Article POLITICS

പൊതുപ്രവര്‍ത്തനം തൊഴിലല്ല, തൊഴിലെടുക്കുന്നവരുടെ സേവനമാണ്

ഒരു വെടിക്ക് ഒരുപാട് പക്ഷികളെയാണ് സി പി ഐ എമ്മിലെ യുവസഖാക്കള്‍ ഉന്നം വെക്കുന്നത് എന്നു തോന്നുന്നു. മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ആരംഭിച്ച അഴിമതിവിരുദ്ധ യുദ്ധം സ്വന്തം തട്ടകത്തിലെ ചില വടവൃക്ഷങ്ങളെക്കൂടി പിഴുതെറിയാന്‍ ഉദ്ദേശിച്ചുള്ളതാവാം.

അനധികൃത വരുമാനത്തിന്റെ സ്മാരകങ്ങള്‍ നമ്മുടെ സംസ്ഥാനത്തു കുറച്ചൊന്നുമല്ല ഉള്ളത്. വെറുംകൈയോടെ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ പലരുടെയും കുടുംബങ്ങള്‍ കൊട്ടാരങ്ങളിലാണ് താമസം. വിനോദങ്ങളും വിദേശയാത്രകളും വ്യവസായ സംരംഭങ്ങളും റിയല്‍ എസ്റ്റേറ്റ് – ക്വട്ടേഷന്‍ ബന്ധങ്ങളുമായി പൊതുസമൂഹത്തെ അമ്പരപ്പിക്കുന്ന ജീവിതങ്ങള്‍ ധാരാളമുണ്ട്. വരുമാനം എവിടെനിന്ന് എന്നത് അവര്‍ വിശദീകരിച്ചു കണ്ടിട്ടില്ല. ചോദിക്കേണ്ടവര്‍ ചോദിക്കാറുമില്ല.

കെ എം ഷാജിക്കെതിരെ ഇന്നു (ഒക്ടോബര്‍ 26) ദേശാഭിമാനിയില്‍ പത്തോ പന്ത്രണ്ടോ വാര്‍ത്തകളുണ്ട്. ഷാജിവിരുദ്ധ പ്രത്യേക പതിപ്പ് എന്നുതന്നെ പറയാം. അതത്രയും ഡി വൈ എഫ് ഐ ഇന്നലെ നടത്തിയ ഇടപെടലിനെ അംഗീകരിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ്. അനധികൃത വരുമാനം അഴിമതിയാണ്. അതിന്റെ തെളിവുകള്‍ നിരത്തുകയാണ് പത്രം. ഈ ഉണര്‍വ്വും ഊന്നലും കെട്ടുപോവാതെ കാക്കണം. ഷാജി കുറ്റം ചെയ്തുവെന്ന ആക്ഷേപം തെറ്റാണെങ്കില്‍ അതു ഷാജി തെളിയിക്കട്ടെ.

ഭരണകക്ഷിയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന നേതാക്കളെ അഴിമതിക്കേസില്‍ പെടുത്തുകയാണെന്നോ, ഒത്തു തീര്‍പ്പിനു തയ്യാറല്ലാത്തവരെ മാത്രം കേസുകളില്‍ പെടുത്തുന്നുവെന്നോ പലപ്പോഴും ആവലാതികളുയരാറുണ്ട്. ഷാജിയോടുള്ള വിദ്വേഷത്തിനും കാരണങ്ങളുണ്ടാവാം. എന്നാല്‍ അത്തരം വിരോധങ്ങളൊന്നുമല്ല തികഞ്ഞ നീതിബോധമാണ് തങ്ങളെ നയിക്കുന്നതെന്ന് ഡിവൈഎഫ് ഐക്കും ദേശാഭിമാനിക്കും സി പി എമ്മിനും ഇനി ബോദ്ധ്യപ്പെടുത്തേണ്ടിവരും. ഒരേ കുറ്റം ചെയ്ത പലരുണ്ടാകുമ്പോള്‍ എല്ലാവരോടും ഒരേ നിലപാട് സ്വീകരിക്കാന്‍ ജനാധിപത്യ ബോധം അവരെ നിര്‍ബന്ധിക്കാതിരിക്കില്ല.

ഡി വൈ എഫ് ഐ ഷാജിക്കെതിരെ ആക്ഷേപം ഉന്നയിക്കുക മാത്രമല്ല ചില തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. ഇതില്‍ പ്രധാനപ്പെട്ടതാണ് തെരഞ്ഞെടുപ്പു സമയത്തു നല്‍കുന്ന സത്യവാങ്മൂലം. അതില്‍ കള്ളം പറയാന്‍ പാടില്ലാത്തതാണ്. ഓരോ കാലത്തുമുണ്ടായ സാമ്പത്തിക വളര്‍ച്ച ഓരോ തെരഞ്ഞെടുപ്പിലും നല്‍കുന്ന സത്യവാങ്മൂലത്തില്‍ കാണും. ഇതാവട്ടെ ഏതൊരു പൗരനും ലഭ്യവുമാണ്. മൊബൈല്‍ഫോണില്‍ ഏതുസമയത്തും കിട്ടാവുന്നത്ര അടുത്ത് അതുണ്ട്. സംശയമുള്ള ഏതു ജനപ്രതിനിധിയുടെ വരുമാനത്തെപ്പറ്റി അറിയാനും ഇതൊരു മാര്‍ഗമാണ്. പല അഴിമതിക്കാരെയും പിടികൂടാനുള്ള മാര്‍ഗവും ഡിവൈഎഫ്ഐ കാണിച്ചു തന്നിരിക്കുന്നു.

തെരഞ്ഞെടുപ്പു സത്യവാങ്മൂലം തെറ്റായി നല്‍കുന്നവരും കാണും. അതു പിടിക്കപ്പെട്ടാല്‍ വിജയസ്ഥാനം നഷ്ടമാവും. വാങ്ങിയ ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കേണ്ടി വരും. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയാല്‍ ജനാധിപത്യത്തിലെ കീടങ്ങളെ പുറന്തള്ളുക പ്രയാസമാവില്ല. ദുഷിച്ച രാഷ്ട്രീയ സാഹചര്യത്തില്‍ ഡി വൈ എഫ് ഐ ആരംഭിച്ച അഴിമതി വിരുദ്ധ സമരം ഷാജിയെ ചുറ്റിപ്പറ്റി അവസാനിപ്പിക്കുമോ എന്നറിയില്ല. വ്യക്തിഹത്യയ്ക്കപ്പുറം ലക്ഷ്യമുണ്ടെങ്കില്‍ രാഷ്ട്രീയ ശുദ്ധീകരണത്തിന് ഇതൊരു തുടക്കമാവും. പുതിയ ആദര്‍ശവാദികള്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരും. പല വടവൃക്ഷങ്ങളും കടപുഴകി വീഴും.

സ്വന്തം നേതാക്കളിലെ അഴിമതിക്കാര്‍ക്ക് എതിരെ പാര്‍ട്ടിയ്ക്കകത്തും മറ്റുള്ള പാര്‍ട്ടികളിലെ അഴിമതിക്കാര്‍ക്ക് എതിരെ പുറത്തും നടത്തുന്ന സമരത്തിന്റെ ഭാഗമാണ് ഡി വൈ എഫ് ഐ ആരംഭിച്ച അഴിമതിവിരുദ്ധ സമരമെന്നു കരുതാനാണ് എനിക്കിഷ്ടം. എങ്ങനെ പണമുണ്ടായി? എന്നു സകല ദുരൂഹതകളെയും കുടഞ്ഞെറിയുന്ന ചോദ്യം തെരുവുകളില്‍ മുഴങ്ങട്ടെ. ആരുടെ രക്തമാണ് നിങ്ങളുടെ സമ്പാദ്യം എന്നത് സകല ധനപ്രമാണിമാരോടും ചോദിക്കേണ്ട ചോദ്യമാണ്. ഒപ്പം പൊതുപ്രവര്‍ത്തനം തൊഴിലാണോ എന്ന ചോദ്യവും ഉയരണം. തൊഴിലെടുത്തു ജീവിക്കുന്നവര്‍ സമൂഹത്തിനു നല്‍കുന്ന സേവനമാവണം പൊതു പ്രവര്‍ത്തനം. അതു തൊഴിലോ ധനാഗമ മാര്‍ഗമോ ആവരുത്. നമ്മുടെ രാജ്യത്ത് പൊതുപ്രവര്‍ത്തനത്തിനു തൊഴില്‍ പദവിയാണ് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. അതു മാറ്റണം.

രാഷ്ട്രീയ നേതാക്കളുടെ പദവിയും പ്രശസ്തിയും അധികാരവും ഉപയോഗിച്ചു മക്കളും ബന്ധുക്കളും നേടുന്ന സമ്പത്തും അഴിമതിയാണ്. പൊതുപ്രവര്‍ത്തനം ഇത്തരം ഹീനവേലകള്‍ക്കുള്ള താവളമാവരുത്. ജനങ്ങളെ ആദരിക്കാനും പൊതുവിഭവങ്ങള്‍ സംരക്ഷിക്കാനും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ശേഷിയുള്ള യുവത്വം പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നു വരട്ടെ.

ആസാദ്
26 ഒക്ടോബര്‍ 2020

1 അഭിപ്രായം

  1. Ipol athu sevanam alla….thozhil thanneyanu. Indiayil ettavum kooduthal prathiphalam pattunnvar MP maarum MLA MAARUM…. mattu janaprathinidhikalum aanu.. Oru kanakkinu azhimathi kuraykkan ithu sahayakaravumanu… kazhivulla athmarthathayulla padipulla yuvajanangal rashtreeyithil irangi pravarthikan ithu sahayakamaku. FINLAND poleyulla rajyangalil azhimathi kurayan kaaranam ithupole manaymaya remuneration janaprathinidhikalku kodukunnathu kondanu

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )