തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാത്രം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല വര്‍ഗീയതയും മതരാഷ്ട്ര വാദവും. ജനാധിപത്യ മതേതര റിപ്പബ്ലിക്കിന്റെ ആത്മാവിനിണങ്ങാത്ത സാമുദായിക രാഷ്ട്രീയം നട്ടു വളര്‍ത്തുന്നവര്‍ വിഘടനചിന്തയെ പ്രോത്സാഹിപ്പിക്കുക തന്നെയാണ്. അതിന്റെ വലിപ്പച്ചെറുപ്പമോ ജനപിന്തുണയോ അപകടത്തെ കുറയ്ക്കുകയില്ല.
വിവിധ മതദര്‍ശനങ്ങള്‍ ഇന്ത്യയെ സ്വാധീനിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവിതത്തെയും സംസ്കാരത്തെയും അതു മാറ്റിമറിച്ചിട്ടുണ്ട്. ശക്തമായ മതവിമര്‍ശനങ്ങള്‍ക്കും മതേതര രാഷ്ട്രീയ ചിന്തയ്ക്കും അതു വഴി തുറന്നിട്ടുണ്ട്. പരിഷ്കൃത ജനാധിപത്യ സമൂഹം വ്യത്യസ്ത വിശ്വാസങ്ങളെ ആദരിക്കുകയും അവ വ്യക്തിതലത്തില്‍ നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ പൊതുവായ ഒന്നിനെയും സാമുദായിക സങ്കുചിതത്വം വികലമാക്കരുത് എന്ന കാര്യത്തില്‍ ജനാധിപത്യത്തിന് നിര്‍ബന്ധമുണ്ട്.
പൊതു അധികാര സ്ഥാനങ്ങളിലേക്ക് കയറി വരാന്‍ പൊതുവായ ചിന്താധാരയില്‍ നില നില്ക്കുന്ന പ്രസ്ഥാനങ്ങള്‍ക്കാണ് യോഗ്യത. മതസാമുദായിക പ്രസ്ഥാനങ്ങള്‍ക്ക് ആദ്യ പരിഗണന സ്വന്തം മതമോ സമുദായമോ ആവാനേ തരമുള്ളു. അതിന്റെ വളര്‍ച്ചയിലെ ആപല്‍ഘട്ടമാണ് ജാതിഹിന്ദുത്വ രാഷ്ട്രീയ അധികാരം നമുക്കിപ്പോള്‍ കാണിച്ചു തരുന്നത്. ഏതു മതരാഷ്ട്രവാദവും വളര്‍ന്നു തിടംവെച്ചു വംശീയ സ്വേച്ഛാധികാരത്തിലെത്താം. പിന്നീട് വൈവിദ്ധ്യങ്ങള്‍ ആദരിക്കപ്പെടില്ലെന്നു മാത്രമല്ല ഉന്മൂലന പ്രക്രിയക്കു തുടക്കമിടുകയും ചെയ്യും.
അതിനാല്‍ ഒരു മതരാഷ്ട്രവാദത്തോടും സന്ധി ചെയ്തുകൂടാ. മതവിശ്വാസവും മത രാഷ്ട്രീയവും രണ്ടാണ്. സാമുദായിക വാദം ചിലപ്പോഴൊക്കെ അനിവാര്യമാകും. ദീര്‍ഘ കാലമായി അടിച്ചമര്‍ത്തപ്പെടുന്ന പീഡിത സമുദായങ്ങള്‍ നടുനിവര്‍ത്തി എഴുന്നേറ്റു നില്‍ക്കാനും പൊതുവിഭവങ്ങളിലും അവസരങ്ങളിലും അവകാശം ഉന്നയിക്കാനും സാമുദായിക സംഘടനകള്‍ വേണ്ടിവരും. എന്നാല്‍ രാഷ്ട്രീയാധികാര വിലപേശലിനു സാമുദായിക സ്വത്വം പ്രയോജനപ്പെടുത്തുന്ന പ്രസ്ഥാനങ്ങളെ വേറിട്ടു കാണണം. അവ മതരാഷ്ട്ര നിര്മ്മാണല്ല ലക്ഷ്യമാക്കുന്നത് എന്നു തീര്ച്ചപ്പെടുത്താതെയുള്ള ഒരു ബന്ധവും അഭികാമ്യമല്ല.
ചുരുക്കത്തില്‍, മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും, അവ ഉള്‍പ്പെടുന്ന മുന്നണിയെയും പിന്തുണയ്ക്കാന്‍ സാദ്ധ്യമല്ല. വോട്ടു നല്കി വഞ്ചിതരാവാന് ഒരുങ്ങുകയുമരുത്. ജാതിഹിന്ദുത്വ ഫാഷിസ്റ്റ് ഭരണം ആ പാഠമെങ്കിലും നമ്മെ പഠിപ്പിച്ചിരിക്കണം. ഫാഷിസത്തെ നേരിടാന്‍ ഏതു ചെകുത്താനെയും കൂട്ടു പിടിക്കാന്‍ ജനങ്ങള്‍ സന്നദ്ധമായി എന്നു വരാം. ആ അവസരത്തില്‍ നുഴഞ്ഞു കയറാന്‍ ചെകുത്താന്മാര് കാത്തിരിക്കുന്നുമുണ്ടാവും. അതിനാല്‍ ജനാധിപത്യ റിപ്പബ്ലിക് നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ മതരാഷ്ട്രവാദ പ്രസ്ഥാനങ്ങളെ അകറ്റി നിര്‍ത്താനുള്ള ധീരത കാണിക്കണം. അല്ലാതെയുള്ള ഒരു നീക്കുപോക്കും ഫാഷിസത്തെ തിരിച്ചറിഞ്ഞ പ്രതിരോധമാവില്ല.
മുസ്ലീം ലീഗ് സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയാണ്. മതരാഷ്ട്രവാദത്തെ അംഗീകരിക്കുന്നില്ലെങ്കിലും സാമുദായിക പരിഗണനയില്‍ ഊന്നുന്ന രാഷ്ട്രീയമുണ്ട്. പൗരോഹിത്യ സ്ത്രീവിരുദ്ധ ഘടനയുമുണ്ട്. നിയമസഭയിലേക്ക് സ്ത്രീകളെ മത്സരിപ്പിക്കാന്‍ സന്നദ്ധമല്ല. രാഷ്ട്രീയ അധികാരത്തെ മതനിര്ബന്ധങ്ങളുമായി പൊരുത്തപ്പെടുത്തി കൊണ്ടുപോകാനാണ് ശ്രമം. അതിന്റെ ഗുണഫലം മുസ്ലീം സമുദായത്തിനാകെ ലഭ്യമായിട്ടുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ, ഒരു ചോദ്യം പ്രസക്തമാണ്. അവഗണിക്കപ്പെടുന്ന സമുദായങ്ങളെല്ലാം നീതി തേടേണ്ടത് സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ടാക്കി വിലപേശിയും വീതംവെപ്പു നടത്തിയുമാണോ? അതോ പൊതു ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഭാഗമായി നിന്നു ജനാധിപത്യ പ്രക്രിയ സാര്ത്ഥകമാക്കിയാണോ?
ജാതിഹിന്ദുത്വ രാഷ്ട്രീയാധികാരം ഇപ്പോള്‍ ഇത്തരം ആലോചനകള്‍ക്കു നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്. സാമുദായിക / മത രാഷ്ട്രീയം മതരാഷ്ട്രവാദമായി വളരാന്‍ എളുപ്പമാണ്. പൊതു അധികാരത്തിലേക്കു വരുന്ന പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും വിശാലമായ പൊതുതാല്‍പ്പര്യമാണ് ഉണ്ടാവേണ്ടത്. മുസ്ലീംലീഗ് വിശാല താല്‍പ്പര്യം തീരെ പ്രകടിപ്പിക്കാത്ത പാര്‍ട്ടിയോ പൊതു താല്‍പ്പര്യം കൈവിട്ടപാര്ട്ടിയോ അല്ല. എന്നിട്ടും പേരിലെ സങ്കുചിതത്വം പ്രയോഗത്തെ ആശങ്കയില്‍ നിര്‍ത്തുന്നു.
മുസ്ലീം ലീഗിനെപ്പറ്റി പറയുമ്പോള്‍ സ്വാഗതം ചെയ്യാന്‍ ധാരാളം പേരുണ്ടാകും. എന്നാല്‍ ബി ജെ പിയെ പറ്റി പറയുമ്പോള്‍ അതിന്റെ മതശാഠ്യങ്ങളെ പൊതു താല്‍പ്പര്യമെന്ന മട്ടില്‍ സ്വീകരിക്കാനും അവതരിപ്പിക്കാനുമാണ് ശ്രമമുണ്ടാവുക. ജാതിഹിന്ദുത്വ ചീന്തകളെ ദേശീയ സംസ്കൃതിയുടെ ഭാഗമാക്കി പ്രച്ഛന്ന മുഖത്തോടെ അവതരിപ്പിക്കാന്‍ ഒരു നൂറ്റാണ്ടു നീണ്ട യത്നങ്ങളിലൂടെ സംഘപരിവാരത്തിനു കഴിഞ്ഞിരിക്കുന്നു. ഇതു തുറന്നു കാട്ടാതെ ന്യൂനപക്ഷ മത വര്‍ഗീയതകളെ എതിര്‍ക്കാന്‍ കഴിയില്ല. ഭീകരവാദങ്ങളുടെ മാതൃരൂപമായി ഭൂരിപക്ഷ വര്‍ഗീയത പെട്ടെന്നു വളരും. അതു പക്ഷെ അധികാരത്താല്‍ മറയ്ക്കപ്പെടും. ന്യൂനപക്ഷ വിയോജിപ്പുകളെ ഭീകരവാദമെന്ന് ആക്ഷേപിക്കും.
ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെന്നോ ഭീകരവാദമെന്നോ ചിത്രീകരിക്കുന്നതിലും ചില പരിമിതികളുണ്ട്. സ്ഥലപരമായ വേര്‍തിരിവാണത്. ഹിന്ദുത്വ ഫാഷിസം ഇന്ത്യന്‍ ഭീകരതയാണ്. ഇന്ത്യ എന്ന പ്രദേശത്തെ ഭൂരിപക്ഷ വംശീയാടിത്തറയാണ് അതിന്റെ നില്‍പ്പിടം. ഇസ്ലാമിക ഭീകരതയാവട്ടെ, ലോക ഭൂപടത്തിലെ ഭൂരിപക്ഷ വംശീയതയില്‍ കരുത്തു നേടുന്നു. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഫാഷിസ്റ്റ് ശത്രുവിനെ നേരിടാന്‍ മതരാഷ്ട്രവാദത്തിന്റെ ആഗോള ഭീകരതയ്ക്കു വഴങ്ങേണ്ടതില്ല.
അതിനാല്‍ മതരാഷ്ട്രവാദത്തെ ഒറ്റ ഫാഷിസ്റ്റ് ഭീകരതയായേ കാണാനാവൂ. അതിനെ തള്ളിപ്പറയാത്ത ഒരു പ്രസ്ഥാനത്തോടും സന്ധിയില്ല. ഏതാപത്തിനെ നേരിടാനും മതരാഷ്ട്രവാദം എന്ന ചെകുത്താന്റെ കൂട്ടു വേണ്ട ഇന്ത്യന്‍ ജനാധിപത്യത്തിന്.
ആസാദ്
22 ഒക്ടോബര്‍ 2020