Article POLITICS

എം എന്‍ വിജയനെ മുറിച്ചു നോക്കുന്നവര്‍

എം എന്‍ വിജയനെ പിളര്‍ന്ന് ആദ്യകാല വിജയന്‍, അന്ത്യകാല വിജയന്‍ എന്നു വേര്‍തിരിക്കാന്‍ ചിലര്‍ വല്ലാതെ ഉത്സാഹിക്കുന്നുണ്ട്. അങ്ങനെയൊരു വിഭജനത്തിന്റെ അടിസ്ഥാനമെന്താണ്?

ആദ്യകാല ധൈഷണിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയറ്റ് പുതിയ പാത സ്വീകരിച്ചുവോ അവസാന ദശകത്തില്‍? റസ്സലും ഫ്രോയ്ഡും മാര്‍ക്സും സ്വാധീനിച്ച ചിന്താലോകം അതിനു നിരക്കാത്തവിധം ഒരു വേലിചാട്ടം നടത്തിയോ? എന്താണ് അവസാന വര്‍ഷങ്ങളിലെ വിജയന്‍ മാഷില്‍ ചിലര്‍ക്കൊക്കെ ദഹിച്ചു കിട്ടാത്ത ഘടകം?

തൊണ്ണൂറുകളിലെ കേരളം ഹിന്ദുത്വ ഫാഷിസത്തിലേക്കും വന്‍തോതിലുള്ള വലതുപക്ഷവത്ക്കരണത്തിലേക്കും കുതിക്കുന്നത് നാം കണ്ടു. അവയ്ക്കെതിരായ പോരാട്ടമായിരുന്നു സാംസ്കാരിക ഇടതുപക്ഷം നടത്തിപ്പോന്നത്. എന്നാല്‍ തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍ സിപിഐ എമ്മും പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാറും സാമ്രാജ്യത്വ വികസനത്തിന്റെ പാതയിലേക്ക് വഴുതുകയായിരുന്നു. ഇത് ഇടതുധാരകളെ പോലും വലതുപക്ഷവല്‍ക്കരണത്തിലേക്ക് തള്ളി വിട്ടു. സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളുമായും അവയുടെ ദല്ലാള്‍ ഏജന്‍സികളുമായും ഉണ്ടാക്കിയ വഴിവിട്ട ബന്ധങ്ങള്‍ പുറത്തുവന്നു.

കേരളിയ ഇടതു ധൈഷണികത സ്വപ്നം കണ്ട നവലോകം മുതലാളിത്ത നവലിബറല്‍ ദാസ്യത്തിന്റേതായിരുന്നില്ല. ഫാഷിസത്തെ എതിര്‍ക്കുമ്പോള്‍ അതിന്റെ വംശീയ വേരുകളും കോര്‍പറേറ്റ് സാമ്പത്തികാധീശ പ്രവണതകളും ഒരുപോലെ എതിര്‍ക്കണമെന്ന ദിമിത്രോവ് യുക്തിയാണ് മാഷ് പുലര്‍ത്തിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും അധികാര ഘടനയിലും കടന്നു കയറി പുനസംഘാടനം നടത്തുന്ന ഒരു അധിനിവേശ അജണ്ട തുറന്നുകാണിക്കാന്‍ ആരംഭിച്ചതോടെയാണ് മാഷ് പലര്‍ക്കും അപ്രിയപാത്രമായത്.

ഫ്രോയ്ഡിയന്‍ മനശ്ശാസ്ത്രത്തിന്റെ പ്രയോക്താവായി മാഷെ അംഗീകരിക്കുന്ന ചിലര്‍തന്നെ മാഷ് സ്വവര്‍ഗ രതിയെ എതിര്‍ത്തു എന്നു തട്ടിവിടുന്നു. എല്ലാവരും എഴുതുംമുമ്പ് മലയാളത്തില്‍ ഭിന്നലൈംഗിക കാമനകളെപ്പറ്റി പറഞ്ഞതിനാണ് വരേണ്യ വിമര്‍ശകര്‍ മാഷെ അക്രമിച്ചിട്ടുള്ളത് എന്നോര്‍ക്കണം. നെതര്‍ലാന്റ് വഴി വരുന്ന സിലബസ്സ് വേണ്ട വാത്സ്യായനന്റെ നാട്ടുകാര്‍ക്ക് ലൈംഗികത പഠിക്കാന്‍ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണ്? സാമ്രാജ്യത്വം അങ്ങനെ അതിക്രമിച്ചു കടക്കേണ്ട എന്നാണ്.

സാമ്രാജ്യത്വ ധനകാര്യ ഏജന്‍സികളും ഫൗണ്ടേഷനുകളും കേരളത്തില്‍ ഗവേഷണങ്ങള്‍ക്കും സര്‍വ്വേകള്‍ക്കും പണം നല്‍കുന്നതെന്തിന് എന്നു മാഷ് ചോദിക്കുന്നുണ്ട്. അതു വംശീയവും ജാതീയവുമായ ചോദ്യങ്ങളുമായാണല്ലോ വരുന്നത് എന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫുക്കുയാമയുടെയും ഹണ്ടിംഗ്ടന്റെയും വര്‍ഗ സമരാനന്തര വൈരുദ്ധ്യങ്ങള്‍ എങ്ങനെ മുളപ്പിച്ചെടുക്കുന്നുഎന്നാണ് മാഷ് പറഞ്ഞത്. ഇന്ന് തീവ്ര വംശീയതയിലൂന്നിയ സ്വേച്ഛാവാഴ്ച്ച കീഴടക്കുമ്പോള്‍ മാഷു സൂചിപ്പിച്ച അപകടമാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് നാം അറിയണം.

സന്നദ്ധ സംഘടനാ രാഷ്ട്രീയവും പാര്‍ട്ടിരഹിത പങ്കാളിത്ത ജനാധിപത്യവും കേരളീയ രാഷ്ട്രീയ മണ്ഡലത്തിലെ വര്‍ഗസമരമുനകള്‍ ഒടിച്ചു കളഞ്ഞു. അരാഷ്ട്രീയവത്ക്കരണം വേഗമാര്‍ജ്ജിച്ചു. ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ചില ജൈവഘടനകള്‍ ഉള്ളത് അവയുടെ സമരോത്സാഹം നില നിര്‍ത്തുന്നതിനാണ് എന്നു മാഷ് പറഞ്ഞു. സമരങ്ങള്‍ കൈയൊഴിഞ്ഞാല്‍ പാര്‍ട്ടി കനമുള്ള, അനുസരണ മാത്രമുള്ള കേവല പുറംതോടാവും. അകത്തു ജീവനുണ്ടെങ്കില്‍ അതു തോടു പൊട്ടിച്ചു പുറത്തു വരും എന്നും മാഷാണ് പറഞ്ഞത്. ഈ വൈരുദ്ധ്യത്തിന്റെ പൊരുള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് മനസ്സിലാവും.

ഒറ്റയായോ അല്‍പ്പംചില സൈനികരോട് ഒപ്പമോ ഒരു യുദ്ധത്തിലേക്കു പ്രവേശിക്കേണ്ട ഘട്ടവും ഭരണകൂടം ഉണ്ടാക്കിത്തീര്‍ത്തു. പാര്‍ട്ടിയും അതിന്റെ സന്നദ്ധസേനയായ പരിഷത്തും മാഷ് ഉയര്‍ത്തിയ സാമ്രാജ്യത്വ അധിനിവേശത്തിന് എതിരായ പോരാട്ടത്തെ നേരിട്ടത് നാലാംലോക സിദ്ധാന്തവുമായാണ്. അതിന്റെ ഫണ്ടുകറ പുരണ്ട കൈകളുമായാണ്. പുരയ്ക്കു മേല്‍ ചായുന്ന മരമാണ് മാഷെന്ന് പാര്‍ട്ടി അലറി വിളിച്ചു. ഇതാ പോക്കറ്റടിക്കാരന്‍ പിടിയ്ക്ക് എന്നു പറയുന്ന കള്ളന്റെ അവസാന അടവ്! വെട്ടിക്കള എന്നോ കൊന്നുകളഞ്ഞോളൂ എന്നോ അര്‍ത്ഥമുണ്ട് പുരയ്ക്കു മേല്‍ ചാഞ്ഞ മരം എന്ന പ്രയോഗത്തിന്. എണ്‍പതിലേറെ പേര്‍ ആ വിധിയുടെ പലമട്ട് വ്യാഖ്യാനങ്ങള്‍ ദിനംപ്രതി നടത്തി. എന്തിനു വേണ്ടിയായിരുന്നു, ആര്‍ക്കു വേണ്ടിയായിരുന്നു ആ അഭ്യാസ പ്രകടനങ്ങള്‍?

ഒരാളെ കുഴിച്ചു മൂടാന്‍ ഒരു കുന്നു മുഴുവന്‍ ഇടിക്കേണ്ടതില്ല എന്നാണ് മാഷ് മറുപടി നല്‍കിയത്. 1998 മുതല്‍ 2007 വരെയുള്ള കാലത്ത് പോസ്റ്റ് മാര്‍ക്സിസ്റ്റ് പരീക്ഷണങ്ങളായും പോസ്റ്റ് മോഡേണിസ്റ്റ് സ്വാധീനങ്ങളായും ഇടതു ധൈഷണിക വേദികളില്‍ ‘വലതുപക്ഷ ചിന്താവിപ്ലവം’ നിറഞ്ഞാടി. ഡിപിഇപിയിലും കെആര്‍ എല്‍ എല്‍ ഡി പിയിലും ആകര്‍ഷകമായി ഉണ്ടായിരുന്നത് അതു മാത്രമാണ്. തലേ ദിവസംവരെ ലോകബാങ്കിനെയും എഡിബിയെയും തള്ളിപ്പറഞ്ഞവര്‍ ഒറ്റ ദിവസംകൊണ്ടു പുതിയ ന്യായസൂത്രമുണ്ടാക്കി മറുകണ്ടം ചാടി. ഇടതുപാര്‍ട്ടിക്ക് ഭൂഷണമല്ലാത്ത വ്യതിയാനങ്ങളെ പകല്‍ വെളിച്ചത്തില്‍ മാഷ് തുറന്നു കാണിച്ചു.

ചാരപ്രവര്‍ത്തനത്തെ ചാരപ്രവര്‍ത്തനം എന്നു വിളിച്ചു. അതു ചെയ്യുന്നവര്‍ ചാരന്മാരാണ് എന്നു പറഞ്ഞു. ഞങ്ങളെ ചാരന്മാരെന്നു വിളിച്ചു എന്ന പരാതിക്കാരുണ്ടായി. അവര്‍ കോടതിയില്‍ പോയി നോക്കി. വിദേശ ഫണ്ടു കൈപ്പറ്റിയില്ല എന്നു തെളിയിക്കാന്‍ അവര്‍ക്കു പറ്റിയില്ല. മാഷെ കേസില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ആ കോടതിവിധി ആഗോളവത്ക്കരണ സമരത്തിലെ മികച്ച സമരരേഖയാണ്. അതു തുറന്നു കാട്ടുന്നത് കേരളം വിധേയമായ അധിനിവേശ പ്രക്രിയയയും പദ്ധതിയുമാണ്. ആ കേസില്‍ അപ്പീല്‍പോവാന്‍പോലും ധൈര്യമുണ്ടായില്ല നാലാംലോകത്തിന്.

അധിനിവേശങ്ങള്‍ക്കെതിരായി കേരളത്തില്‍ നടന്ന അത്യുജ്ജ്വലമായ ഒരു സമരകാലം അങ്ങനെ പൊടുന്നനെ മാഞ്ഞു പോവില്ല. ആ സമരത്തില്‍ ചൂണ്ടിക്കാട്ടിയ അപകടങ്ങള്‍ നമ്മുടെ ഭരണ കേന്ദ്രത്തെ വിഴുങ്ങിക്കഴിഞ്ഞ സമയമാണിത്. അതിന്റെ ജീര്‍ണതകള്‍ താഴെയറ്റംവരെ പടര്‍ന്നിറങ്ങിയ കാലവുമാണ്. അവസാന പത്തുവര്‍ഷം അതുവരെയുള്ള ജീവിതത്തിന്റെ സര്‍ഗാത്മകമായ പൂരണം മാത്രമാണ് എം എന്‍ വിജയന്. അതൊരു തുടര്‍ച്ചയുടെ ജ്വലനമാണ്. ആ വെളിച്ചത്തെ ഭയക്കുന്നവര്‍ ആദ്യകാല വിജയന്റെ പെരുമ പാടി തൃപ്തരാവുന്നു. ജീവിക്കുന്ന കാലത്തിന്റെ മുഖത്തു നോക്കാന്‍ പ്രാപ്തിയില്ലാത്ത മനുഷ്യര്‍ക്ക് എം എന്‍ വിജയനെ മനസ്സിലാക്കാനാവില്ല. മനസ്സിലാവാത്ത ഭാഗം വെട്ടിക്കളഞ്ഞു സമാധാനിക്കുന്ന ‘പാണ്ഡിത്യം’ നമുക്കു വളരെ പരിചിതമാണ്. അങ്ങനെ വെട്ടിയിരുന്നു കേസരിയെ.

എം എന്‍ വിജയനെ മുറിച്ചു ഞങ്ങളുടെ വിജയന്‍, നിങ്ങളുടെ വിജയന്‍ എന്നു പകുക്കുന്നത് മൗഢ്യമാണ്. ഒരേയൊരു എം എന്‍ വിജയനേയുള്ളു. പല വിതാനങ്ങളില്‍ പൊരുതി മുന്നേറുന്ന പ്രഭാഷണം പോലെത്തന്നെ പലതായി പടര്‍ന്ന ഒരാള്‍. അവസാനകാല വിജയനെ വെട്ടി മുറിക്കുന്നവര്‍ ആയുധമില്ലാതെ ഒരിംഗിതം നടപ്പാക്കുകയാണ് എന്നേ കരുതാനാവൂ.

ആസാദ്
04 ഒക്ടോബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )