Article POLITICS

ഗുരുവിന്റെ പേരിലുള്ളത് പൊതുജന സര്‍വ്വകലാശാലയാവട്ടെ

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഒരു ഓപണ്‍ യൂനിവേഴ്സിറ്റി ആരംഭിച്ച കേരള സര്‍ക്കാര്‍ നടപടി അഭിനന്ദനീയമാണ്. ഇത്രയേറെ സര്‍വ്വകലാശാലകളുള്ളപ്പോള്‍ എന്തിനാണ് പുതിയതൊന്ന് എന്ന ചോദ്യം കേള്‍ക്കായ്കയല്ല. വേറിട്ട ഒരു ദൗത്യം നിര്‍വ്വഹിക്കാനുണ്ടെങ്കില്‍ വേറെയൊരു സര്‍വ്വകലാശാല ആവശ്യംതന്നെ.

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഒരു സര്‍വ്വകലാശാല വേണമെന്നു മാത്രമേ താല്‍പര്യമുള്ളുവെങ്കില്‍ ഏതു സര്‍വ്വകലാശാലക്കും ആ പേരു നല്‍കിയാല്‍ മതി. എന്നാല്‍ ജനങ്ങള്‍ക്കാകെ പ്രയോജനകരമായ തുറന്ന വൈജ്ഞാനിക വേദിയാവണം ഗുരുവിന്റെ പേരിലുള്ളതെന്ന് സര്‍ക്കാര്‍ കരുതിയിരിക്കണം. അതിനാല്‍ അതിന് പീപ്പിള്‍സ് യൂനിവേഴ്സിറ്റിയെന്നോ ശ്രീനാരായണഗുരു പൊതുജന സര്‍വ്വകലാശാലയെന്നോ പേരിടുന്നതായിരുന്നു ഉചിതം. ഉന്നത വിദ്യാഭ്യാസത്തിലേക്കും നവീന വൈജ്ഞാനിക ശിക്ഷണങ്ങളിലേക്കും പ്രവേശിക്കാന്‍ പൊതു സമൂഹത്തിന് മുന്നില്‍ ഒരു തുറന്ന സര്‍വ്വകലാശാലയായി അതു മാറണം.

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലുള്ള വിദൂര വിദ്യാഭ്യാസ വിഭാഗങ്ങളുടെ ഏകോപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. അത് ദീര്‍ഘകാലമായി ഉയര്‍ന്നുകേട്ട ഒരാവശ്യമായിരുന്നു. ഒന്നോ രണ്ടോ പതിറ്റാണ്ടു മുമ്പ് അങ്ങനെയൊരു ആവശ്യം ഉയര്‍ന്ന കാലത്തെ ഭൗതിക നിര്‍ബന്ധങ്ങളല്ല പക്ഷെ, ഇപ്പോഴുള്ളത്. സംസ്ഥാന സര്‍വ്വകലാശാലകള്‍ മിക്കതും നിലനില്‍ക്കുന്നത് വിദൂര വിദ്യാഭ്യാസ വിഭാഗം നല്‍കുന്ന പിന്‍ബലത്തെ ആശ്രയിച്ചാണ്. അവ കുറെകൂടി സൗകര്യപ്രദമായ രീതിയില്‍ പുനസംവിധാനം ചെയ്ത് അതതിടങ്ങളില്‍ നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്. കൊല്ലത്തെ ശ്രീനാരായണ ഗുരു സര്‍വ്വകലാശാല പുതിയ തുടക്കമാവണം.

ഓപണ്‍ സര്‍വ്വകലാശാല അഥവാ പൊതുജന സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയില്‍ മാത്രം പ്രവര്‍ത്തിക്കേണ്ടതല്ല. സായാഹ്ന ക്ലാസുകളും രാത്രി ക്ലാസുകളും നടത്താം. പുതിയ ഹ്രസ്വകാല – ദീര്‍ഘകാല കോഴ്സുകളാവാം. ഗവേഷണകേന്ദ്രമാവാം. നാനാവിഷയങ്ങളില്‍ പരിശീലന വിഭാഗങ്ങള്‍ തുടങ്ങാം. സംസ്ഥാനത്തെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നവിധം ആസൂത്രണം ചെയ്യാം. ഒട്ടധികം സാദ്ധ്യതകള്‍ മുന്നിലുണ്ട്. ഓപ്പണ്‍ സര്‍വ്വകലാശാല എന്നു പേരിട്ടു തുടങ്ങുന്നതുകൊണ്ട് റഗുലര്‍ കോഴ്സുകള്‍ പാടില്ല എന്നു നിര്‍ബന്ധം പിടിക്കേണ്ടതില്ല.

സ്വാശ്രയ കോഴ്സുകള്‍ എന്ന പേരിലുള്ള ഫീസുകൂടിയ വിദ്യാഭ്യാസമല്ല പുതിയ സര്‍വ്വകലാശാലയില്‍ ഉണ്ടാവേണ്ടത്. കുറഞ്ഞ ഫീസില്‍ കൂടുതല്‍ ജനങ്ങളെ വൈജ്ഞാനിക വികാസത്തിന്റെ ഭാഗമാക്കാന്‍ കഴിയണം. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമല്ല, സാമ്പത്തികമായ പിന്നോക്കാവസ്ഥ പഠനത്തിനു തടസ്സമാകുന്ന എല്ലാവര്‍ക്കും പുതിയ സ്ഥാപനത്തെ ആശ്രയിക്കാനാവണം. കച്ചവട താല്‍പ്പര്യത്തോടെ വിദ്യാഭ്യാസ രംഗത്തു പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്ന കോര്‍പറേറ്റാശ്രിത ബുദ്ധികേന്ദ്രങ്ങളുടെയും ഭരണകേന്ദ്രങ്ങളുടെയും കൗശലങ്ങളെ ചെറുക്കുന്ന ജനകീയ സ്ഥാപനമായി അതു മാറണം. ഏറ്റവുമേറെ റിട്ടയേഡ് വിദഗ്ദ്ധരുള്ള സംസ്ഥാനമാണ് കേരളം. അവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഈ സര്‍വ്വകലാശാല ശ്രദ്ധിക്കേണ്ടതുണ്ട്.

ലോകത്തിലെ പ്രധാന സര്‍വ്വകലാശാലകളില്‍ ഒന്നാണ് ഇംഗ്ലണ്ടിലെ ഓപണ്‍ യൂനിവേഴ്സിറ്റി. ലേബര്‍പാര്‍ട്ടി നേതാവ് ഹാറോല്‍ഡ് വില്‍സന്‍ പ്രധാനമന്ത്രിയായിരിക്കെയാണ് അത് തുടങ്ങിയത്. അടിസ്ഥാന ജീവിതത്തെ ഉണര്‍ത്തി ചലനാത്മകമാക്കാനും അവസര തുല്യത നേടാനും സാമ്പത്തിക വികാസത്തിനു പുതിയ തുടക്കം കുറിക്കാനും അദ്ദേഹം പദ്ധതിയിട്ടു. ഇന്ന് വിദൂര വിദ്യാഭ്യാസം മാത്രമല്ല കാമ്പസ് പഠനവും അവിടെയുണ്ട്. ആ മാതൃകയില്‍ ലോകത്താകമാനം പല പരീക്ഷണങ്ങളും നടന്നു. ഇന്ത്യയിലെ ഇന്ദിരാഗാന്ധി ഓപണ്‍ യൂനിവേഴ്സിറ്റിയും വിയറ്റ്നാമിലെ ഹോചിമിന്‍ ഓപണ്‍ യൂനിവേഴ്സിറ്റിയും പൊതു സമൂഹത്തിനു മുന്നില്‍ ധാരാളം അക്കാദമിക അവസരങ്ങള്‍ തുറന്നിടുക മാത്രമല്ല, പുതിയ കുതിപ്പുകള്‍ക്ക് ഊര്‍ജ്ജമാവുകയും ചെയ്തു.

നമ്മുടെ രാജ്യത്തു പതിനാലോളം ഓപണ്‍ യൂനിവേഴ്സിറ്റികള്‍ വേറെയുണ്ട്. അവയില്‍ നിന്നു വ്യത്യസ്തവും ഉല്‍കൃഷ്ടവുമായ ഒരു അക്കാദമിക നയവും സമീപനവും ശ്രീനാരായണ ഗുരു സര്‍വ്വകലാശാലക്കു വേണം. അതിനനുസരിച്ചുള്ള നിയമവും ഘടനയും വേണം. വളരെ ഗൗരവപൂര്‍വ്വം ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. ശ്രീനാരായണഗുരു പീപ്പിള്‍സ് യുനിവേഴ്സിറ്റി എന്ന നിലയ്ക്ക് അത് അറിയപ്പെടാന്‍ ഇടവരട്ടെ.

ആസാദ്
14 ഒക്ടോബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )