Article POLITICS

ജസീന്ത ആന്റേണ്‍, ഞങ്ങളും അഭിമാനിക്കുന്നു

ജസീന്ത ആന്റേണ്‍, ഞങ്ങള്‍ മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് താങ്കളുടെ ഉജ്ജ്വലമായ വിജയം ആഘോഷിക്കട്ടെ. ഇടതാഭിമുഖ്യമുള്ള ഭരണകൂടങ്ങള്‍ നില നില്‍ക്കില്ലെന്ന ധാരണ എത്ര അനായാസമായി താങ്കളുടെ ജനത തകര്‍ത്തിരിക്കുന്നു! ഏറ്റവും പ്രതിസന്ധികള്‍ നിറഞ്ഞ മൂന്നുവര്‍ഷം അധികാരത്തിലിരുന്ന് രാജ്യത്തിന്റെ സര്‍വ്വകോശങ്ങളിലും തന്നെ മുറിച്ചൊട്ടിച്ച ആ പെണ്ണലിവിന്റെയും ഉത്സാഹത്തിന്റെയും രാഷ്ട്രീയം ഞങ്ങളെ വിസ്മയിപ്പിക്കുന്നു.

ജസീന്ത, ലോകത്തെ അമ്പരപ്പിച്ച ഈ ഭരണത്തുടര്‍ച്ച ലേബര്‍പാര്‍ട്ടിയുടെ ആത്മ വിശ്വാസം എത്രയോ ഉയര്‍ത്തിക്കാണണം. ഇംഗ്ലണ്ടില്‍ ജെറോമി കോര്‍ബിനും അമേരിക്കയില്‍ ബേണി സാന്റേഴ്സും പറഞ്ഞുകൊണ്ടിരുന്നത് ഇങ്ങനെയൊരു മുന്നേറ്റത്തെക്കുറിച്ചാണല്ലോ. തീര്‍ച്ചയായും പ്രോഗ്രസീവ് ഇന്റര്‍ നാഷണലും അതിജീവന സമരപഥത്തിലുള്ള ജനകോടികളും താങ്കള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നുണ്ട്.

ഭരണത്തിരക്കിനിടയില്‍ പിറന്ന കുഞ്ഞിനു മുലയൂട്ടിക്കൊണ്ട് ഒരു രാജ്യത്തെ പരിപാലിച്ച പെണ്‍പ്രഭാവത്തെ അന്നേ സ്തുതിച്ചതാണ്.
ഭീകരാക്രമത്തില്‍ നടുങ്ങിയ തെരുവിലിറങ്ങി മരിച്ചവരുടെ കുടുംബത്തെയും പതറിയ രാജ്യത്തെയും സാന്ത്വനിപ്പിച്ച കരുണാധീരത ലോകം അഭിമാനപൂര്‍വ്വം ഏറ്റുവാങ്ങിയതാണ്. അഗ്നിപര്‍വ്വത സ്ഫോടനത്തിനും പകര്‍ച്ചവ്യാധിക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കും ഇടയിലൂടെ അതീവ ഹ്രസ്വമായ മുപ്പത്തിയാറു മാസങ്ങള്‍ കടന്നു പോയി. അഞ്ചു ദശലക്ഷം മനുഷ്യരുടെ ആകുലതകളെ എത്ര അനായാസമായാണ് ശമിപ്പിച്ചത്! പ്രതിസന്ധികളെ എത്ര ആര്‍ജ്ജവത്തോടെയാണ് മെരുക്കിയത്! കൊറോണയെ ഇത്ര ലഘുവായി തള്ളിയ മറ്റൊരിടവും വേറെയില്ല.

അമ്പതു ശതമാനത്തിലധികം വോട്ടുനേടി ഇങ്ങനെ തിരിച്ചുവന്ന ഒരാള്‍ ന്യൂസിലാന്റില്‍ ഇല്ല. ലേബര്‍പാര്‍ട്ടിക്കും ഇതു പുതുമയാര്‍ന്ന അനുഭവം. ലോകം കോര്‍പറേറ്റ് കിടമത്സരങ്ങളിലും വംശീയ തീവ്രമായ ദേശീയതാശാഠ്യങ്ങളിലും ഉറഞ്ഞു തുള്ളുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ ജനങ്ങളുടെ ജീവിതവും ഭാഷയും ബാക്കി നില്‍ക്കുന്നു എന്നത് മനുഷ്യരാശിക്കാകെ ആവേശം പകരുന്നു.

പൊലീസുകാരന്റെ മകളായി പിറന്ന് ദാരിദ്ര്യത്തെ തൊട്ടറിഞ്ഞു മതവിശ്വാസങ്ങള്‍ വിട്ടെറിഞ്ഞു സ്വീകരിച്ച രാഷ്ട്രീയാദര്‍ശത്തിന് മനുഷ്യസ്നേഹത്തിന്റെ മുഖമുണ്ടാവുക സ്വാഭാവികം. അതിന്റെ ദാര്‍ഢ്യവും ആര്‍ദ്രതയും അനുഭവിച്ചറിയാന്‍ മൂന്നു വര്‍ഷത്തെ ആപത്ക്കാലം ധാരാളമാവണം. ജനാധിപത്യ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും വിജയപാഠങ്ങളില്‍ ജസീന്ത ആന്റേണ്‍ എന്ന പേരു കാണും. അതു ഞങ്ങളെ ആവേശം കൊള്ളിക്കും. ഇനിയുള്ള വര്‍ഷങ്ങളില്‍ പൊരുതുന്ന ലോകത്തിന് ആ പിന്തുണവേണം. ലോകത്തെ അതിന്റെ കൊടും വലതു കുതിപ്പുകളില്‍നിന്ന് മനുഷ്യപക്ഷത്തേക്കു ചായ്ച്ചു നിര്‍ത്താന്‍ ധീര നേതൃത്വങ്ങള്‍ വേണം.

ജസീന്താ ആന്റേണ്‍, നിരാലംബ ലോകര്‍ക്കു നല്‍കിയ വലിയ പ്രതീക്ഷയ്ക്ക് നന്ദി. നേടിയ ഉജ്ജ്വല വിജയത്തിന് അഭിവാദ്യം.

ആസാദ്
17 ഒക്ടോബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )