Article POLITICS

ഡോ.അസീം മാലിക് ഡോ.കഫീല്‍ ഖാന്റെ വഴിയിലോ?

ഹത്രാസിലെ പെണ്‍കുട്ടി ബലാല്‍സംഗത്തിനു വിധേയമായിട്ടുണ്ടെന്നു സ്ഥിരീകരിച്ച ഡോക്ടറെ യു പിയിലെ യോഗിസര്‍ക്കാര്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. മുമ്പ് ഇതിലും ക്രൂരമായ വേട്ടയാടലിന് മറ്റൊരു ഡോക്ടറെ വിധേയമാക്കിയത് നാം കണ്ടതാണ്. ഡോ കഫീല്‍ഖാനെ.

2017 ആഗസ്തില്‍ ഗോരഖ്പൂരിലെ ബാബാ രാഘവ ദാസ് മെഡിക്കല്‍ കോളേജില്‍ എഴുപതോളം കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരണം നേരിട്ട സന്ദര്‍ഭത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ ആളാണ് അവിടത്തെ ശിശുരോഗ വിഭാഗം ഡോക്ടറായ കഫീല്‍ ഖാന്‍. അത് അദ്ദേഹത്തിനുതന്നെ വിനയാവുകയായിരുന്നു. ആശുപത്രി അധികാരികള്‍ പണമടയ്ക്കാത്ത സാഹചര്യത്തിലാണ് ഓക്സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളെ മരണത്തിലേക്ക് തള്ളിവിടാന്‍ ഇടയാക്കിയത്. ഈ വേദനാകരമായ സന്ദര്‍ഭത്തില്‍ ഡോക്ടര്‍ കഫീല്‍ഖാന്‍ സ്വന്തം ചെലവില്‍ പല ഏജന്‍സികളില്‍നിന്നു ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ചു. ഇത് യോഗി ആദിത്യനാഥ് സര്‍ക്കാറിനെ ചൊടിപ്പിച്ചു. അദ്ദേഹത്തെ കള്ളക്കേസുകള്‍ ചുമത്തി തടവിലാക്കുന്നതാണ് പിന്നീട് കണ്ടത്.

ഇപ്പോഴിതാ മറ്റൊരു ഡോക്ടര്‍ക്കെതിരെ യോഗി സര്‍ക്കാറിന്റെ രോഷമുയരുന്നു. അലിഗഢ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അസീം മാലിക്കിനെയാണ് ജോലിയില്‍നിന്നു പുറത്താക്കിയത്. ഹത്രാസില്‍ ബലാല്‍സംഗം ഉണ്ടായിട്ടില്ലെന്ന സംസ്ഥാന എ ഡി ജി പി പ്രശാന്ത്കുമാര്‍ നടത്തിയ പ്രസ്താവനയ്ക്കു വിരുദ്ധമായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തല്‍. ഇതാണ് സര്‍ക്കാറിനെ പ്രകോപിപ്പിച്ചത്. പൊലീസാണ്, അഥവാ സര്‍ക്കാറാണ് ബലാല്‍സംഗം നടന്നുവോ എന്നു പറയേണ്ടത് ഡോക്ടറല്ല എന്നു വരുന്നത് നിയമത്തെ അനാദരിക്കലും നിഷേധിക്കലുമാണ്. എന്നാല്‍ യോഗി സര്‍ക്കാറിന് അതു പ്രശ്നമേയല്ല.

ദരിദ്രരും ദളിതരും ന്യൂനപക്ഷങ്ങളും തുടര്‍ച്ചയായി അക്രമിക്കപ്പെടുന്ന അരക്ഷിത കാലാവസ്ഥയാണ് യു പിയിലുള്ളത്. നീതിബോധവും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലിചെയ്യാന്‍ കഴിയാത്ത വിധം ക്രിമിനല്‍വത്ക്കരണം നടക്കുന്നു. ജാതി ഹിന്ദുത്വ ബ്രിഗേഡുകളുടെ ഭരണമാണവിടെ. നാളെ രാജ്യം മുഴുവന്‍ വ്യാപിക്കാന്‍ ഇടയുള്ളത്. നരേന്ദ്ര മോഡി 2002ല്‍ തുടങ്ങിയതു പോലെ യോഗി ആദിത്യനാഥ് തുടങ്ങിയതേയുള്ളു. ഗുജറാത്തില്‍നിന്ന് ദില്ലിയിലെത്താനുള്ള സമയം വേണ്ടിവരില്ല യുപിയില്‍നിന്നു ദില്ലിയിലെത്താന്‍.

ക്രിമിനലുകളെ തുണയ്ക്കുന്ന ഭരണ സംവിധാനം ജനാധിപത്യത്തിനു ഭൂഷണമല്ല. കുറ്റവാളികളോടൊപ്പം നില്‍ക്കുന്നവര്‍ക്ക് പ്രമോഷനും പുരസ്കാരവും. ഇരകളോടൊപ്പം നില്‍ക്കുന്നവര്‍ക്ക് ഭീഷണിയും തടവറയും. മഹത്തായ ഇന്ത്യന്‍ ധാര്‍മ്മിക പാരമ്പര്യം ഇതായിരുന്നുവോ? മഹത്തായ ഇന്ത്യന്‍ രാഷ്ട്രീയ പാരമ്പര്യം ഇതനുവദിക്കുന്നുവോ? ദളിത് പീഡനം നടക്കുന്നിടത്തെല്ലാം ഇരകളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നുവെങ്കില്‍, അവിടെയെല്ലാം വരേണ്യ നായാട്ടുജീവികള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുവെങ്കില്‍ വംശീയ ഫാഷിസത്തിന്റെ വൈറസ്സുകള്‍ അത്ര വ്യാപകമായിരിക്കുന്നു എന്നു വേണം കരുതാന്‍. ഹത്രാസിലെ ശത്രുകീടങ്ങള്‍ കാഴ്ച്ചപ്പുറത്തുണ്ട്. വാളയാറില്‍ അത് തല മണ്ണില്‍ പൂഴ്ത്തി നില്‍ക്കുന്നു. ഒരേ വംശവെറിയുടെ കീടാവിഷ്കാരങ്ങളാണവ. അതിനാല്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. കോവിഡിനെക്കാള്‍ മാരകമായ വൈറസ്സുകള്‍ നമ്മുടെ കോശങ്ങളില്‍ കടന്നു കയറുന്നുണ്ട്.

ഹത്രാസിലെ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായെന്നു കണ്ടെത്തിയ ഡോക്ടറെ പിരിച്ചുവിടുമ്പോള്‍, അതു യു പിയിലല്ലേ എന്ന് അലസമാവാന്‍ നമുക്കു കഴിയുന്നില്ല. വാളയാറില്‍ കേസ് അട്ടിമറിച്ച ഡി വൈ എസ് പി യ്ക്ക് പ്രമോഷന്‍ നല്‍കുന്നത് നമ്മുടെ കണ്‍മുന്നിലാണ്. കേരളത്തിലാണ്. ഇതിങ്ങനെ നിശ്ശബ്ദമായി അനുവദിച്ചു കൊടുത്താല്‍ യോഗിയുടെ ദില്ലിയാത്രയ്ക്ക് വേഗമേറും. ഇന്ത്യ ജനാധിപത്യ മതേതര ഇന്ത്യയല്ലാതാവും.

ആസാദ്
21 ഒക്ടോബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )