Article POLITICS

ലാവലിന്‍ കേസില്‍ ആര്‍ ആരെ ഭയക്കുന്നു?

ലാവലിന്‍ കേസില്‍ ശക്തമായ വസ്തുതകള്‍ ഇല്ലെങ്കില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറയുന്നു. വസ്തുത പരിശോധിച്ചു കീഴ്ക്കോടതികളുടെ വിധി ശരിവെക്കാനോ റദ്ദാക്കാനോ ഉള്ള സുപ്രീംകോടതിയുടെ അധികാരം ഉപയോഗിക്കുകയല്ലേ വേണ്ടത്?

വസ്തുതയില്ലെങ്കില്‍ ഇടപെടില്ല എന്ന വാക്യം ഇരുപതോളം തവണ കേസു മാറ്റിവെച്ച് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണോ പറയേണ്ടത്? സി ബി ഐ നല്‍കിയ അപ്പീലില്‍ പ്രഥമദൃഷ്ട്യാ വിസ്താരത്തിനെടുക്കാന്‍ ആവശ്യമായ വസ്തുതകളില്ലെന്നാണോ ധരിക്കേണ്ടത്? അങ്ങനെയെങ്കില്‍ ഇക്കാലമത്രയും കേസില്‍ അനിശ്ചിതത്വം നിലനിര്‍ത്താന്‍ സുപ്രീം കോടതി കൂട്ടു നിന്നതെന്തിന്?

ലാവലിന്‍ കേസു തൊടാന്‍ പരമോന്നത നീതിപീഠത്തിന് എന്തോ തടസ്സമുള്ളതുപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനു കാരണം എന്താവും? കേസിന്റെ അകത്തെക്കാള്‍ പുറത്തെ ദുരൂഹമായ നടപടികളാണ് നമ്മെ അമ്പരപ്പിക്കുന്നത്. പല ജഡ്ജിമാരും വാദം കേള്‍ക്കാന്‍ തയ്യാറാവാതിരുന്നത് ശക്തമായ വസ്തുതകളുടെ അഭാവം മൂലമാണോ അതോ ബാഹ്യസമ്മര്‍ദ്ദം മൂലമോ? കേസ് നീട്ടിക്കൊണ്ടുപോകുന്നതില്‍ സി ബി ഐയും പങ്കു വഹിച്ചിട്ടുണ്ട്. എന്തായിരിക്കും കാരണം?

ജനാധിപത്യ വ്യവസ്ഥയുടെ നെടുന്തൂണുകളില്‍ ഒന്നാണ് നിയമവ്യവസ്ഥ. അവിടെ ദുരൂഹമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ജനങ്ങള്‍ ഉത്ക്കണ്ഠപ്പെടും. ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കള്‍ വളരെ അപൂര്‍വ്വമായേ അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളു. കേസു നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ രാഷ്ട്രീയ കാലാവസ്ഥകളുടെ സഞ്ചാര നിയമമാണ് അവയെ നിര്‍ണയിക്കുന്നതെന്ന് നമുക്കു തോന്നിയിട്ടുണ്ടല്ലോ. കക്ഷി രാഷ്ട്രീയ താല്‍പ്പര്യത്തെക്കാള്‍ രാഷ്ട്രീയ മുതലാളിത്തമെന്ന പുതുവര്‍ഗ സ്വരൂപമാണ് അതിലെ കീഴ് വിഭാഗങ്ങള്‍ക്കും ജനങ്ങള്‍ക്കും മേല്‍ പൊതു അധീശത്വം സ്ഥാപിക്കുന്നത്. അതിന്റെ വര്‍ഗതാല്‍പ്പര്യവും ആഗോള മുതലാളിത്ത താല്‍പ്പര്യങ്ങളും ഒത്തു പോവുന്നതാണ്. കോര്‍പറേറ്റ് ബന്ധിത അഴിമതികളില്‍ ശക്തമായ വസ്തുതകള്‍ കണ്ടെത്താന്‍മാത്രം നമ്മുടെ ജനാധിപത്യം ശക്തമാണോ എന്ന സംശയവുമുണ്ട്.

ലാവലിന്‍ ഇടപാടില്‍ സംസ്ഥാനത്തിനു നഷ്ടമുണ്ടായി എന്നു കാണുന്നു. എന്നാല്‍ പിണറായി വിജയന്‍ പണമുണ്ടാക്കിയോ എന്നെനിക്കു നിശ്ചയമില്ല. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സമീപിക്കാമെന്ന ബാലാനന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ടു മറികടന്ന് കാനഡയിലേക്കു കുതിച്ചതിന്റെ താല്‍പ്പര്യത്തോടായിരുന്നു ഞാനുള്‍പ്പെടെ മിക്കവരും വിയോജിപ്പു പ്രകടിപ്പിച്ചത്. ആ ലാവലിന്‍ കുതിപ്പിനു പിന്നില്‍ എന്തു താല്‍പ്പര്യമായിരുന്നു എന്ന ചോദ്യത്തിനു പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല എന്ന മറുപടി മതിയാവില്ലെന്നു ഞാന്‍ കരുതുന്നു.

പൊളിറ്റ്ബ്യൂറോ അംഗമായ ബാലാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ നിര്‍ദ്ദേശം തള്ളിക്കളയുമ്പോള്‍ പിണറായി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റംഗം മാത്രമാണ്. പാര്‍ട്ടിയുടെ നയവും സമീപനവുമാണ് ബാലാനന്ദന്‍ വ്യക്തമാക്കിയത്. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ നിയോഗിച്ച കമ്മറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്കായിരുന്നു അദ്ദേഹം പഠനത്തിനു നേതൃത്വം നല്‍കിയതും റിപ്പോര്‍ട്ടു സമര്‍പ്പിച്ചതും. അതു തള്ളി ദുരൂഹ പശ്ചാത്തലമുള്ള ഒരു കോര്‍പറേറ്റ് കമ്പനിയെ സമീപിക്കാനുള്ള ധൃതി അത്ഭുതപ്പെടുത്തുന്നു.

ലാവലിന്‍ ഇടപാടിലെ രാഷ്ട്രീയ സന്ദേഹങ്ങള്‍ എവിടെയാണ് തുടങ്ങിയതെന്ന് ഓര്‍ത്തതാണ്. വിശദീകരണം ലഭിക്കാതെ പോയ രാഷ്ട്രീയ സംശയമാണത്. മറ്റു കാര്യങ്ങള്‍ സംസ്ഥാനത്തിനു നഷ്ടമുണ്ടായി എന്ന സി എ ജി റിപ്പോര്‍ട്ടില്‍ ആരംഭിക്കുന്നു. 2005ലാണ് അനാവശ്യ ധൃതിയും ഒത്തുകളിയും മൂലം സംസ്ഥാന ഖജനാവിലെ പണം ചോര്‍ന്നുവെന്ന് സി എ ജി കണ്ടെത്തിയത്. സംസ്ഥാന വിജിലന്‍സും സിബി ഐയും കേസില്‍ കാര്യമുണ്ടെന്നു കണ്ടു. വിജിലന്‍സ് ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കിയാണ് അന്വേഷണം അവസാനിപ്പിച്ചത്. സി ബി ഐയാവട്ടെ മന്ത്രിയെ കേസിലെ ഏഴാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

പിണറായിയുടെ ഹര്‍ജി പരിഗണിച്ച് സിബിഐ കോടതി 2013 നവംബറില്‍ അദ്ദേഹത്തെ കുറ്റ വിമുക്തനാക്കി. അപ്പീലില്‍ ഹൈക്കോടതി ആ വിധി ശരിവെച്ചു. ഇനി സുപ്രീം കോടതിയ്ക്ക് തീരുമാനിക്കാം. പക്ഷെ കേസ് പരിഗണിക്കാന്‍ വലിയ കാലതാമസമാണ് കണ്ടത്. ജഡ്ജിമാര്‍ കൈയൊഴിയുന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ ശക്തമായ വസ്തുത ബോധിപ്പിക്കൂ എന്നാണ് കോടതി സി ബി ഐയോടു പറഞ്ഞിരിക്കുന്നത്. ഒറ്റയടിക്കു തള്ളാനോ അപ്പടി സ്വീകരിക്കാനോ പറ്റാത്ത വിധം എന്തോ ഒന്ന് സുപ്രീം കോടതിയില്‍ ഉരുണ്ടുകളിക്കുന്നതുപോലെ തോന്നുന്നു. അതു രാഷ്ട്രീയ കാലാവസ്ഥയുടെ ആഘാതം പ്രതിഫലിക്കുന്നതാണോ എന്നറിയില്ല.

ആസാദ്
09 ഒക്ടോബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )