Article POLITICS

വാളയാറിലെ അമ്മ പൊരുതുകയാണ് ഒരു വാക്കുകൊണ്ടെങ്കിലും അഭിവാദ്യം ചെയ്യണേ!

വാളയാര്‍ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച്ച പറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തുറന്നു സമ്മതിച്ചതായി വാര്‍ത്ത കണ്ടു. നന്നായി. കേസില്‍ പുനരന്വേഷണം വേണം എന്ന അഭിപ്രായമാണ് സര്‍ക്കാര്‍ അപ്പീലില്‍ മുന്നോട്ടു വെച്ചത്. അതും സ്വാഗതം ചെയ്യണം.

കേസന്വേഷണത്തില്‍ വീഴ്ച്ച പറ്റിയെന്ന് കുറ്റം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണോ? ആര്‍ക്കാണ് തെറ്റു പറ്റിയത്? അഥവാ ആരാണ് കുറ്റവാളികള്‍ രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത്? പൊലീസ് ഇന്‍സ്പെക്ടര്‍ ചാക്കോയ്ക്കും ഡിവൈഎസ് പി സാജനും ഇതിലുള്ള പങ്ക് എന്താണ്? മറ്റ് ആരുടെയെല്ലാം പിഴവുകളാണ് വാളയാര്‍ കുഞ്ഞുങ്ങളെ ലൈംഗികാക്രമണത്തിനു വിധേയമാക്കി കൊന്നുകളഞ്ഞ നരാധമന്മാരെ രക്ഷപ്പെടുത്താന്‍ ഉതകിയത്? കൊലയാളികളുടെ രക്ഷകരെ സര്‍ക്കാര്‍ എങ്ങനെയാണ് ശിക്ഷിച്ചത്? സര്‍ക്കാര്‍ സംവിധാനത്തിലെ അന്വേഷണത്തില്‍ പിഴവുണ്ടായി എന്നു കോടതിയില്‍ സമ്മതിക്കുന്ന സര്‍ക്കാര്‍ സോജനെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നതെന്ത്? പോക്സോ കേസിലെ കുറ്റകരമായ പ്രവര്‍ത്തനം പോക്സോ വകുപ്പുകളനുസരിച്ച് വിചാരണ ചെയ്യപ്പെടണമല്ലോ. അക്കാര്യം സര്‍ക്കാര്‍ മറന്നതെന്ത്?

കുറ്റവാളികള്‍ രക്ഷപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ കിട്ടുന്നു. മരിച്ച കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് കണ്ണീരു വറ്റുന്നില്ല. പീഡിതരുടെ നീതിയെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നവര്‍ പെട്ടെന്ന് മൗനികളാവുന്നു. ദില്ലിയിലും ഹത്രാസിലുമുള്ള പെണ്‍കുട്ടികളുടെ കീറിപ്പറിഞ്ഞ ജീവിതം കേട്ടു നടുങ്ങുന്നവര്‍ വാളയാറിലെ കുഞ്ഞുങ്ങളെക്കുറിച്ചു കുറ്റകരമായ മൗനത്തിലാണ്. ചോദിക്കേണ്ട ചോദ്യം മാത്രം ഉയരുന്നില്ല. കുറ്റവാളികള്‍ക്കും അവരെ തുണച്ചവര്‍ക്കും ശിക്ഷ കിട്ടാന്‍ എന്തു ചെയ്യണം? കോടതിയില്‍ ഏറ്റുപറഞ്ഞ പിഴവിന് സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാത്തതെന്ത്? വാസ്തവത്തില്‍ സര്‍ക്കാര്‍ ആരുടെ കൂടെയാണ്?

ഹത്രാസില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രതികള്‍ക്കു പിറകെയല്ല പൊലീസിനെ വിട്ടത്. ഇരകള്‍ക്കു പിറകെയാണ്. തടങ്കലില്‍ എന്നപോലെ അവര്‍ വളയപ്പെട്ടു. പീഡിതയായ കുഞ്ഞുങ്ങളെക്കുറിച്ചുള്ള പൊള്ളുന്ന വാസ്തവം മറച്ചുവെച്ചു. പെണ്‍കുട്ടികളുടെ ജഡം തട്ടിപ്പറിച്ചു കത്തിച്ചുകളഞ്ഞു. ഇത് വാളയാറിന്റെയും വാസ്തവമാണ്. ഇതുതന്നെ കൂടുതല്‍ ക്രൂരമായി ഇവിടെ അരങ്ങേറി. ആദ്യത്തെ പെണ്‍കുട്ടി എങ്ങനെ പീഡിപ്പിക്കപ്പെട്ടു എന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് കുടുംബത്തെ കാണിച്ചില്ല. ആ ജഡം തങ്ങളുടെ ശ്മശാനത്തില്‍ അടക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല. ഉദ്യോഗസ്ഥര്‍ മരിച്ച പെണ്‍കുട്ടികളുടെ മുറിവുകളെ ഭയപ്പെട്ടു. ദളിതരുടെ ജീവിതത്തിന് എന്തുവില എന്ന ഭാവം നിറഞ്ഞു നിന്നിരിക്കും.

പ്രതികളെ വെറുതെവിട്ട പോക്സോ കോടതിയുടെ വിധി വന്നിട്ട് ഒരാണ്ടാവുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്നു സര്‍ക്കാര്‍ നല്‍കിയ പുനരന്വേഷണം എന്ന വാഗ്ദാനത്തിനും ഒരാണ്ടു തികയുകയായി. ഒക്ടോബര്‍ 25നും ഒക്ടോബര്‍ 31നുമായിരുന്നു അവ സംഭവിച്ചത്. ഈ രണ്ട് ആണ്ടറുതി നാളുകള്‍ക്കിടയില്‍ വാളയാര്‍ കുഞ്ഞുങ്ങളുടെ അമ്മ വീട്ടില്‍ പ്രതിഷേധ സമരമിരിക്കുന്നു. നീതികിട്ടുന്നതു തടയാന്‍ ആഭ്യന്തര വകുപ്പു നടത്തിയ കള്ളക്കളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ സമീപനമാണ് തുറന്നു കാട്ടുന്നത്. തെറ്റു ചെയ്തവര്‍ക്കു ഉദ്യോഗക്കയറ്റം നല്‍കുന്നത് കൊലയാളികളെ തുണച്ചതിനുള്ള സര്‍ക്കാര്‍ വക പാരിതോഷികമാണ്. അല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം.

കേരളത്തിനു മുറിവേറ്റ ഒരു മനസ്സുണ്ടെങ്കില്‍, നീതി നീതിയെന്നു നിലവിളിക്കുന്ന അശാന്ത മനസ്സുകളുണ്ടെങ്കില്‍ വാളയാറിലെ പെണ്‍കുഞ്ഞുങ്ങളുടെ അമ്മയെ കാണണം. അവരോടു ഞങ്ങളും ഒപ്പമുണ്ട് എന്നു പറയണം. ഒരു വാക്കുകൊണ്ടു നല്‍കാവുന്ന ധൈര്യവും സാന്ത്വനവും അവര്‍ക്കു നല്‍കൂ. കവികളും കലാകാരന്മാരും എഴുത്തുകാരും പ്രഭാഷകരും വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും ഹത്രാസിനെച്ചൊല്ലി വേദനിച്ച ദേശീയ മാധ്യമങ്ങളും ആ അമ്മയെ കാണണം. മക്കളുള്ള എല്ലാ അമ്മമാരുടെയും അകവേവില്‍ എരിഞ്ഞുപോവണം ക്രിമിനല്‍ ആണ്‍കോയ്മകള്‍. പുല്ലിംഗപേപ്പേച്ചുകള്‍.

ഒക്ടോബര്‍ 25മുതല്‍ 31വരെ. വാളയാറിലേക്കു പോയിനോക്കണം. ഹത്രാസിലേക്കു കുതിച്ച മനുഷ്യത്വത്തിന് വാളയാറില്‍ പോവാതെ മടക്കമില്ല. ആ കുടുംബത്തിന് നീതി കിട്ടാതെ ഉറക്കവുമില്ല. കുറ്റമേറ്റ സര്‍ക്കാര്‍ കുറ്റക്കാരെ പുറത്താക്കി ഹത്രാസല്ല വാളയാറെന്ന്, യോഗിയല്ല പിണറായിയെന്ന് തെളിയിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

ആസാദ്
19 ഒക്ടോബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )