ഇന്നു ഞാന്‍ ബൊളീവിയന്‍ ജനതയെ അഭിവാദ്യം ചെയ്യും. ഗുവേരയുടെ രക്തം തിളച്ചു പൊന്തുന്ന മണ്ണില്‍ ഇടതുപക്ഷം തൂത്തെറിയാനാവാത്ത ശക്തിയായതില്‍.
ഇരുനൂറോളം തവണ പട്ടാള അട്ടിമറികള്‍ നടന്ന രണ്ടു നൂറ്റാണ്ടിന്റെ അരക്ഷിതമായ ചരിത്രം മറ്റൊരു രാജ്യത്തിനുമില്ല. അവിടെ ഭരണസ്ഥിരതയുടെ, ദരിദ്രരുടെ അതിജീവനത്തിന്റെ കഥകള്‍ കേട്ടു തുടങ്ങിയത് 2006ല്‍ ഇവാ മൊറെയ്സ് അധികാരത്തില്‍ എത്തിയതോടെയാണ്. ലാറ്റിനമേരിക്കയുടെ വിമോചനാസക്തിയുടെ സമരമുഖങ്ങള്‍ ചരിത്രപാഠങ്ങളാണ്. ഗുവേരയും കാസ്ട്രോയും മുതല്‍ അലന്‍ഡെയും ഹ്യൂഗോ ഷാവേസും മൊറെയ്സും ഇപ്പോള്‍ ലൂയിസ് ആര്‍സ് വരെ ലാറ്റിനമേരിക്കന്‍ സോഷ്യലിസ്റ്റ് സ്വപ്നങ്ങളുടെ സമീപകാല പടയാളികളാണ്.
അമ്പതുകള്‍വരെ വോട്ടവകാശംപോലും ഇല്ലാതിരുന്ന ഒരു ജനതയുടെ പ്രതിനിധിയായി ഇവാ മൊറെയ്സ് 2006ല്‍ ചരിത്രം സൃഷ്ടിച്ചു. വെനിസ്വലയില്‍ ഹ്യൂഗോ ഷാവേസിന്റെ വിജയത്തിനു സമാനം. ലോകബാങ്കിനു പോലും എഴുതേണ്ടിവന്നു 59ശതമാനമായിരുന്ന ദാരിദ്ര്യം ഇരുപതു ശതമാനത്തോളം അത്ഭുതകരമായി കുറച്ചതിനെപ്പറ്റി. ദാരിദ്ര്യത്തോടു പൊരുതിയാണ് മൊറെയ്സ് വളര്‍ന്നത്. ആറു സഹോദരങ്ങളില്‍ നാലുപേര്‍ മരിച്ചത് പട്ടിണി മൂലമാണ്. ആ അനുഭവത്തിന്റെ കരുത്ത് കൊച്ചാബാമ്പ കുടിവെള്ള സമരത്തിന്റെ തുടര്‍ച്ചയില്‍ സാമ്രാജ്യത്വത്തോടു ഏറ്റുമുട്ടാന്‍ ഊര്‍ജ്ജമായി.
ഒരു വ്യാഴവട്ടം പിന്നിട്ടപ്പോള്‍ മൊറെയ്സിനും പിഴച്ചുവെന്നു കരുതണം. ഒരു ചെറിയ വീഴ്ച്ച കാത്തിരുന്ന അമേരിക്കയും രാജ്യത്തെ വലതുപക്ഷവും അത് ഉപയോഗിച്ചു. വികസനം തന്നെയാണ് ബൊളീവിയയിലും വില്ലനായത്. മനുഷ്യനെയും പ്രകൃതിയെയും മറന്നു തുടങ്ങുന്ന അധികാരഭ്രമത്തിന്റെ ഏതോ അംശങ്ങളില്‍ തട്ടി മൊറെയ്സ് ക്ഷീണിതനായി. ഒരു വര്‍ഷംമുമ്പ് രാജിവെച്ചിറങ്ങി. പിന്നെ വലതുപക്ഷത്തിന്റെ ആഘോഷമായിരുന്നു.
മൊറെയ്സിന്റെ പിശകുകളെക്കാള് മഹത്താണ് അദ്ദേഹത്തിന്റെ നേട്ടങ്ങളെന്ന് ജനങ്ങള്‍ക്ക് അറിയാം. സോഷ്യലിസത്തിനു വേണ്ടിയുള്ള പ്രസ്ഥാനം എന്നാണ് പാര്‍ട്ടിയുടെ പേര്. ആ ലക്ഷ്യത്തിലുള്ള പരിശ്രമങ്ങള്‍ ലാറ്റിനമേരിക്കയില്‍ സൃഷ്ടിച്ച ഉണര്‍വ്വു ചെറുതല്ല. ക്യൂബയും വെനിസ്വലയും ബൊളീവിയയും കാസ്ട്രോ ഷാവേസ് മൊറെയ്സ് ത്രിമൂര്‍ത്തികളായി പുതിയ ദശകത്തില്‍ വിസ്മയം തീര്‍ത്തതാണ്. ആ പാരമ്പര്യം വീണ്ടെടുക്കാനുള്ള ബൊളീവിയന്‍ നിശ്ചയത്തെ വന്കരകള്ക്കിപ്പുറത്തിരുന്ന് അഭിവാദ്യം ചെയ്യണം.
തീവ്ര വലതു സ്വേച്ഛാധികാര ശക്തികള്‍ അഴിഞ്ഞാടുന്ന കോര്‍പറേറ്റ് മുതലാളിത്ത കാലത്ത് ജനപുരോഗതിയുടെ വേറിട്ട പാത അടയാളപ്പെടുത്തുന്ന നാടുകളുണ്ടാവുന്നു. ഇടതുപക്ഷ – സാമുഹിക ഇടതുപക്ഷ ബദലിന് കരുത്തു കൂടുന്നു. ”ഇനി വലതു കോര്‍പറേറ്റ് കാലമാണ്, അതിനു കീഴ്പ്പെട്ടു ആവുന്ന വികസനം നടത്താനേ കഴിയൂ” എന്ന സോഷ്യല്‍ ഡമോക്രാറ്റിക് ജീര്‍ണതക്കും ബൊളീവിയ ഒരു താക്കീതാണ്. ജനങ്ങളുടെ ശക്തി അജയ്യമാണ്. ഒരു ധനമുതലാളിത്ത വംശീയവാദ കൂട്ടുകെട്ടിനും തകര്‍ക്കാനാവാത്തത്.
ബൊളീവിയാ, ഇന്നു നിന്റെ അപദാനങ്ങള്ക്കുള്ള ദിവസം. നിന്നില്‍നിന്ന് ഞങ്ങള്‍ ഊര്‍ജ്ജം കൊള്ളുന്ന ദിവസം. നന്ദി, വഴി തെളിക്കുന്നതിന്.
ആസാദ്
20 ഒക്ടോബര്‍ 2020
