ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് വാഴ്ച്ചയ്ക്കെതിരെ അഖിലേന്ത്യാ വ്യാപകമായി പുതിയ സഖ്യങ്ങള്‍ രൂപംകൊള്ളുകയാണ്. കാശ്മീരില്‍ 370-ാം വകുപ്പ് പുനസ്ഥാപിക്കണമെന്നും 2019 ആഗസ്ത് 5നു മുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആറു പ്രമുഖ പാര്‍ട്ടികള്‍ രംഗത്തു വന്നു. നാഷണല്‍ കോണ്‍ഫ്രന്‍സ് പ്രസിഡണ്ട് ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലാണ് പുതിയ മുന്നേറ്റം. പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി, സി പി ഐ എം, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്മെന്റ് എന്നീ പാര്‍ട്ടികളാണ് നാഷണല്‍ കോണ്ഫ്രന്സിനോടൊപ്പം അണി നിരന്നത്.
ബീഹാറിലും ആസാമിലും ബംഗാളിലും അടുത്ത തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ആരംഭിച്ചു. അതിന്റെ ഭാഗമായ ആലോചനകളിലും നിശ്ചയങ്ങളിലും പുതിയ മുന്നണികള്‍ രൂപപ്പെട്ടു തുടങ്ങി. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഒന്നിച്ചാണ് ഈ സംസ്ഥാനങ്ങളില്‍ വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുക. ജനാധിപത്യ പുനസ്ഥാപനത്തിനുള്ള ദേശീയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന ഐക്യപ്പെടലാവും ഈ സംസ്ഥാനങ്ങളില്‍ ഇപ്പോഴുണ്ടാവുന്നത്.
രാജ്യത്തെമ്പാടും ശക്തിപ്രാപിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളും സംഘടിത അസംഘടിത തൊഴിലാളികള്‍ക്കിടയിലെ വര്‍ദ്ധിച്ച അതൃപ്തിയും ദളിതുകളും ആദിവാസികളും പൊതുവിഭവങ്ങളിലും അവസരങ്ങളിലുമുള്ള പങ്കാളിത്തത്തിനു നടത്തുന്ന പോരാട്ടങ്ങളും ന്യൂനപക്ഷ വിഭാഗങ്ങള്‍ പൗരാവകാശ നിരാസങ്ങള്‍ക്കും പുറംതള്ളലുകള്‍ക്കും എതിരെ നടത്തുന്ന പ്രക്ഷോഭങ്ങളും പുതിയ വികസന തീവ്രവാദത്തിന്റെ ഇരകള്‍ അതിജീവനത്തിനു നടത്തുന്ന ജീവന്മരണ സമരങ്ങളും പാരിസ്ഥിതിക മനുഷ്യാവകാശ മുന്നേറ്റങ്ങളും ലിംഗനീതിക്കും അവസര സമത്വത്തിനുമുള്ള കലഹങ്ങളും പുതിയ രാഷ്ട്രീയ ഉണര്‍വ്വിന്റെ ഭാഗമായാല്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലത്തുണ്ടായ ഊര്‍ജ്ജം വീണ്ടും പ്രസരിക്കും.
അതിനു പക്ഷെ, രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരു തെരഞ്ഞെടുപ്പു മുന്നണി തട്ടിക്കൂട്ടുന്ന തരത്തില്‍ ഐക്യപ്പെട്ടാല്‍ മതിയാവില്ല. ജനങ്ങളുടെ നാനാവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള തയ്യാറെടുപ്പു വേണം. ബി ജെ പി സര്‍ക്കാറിന്റെ കാലത്തു മൂര്‍ച്ഛിച്ചതും അവര്‍ കൊണ്ടുവന്നതുമായ ജനവിരുദ്ധ നയങ്ങള്‍ക്കും സമീപനങ്ങള്‍ക്കുമെതിരെ ജനകീയ ബദല്‍ കണ്ടെത്താനും ഉയര്‍ത്തി കൊണ്ടുവരാനും കഴിയണം. അതിനു വിവിധ ജനകീയ സമര പ്രസ്ഥാനങ്ങളുമായും സമരോത്സുക രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ആരോഗ്യകരമായ ബന്ധം വളര്‍ത്തണം. ഫാഷിസത്തെ നേരിടാന്‍ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പു മുന്നണികള്‍ അപര്യാപ്തമാണ്.
ജനകീയസമരങ്ങള്‍ സാമൂഹിക ഇടതുപക്ഷ ഉണര്‍വ്വുകളാണ്. അവയുമായി ഐക്യപ്പെടാന്‍ ജടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും കഴിയണം. അതുവഴി, ഫാഷിസ്റ്റ് ഭരണകൂടം ജനങ്ങളെ എവിടെയാണോ എത്തിച്ചത് അവിടെനിന്ന് പുതിയ പ്രതിരോധം വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും. ഏതു നയങ്ങള്‍ ഉപേക്ഷിക്കണം, ഏതു സമീപനം സ്വീകരിക്കണം എന്നെല്ലാം പഠിപ്പിക്കുന്ന പാഠശാലകൂടിയാവും അത്.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഇടതു ജനാധിപത്യ പ്രസ്ഥാനങ്ങളെയാകെ ഫാഷിസ്റ്റു വിരുദ്ധ പോരാട്ടത്തിലെ സഖ്യശക്തികളാക്കി കൊണ്ടുവരാന്‍ കഴിയണം. മുഖ്യ പ്രതിപക്ഷ കക്ഷികള്‍ അതിനാണു ശ്രമിക്കേണ്ടത്. ചെറിയ സംഘടനകള്‍ക്കും വലിയ പങ്കാണ് നിര്‍വ്വഹിക്കാനുള്ളത്. ഫാഷിസ്റ്റു വിരുദ്ധ സമരകാലത്തു കൊച്ചുകൊച്ചു കണക്കു തീര്‍ക്കലുകള്‍ ഗുണം ചെയ്യില്ല. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത വേണം. ഇടം പകുക്കാനുള്ള സന്നദ്ധത വേണം. അന്യോന്യമുള്ള ആദരവു നിലനിര്‍ത്തി ഒന്നിച്ചു പൊരുതാന്‍ സാധിക്കണം.
കാശ്മീരിലും ബീഹാറിലും ആസാമിലും ബംഗാളിലും രൂപപ്പെട്ടു വരുന്ന സഖ്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രാഥമിക ധാരണയില്‍ ഊന്നുന്നതാണ്. അത് ജനകീയ അടിത്തറയിലേക്കു വികസിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ താല്‍ക്കാലിക ലക്ഷ്യത്തില്‍ ചുറ്റിത്തിരിയുന്ന പരീക്ഷണങ്ങള്‍ മാത്രമായി അവ മാറും. കര്‍ഷക പ്രക്ഷോഭങ്ങളിലും മറ്റും പൊട്ടിത്തെറിച്ച ജനകീയ അമര്‍ഷത്തെ ഫാഷിസ്റ്റു വിരുദ്ധ രാഷ്ട്രീയത്തിന്റെ ഊര്‍ജ്ജമാക്കി മാറ്റാനുള്ള ശ്രമകരമായ ദൗത്യമാണ് നിര്‍വ്വഹിക്കാനുള്ളത്. അതില്‍ ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമേ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ പങ്കു ചെയ്തു തീര്‍ക്കാനുണ്ട്.
ആസാദ്
17 ഒക്ടോബര്‍ 2020
