Article POLITICS

രാഷ്ട്രീയാശ്ലേഷത്തില്‍ മാഞ്ഞുപോവുമോ അഴിമതിക്കറകള്‍?

സാമുദായിക പാര്‍ട്ടികളുമായി സഖ്യമില്ല എന്ന നിലപാട് സി പി ഐ എം കൈയൊഴിഞ്ഞു കാണും. അഖിലേന്ത്യാ ലീഗുമായുള്ള ബന്ധം ഒഴിയാന്‍ എണ്‍പതുകളിലെടുത്ത ക്ലേശം ചെറുതല്ല. മുസ്ലീം ലീഗുമായി സഖ്യമാവാമെന്ന എം വി ആറിന്റെ ബദല്‍ രേഖയുണ്ടാക്കിയ പൊല്ലാപ്പും മറന്നു കാണില്ല. തത്വാധിഷ്ഠിത നിലപാടു സ്വീകരിച്ച നാളുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ കൂടെ കൂട്ടിയതിനു ന്യായീകരണം കണ്ടെത്താന്‍ പെട്ട പാടും ഇപ്പോള്‍ ഓര്‍ക്കാവുന്നതാണ്. മുസ്ലീങ്ങളുടെ പാര്‍ട്ടിയോ ക്രിസ്ത്യാനികളുടെ പാര്‍ട്ടിയോ കൂടെ നിന്നാല്‍ ഭൂരിപക്ഷ വര്‍ഗീയതയെ അതു വളര്‍ത്തും എന്നതായിരുന്നു അന്നത്തെ കാഴ്ച്ചപ്പാട്.

ഗുരുവായൂര്‍ തെരഞ്ഞെടുപ്പും 2004ലെ ലോകസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞപ്പോള്‍ പി ഡി പിയുമായുണ്ടാക്കിയ ബന്ധമാണ് സി പി എമ്മിന് ഏറെക്കാലത്തെ തലവേദനയായത്. ഐ എന്‍ എല്ലിനെ മുന്നണിയില്‍ ചേര്‍ക്കാന്‍ ദീര്‍ഘകാലം തടസ്സമായതും അതിന്റെ സാമുദായിക മുഖമാണ്. ഇപ്പോഴാവട്ടെ, ഐ എന്‍ എല്ലോ കേരള കോണ്‍ഗ്രസ് ജോസ് ഗ്രൂപ്പോ മുന്നണിയില്‍ വരട്ടെ, അതിന് ഒരു തത്വശാഠ്യവും തടസ്സമാവില്ല എന്നു വന്നിട്ടുണ്ട്. തീര്‍ച്ചയായും ജാതിഹിന്ദുത്വ ഫാഷിസത്തെ നേരിടാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാം. യു ഡി എഫിനോടൊപ്പവും നില്‍ക്കാം. ഈ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സി പി എമ്മിന് നയപരമായ മുന്‍ നിശ്ചയങ്ങള്‍ തിരുത്താന്‍ അവകാശമുണ്ട്. അതു പക്ഷെ, നയപരമായ തീരുമാനം കൈക്കൊണ്ടു വേണം പ്രയോഗത്തില്‍ വരുത്താന്‍.

സാമുദായിക പാര്‍ട്ടികളോടുള്ള നിലപാടെന്ത് എന്ന വിഷയത്തില്‍ വ്യക്തതവേണമെന്ന് ചുരുക്കം. സഖ്യംചേരലുകള്‍ അധികാരത്തിനു വേണ്ടിയുള്ള താല്‍ക്കാലിക യുക്തികളുടെ അടിസ്ഥാനത്തിലാവരുത്. അത് പൊതുസമൂഹം അംഗീകരിക്കണമെന്നില്ല. കണക്കിലെ കൂട്ടലും കിഴിക്കലും ജനസമ്മതിയുടെ കാര്യത്തില്‍ ഫലം കാണണമെന്നില്ല. മുന്നണി അധാര്‍മ്മികമായ ബന്ധത്തിന്റെ നിഴലിലാണെന്നു വന്നാല്‍ വലിയ തിരിച്ചടിക്കും സാദ്ധ്യതയുണ്ട്. 1987ലെ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഉയര്‍ത്തിയ തത്വാധിഷ്ഠിത രാഷ്ട്രീയം സാമുദായിക വര്‍ഗീയ രാഷ്ട്രീയത്തില്‍നിന്നു ദൂരംപാലിക്കുക എന്നതായിരുന്നു. ശക്തമായ നിലപാട് വമ്പിച്ച ജനപിന്തുണയായി മാറി. പാര്‍ട്ടികളുടെ എണ്ണമോ വലിപ്പച്ചെറുപ്പമോ അല്ല നിലപാടുകളുടെ സത്യസന്ധതയാണ് ജനസമ്മതി നിര്‍ണയിക്കുക.

നിയമസഭ കണ്ട,ഏറ്റവും വലിയ പ്രക്ഷോഭം ബാര്‍കോഴ കേസില്‍ അന്നത്തെ ധനമന്ത്രി കെ എം മാണിക്കെതിരെ എല്‍ ഡി എഫ് നടത്തിയതാണ്. അക്രമമായി അതു മാറി. അഴിമതിക്കെതിരെ ഉറഞ്ഞു തുള്ളിയ മുന്നണി ആ അഴിമതി ആരോപണങ്ങള്‍ വിഴുങ്ങി കേരള കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാന്‍ തയ്യാര്‍! ഈ അവസരവാദ സമീപനം പൊതുസമൂഹം ഉള്‍ക്കൊള്ളണമെന്നില്ല. സത്യാനന്തര കാലത്തിന്റെ യുക്തികള്‍ എല്ലാ വഴിത്തെറ്റും സാധൂകരിക്കും എന്നു വിചാരിക്കരുത്.

അതിനാല്‍ മുന്നണിയില്‍ ചേരുന്നവരും ചേര്‍ക്കുന്നവരും യുക്തിസഹമായ വിശദീകരണം നല്‍കേണ്ടതുണ്ട്. അന്നത്തെ അഴിമതി ആരോപണം തെറ്റായിരുന്നുവെന്നു ബോദ്ധ്യപ്പെട്ടുവെങ്കില്‍ എല്‍ ഡി എഫ് ആ തെറ്റു തിരുത്തണം. കെ എം മാണിക്കാണ് അഴിമതിയില്‍ പങ്ക് ജോസ് കെ മാണിക്കല്ല എങ്കില്‍ മുന്നണിയും ആ പാര്‍ട്ടിയും അതു തുറന്നു പറയണം. അഴിമതി വലിയ വിഷയമല്ല, അധികാരത്തിലാണ് കാര്യം എന്നു ചിന്തിക്കുന്നുവെങ്കില്‍ അതു പ്രത്യേകം പറയണമെന്നില്ല. ജനങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.

ചുരുക്കത്തില്‍, ഒരു പത്രപ്രസ്താവനയില്‍ ലളിതമായി ഒന്നിക്കാന്‍തക്ക അകലമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കേരള കോണ്‍ഗ്രസ്സും തമ്മിലുള്ളത്. മാണിയുടെ അദ്ധ്വാന വര്‍ഗ സിദ്ധാന്തം ഒരു പ്രഭാതത്തില്‍ മാര്‍ക്സിസവുമാകില്ല. അവയ്ക്കിടയിലെ വര്‍ഗദൂരവും അതിന്റെ ജീര്‍ണവേലികളും കടന്നുവേണം ഒന്നാശ്ലേഷിക്കാന്‍! അതു വിശദീകരിക്കാതെ എത്ര ഒച്ചവെച്ചിട്ടും കാര്യമില്ല. ദഹിക്കാത്തതൊന്നും ജനങ്ങള്‍ അംഗീകരിക്കാന്‍ ഇടയില്ല. എല്‍ ഡി എഫ് ഉന്നയിച്ച എല്ലാ അഴിമതി ആരോപണങ്ങളും ഇങ്ങനെയൊക്കെയാണെന്ന്, അവയുടെ ഗൗരവം ഇത്രയേയുള്ളുവെന്ന് ആളുകള്‍ കരുതും. സ്വയം റദ്ദാക്കുന്ന നടപടികള്‍ ഒരു പാര്‍ട്ടിക്കും ഒരു മുന്നണിക്കും ഗുണമാവില്ല.

ആസാദ്
16 ഒക്ടോബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )