ആത്മകഥയില്‍ നെഹ്റു എഴുതി. 1920ല്‍ ഇന്ത്യയെ കണ്ട കഥ. ഒരു യാത്രയുടെ ഓര്‍മ്മ.
”അവരേയും അവരുടെ കഷ്ടപ്പാടുകളേയും അവരുടെ വഴിഞ്ഞൊഴുകുന്ന കൃതജ്ഞതയേയും കണ്ടപ്പോള്‍ എന്നില്‍ ലജ്ജയും വ്യസനവും നിറഞ്ഞു. എന്റെ സ്വന്തം ആയാസശൂന്യവും സുഖകരവുമായ ജീവിതത്തെയും ഈ വമ്പിച്ച ജനസഞ്ചയത്തെ – ഭാരതത്തിന്റെ അര്‍ദ്ധനഗ്നരായ ഈ സന്താനങ്ങളെ – അവഗണിച്ചുകൊണ്ടുള്ള ഞങ്ങളുടെ നിസ്സാരമായ നാഗരിക രാഷ്ട്രീയത്തെയും കുറിച്ചു ലജ്ജ; ഭാരതത്തിന്റെ അധപ്പതനത്തെയും ഭയങ്കരമായ ദാരിദ്ര്യത്തെയും കുറിച്ചു വ്യസനം. ഇന്ത്യയുടെ ഒരു പുതിയ ചിത്രം എന്റെ മുമ്പാകെ ആവിര്‍ഭവിക്കുമ്പോലെ തോന്നി. ഉണ്ണാനില്ലാത്ത, ഉടുക്കാനില്ലാത്ത, ചതച്ചരയ്ക്കപ്പെട്ട, കേവലം പരിതാപ പരിഭൂതയായ ഒരിന്ത്യയുടെ ചിത്രം. വിദൂരമായ നഗരത്തില്‍നിന്നു വന്ന ഞങ്ങളില്‍ അവര്‍ക്കുള്ള വിശ്വാസം എന്നെ പരിഭ്രമിപ്പിക്കുകയും എന്നെ പേടിപ്പെടുത്തിയ ഒരു പുതിയ കര്‍ത്തവ്യബോധം എന്നിലുളവാക്കുകയും ചെയ്തു”.

കൃത്യം നൂറുവര്‍ഷം മുമ്പ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നു ജവഹര്‍ലാല്‍ നെഹ്റുവിന്റെ തുടക്കം അദ്ദേഹംതന്നെ കുറിച്ചിട്ടതാണ്. ഇന്നു രാഹുലും പ്രിയങ്കയും ഹത്രാസില്‍നിന്നു മടങ്ങുമ്പോള്‍ ഇതുതന്നെ വിചാരിച്ചു കാണുമോ? പറയാനാവാത്ത ഒരു വ്യസനം അവരെ മൂടിയിരിക്കുമോ? ചതച്ചരയ്ക്കപ്പെട്ട ഒരിന്ത്യ അവരെ കരഞ്ഞു വിളിച്ചിരിക്കുമോ? ഒരു പുതിയ കര്‍ത്തവ്യബോധം അവരില്‍ അങ്കുരിച്ചു കാണുമോ? പര്‍താബ്ഗറില്‍ നിന്നു മടങ്ങുമ്പോള്‍ ജവഹര്‍ലാലില്‍ നിറഞ്ഞ വിചാരങ്ങളുടെ സമുദ്രം ഹത്രാസില്‍നിന്നു മടങ്ങുന്ന പേരമക്കളില്‍ പ്രക്ഷുബ്ധമായി തീര്‍ന്നിരിക്കുമോ?
മനുഷ്യന് മനുഷ്യനെ പുണരുന്നതു കണ്ടു. വേദനകളെ വലിച്ചെടുത്തു ഉടലുകള്‍ വിറയ്ക്കുന്നതു കണ്ടു. രാഷ്ട്രീയം അലിഞ്ഞലിഞ്ഞു മനുഷ്യസത്തയുടെ അകക്കാമ്പില്‍ വെറും പ്രാണങ്ങളായി സന്ധിക്കുന്നതുകണ്ടു. പ്രിയങ്കയുടെ നെഞ്ചിലമര്‍ന്നു തേങ്ങുന്ന ഇന്ത്യ. രാഹുലിന്റെ അദൃശ്യ ശാഖകള്‍ക്കു താഴെ വിഹ്വലതകള്‍ ഒതുക്കുന്ന ഇന്ത്യ. ഇത്രകാലവും എവിടെയായിരുന്നു എന്നാരോ ചോദിക്കുന്നത് തീര്‍ച്ചയായും അവര്‍ കേട്ടിരിക്കും. ചമ്പാരനില്‍ ഗാന്ധി അതു കേട്ടിട്ടുണ്ട്.
ഇന്ത്യ പച്ചയായ മനുഷ്യരെ തേടുന്ന കാലമാണ്. നെഹ്റു കണ്ട പഴയ ഇന്ത്യന്‍ ഗ്രാമത്തിന്റെ അതേ മുറിവുകളിലാണ് നൂറു വര്‍ഷത്തിനു ശേഷം രാഹുലും പ്രിയങ്കയും ഔഷധമായത്. ഇനി അവര്‍ക്ക് വിശ്രമിക്കാനാവില്ല. അക്രമത്തെക്കാള്‍ ഭയക്കണം ഭീരുത്വത്തെ എന്ന ഗാന്ധിവചനം അവരെ ഉണര്‍ത്തും. ഭീതിയുണ്ടെങ്കില്‍ സത്യമോ സ്നേഹമോ നിലനിര്‍ത്താന്‍ കഴിയുകയില്ലെന്ന നെഹ്റുവിന്റെ ശബ്ദവും മുഴങ്ങുന്നുണ്ടാവും. ഹത്രാസില്‍ പോകുന്നതില്‍നിന്ന് തന്നെ തടയാന്‍ ലോകത്തില്‍ ഒരു ശക്തിക്കും ആവില്ലെന്ന രാഹുലിന്റെ വാക്കുകളില്‍ ആ ധൈര്യമുണ്ട്. ആ തീര്‍ച്ചയുണ്ട്. അതിപ്പോള്‍ പല മടങ്ങ് ഇരട്ടിച്ചു കാണും.
എങ്കിലും ഞങ്ങളുടെ ആശങ്കകള്‍ ഒഴിയുന്നില്ല. ഇങ്ങു കേരളത്തില്‍നിന്നു നോക്കുന്നതു കൊണ്ടു തോന്നുന്നതാവാം. കോണ്‍ഗ്രസ്സിന് ഇത്രയും മനുഷ്യത്വവും പ്രതിബദ്ധതയും വഹിക്കാനാവുമോ ? പോയ പതിറ്റാണ്ടുകളില്‍ നടപ്പാക്കിയ പദ്ധതികളൊന്നും തെളിച്ചം നല്‍കിയില്ലെന്ന് ഓരോ ഗ്രാമവും പറഞ്ഞല്ലോ. ദീര്‍ഘകാലം ഇന്ത്യ ഭരിച്ചവര്‍ക്ക് ‘എവിടെ പിഴച്ചു’ എന്ന് പുതിയ പോരാളികള്‍ക്ക് ബോദ്ധ്യമായിരിക്കുമോ?
നാളെ പഞ്ചാബിലെ കര്‍ഷക സമരത്തില്‍, പിന്നെ സമരത്തിന്റെ വയലുകളില്‍ നിങ്ങളെത്തുമായിരിക്കും. ഭൂസമരങ്ങളില്‍, ദളിതസമരങ്ങളില്‍, പെണ്‍പ്രതിരോധങ്ങളില്‍, തൊഴില്‍ സമരങ്ങളില്‍, കലുഷ കലാലയങ്ങളില്‍, അവശജീവിതങ്ങളില്‍ കാറ്റും ക്രോധവുമായി വീശുമായിരിക്കും. പക്ഷെ, താങ്ങാനാവുമോ കോണ്‍ഗ്രസ്സിന്? അല്ലെങ്കില്‍ കോണ്‍ഗ്രസ്സിനപ്പുറം കേള്‍ക്കുന്ന ചരിത്ര വിളികളെ നിങ്ങള്‍ പിന്തുടരുമോ?
ഈ ദിവസങ്ങളില്‍ ഇന്ത്യയ്ക്കു നല്കിയ ഉണര്‍വ്വും പ്രതീക്ഷയും വളരെയധികമാണ്. രാഹുലിനും പ്രിയങ്കക്കും അഭിവാദ്യം. ആഴങ്ങളില്‍ പൊടിക്കുന്ന മനുഷ്യ സ്നേഹത്തിന്റെ രാഷ്ട്രീയം അനേകരെ പ്രചോദിപ്പിക്കുന്നു. ഹത്രാസിലെ അമ്മയെ പുണര്‍ന്നു നില്ക്കുമ്പോള് പ്രിയങ്കാ, ഇങ്ങു വാളയാറിലെ അമ്മ അതനുഭവിച്ചു കാണും. ഒരു രാജ്യം കൊതിച്ച മുന്‍കൈ, കാത്തിരുന്ന സ്പര്‍ശം ഇതല്ലെങ്കില്‍ മറ്റെന്ത്? ഒറ്റ ആലിംഗനത്തിനകത്ത് ഒരു രാജ്യത്തെയാണല്ലോ ചേര്‍ത്തു പിടിച്ചത്! നന്ദി.
ആസാദ്
03 ഒക്ടോബര്‍ 2020

മനുഷ്യന്റെ രാഷ്ട്രീയത്തെ, അശരണന്റെ നിസ്സഹായതയെ, ആ മുറിവിൽ പുരട്ടുന്ന സ്നേഹത്തെ വളരെ നന്നായി തിരിച്ചറിഞ്ഞ് അവതരിപ്പിക്കുന്നു. ആസാദിന് അഭിവാദ്യങ്ങൾ
LikeLike