Article POLITICS

അവര്‍ നമ്മെത്തേടി വരുന്നുണ്ട്

രാജ്യത്തിന്റെ വിളി കേള്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും അഭിഭാഷകരെയും ഡോക്ടര്‍മാരെയും കവികളെയും എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയും കലാകാരന്മാരെയും ആക്റ്റിവിസ്റ്റുകളെയും ശാസ്ത്രജ്ഞരെയും ദേശീയ ഏജന്‍സികള്‍ പിടികൂടി തടവില്‍ അടച്ചുകൊണ്ടിരിക്കുന്നു.

ബിസ്രാമുണ്ടെയുടെ മണ്ണില്‍ ശങ്കര്‍ ഗുഹാ നിയോഗിയുടെ തുടര്‍ച്ചയില്‍ ഖനിത്തൊഴിലാളികളും ഗോത്ര വര്‍ഗജനതയും ഉണര്‍ന്നിരിക്കെ പാവങ്ങളുടെ ഡോക്ടര്‍മാരായ ബിനായക് സെന്നിനെയും സെയ്ബാല്‍ ജെനയെയും തടവിലിട്ട് ആരംഭിച്ച ബി ജെ പിയുടെ പകപോക്കല്‍ രാഷ്ട്രീയം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിച്ചിരിക്കുന്നു.

പത്തൊമ്പതു വയസ്സുള്ള അലന്‍ മുതല്‍ എണ്‍പത്തി മൂന്നുകാരനായ സ്റ്റാന്‍ സ്വാമിവരെ. ഭിന്ന ശേഷിക്കാരനായ പ്രൊഫസര്‍ സായ്ബാവ മുതല്‍ രോഗിയായ എണ്‍പതുകാരന്‍ വിപ്ലവകവി വരവരറാവു വരെ. എത്രയെത്ര പേര്‍!!

ദില്ലിയിലും മഹാരാഷ്ട്രയിലും റാഞ്ചിയിലും തുടങ്ങിയ വേട്ട എല്ലായിടത്തേക്കും എത്തുന്നു. ആ പട്ടികയുടെ നീളം വര്‍ദ്ധിക്കുകയാണ്. മേല്‍ പറഞ്ഞവര്‍ക്കു പുറമെ റോണ വില്‍സന്‍, അരുണ്‍ ഫെരീരിയ, സുധാ ഭരദ്വാജ്, ഗൗതം നവ്ലാഖ, വേര്‍ണന്‍ ഗോണ്‍സാല്‍വ്സ്, ആനന്ദ് തെല്‍തുംബ്ഡെ, ഹാനി ബാബു, ഷോമാ സെന്‍, സുധീര്‍ ധാവ്ളെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവുത്, മസ്രാത് സെഹ്റ, ഗൗഹര്‍ ഗീലാനി, മീരാന്‍ ഹൈദര്‍, സഫൂറാ സാര്‍ഗര്‍, ആസിഫ് ഇക്ബാല്‍ താന്‍ഹ, ഷിഫാ റഹ്മാന്‍, ഉമര്‍ ഖാലിദ്, താഹിര്‍ ഹുസൈന്‍, താഹ ഫസല്‍, പ്രസൂണ്‍ ചാറ്റര്‍ജി, രാജാ സര്‍ക്കാല്‍, സിദ്ദിഖ് കാപ്പന്‍ തുടങ്ങി എത്രയോ പേര്‍. ഇവര്‍ക്കു പൊതുവായി ഉള്ളത് ബൗദ്ധിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ എന്ന വിലാസമാണ്.

രാജ്യത്തു വളര്‍ന്നു വരുന്ന അതൃപ്തിക്കും അസഹിഷ്ണുതക്കും കാരണക്കാരായ ആളുകള്‍ പിടിക്കപ്പെടുന്നില്ല. ധൈഷണിക അന്വേഷണംനടത്തുന്നവരും അതിന്റെ യുക്തി പ്രഭാവംകൊണ്ടു പൊതുസമൂഹത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരുമായ വലിയ നിരയാണ് യു എ പിഎ ചുമത്തി തടവറയില്‍ തള്ളപ്പെടുന്നത്. അധീശ ചിന്തയ്ക്കെതിരായ ഒരഭിപ്രായപ്രകടനവും സഹിക്കാന്‍ സാധ്യമല്ല എന്ന നിലപാടിലാണ് ഭരണകൂടം. അതെല്ലാം തീവ്രവാദമായോ ഭീകരവാദമോ ആയി കണക്കാക്കപ്പെടും. തീവ്ര വലതു വംശീയ ശാഠ്യങ്ങളും അവരുടെ ഹിംസാത്മക പ്രവര്‍ത്തനങ്ങളും പൊറുത്തു കൊടുക്കും.

അജ്മര്‍ ഷെരീഫിലും മക്കാമസ്ജിദിലും നടന്ന അക്രമങ്ങള്‍, സ്ഫോടനങ്ങള്‍, ഷംജോധ എക്സ്പ്രസ് സ്ഫോടനം, മെലഗോണ്‍ സ്ഫോടനം എന്നിവയിലൊന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്രയും ഉത്സാഹം കണ്ടില്ല. ഭീമ കൊറഗോവും ദില്ലി സ്ഫോടനവും ആസൂത്രണം ചെയ്തു വലവിരിച്ച കൗശലം രാജ്യത്തിന്റെ ബുദ്ധിപ്രഭാവത്തെ ഇരുട്ടറകളിലേക്ക് ആനയിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് കോടിക്കണക്കിനു പേര്‍ കണ്ടതാണെങ്കിലും പ്രതികള്‍ തെളിവില്ലാതെ വിട്ടയക്കപ്പെടുന്നതും കണ്ടു. ഫാഷിസ്റ്റ് ഭരണകൂടം ഒരടിയന്തരാവസ്ഥയും പ്രഖ്യാപിക്കാതെ ഭരണകൂട ഭീകരത എന്തെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

ഓരോ ദിവസവും ദേശീയ ഏജന്‍സികള്‍ ഓരോരുത്തരെ റാഞ്ചിയെടുക്കും. നാളെ ആരെന്നു നാളെയറിയാം എന്ന അവസ്ഥയാണ്. ഇങ്ങനെയൊരു കാലത്ത് പരിമിതമായ ജനാധിപത്യമെങ്കിലും തിരിച്ചു പിടിക്കാനുള്ള പോരാട്ടം പരമപ്രധാനമാകുന്നു. ഏതു ചെകുത്താനും ഇവരെക്കാള്‍ ആശ്വാസകരമായി തോന്നുന്ന അത്രയും അപായകരമായ കാലസന്ധിയാണിത്.

ഒരുഭാഗത്തു ചിന്തിക്കുന്ന ഇന്ത്യയെ തടവിലിട്ട് അദ്ധ്വാനിക്കുന്ന ഇന്ത്യയുടെ കൈകാലുകള്‍ ബന്ധിക്കുകയാണ് സര്‍ക്കാര്‍. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നു. തൊഴില്‍ സുരക്ഷയും വേതന ഭദ്രതയും നഷ്ടമാവുന്നു. കാര്‍ഷിക മേഖല വ്യവസായങ്ങളെന്നപോലെ സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നു. എല്ലാ രംഗത്തും കോര്‍പറേറ്റ് അരാജകത്വം വിതയ്ക്കപ്പെടുന്നു. ഒപ്പം വംശീയ സ്വേച്ഛാധികാര ശക്തികള്‍ അധികാരം ഭ്രാന്തുപിടിച്ചാടുന്നു. ജനങ്ങള്‍ അതിജീവന സമരങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു. സ്വാതന്ത്ര്യ സമരകാലത്തു കണ്ട പൊട്ടിത്തെറിക്കാന്‍ ആഞ്ഞു നില്‍ക്കുന്ന അമര്‍ഷമാണ് ഗ്രാമീണ ഇന്ത്യയുടെ പൊതുഭാവം. കാലം പ്രക്ഷുബ്ധതയുടെ പൊടിപ്പായും പൊട്ടിത്തെറിയായും വരാന്‍ ഇരിക്കുന്നതേയുള്ളു.

ഇങ്ങനെയൊരു കാലത്ത് എവിടെ നില്‍ക്കണം എന്ന കാര്യത്തില്‍ ഒരു സന്ദേഹവും വേണ്ട. ജാതിഹിന്ദുത്വ രാഷ്ട്രീയാധികാരത്തെ താഴെ ഇറക്കാന്‍ ആരുടെ മുന്‍കൈക്കു കരുത്തു വേണമോ അവരെ പിന്തുണയ്ക്കുക എന്നതാണ് ഇന്നത്തെ പുരോഗമനവൃത്തി. മറ്റെല്ലാ യോജിപ്പും വിയോജിപ്പും ചര്‍ച്ച ചെയ്യണമെങ്കില്‍ അതിനു പറ്റിയ രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെടേണ്ടതുണ്ട്. ഫാഷിസമാണ് ഇന്ന് ഒന്നാമത്തെയും എത്രാമത്തെയും ഏറ്റവും വലിയ ശത്രു. അതു മറച്ചു വെക്കുന്ന ഒന്നും ഗുണകരമല്ല. ഫാഷിസത്തിനെതിരെ ഒന്നിക്കേണ്ട മുഴുവന്‍ ശക്തികളും ഒരുമിക്കണം. അതിനു വേണ്ടി പ്രവര്‍ത്തിക്കാത്തവരും ആയോജിപ്പില്‍ വിള്ളലുകളുണ്ടാക്കാന്‍ ശ്രമിക്കുന്നവരും ജാതിഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തെ തുണയ്ക്കുന്നവരാണ്.

കൃത്യമായ നിലപാട് പറയാനും രാജ്യത്തിന്റെ വിമോചനത്തിന് സമരശക്തികള്‍ക്കൊപ്പം ഒന്നിക്കാനും ഇനിയും വൈകിക്കൂടാ. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാനും വിപുലമായ ഐക്യനിര കെട്ടിപ്പടുക്കാനും മുന്നിട്ടിറങ്ങണം. ഇല്ലെങ്കില്‍ ഇങ്ങനെ എഴുതാന്‍പോലും സാദ്ധ്യമല്ലാതെ വരും. രാജ്യം ജനാധിപത്യത്തിലേക്ക് ഉണരാതെ ഒരാള്‍ക്കും ശാന്തമായി ഉറങ്ങാനാവില്ല.

ആസാദ്
18 ഒക്ടോബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )