POLITICS

ബീഹാറിലെ മഹാസഖ്യം

ബീഹാറിലെ മഹാസഖ്യം രാജ്യത്തു വളര്‍ന്നു വരേണ്ട മഹാപ്രസ്ഥാനത്തിന്റെ തുടക്കമാവണം. ജനാധിപത്യ വാദികളും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും ചേര്‍ന്നുള്ള മഹാസഖ്യം. ഫാഷിസത്തിനെതിരെ ഇന്ത്യ കാത്തിരുന്ന പ്രതിരോധ സേന.

സംസ്ഥാനങ്ങളിലേക്ക് അതു പടരണം. ഹിന്ദുത്വ വംശീയ വാദവും മതരാഷ്ട്രവാദവും ഫാഷിസരൂപമാര്‍ജ്ജിക്കുന്ന നേരത്ത് യോജിച്ച സമരമുഖം തുറക്കണം. വിട്ടുവീഴ്ച്ച ചെയ്തു നേടേണ്ട ഐക്യമാണത്. ജനാധിപത്യത്തിന്റെ സമസ്ത തൂണുകളും തകര്‍ക്കപ്പെടുന്ന രാജ്യത്ത് പരിമിത ജനാധിപത്യംപോലും വിലപ്പെട്ടതാണ്. ദീര്‍ഘകാലം ഭരിച്ചവരും അധികാരത്തിനു വിലപേശിയവരും ജീര്‍ണതകളില്‍ വീണവരും ആപത്ക്കാലത്തു തെറ്റു തിരുത്തി പുതിയ വീര്യമാര്‍ജ്ജിക്കുന്നത് പ്രതീക്ഷ നല്‍കും.

കരുണയുടെ നേര്‍ത്ത സ്പര്‍ശംപോലും മഹോത്സവമാകുന്നത് ഹിംസോത്സുക അധികാരത്തിന്റെ അഴിഞ്ഞാട്ട കാലത്താണ്. അതു ബോദ്ധ്യപ്പെടുത്തുന്നത് ഒരു ജനത ബദലുകള്‍ക്ക് കാത്തിരിക്കുന്നു എന്നാണ്. ബിഹാറില്‍ മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതുശക്തികളെ തുറന്നു വിടട്ടെ.

ഇന്ത്യന്‍ ഫാഷിസത്തെ പിടിച്ചു കെട്ടാന്‍, മുമ്പ് ലല്ലു പ്രസാദ് യാദവ് രാമരഥ യാത്ര തടഞ്ഞ മണ്ണിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചിട്ടുള്ളത്. വലിയ രാഷ്ട്രീയ വിട്ടുവീഴ്ച്ചകള്‍ക്ക് എല്ലാ പാര്‍ട്ടികളും തയ്യാറായത് ഇന്ത്യന്‍ സാഹചര്യത്തിന്റെ സവിശേഷത ഉള്‍ക്കൊണ്ടുകൊണ്ടാവണം. അതു മാറ്റിയെടുക്കാനുള്ള പ്രതിബദ്ധത ഏറ്റെടുത്താവണം.

ആകെയുള്ള 243 സിറ്റുകളില്‍ ആര്‍ ജെ ഡിക്ക് നൂറ്റി നാല്‍പ്പത്തി നാലും കോണ്‍ഗ്രസ്സിന് എഴുപതും സി പി ഐ (എം എല്‍)ന് പത്തൊമ്പതും സി പി ഐക്ക് ആറും സി പി ഐ (എം)ന് നാലും സീറ്റുകളാണ് ലഭിക്കുക. ഒക്ടോബര്‍ 28. നവംബര്‍ 3, 7 തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ബീഹാറില്‍ രൂപപ്പെട്ട മഹാസഖ്യ ഐക്യവും പ്രതിരോധവും വിള്ളല്‍ വീഴാതെ വളര്‍ത്തി എടുക്കേണ്ടതുണ്ട്. ഇന്ത്യന്‍ പ്രതിരോധ മുന്നേറ്റങ്ങളില്‍ പിളര്‍പ്പുകളുണ്ടാക്കുന്ന ഏതു നീക്കവും ഫാഷിസത്തെയാണ് സഹായിക്കുക. വലതു ജനാധിപത്യ പ്രസ്ഥാനങ്ങളും ഇടതുപക്ഷവുമായുള്ള വൈരുദ്ധ്യം ഇല്ലാതാവുകയല്ല തല്‍ക്കാലത്തേക്ക് മുഖ്യ വൈരുദ്ധ്യമല്ലാതാവുകയാവും സംഭവിക്കുക. തീവ്രവലതു വംശീയ രാഷ്ട്രീയത്തോടുള്ള സമര ഘട്ടത്തിലെ അടവുനയമായി അത് അംഗീകരിക്കണം.

കേരളത്തിലെ പ്രാദേശികമോ താല്‍ക്കാലികമോ ആയ ലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളും ദേശീയമായ സമരൈക്യത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ഇടവരുത്തിക്കൂടാ. അക്കാര്യത്തില്‍ തികഞ്ഞ രാഷ്ട്രീയ ജാഗ്രത ആവശ്യമാണ്. രാജ്യത്തിന്റെ മാറുന്ന ചിത്രം കാണണം. അതില്‍ പങ്കു വഹിക്കണം. ഫാഷിസത്തെ തൂത്തെറിയാനുള്ള ബാധ്യത നിറവേറ്റണം.

ആസാദ്
04 ഒക്ടോബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )