തലക്കെട്ടും വാര്‍ത്തയും വലിയ പരിഭ്രമമാണ് ഉണ്ടാക്കുന്നത്. ” സര്‍വ്വാധികാരി മുഖ്യമന്ത്രി. മന്ത്രിമാരുടെ അധികാരങ്ങള്‍ ലഘൂകരിക്കുന്നു” എന്നാണ് തലക്കെട്ട്. താഴെ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നു, കരട് റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതിക്കു മുന്നില്‍ എന്നിങ്ങനെ വലിയ അക്ഷരത്തില്‍ ഉപശീര്‍ഷകങ്ങളും കാണാം. ഇതത്രയും അവാസ്തവമായിരിക്കും എന്നു കരുതാനാണ് എനിക്കു താല്‍പ്പര്യം.
കേരളത്തില്‍ ഭരണത്തിന് നേതൃത്വം നല്കുന്ന സി പി ഐ എം എന്ന പാര്‍ട്ടി അധികാര വികേന്ദ്രീകരണത്തെ പറ്റിയാണ് നിരന്തരം സംസാരിച്ചു പോന്നത്. ‘അടിത്തട്ടു വരെ അധികാരം’ എന്നോ ‘അധികാരം ജനങ്ങളിലേക്ക്’ എന്നോ എഴുതിയ ചുമരുകള്‍ നമ്മുടെ കണ്മുന്നിലുണ്ട്. കാതുകളില്‍ ആ മുദ്രാവാക്യമുണ്ട്. അധികാരം കേന്ദ്രീകരിക്കുന്ന ഇടങ്ങളില്‍ എന്തെന്തു സംഭവിച്ചുകൂടാ എന്നാണ് പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത്. പ്രതിവിധിയാണ് തേടിയത്.
ജനകീയാസൂത്രണം വഴി അധികാരം താഴേ തട്ടിലെത്തിച്ചു എന്നായിരുന്നു പിന്നീടുള്ള അവകാശവാദം. ജനങ്ങളുടെ അധികാരം ഒരു സംഘത്തിലേക്കോ ഒരു വ്യക്തിയിലേക്കോ കേന്ദ്രീകരിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി പാര്‍ട്ടിക്കു പണ്ട് നല്ല ബോധ്യമുണ്ടായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിക്കും വകുപ്പു സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം ലഭിക്കുംവിധം ഭരണ വ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്തുന്നുവെങ്കില്‍ അതു ജനാധിപത്യ മൂല്യത്തോടും പ്രയോഗത്തോടുമുള്ള കടുത്ത വെല്ലുവിളിയാണ്. ഇടതുപക്ഷ പ്രസ്ഥാനം അതിന്റെ തത്വങ്ങളെത്തന്നെ നേരിടുകയാണ്.
അമിതാധികാരം കുമിഞ്ഞുകൂടിയ ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നു നടത്തിയ പ്രവൃത്തി നാം കണ്ടതാണ്. ഇപ്പോളയാള്‍ സകല അന്വേഷണ ഏജന്‍സികള്‍ക്കും മുന്നില്‍ എത്രയോ മണിക്കൂറുകളാണ് ചോദ്യംചെയ്യലിന് ഇരുന്നു കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നാണര്‍ത്ഥം. ആ പദവി ഉപയോഗത്തിന്റെ സ്വേച്ഛാസഞ്ചാരങ്ങള് സര്‍ക്കാറിനെ ഒന്നും പഠിപ്പിച്ചില്ല എന്നു വേണമോ കരുതാന്‍!
പല രാഷ്ട്രത്തലവന്മാരും തങ്ങളിലേക്ക് അധികാരം കേന്ദ്രീകരിക്കാനും തങ്ങളുടെ സിംഹാസനം നിലനിര്‍ത്താനും നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു ഫെഡറല്‍ സംസ്ഥാനത്തിന്റെ ഭരണം ഇങ്ങനെ രാജാധികാരംപോലെ മുഖ്യമന്ത്രി നിശ്ചയിക്കും എന്നു കാണുന്നതാദ്യമാണ്. ജനാധിപത്യ സംവിധാനത്തെ ഉദ്യോഗസ്ഥരാജ് ആക്കിമാറ്റുന്നതും അംഗീകരിക്കാനാവില്ല. മന്ത്രിമാര്‍ക്കു മുകളില്‍ സെക്രട്ടറിമാരെ സ്ഥാപിക്കുന്ന പരിഷ്കാരം ജനാധിപത്യ വിരുദ്ധമാണ്. കാബിനറ്റിന്റെ പൊതു തീരുമാനവും കൂട്ടുത്തരവാദിത്തവും ആവശ്യമായ ഭരണക്രമം ശിഥിലമാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. മുഖ്യമന്ത്രി രാജാവും പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിവാനുമായ ഒരു കേരളം എത്ര അശ്ലീലമാണെന്ന് ഇനിയെന്തു ബോധ്യമാവാന്‍!
വാര്‍ത്ത അവാസ്തവമാണെങ്കില്‍ മുഖ്യമന്ത്രി അതു പറയണം. വാസ്തവമാണെങ്കില്‍ ആ തീരുമാനത്തിന്റെ ഭവിഷത്ത് തിരിച്ചറിഞ്ഞു പിന്മാറാന് സന്നദ്ധനാവണം. മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും അധികാരം മുഖ്യമന്ത്രിയിലേക്കും വകുപ്പുതല സെക്രട്ടറിമാരിലേക്കും മാറ്റുന്നത് ജനാധിപത്യ സംവിധാനത്തിന്റെ തകര്‍ച്ചയിലേക്കാണ് എത്തിക്കുക. അതിനാല്‍ വലിയ പ്രതിഷേധം ഉയര്‍ത്താന്‍ ജനാധിപത്യവാദികള്‍ക്കു ബാധ്യതയുണ്ട്. തിരുത്താന്‍ സര്‍ക്കാറിനു സന്മനസ്സുണ്ടാവട്ടെ!
ആസാദ്
10 ഒക്ടോബര്‍ 2020
