Article POLITICS

സിദ്ദിഖ് കാപ്പനെ വിടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം

ഹത്രാസിലേക്കു വാര്‍ത്താ റിപ്പോര്‍ട്ടിംഗിനു പോയ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ദില്ലി സെക്രട്ടറി സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റു ചെയ്ത് യു എ പി എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി ജയിലിലടച്ചത് ഒക്ടോബര്‍ അഞ്ചിനാണ്. സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തനം ഇന്ത്യയില്‍ ഇനി സാദ്ധ്യമാവില്ല എന്നു വന്നിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ പോലും ഇത്ര കടുത്ത പരീക്ഷണങ്ങളെ പത്ര ലോകം നേരിട്ടു കാണില്ല.

സ്വതന്ത്രമായ മാദ്ധ്യമ പ്രവര്‍ത്തനത്തിന്റെ ഇന്‍ഡക്സില്‍ 180 രാജ്യങ്ങളില്‍ 142 -ാം സ്ഥാനത്താണ് ഇന്ത്യ. നമ്മുടേത് ജനാധിപത്യ രാജ്യമാണ് എന്ന അഭിമാനത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നറിയില്ല. കീര്‍ത്തി കേട്ട ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ഊന്നി നില്‍ക്കുന്നത് തകര്‍ന്ന അടിത്തറയിലാണ്. കഴിഞ്ഞ ഡിസംബറില്‍ എഡിറ്റേഴ്സ് ഗില്‍ഡ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള പൊലീസ് ഭീകരതയെ അപലപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത പത്ര പ്രവര്‍ത്തകരായിരുന്നു അന്ന് അക്രമിക്കപ്പെട്ടത്. അവ കൂടുതലും കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും ദില്ലിയിലുമായിരുന്നു.

പത്രപ്രവര്‍ത്തകര്‍ ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അവകാശമേ വിനിയോഗിക്കുന്നുള്ളു. അതിനു തടസ്സം സൃഷ്ടിക്കുന്നത് ജനാധിപത്യത്തെയും മാദ്ധ്യമ സ്വാതന്ത്ര്യത്തെയും കടന്നാക്രമിക്കുന്നതിനു തുല്യമാണ്. എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി. മംഗലാപുരത്ത് എട്ടു മാദ്ധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞുവെച്ചതും അറസ്റ്റു ചെയ്തതും അന്നു വലിയ വാര്‍ത്തയായിരുന്നു. അതേ ദിവസംതന്നെ യു പിയില്‍ ഹിന്ദുവിന്റെ ലേഖകനായ ഒമര്‍ റഷീദും അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ തടസ്സപ്പെടുത്താന്‍ ഭരണകൂടം പ്രത്യേക താല്‍പ്പര്യമാണ് പ്രകടിപ്പിച്ചു കണ്ടത്.

കഴിഞ്ഞ ഡിസംബറില്‍ തന്നെയാണ് ശ്രീനഗറില്‍ ദി പ്രിന്റ് റിപ്പോര്‍ട്ടര്‍ അസാന്‍ ജാവിദും ന്യൂസ് ക്ലിക്ക് പ്രവര്‍ത്തകന്‍ അനീസ് സര്‍ഗറും പിടികൂടപ്പെട്ടത്. ഇസ്ലാമിയ കോളേജ് ഓഫ് സയന്‍സ് ആന്റ് കൊമേഴ്സില്‍ വിദ്യാര്‍ത്ഥിസമരം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയതായിരുന്നു അവര്‍. പൊലീസ് സംഘര്‍ഷം വീഡിയോയില്‍ പകര്‍ത്തിയിരുന്ന ജാവിദില്‍നിന്ന് ഫോണ്‍ പിടിച്ചു വാങ്ങുകയും പ്രതിഷേധമറിയിച്ച അനീസ് സാര്‍ഗറെ മര്‍ദ്ദിക്കുകയുമാണുണ്ടായത്. കാശ്മീരില്‍ സ്ത്രീകള്‍ നേരിടുന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സാര്‍ഗര്‍ നേരത്തേ വാര്‍ത്ത നല്‍കിയിരുന്നു. അതിലുള്ള പകപോക്കല്‍കൂടിയാണ് ഉണ്ടായതത്രെ.

ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥിസമരം റിപ്പോര്‍ട്ടു ചെയ്യുകയായിരുന്ന ബി ബി സി ലേഖിക ബുഷ്റ ഷെയ്ക്കിന്റെ ഫോണ്‍ പിടിച്ചു പറിച്ചു നശിപ്പിച്ചു. അവരുടെ മുടിപിടിച്ചു ലാത്തികൊണ്ടു മര്‍ദ്ദിക്കുകയും ചെയ്തു. ഡിസംബര്‍ 15നായിരുന്നു അത്. അതേ ദിവസം വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുകയായിരുന്ന സഹീന്‍ അബ്ദുല്ലയ്ക്കും മര്‍ദ്ദനമേറ്റു. ഇങ്ങനെ എത്രയോ വാര്‍ത്തകള്‍ ദിനംപ്രതി നാം കാണുന്നു. സമീപകാലത്ത് ഭരണകൂട ഭീകരത മാദ്ധ്യമങ്ങളെ വേട്ടയാടുന്നതില്‍ അത്യുത്സാഹം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളില്‍ അമ്പതോളം മാദ്ധ്യമ പ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല ചെയ്യപ്പെട്ടത് എന്നുകൂടി ഓര്‍ക്കണം.

അക്രമിക്കപ്പെട്ടവരുടെ പരമ്പരയില്‍ ഏറ്റവും അവസാനത്തെ അനുഭവമാണ് സിദ്ദിഖ് കാപ്പന്റേത്. ഹത്രാസിലേക്കു ചില സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴാണ് പൊലീസ് വളഞ്ഞത്. ഒപ്പമുണ്ടായിരുന്നവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായിരുന്നു എന്നു ചില വാര്‍ത്തകളില്‍ കണ്ടു. നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് ഒപ്പമല്ല അദ്ദേഹം യാത്ര ചെയ്തത്. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എല്ലാ വിഭാഗം ആളുകളുമായും ബന്ധപ്പെടേണ്ടി വരാം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടനാ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന ഏതെങ്കിലും പെരുമാറ്റച്ചട്ടം ഉള്ളതായി കേട്ടിട്ടില്ല. യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ആരിലും ചുമത്താം എന്നു വരുന്നത് അത്ര നല്ല കാര്യമല്ല. വാസ്തവങ്ങളുടെ ഭീകരത മറിച്ചു പിടിക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വെപ്രാളമാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് രാജായും രാജ്യദ്രോഹ കുറ്റാരോപവുമായി വെളിപ്പെടുന്നത്.

കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ ദില്ലി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ് കാപ്പന്‍. അദ്ദേഹത്തെ ഏറ്റവും അപകടകാരിയായ ഒരു ഭീകരന്‍ എന്നപോലെയാണ് യു പിസര്‍ക്കാര്‍ പരിചരിക്കുന്നത്. പൊലീസ് അറസ്റ്റു ചെയ്യുമ്പോഴും തുടര്‍ന്നും പാലിക്കേണ്ട നിയമങ്ങളോ സുപ്രീം കോടതി നിര്‍ദ്ദേശങ്ങളോ പാലിക്കുകയുണ്ടായില്ല എന്ന് ആക്ഷേപമുണ്ട്. ഹത്രാസിലേക്കു റിപ്പോര്‍ട്ടിങ്ങിനു പോയ ഒരു പത്രപ്രവര്‍ത്തകനെ ഭീകരനിയമങ്ങള്‍ ചാര്‍ത്തി തടവിലിട്ട നടപടി മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ കീഴ് വഴക്കങ്ങളുടെയും പൗരാവകാശങ്ങളുടെയും ലംഘനമാണ്. ഒരു ജനാധിപത്യ മുഖംമൂടിയുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ യഥാര്‍ത്ഥമുഖം പുറത്തു കാണിക്കുകയാണ്. നാളെ ഏതൊരാളെയും ഇതുപോലെ പിടികൂടാവുന്നതേയുള്ളു.

അലനെയും താഹയെയും കേരള പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പറഞ്ഞ ന്യായീകരണത്തെക്കാള്‍ അളിഞ്ഞ ചിലത് യു പിയില്‍നിന്നും കേട്ടു. പറയുന്നവരും കേള്‍ക്കുന്നവരും വിശ്വസിക്കാന്‍ മടിക്കുന്ന തരം യുക്തികള്‍. ഭയപ്പെടുത്തി ഭരിക്കാനുള്ള കൗശലമാണത്. രാജ്യത്തെ ആഭ്യന്തര സമാധാനം സൈനിക ഭീകരതയില്‍ ചേര്‍ത്തു കെട്ടുകയാണ്. പഴയ അടിയന്തരാവസ്ഥയെക്കാള്‍ ഹീനമായ രാഷ്ട്രീയാന്തരീക്ഷമാണിത്. ഫെഡറല്‍ സംസ്ഥാനങ്ങളെ വിഴുങ്ങുന്ന ഹിംസാത്മക സുരക്ഷാനയം വികസന തീവ്രവാദത്തിനും മനുവാദ വംശീയതക്കും മാത്രം കാവല്‍ നില്‍ക്കുന്നതാണ്. അതിന്റെ തേറ്റകളില്‍ കുരുങ്ങി രാജ്യദ്രോഹിയെന്ന് വിളിക്കപ്പെടാതെ പ്രതിരോധങ്ങളോ പ്രതിഷേധങ്ങളോ ഇനി സാദ്ധ്യമായെന്നു വരില്ല. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മോദി – അമിത് ഷാ വാഴ്ച്ചയുടെ ഭീകരതകളെ നിസ്സാരമാക്കുംവിധം ചോര കുടിച്ചു തിടം വെക്കുകയാണോ?

കേരള സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണം. മലയാളിയായ ഒരു മാദ്ധ്യമ പ്രവര്‍ത്തകനെ ഒട്ടും മര്യാദയോ നീതിബോധമോ കൂടാതെ അറസ്റ്റു ചെയ്ത് യു എ പി എ – രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തിയ യു പിയിലെ യോഗിസര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിക്കണം. സിദ്ദിഖ് കാപ്പനെ ഉടന്‍ വിട്ടയക്കാന്‍ ആവശ്യപ്പെടണം. മലയാളിയുടെ മര്യാദയും തൊഴിലിനോടുള്ള പ്രതിബദ്ധതയും നീതിബോധവും ഇങ്ങനെ തെരുവില്‍ ചോദ്യം ചെയ്യപ്പെട്ടുകൂടാ. പരാതിയുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന നടപടി ക്രമങ്ങളുണ്ട്. യോഗി പൊലീസിന് അതു സ്വീകരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ദളിതര്‍ക്ക് ഒരു നീതിയും ഠാക്കൂറുകള്‍ക്ക് മറ്റൊരു നീതിയും നല്‍കുന്ന യു പിപൊലീസ് നയം തീര്‍ച്ചയായും മലയാളികള്‍ക്കു സഹിക്കാനാവില്ല. അക്കാര്യം സംസ്ഥാന സര്‍ക്കാര്‍ യു പി ഭരണകൂടത്തെ അറിയിക്കണം.

ഇതു കേരളത്തോടുള്ള വെല്ലുവിളികൂടിയാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ കേരളീയ പാരമ്പര്യത്തോടുള്ള ഏറ്റുമുട്ടലാണ്. ഒന്നിച്ചു പൊരുതിത്തോല്‍പ്പിക്കേണ്ട അനീതിയാണ്. ഹത്രാസിലെ ദളിത് പീഡനവും കൊലയും ഭരണകൂട ഭീകരതയും മറച്ചു വെക്കാന്‍ മലയാളിയായ പത്രപ്രവര്‍ത്തകനെ ബലിയാടായി വിട്ടു നല്‍കിക്കൂടാ. സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണം.

ആസാദ്
11 ഒക്ടോബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )