കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ കണ്ട ഒരു രോഷപ്രകടനം എന്നെ വല്ലാതെ വികാര വിക്ഷുബ്ധനാക്കി. ധാര്‍മ്മിക ബോധത്താല്‍ ഉത്തേജിതനായി. സൈബറിടങ്ങളിലെ തെറിയഭിഷേകങ്ങള്‍ കേട്ട് ലജ്ജിതനായി. പൊതു ഇടങ്ങളില്‍ ആനയിക്കപ്പെടുന്ന മനുഷ്യര്‍ നീതിബോധത്താല്‍ വിചാരണ ചെയ്യപ്പെടുന്നുവല്ലോ എന്ന് സന്തുഷ്ടനായി. ഇത്ര ആര്‍ജ്ജവത്തോടെ തിന്മകളെ എതിര്‍ക്കാനുള്ള ശേഷി നമ്മുടെ യുവജന നേതാക്കള്ക്കുണ്ടല്ലോ എന്ന് അഭിമാനിയായി.
സാമൂഹികമായ വ്യവഹാരങ്ങളുടെ നിലവാരം വ്യക്തികളിലൂടെ പ്രകടമാവും. പൊതുവായ ധാര്‍മ്മികത സമസ്ത മേഖലകളിലും ഉയര്‍ത്തി പിടിച്ചുകൊണ്ടേ സാമൂഹികവും സാംസ്കാരികവുമായ വ്യവഹാരങ്ങളെ ജനാധിപത്യവത്ക്കരിക്കാന്‍ കഴിയൂ. ഉയര്‍ന്ന തലത്തിലെ ചെറിയ പിഴവുകള്‍ അടിത്തട്ടില്‍ വലിയ പിശകുകളായി മാറും. പൊതുബോധ – പ്രതിബോധ രൂപീകരണങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രത ജീവിതവീക്ഷണത്തില്നിന്നും ദാര്‍ശനിക ദീപ്തിയില്നിന്നും രൂപപ്പെടേണ്ടതാണ്. അതു ദിശതെറ്റിയും ലക്ഷ്യമറ്റുമാവുമ്പോള് വ്യവഹാരങ്ങള്‍ ജീര്ണമാവും.
ഗാന്ധിയന്‍ സദാചാരത്തെക്കുറിച്ചും കമ്യൂണിസ്റ്റ് സദാചാരത്തെക്കുറിച്ചും ജാഗ്രത പുലര്‍ത്തിയ ഒരു സമൂഹമായിരുന്നു നമ്മുടേത്. കൂട്ടങ്ങളെ സംഘടനകളാക്കുന്നത് ഇത്തരം ചില അച്ചടക്കങ്ങളാണ്. അതു സമൂഹത്തിനു നല്കിപ്പോന്ന ധാര്മ്മികചര്യകളും വഴികളും ഇപ്പോള്‍ നഷ്ടപ്പെടുന്നു. പ്രസ്ഥാനങ്ങള്‍ അവ നഷ്ടപ്പെടുത്തി താല്‍ക്കാലിക ലാഭങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വേണ്ടിയുള്ള മത്സരത്തില്‍ മുഴുകുന്നു. ജനാധിപത്യത്തിന്റെ സമസ്തതൂണുകളും നിറംകെട്ടു പോയിരിക്കുന്നു. ‘മുറ്റത്തെ പാഴ്മരം കാണിക്കുന്നത് മണ്ണു മോശമാണെന്നാണ്. എന്നാല്‍ വഴിയേ പോകുന്നവര്‍ മരത്തെ പഴിക്കുന്നു” എന്ന് ബ്രഹ്റ്റ് എഴുതിയത് ഓര്‍ക്കുക.
അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന സര്‍ക്കാറുകള്‍, അഴിമതിക്കാരെയും കൊലയാളികളെയും സ്ത്രീപീഡകരെയും ഭൂമി കയ്യേറ്റക്കാരെയും അക്രമികളെയും സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, പൊതുവിഭവങ്ങള്ക്കും അധികാരത്തിനും വിലപേശുന്ന സാമുദായിക നേതാക്കളും പ്രസ്ഥാനങ്ങളും എന്നിങ്ങനെ കുത്തഴിഞ്ഞിരിക്കുന്നൂ നേതൃത്വമാകെ. ഏതു തിന്മയും തങ്ങള്‍ ചെയ്യുമ്പോള്‍ നന്മയാകും എന്ന ചിന്തയാണ് വളരുന്നത്. ഇങ്ങനെ വികലവും ജീര്‍ണവുമായ പൊതുബോധം പങ്കുവെക്കുന്നവരില് എന്തും പറഞ്ഞുകളയാം എന്നോ ചെയ്തുകളയാം എന്നോ കരുതുന്നവരുടെ എണ്ണം പെരുകുന്നത് സ്വാഭാവികമാണ്.
സൈബറിടങ്ങളില്‍ മോശമായി ഇടപെടുന്നത് മിക്കവാറും രാഷ്ട്രീയ ന്യായീകരണ സംഘങ്ങളാണ്. അധികാരം പുളയ്ക്കുന്ന ഹിംസാത്മക ഭാഷയാണ് അവരുടേത്. തെറി പറയാന്‍ രാഷ്ട്രീയ പിന്തുണയുണ്ട്. അഥവാ അത്തരം സംഘങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ തീറ്റിപ്പോറ്റുന്നു. ആശയപരമായ സംവാദത്തിന് ശേഷിയില്ലാത്തവര്‍ ഇത്തരം സംഘങ്ങളെ ഇറക്കിവിട്ട് കാലുഷ്യം സൃഷ്ടിക്കും. എന്റെ ഫെയ്സ്ബുക് പോസ്റ്റുകള്‍ക്കു താഴെവന്ന് കമന്റിടുന്നത് മാത്രം നോക്കിയാല്‍ ഇക്കാര്യം ബോധ്യമാവും. ഈ അക്രമി സംഘം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു കീഴില്‍ മാത്രമുള്ളതല്ല. ദര്‍ശനങ്ങള്‍ നഷ്ടപ്പെടുത്തിയ പാര്‍ട്ടികള്‍ക്ക് ഒരേ ഭാഷയുണ്ടാവുന്നതില് അത്ഭുതമില്ല.
കൊലയാളികളെയും സ്ത്രീപീഡകരെയും ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരുത്തുന്ന ഒരു പാര്‍ട്ടി സ്ത്രീകളെ തെറിവിളിച്ചവര്ക്കൊപ്പം വേദി പങ്കിടില്ലെന്നു പറയുന്നതിലെ ധാര്‍മ്മികത ആരെങ്കിലും വിശദീകരിക്കേണ്ടതുണ്ട്. (ഇതു സൂചിപ്പിക്കുന്നവരെ ‘തെറി പറഞ്ഞവന്റെ സംരക്ഷകരായി’ ആക്ഷേപിക്കാന്‍ താഴെ ന്യായീകരണക്കാരെത്തും. എഴുതുന്നതെന്ത് എന്നു വായിച്ചറിയാനുള്ള സമയവും വിവേകവും അവര്‍ പ്രകടിപ്പിക്കാനിടയില്ല.) എങ്കിലും ചില തിന്മകളെപ്പറ്റിയുള്ള ഈ വേര്‍തിരിച്ചുള്ള അറിവ് സ്വാഗതാര്‍ഹമാണ്.
ആരെയും മാധ്യമങ്ങളില്‍ വിളിച്ചിരുത്തി ചര്‍ച്ച കൊഴുപ്പുള്ളതാക്കാന് മാധ്യമങ്ങള്‍ നടത്തുന്ന ഹീനനീക്കങ്ങള്‍ തുറന്നുകാട്ടപ്പെടണം. പല തട്ടുകളുള്ള സമൂഹത്തില്‍ ഏതു തട്ടിലുള്ളവരെയും ജനാധിപത്യ സംവാദത്തില്‍ ക്ഷണിക്കണം. ഏതു ഭാഷാഭേദങ്ങളും അതിന്റെ സന്ദര്‍ഭത്തില്‍ തിരിച്ചറിയുകയും വേണം. എന്നാല്‍, രാഷ്ട്രീയ നിരക്ഷരരെ വെച്ച് രാഷ്ട്രീയ ചര്‍ച്ച നടത്തുക, ഫാഷിസ്റ്റുകളെ വിളിച്ച് തീവ്രവാദ ചര്‍ച്ചയില്‍ അഭിപ്രായം ചോദിക്കുക തുടങ്ങിയ അസംബന്ധലീലകള് അവസാനിപ്പിക്കണം.
കഴിഞ്ഞ ദിവസം ചാനല്ചര്ച്ചയിലുണ്ടായ ധാര്‍മ്മിക സ്ഫോടനത്തിന് നന്ദി. ഇത്രയും എഴുതാന്‍ അതെന്നെ പ്രേരിപ്പിച്ചു. ജീര്‍ണത എവിടെനിന്ന് എവിടെവരെ എത്തി നില്ക്കുന്നു എന്ന് അതു ബോദ്ധ്യപ്പെടുത്തി.
ആസാദ്
23 ഒക്ടോബര്‍ 2020
