ഹത്രാസിലേക്കു പോകുമ്പോഴെങ്കിലും മലയാളികള്‍ വാളയാര്‍ കാണുമെന്നു കരുതിയിരുന്നു ഞാന്‍.
ചെഗുവേരയെ അഭിവാദ്യം ചെയ്യുമ്പോള്‍ കുഞ്ഞാലിക്കും വര്‍ഗീസിനും ടി പി ചന്ദ്രശേഖരനും അതു ചെന്നു ചേരുമ്പോലെ.
ഹത്രാസിലേക്ക് ഒരുപാട് വഴികള്‍ കാണും. പക്ഷെ ഏതു വഴിയെ പോയാലും മലയാളിക്ക് വാളയാര്‍ കടക്കാതെ വയ്യ. കാരണം അതൊരു സ്ഥലപ്പേരല്ല. ഒമ്പതും പതിമൂന്നു വയസ്സുള്ള രണ്ടു ദളിത് പെണ്‍കുട്ടികളെ ആഴ്ച്ചകളുടെ ഇടവേളയില്‍ ബലാല്‍സംഗം ചെയ്തു കൊന്നു കെട്ടിത്തൂക്കിയ ഇടം. അത് അന്വേഷിച്ച പൊലീസ് ഏമാന് പോക്സോ വകുപ്പുകള്‍ ചുമത്തണമെന്നു തോന്നിയില്ല. കേസ് കോടതിയില്‍ ജയിക്കണമെന്നോ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നോ തോന്നിയില്ല. അക്രമത്തിന് കുട്ടികളുടെ സമ്മതമുണ്ടായിരുന്നു എന്ന് വാദമുഖം! ആ പൊലീസ് ഏമാന് സര്‍ക്കാര്‍ വക ഉപഹാരം പ്രമോഷനായി വന്നു. പതിവായി പ്രതികള്‍ക്കു വേണ്ടി ഹാജരാവുന്ന വക്കീലിനും കിട്ടി പ്രമോഷന്. അദ്ദേഹം ജില്ലാ ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയാവുന്നു. ഇരകളുടെ കുടുംബം നടത്തിയ പ്രതിഷേധ പരിപാടികളൊന്നും സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല.
കേരളത്തിലും ദളിതരായ മനുഷ്യര്‍ അക്രമവും വിവേചനവും നേരിടുന്നു. ദളിത് പെണ്‍കുട്ടികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നു. യുപിയില്‍ ഈ അക്രമത്തിന്റെ തോത് എത്രയോ കൂടുതലാണ് എന്നതും മാരകമാണ് എന്നതും കേരളത്തില്‍ നടക്കുന്ന ദളിത് പീഡനത്തെ നിസ്സാരമാക്കുന്നില്ല. ഇവിടെ രാഷ്ട്രീയ നേതാക്കള്‍ വാളയാറിലേക്ക് ഓടിയെത്തുമ്പോള്‍ പൊലീസ് അവരെ തടഞ്ഞില്ല എന്നതു വലിയ ഔദാര്യംപോലെ എഴുന്നള്ളിക്കരുത്. പ്രശ്നം മനുഷ്യന് മനുഷ്യനാല്‍ ചവിട്ടിത്തേയ്ക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഈ പോക്കിനു വേഗം അല്പം കൂടിയാല്‍ വാളയാര്‍ ഹത്രാസാവില്ലെന്ന് എങ്ങനെ പറയും?
ഹത്രാസില്‍ പോകുന്ന മലയാളി തീര്‍ച്ചയായും വാളയാറിലെ പെണ്‍കുട്ടികളുടെ വേദനയില്‍ ഞെട്ടണം. അവരുടെ മാതാപിതാക്കളുടെ നിലവിളി കേള്‍ക്കണം. അവരെ പുണരാനും സാന്ത്വനിപ്പിക്കാനും നീതിക്കു വേണ്ടിയുള്ള അലച്ചിലില്‍ അവരെ തുണയ്ക്കാനും മുന്നോട്ടു വരണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇതെല്ലാം വെറും രാഷ്ട്രീയ ലീലയാണെന്ന് ഞങ്ങള്‍ കരുതും. ദളിതരെ പീഡിപ്പിക്കുന്ന സംഘപരിവാര വരേണ്യകുലത്തെ തടയണം എന്നതുപോലെ പ്രധാനമാണ് അതേ ജാതിഹിന്ദു ദര്‍ശനത്തിലേക്ക് കുതിക്കുന്ന കേരളത്തിലെ പ്രച്ഛന്ന ഹിന്ദുത്വത്തെ തടയുക എന്നതും. അകത്ത് ജാതിക്കോമരവും പുറത്ത് വിപ്ലവ വായാടിയുമായ പുതുരൂപം നമ്മെ ഭയപ്പെടുത്തി തുടങ്ങണം.
വാളയാറിനെ പറ്റി പറഞ്ഞാലും ഹത്രാസിനെ പറ്റി പറഞ്ഞാലും ദളിതപീഡനത്തിന്റെ ചിത്രം തെളിഞ്ഞുവരും. പ്രാണനറ്റ പെണ്‍കുട്ടികള്‍ നമുക്കുചുറ്റും വന്നു നില്ക്കും. നീതിയെവിടെ എന്നു ചോദിക്കും. നിങ്ങളുടെ പാര്‍ട്ടി ചിഹ്നത്തെപ്പറ്റിയോ അതിലെ വേര്‍തിരിവുകളെ പറ്റിയോ അവര്‍ ചോദിക്കില്ല. ആരുടെയും കുലമഹിമയും തിരക്കില്ല. നാം മറുപടി പറയേണ്ടത് അവരുടെ നീതിയ്ക്കു വേണ്ടി നാം എന്തു പറഞ്ഞു, എന്തു ചെയ്തു എന്നാണ്.
ആസാദ്
06 ഒക്ടോബര്‍ 2020
