എ ബി പി ന്യൂസ് ടി വി ചാനലിന്റെ ആങ്കര്‍ പ്രതിമ മിശ്രയും ഛായാഗ്രാഹകന്‍ മനോജ് അധികാരിയും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തന ചരിത്രത്തില്‍ ഒരു പുതിയ അനുഭവം എഴുതിച്ചേര്‍ത്തിരിക്കുന്നു. പൊലീസ് ഭീകരതയില്‍ കാലൂന്നി നില്ക്കുന്ന യു പിയിലെ യോഗി ഭരണത്തെയും അതിന്റെ മുഖ്യ മാതൃ നേതൃത്വങ്ങളെയും അവര്‍ സ്തംഭിപ്പിച്ചിരിക്കുന്നു.
ഗാന്ധിജയന്തി ദിനത്തില്‍ പ്രതിമ മിശ്ര ഹത്രാസിലേക്കു കടന്നു ചെന്നു. പൊലീസ് ബാരിക്കേഡ് വക വെക്കാതെ നീങ്ങിയ ആ മാധ്യമ പ്രവര്‍ത്തകയെ യോഗിയുടെ പൊലീസ് സേനയ്ക്കു തളയ്ക്കാനായില്ല. നിശിതമായ ഒരു പകല്വിചാരണ നാം കണ്ടു. സേനയ്ക്കു നടുവില്‍ ധീരയായി നിന്നു നടത്തിയ ഉജ്ജ്വല പോരാട്ടമായിരുന്നു അത്. 2012ലെ നിര്‍ഭയാ കേസു മുതല്‍ 2020ലെ ഈ ഹത്രാസ് കേസുവരെയുള്ള എട്ടു വര്‍ഷം ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ എന്തു മാറ്റമാണ് ഉണ്ടാക്കിയതെന്ന് അവര്‍ ചോദിക്കുന്നു. ഏത് ഉത്തരവു പ്രകാരമാണ് തന്നെ തടയുന്നതെന്ന പ്രതിമയുടെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.

പ്രതിമയില്‍നിന്ന് മഴപോലെ ഉതിര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പൊലീസിനോ എസ് ഡി എമ്മിനോ സാധിച്ചില്ല. അവസാന മൊഴിയില്‍ താന്‍ ബലാല്ക്കാരം ചെയ്യപ്പെട്ടു എന്നു പരാതിപ്പെട്ട പെണ്‍കുട്ടിയെ മരണശേഷവും അപമാനിക്കുകയാണ് യോഗി സര്‍ക്കാര്‍. പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്താനും കുടുംബാംഗങ്ങളെ വീട്ടു തടങ്കലില്‍ പാര്‍പ്പിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊതുപ്രവര്‍ത്തകരെയും അകറ്റിനിര്‍ത്താനും പൊലീസ് പ്രകടിപ്പിക്കുന്ന തിണ്ണമിടുക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അതൊരു ബലാല്സംഗമേ ആയിരുന്നില്ലെന്ന് പൊലീസ് വാശിപിടിക്കുന്നു. ഉടലുകീറി കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടി ജീവിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞേക്കും. ഇത് ഒരു ജനാധിപത്യ രാജ്യമാണെന്ന് തോന്നുന്നില്ല.
ഹത്രാസി ലേക്കുള്ള റോഡുകളെല്ലാം അടച്ചു പൂട്ടിയിട്ട് മൂന്നു ദിവസമാകുന്നു. പെണ്‍കുട്ടിയുടെ ജഡം കത്തിച്ചുകളഞ്ഞ് കുടുംബത്തെ വീട്ടു തടങ്കലിലാക്കി അവിടെ കാവല്‍നില്‍ക്കുകയാണ് യു പിയിലെ പൊലീസ്. ആ പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ദില്ലിയില്‍നിന്നു പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും അക്രമിച്ചു പിടികൂടി തിരിച്ചയക്കുന്നതു കണ്ടു. ഈ ഹിംസാത്മകമായ പൊലീസ്മുഖത്തെ നേരിടാന്‍ ഒരു പെണ്‍കുട്ടിയുണ്ടായി എന്നത് ചെറിയ കാര്യമല്ല. പ്രിയപ്പെട്ട പ്രതിമാ മിശ്ര, സാഹസികമായ മാധ്യമ പ്രവര്‍ത്തനവും പ്രതിജ്ഞാബദ്ധമായ ധാര്‍മ്മിക ജ്വലനവും എന്തെന്ന് ഞങ്ങള്‍ കണ്ടു. ഹത്രാസിലെ പെണ്‍കുട്ടിയുടെ രക്തം വയലുകളില്‍ ആളുന്നതു കണ്ടു. ഇനി പത്ര പ്രവര്‍ത്തക എന്ന വേഷം അഴിച്ചു വെച്ചാലും ഇന്നത്തെ ആ പ്രകടനം മാത്രം മതിയാവും ഇന്ത്യന്‍ പത്ര പ്രവര്‍ത്തകര്‍ക്കാകെ അഭിമാനിക്കാന്‍. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്കാകെ നിവര്‍ന്നു നില്ക്കാന്.
എ ബി പി ന്യൂസ്, പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവിടെയെന്തു നടക്കുന്നു എന്ന് ലോകത്തോടു പറയാന്‍ നിശ്ചയിച്ചു. പ്രതിമ ആ ഉത്തരവാദിത്തമാണ് ഏറ്റെടുത്തത്. ഇരുനൂറിലേറെ പൊലീസുകാര്‍ വിട്ടിലേക്കുള്ള വഴി തടഞ്ഞ് നില്‍ക്കെ അവര്‍ ധീരമായി കടന്നു കയറി. ഓരോ സെക്കന്റിലും ലൈവായി ജനങ്ങളോടു സംസാരിച്ചും പൊലീസുകാരെ തുറന്നുകാട്ടിയും മുന്നേറി. പൊലീസ് തടയുമ്പോള്‍ അവരുയര്‍ത്തിയ ചോദ്യങ്ങള്‍ നിയമ പുസ്തകങ്ങളെ ഞെട്ടിച്ചിരിക്കും. ഒടുവില്‍ എ ബി പി വാര്‍ത്താ സംഘം പെണ്‍കുട്ടിയുടെ സഹോദരന്റെ അഭിമുഖം ഒളിവില്‍ നേടുന്നു. മിണ്ടാന്‍പോലും അനുവദിക്കാതെ പൊലീസ് കാവല്‍ നില്‍ക്കുന്നതിനിടെ ആ ഭീകരതയെക്കുറിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരന് ചാനലിനോട് സംസാരിച്ചു.
ദളിത് പെണ്‍കുട്ടികള്‍ നിരന്തരം ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയമാവുകയാണ് യു പിയില്‍. യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രക്തച്ചൊരിച്ചില്‍ പെരുകി. അക്രമി സംഘങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. സര്‍ക്കാര്‍ സംവിധാനത്തിന്റെ പിന്തുണ അവര്‍ക്കാണ്. ഹത്രാസ് കേസിലും ബലാല്‍സംഗം നടന്നിട്ടില്ല എന്നു സ്ഥാപിക്കാനാണ് പൊലീസിനു ധൃതി. മരിച്ച വീട്ടില്‍ ഒന്ന് ഉറക്കെ കരയാനാവാതെ ഭയന്നു കഴിയുകയാണ് കുടുംബം. മകളുടെ മുഖം അവസാനമായി ഒന്നു കാണാന്‍ കഴിഞ്ഞില്ല. ആരോടെങ്കിലും മിണ്ടിപ്പറഞ്ഞു കരയാന്‍ അനുവാദമില്ല. മിണ്ടരുത് എന്നാണ് ഉത്തരവ്. മൊബൈല്‍ ഫോണ്‍പോലും മാറ്റിയിരിക്കുന്നു എന്നാണ് സഹോദരന് പറഞ്ഞത്. ഇത് ഏതു രാജ്യമാണ് സുഹൃത്തുക്കളേ?
നിര്‍ഭയക്കു ശേഷം ദില്ലിയിലെ തെരുവുകള്‍ക്ക് അനക്കം വെച്ചിരിക്കുന്നു. മെഴുകുതിരികള്‍ എരിഞ്ഞു തുടങ്ങിയിരിക്കുന്നു. പ്രമാണിമാരായ മാധ്യമങ്ങള്‍ക്ക് സത്യം പറയാനുള്ള നാവും ശക്തിയും നല്കാന് പ്രതിമ മിശ്രയ്ക്കു കഴിയുമോ എന്നറിയില്ല. എന്നാല്‍ എന്റെ രാജ്യത്തെ ഓരോ പെണ്‍കുട്ടിയും ഈ ഗാന്ധി ജയന്തി ദിനത്തില്‍ സഹനത്തിന്റെയും സമരത്തിന്റെയും അതിര്‍ത്തി കണ്ടെത്തിയിരിക്കും. പ്രതിമാ മിശ്ര കൊളുത്തിയ വീര്യത്തിന് സത്യം അന്വേഷിക്കാനും ഇന്ത്യയുടെ ശിരസ്സിലണിയിക്കാനും തീര്‍ച്ചയായും പ്രാപ്തി കാണും. ധീരയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് അഭിവാദ്യം. ആളുന്ന പെണ്തിരിയുടെ പൊള്ളലില്‍ ഞങ്ങള്‍ ഉണരുന്നു, അഭിമാനിക്കുന്നു.
ആസാദ്
02 ഒക്ടോബര്‍ 2020
ഈപത്ര പ്രവർത്തക ഇന്ത്യന്‍ സ്ത്രീത്വത്തിന്റേ അഭിമാനമാണ്.ഇവർ സരക്ഷിക്കപ്പെടേണംഈഝാൻസീകീ റാണി ജിന്ദാബാദ്.
LikeLike
These facts are fake.it is only media made.if then why u forget the incidents in Kerala?Simple”Muthalakanner
and politics
LikeLike