Article POLITICS

മുന്നോക്ക സംവരണം ഒരു ജാതിഹിന്ദുത്വ കെണി

സാമുദായിക സംഘടനകള്‍ക്ക് സ്കൂളുകളും കോളേജുകളും സ്വാശ്രയ സ്വയംഭരണ സ്ഥാപനങ്ങളുമുണ്ട് നമ്മുടെ നാട്ടില്‍. ദളിതരും ആദിവാസികളുമാണ് പുറത്തു നില്‍ക്കുന്നത്. അവര്‍ക്ക് ഉദാരമായ വ്യവസ്ഥകളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കാവുന്നതാണ്. പക്ഷെ, സര്‍ക്കാര്‍ ശംബളം നല്‍കുന്ന സ്ഥാപനങ്ങളില്‍ പോലും സംവരണം ഉറപ്പാക്കാന്‍ മടിക്കുന്ന ഭരണകൂടം അതിനു തയ്യാറാവാന്‍ ഇടയില്ല.

മുന്നോക്ക വിഭാഗങ്ങള്‍ക്ക് അവരുടെ കലാലയങ്ങളുണ്ട്. ആശുപത്രികളുണ്ട്. തൊഴില്‍ സ്ഥാപനങ്ങളുണ്ട്.പലതുമുണ്ട്. അവിടെയെല്ലാം ഭരണഘടന നിര്‍ദ്ദേശിക്കുന്ന സംവരണം പാലിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഇല്ല? ഇക്കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കാറുണ്ടോ? മറ്റു സാമുദായിക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതു നല്‍കാന്‍ മടിക്കുന്ന ഇക്കൂട്ടര്‍ സ്വന്തം സമുദായത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് ഇന്നോളം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഇല്ല?

സാമുദായിക സ്ഥാപനങ്ങള്‍ സ്വന്തം ആസ്തികൊണ്ട് കെട്ടിപ്പടുത്ത സ്ഥാപനങ്ങളല്ല മിക്കതും. പൊതുവിഭവങ്ങളും പൊതുജന സഹകരണവും സ്വീകരിച്ചു നിര്‍മ്മിച്ചവയാണ്. അവയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ശംബളം നല്‍കുന്നത് പൊതുഖജനാവില്‍നിന്നാണ്. സാമുദായിക സംഘടനകളുടെ ഓഫീസില്‍ നിന്നല്ല. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി ലഭിക്കുന്നുമുണ്ട്. ഈ സ്ഥാപനങ്ങളൊന്നും തങ്ങളുടെ സമുദായത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സംവരണത്തോത് ഇതുവരെ നടപ്പാക്കിയതായി അറിയില്ല. മാനേജ്മെന്റ് ക്വാട്ട അതിനു നീക്കിവെച്ചതായി കണ്ടിട്ടില്ല. മിക്കസ്ഥാപനങ്ങളും അവസരങ്ങള്‍ പരമാവധി വിലയ്ക്കു വില്‍ക്കുന്നവരാണ്.

അതിനാല്‍ സ്വന്തം സമുദായത്തിലെ ദരിദ്ര വിഭാഗങ്ങളെപ്പറ്റിയുള്ള സാമുദായിക സംഘടനകളുടെ നിലവിളി അപഹാസ്യമാണ്. ഇത്തരം സംഘടനകളുടെ താളത്തിനു തുള്ളുന്ന സര്‍ക്കാറും രാഷ്ട്രീയ നേതൃത്വവും അപമാനകരമാണ്. മുന്നോക്ക സമുദായ കോര്‍പറേഷന്റെ ചെയര്‍മാന് മന്ത്രിപദവി നല്‍കി ആദരിക്കുന്ന സര്‍ക്കാര്‍ ദളിത് – പിന്നോക്ക വിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്ന ജാതിഹിന്ദുത്വ രാഷ്ട്രീയമാണ് കളിക്കുന്നത്. സര്‍ക്കാറും അതിനെ നയിക്കുന്ന പാര്‍ട്ടിയും കൊടിയേതു പിടിക്കുമ്പോഴും ഹിന്ദുത്വ മുഖം മറച്ചുവെയ്ക്കുന്നില്ല.

ഏറ്റവുമൊടുവില്‍ മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോഴും ഇതാണ് കൂടുതല്‍ വ്യക്തമാകുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരെയും ഇതര അവശ വിഭാഗങ്ങളെയും സംരക്ഷിക്കാന്‍ പ്രത്യേക തൊഴില്‍ പദ്ധതികളും സാമ്പത്തിക പാക്കേജുകളും ഏര്‍പ്പെടുത്തേണ്ടതുണ്ട്. ശരാശരി ജീവിതത്തിന്റെ സൗകര്യങ്ങളിലേക്ക് മുഴുവന്‍ മനുഷ്യരേയും പരിവര്‍ത്തിപ്പിക്കാന്‍ പൊതു പദ്ധതികളുണ്ടാവണം. സാമൂഹിക നീതി ഉറപ്പാക്കാന്‍ ഭരണഘടനാനുസൃതമായി നിശ്ചയിക്കപ്പെട്ട സംവരണത്തിന്റെ തത്വവും പ്രയോഗവും വികലമാക്കിക്കൊണ്ടു നേടേണ്ട മുന്നോക്ക സംവരണത്തിന്റെ കാര്യമല്ല അത്.

നിലവിലുള്ള സംവരണം, മാറ്റിനിര്‍ത്തപ്പെട്ട സമുദായങ്ങള്‍ക്കുള്ള പിന്തുണയും അംഗീകാരവുമാണ്. അതു വിദ്യാഭ്യാസത്തിലും തൊഴിലിലും രാഷ്ട്രീയത്തിലും അവര്‍ക്കു മുന്നോട്ടു വരാനുള്ള ഭരണഘടനാ വാതിലാണ്. അവിടെ നൂണ്ടുകയറാനുള്ള ശ്രമം നിയമത്തെയും കീഴ് വഴക്കത്തെയും അനാദരിക്കലാണ്. സാമൂഹിക നീതിയുടെ വിഷയം സാമ്പത്തിക പ്രശ്നമായി വെട്ടിച്ചുരുക്കുന്ന കൗശലമാണത്. ഒരു ഇടതുപക്ഷ പ്രസ്ഥാനവും അത്തരം കൊടുംചതികള്‍ക്ക് കൂട്ടു നിന്നുകൂടാ. ജനാധിപത്യ രാഷ്ട്രീയത്തെ ജാതിഹിന്ദുത്വ രാഷ്ട്രീയം എത്ര ആഴത്തിലും വ്യാപ്തിയിലുമാണ് സ്വാധീനിച്ചിട്ടുള്ളത് എന്നതിന്റെ തെളിവാണ് ഈ പുതിയ സംവരണ നീക്കം. ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ ഒന്നിച്ചെതിര്‍ത്തു തോല്‍പ്പിക്കണം.

ആസാദ്
25 ഒക്ടോബര്‍ 2020

1 അഭിപ്രായം

 1. “സാമുദായിക സ്ഥാപനങ്ങള്‍ സ്വന്തം ആസ്തികൊണ്ട് കെട്ടിപ്പടുത്ത സ്ഥാപനങ്ങളല്ല മിക്കതും. പൊതുവിഭവങ്ങളും പൊതുജന സഹകരണവും സ്വീകരിച്ചു നിര്‍മ്മിച്ചവയാണ്. ”

  എന്തുകൊണ്ടാണ്, പുരോഗമന പ്രസ്ഥാനങ്ങൾ, രാഷ്ട്രീയ കക്ഷികൾ എന്നിവർ ഇത്തരം സ്ഥാപനങ്ങൾ നിർമ്മിക്കാൻ താത്പര്യം കാണിക്കാഞ്ഞത്?

  പിരിവിന് ആരും മോശമല്ലല്ലോ!

  രാഷ്ട്രീയ പാർട്ടികൾ നേരിട്ട് ചാനൽ,പത്രങ്ങൾ ഒക്കെ നടത്തുന്നു. നേരിട്ട്, സർക്കാർസഹായമൊന്നും കിട്ടുന്നില്ല. പക്ഷേ, നാട്ടുകാരുടെ കാശ് തന്നെ അല്ലേ? പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നു എന്നും ഉണ്ട്.

  അവിടങ്ങളിൽ നിയമങ്ങൾക്ക് പിന്നോക്ക ക്കാരെ എങ്ങനെയാണ് പരിഗണിക്കുന്നത്?

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )