‍ ഏര്‍പ്പെടുത്തിയും ദരിദ്ര വിഭാഗങ്ങളെയാകെ സഹായിക്കാം. ഭൂപരിഷ്കരണത്തിന്റെ തുടര്‍ച്ചകൊണ്ട് കുറെയേറെ ഗുണമുണ്ടാകും. തൊഴിലുറപ്പു പദ്ധതിപോലെ വേറെയും പദ്ധതികള്‍ ആസൂത്രണം ചെയ്യാം. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ മുന്നിലെ പോംവഴികളാണവ.

സംവരണ നിയമത്തില്‍ ഭേദഗതി കൊണ്ടു വരാന്‍ ബി ജെ പി സര്‍ക്കാറിന് ഉത്സാഹം കാണും. അതിന്റെ ചുവടുപിടിച്ച് ധൃതിയില്‍ പോകേണ്ടവരല്ല ജനാധിപത്യ രാഷ്ട്രീയ കക്ഷികള്‍. സി പി ഐ എം വളരെ മുമ്പു മുതല്‍ മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രരെ പറ്റി ഉത്ക്കണ്ഠ പ്രകടിപ്പിച്ചിരുന്നു. അത് ആത്മാര്‍ത്ഥമായിരിക്കാം. എന്നാല്‍ ഭരണഘടനാ സ്രഷ്ടാക്കള്‍ സംവരണംകൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം അട്ടിമറിക്കുന്ന രീതിയില്‍ ഒരു നിയമ നിര്‍മ്മാണം അവരുടെ ലക്ഷ്യമാവരുത്. പ്രത്യേകിച്ചും ഇതുപോലെയൊരു ഫാഷിസ്റ്റ് കാലത്ത് വളരെ ശ്രദ്ധയോടെ വേണം സംവരണ വിഷയത്തില്‍ ഇടപെടാന്‍.

അശോകന്‍ ചരുവിലും കെ പി അരവിന്ദനും കെ എന്‍ ഗണേശുമെല്ലാം മുന്നോക്ക സംവരണത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനും മാറ്റം നിര്‍ദ്ദേശിക്കാനും തയ്യാറാവുന്നു എന്നത് നല്ല കാര്യമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രകടന പത്രികയിലുണ്ട് എന്ന ന്യായവാദം അവരെ നിശ്ശബ്ദരാക്കുന്നില്ല എന്നതും സന്തോഷകരം. സര്‍ക്കാറിന്റെ സംവരണനയം തിരുത്താനും മുന്നോക്ക സംവരണം ഉപേക്ഷിക്കാനും വലിയ സമ്മര്‍ദ്ദം ഉയര്‍ന്നു വരണം.

ആസാദ്
27 ഒക്ടോബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )