ഡെന്മാര്ക്കില് എന്തോ ചീഞ്ഞു നാറുന്നു എന്നു പറഞ്ഞാല്‍ ആരും ഡെന്മാര്ക്കില് എന്താണ് ചീയുന്നത് എന്നല്ല അന്വേഷിക്കുക. ഒളിച്ചു വെക്കപ്പെട്ട ഒരു പ്രേരണയെയോ ഉദ്ദേശ്യത്തെയോ സൂചിപ്പിക്കുന്ന ചൊല്ലാണത്. ഷേക്സ്പിയറുടെ ഹാംലെറ്റില്നിന്നു നിത്യ വ്യവഹാരത്തിലേക്കു സ്വീകരിക്കപ്പെട്ട ഭാഷാ പ്രയോഗം. ആ വാക്യത്തിന് പദാനുപദം അര്‍ത്ഥം തേടി വിശദീകരിക്കേണ്ട കാര്യമില്ല.
സന്ദേശം എന്ന സിനിമയില്‍നിന്ന് മലയാളി നിത്യ വ്യവഹാരത്തിലേക്ക് സ്വീകരിച്ച ഭാഷാ പ്രയോഗമാണ് ‘പോളണ്ടിനെക്കുറിച്ചു മാത്രം മിണ്ടരുത്’ എന്നത്. അനിഷ്ടകരമായ വിഷയം സൂചിപ്പിച്ച് കീഴ്പ്പെടുത്താന്‍ നോക്കേണ്ട എന്നേ അതിന് അര്‍ത്ഥമുള്ളു. ഡെന്മാര്ക്കില് ഇപ്പോള്‍ ഒന്നും ചീഞ്ഞു നാറുന്നില്ലെങ്കിലും ഭാഷാവ്യവഹാരത്തില്‍ അതു നിലനില്‍ക്കുന്ന പോലെ പോളണ്ടില്‍ എന്തെന്തു രാഷ്ട്രീയ മാറ്റമുണ്ടായാലും ഈ ചൊല്ലിനു മാറ്റമില്ല.
അമ്പേശിവം എന്ന സിനിമയില്‍ നിന്നും ഇതുപോലൊരു വാക്യം പുറത്തു കടന്നിരുന്നു. താജ്മഹല്‍ തകര്‍ക്കപ്പെട്ടാല്‍ പ്രണയം ഇല്ലാതാകുമോ? എന്നതാണത്. സോവിയറ്റ് യൂണിയന് തകര്‍ന്നതോടുകൂടി സോഷ്യലിസം അവസാനിച്ചു എന്ന ആക്ഷേപത്തിനു മറുപടിയായാണ് ആ വാക്യം സിനിമയിലുള്ളത്. സമാന സന്ദര്‍ഭങ്ങളില്‍ നമ്മുടെ ഭാഷാവ്യവഹാരത്തില്‍ അതു കയറി വരുന്നു. പഴംചൊല്ലുകളാവേണ്ട പുതിയ ചൊല്ലുകള്‍ രൂപപ്പെടുകയാണ്.
പഴംചൊല്ലുകളും മറ്റു ഭാഷാപ്രയോഗങ്ങളും പഠനവിധേയമാക്കാവുന്നതാണ്. പുതിയ വിശദീകരണംകൊണ്ട് ഒരു ചൊല്ല് ഇല്ലാതാവും എന്നു ധരിച്ചുകൂടാ. എന്നാല്‍ പ്രകടമായ പിറകോട്ടുവലികളുള്ള പ്രയോഗങ്ങള്‍ നാം ബോധപൂര്‍വ്വം തിരസ്കരിക്കാന്‍ ശ്രമിക്കും. കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നതിലും മറ്റും കാണുന്ന പരിഷ്കൃതസമൂഹത്തിനു നിരക്കാത്ത മൂല്യവിചാരം നാം നിര്‍ബന്ധ പൂര്‍വ്വം കൈയൊഴിയും. എങ്കിലും ആ ചൊല്ല് വ്യവഹാരത്തില്‍നിന്ന് പൊടുന്നനെ മായുമെന്ന് കരുതുക വയ്യ.
ചൊല്ലുകള്‍ അതു രൂപപ്പെട്ട സന്ദര്‍ഭത്തെ വിട്ടു സ്വതന്ത്രമായി നില്ക്കുന്നവയാണ്. അപ്പോഴും രൂപപ്പെട്ട സന്ദര്‍ഭത്തിന്റെ മൂല്യസ്പര്ശം അതില്‍ ഉള്ളടങ്ങിയിരിക്കും. ഫ്യൂഡല്‍ മൂല്യ പരിസരത്തു രൂപംകൊണ്ട മിക്ക ചൊല്ലുകളും പരിഷ്കൃത ജനാധിപത്യ യുഗത്തില്‍ വിമര്‍ശ വിധേയമാകുകയോ ഭേദപാഠം തേടുകയോ ചെയ്യും. അതുപോലെ മുതലാളിത്ത സമൂഹത്തില്‍ രൂപംകൊണ്ട ചൊല്ലുകളും നവഭാവുകത്വങ്ങളോട് ഏറ്റുമുട്ടും.
കുംഭകോണത്തുനിന്നു അരി വാങ്ങിയതില്‍ അഴിമതി നടന്നുവോ എന്ന സംശയം കുംഭകോണം = അഴിമതി എന്ന സമവാക്യം സൃഷ്ടിച്ചു. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നമുക്കു കുംഭകോണത്തെ സ്വതന്ത്രമാക്കാന്‍ കഴിഞ്ഞില്ല. ചൊല്ലുകള്‍ ഒരു ദിവസംകൊണ്ടു പിറക്കുകയോ ഒരു ദിവസംകൊണ്ടു മായുകയോ ചെയ്യുന്നില്ല. അതിന്റെ വ്യവഹാര ചക്രം വേറെയാണ്. രാഷ്ട്രീയയുക്തികൊണ്ടു പരിഹരിക്കാവുന്ന ഒരു പദപ്രശ്നമല്ല അത്.
‘പോളണ്ടിനെപ്പറ്റി ഒന്നും മിണ്ടരുത്’ എന്ന പ്രയോഗത്തെ, അത് ആദ്യം പ്രയോഗിച്ച സന്ദര്‍ഭത്തിന്റെ രാഷ്ട്രീയ സാഹചര്യവും പോളണ്ടില്‍ പിന്നീടുണ്ടായ രാഷ്ട്രീയമാറ്റവും വിശദീകരിച്ചു നിര്‍വീര്യമാക്കാന്‍ നടന്ന ശ്രമം ശ്രദ്ധയില്‍പെട്ടു. അതൊരു പാഴ്ശ്രമമാണ്. കാരണം ആ ചൊല്ല് അതിന്റെ ഉത്പത്തി പരിസരത്തിന്റെ അടയാളങ്ങളോരോന്നും ഉരിഞ്ഞു കളഞ്ഞുകൊണ്ടാണ് വ്യവഹാരത്തില്‍ സജീവമാകുന്നത്. പുതിയ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ചിലപ്പോള്‍ ജന്മമെടുത്തുവെന്നും വരാം. പറഞ്ഞ വിഷയത്തെ വിട്ട് ഭാഷയുടെ അലകുകളില്‍ ചുറ്റിത്തിരിയുന്ന ചിന്ത ഒരു സംവാദത്തെയും അര്ത്ഥപൂര്ണമാക്കില്ല.
ചൊല്ലുകളിലെ സ്ഥലനാമങ്ങള്‍ ഭൂപടത്തില്‍ തെരയരുത്. നമ്മുടെ ശബ്ദകോശംകൊണ്ട് ചൊല്ലുകളുടെ വ്യാപ്തി അളന്നുകളയാമെന്ന് ധരിക്കുകയുമരുത്. അതിന് ഭാഷയുടെ സഞ്ചാര നിയമങ്ങള്‍ അറിഞ്ഞേ തീരൂ.
ആസാദ്
30 സെപ്തംബര്‍ 2020
