കേരളത്തിലെ മുഖ്യ ഭരണകക്ഷിയായ സി പി ഐ എം, സമരം = മരണം എന്ന ഒരു സമവാക്യം ഉണ്ടാക്കിയിരിക്കുന്നു. ‘സമരം ചെയ്യുന്നവര്‍ മരണത്തിന്റെ വ്യാപാരികളാണ്’ എന്നു ഭരണകൂടങ്ങളുടെ പ്രിയവചനം രൂപപ്പെടുത്തിയിരിക്കുന്നു. എക്കാലവും ഭരണകൂടങ്ങള്‍ ഈ വാക്യം ആഘോഷിക്കും.
ഇന്ത്യയിലാകെ കര്‍ഷക പ്രക്ഷോഭം അലയടിക്കുകയാണ്. മറ്റു പലവിധ സമരങ്ങളും സംസ്ഥാനങ്ങളില്‍ ശക്തിപ്പെടുന്നു. സിപിഐഎം ഉള്ളയിടങ്ങളില്‍ സമരത്തില്‍ സജീവമാണ്. ബംഗാളിലും ഹരിയാനയിലും രാജസ്ഥാനിലും ദില്ലിയിലും കര്‍ണാടകയിലും നടന്ന പ്രക്ഷോഭങ്ങളുടെ ചിത്രങ്ങള്‍ മാദ്ധ്യമങ്ങളില്‍ കണ്ടു. അത്ര രൂക്ഷമായ ഒരു മുന്നേറ്റവും കേരളത്തില്‍ ഇപ്പോഴില്ല.
ഈ പ്രക്ഷോഭം നടന്ന ഇടങ്ങളിലെല്ലാം കോവിഡ് അതിരൂക്ഷമാണ്. രോഗികളുടെ എണ്ണവും മരിച്ചവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്നിട്ടും ആ സമരങ്ങളിലെല്ലാം മാസ്കുകള്‍ നീങ്ങുന്നതും സാമൂഹിക അകലം വിസ്മരിക്കുന്നതും കണ്ടു. കോവിഡ് അച്ചടക്കം ലംഘിക്കപ്പെടുന്നു എന്ന ഭരണകൂട വിലാപത്തിന് ആരും വഴങ്ങിയില്ല. അത് ഏറ്റു പിടിക്കാന്‍ ആളുണ്ടായത് കേരളത്തിലാണ്. ആരോഗ്യ ശ്രദ്ധയില്‍ നാം എക്കാലവും മുന്നിലാണല്ലോ!
കോവിഡ് കാലത്ത് സമരം ചെയ്യുന്നവര്‍ മരണത്തിന്റെ വ്യാപാരികളാണെന്നും അവര്‍ ജൈവായുധങ്ങള്‍ തന്നെയാണെന്നും നമ്മുടെ ഇടതുനേതാക്കള്‍ ധാര്‍മ്മിക പ്രഭാഷണം നടത്തുന്നതു നാം കേട്ടു. കേരളത്തിലെ ഇടതുപക്ഷത്തു നിന്നാണല്ലോ ഇന്ത്യന്‍ ഇടതുപക്ഷം കാര്യങ്ങള്‍ പഠിക്കേണ്ടത്.! പുറം സംസ്ഥാനങ്ങളില്‍ ചെങ്കൊടികളെല്ലാം സമരരംഗത്താണ്. സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ അവരവിടെ മരണം വില്ക്കുകയോ വിതയ്ക്കുകയോ ആണ്! കേരളത്തിലെ പ്രതിപക്ഷത്തിന് സി പി ഐ എം നല്കുന്ന മുന്നറിയിപ്പ് ഇന്ത്യന്‍ പ്രതിപക്ഷത്തിന് ആകെ ബാധകമാണ്. എന്നാല്‍ അവരതിന് ചെവി കൊടുക്കുന്നില്ല. കേന്ദ്ര ഭരണകൂടത്തിനു മാത്രമാണ് ആ വചനം പ്രിയങ്കരമാവുന്നത്.
മരണത്തിന്റെ വ്യാപാരികള്‍ എന്ന ആക്ഷേപ പ്രയോഗത്തോടു വലിയ ആസക്തിയാണ് ഇവിടെ അതു പറയുന്നവര്‍ക്ക്. മരണത്തെ ഭയപ്പെടുന്നവര്‍ക്ക് ഞങ്ങളുടെ കൂടെ നില്ക്കാം എന്ന സന്ദേശമാണ് അതിലുള്ളത്. മരണത്തിനൊപ്പമോ ജീവിതത്തിനൊപ്പമോ എന്ന ദ്വന്ദ്വസൃഷ്ടിയാണത്. ജീവിതത്തിനൊപ്പം നില്ക്കുന്നവര് ഞങ്ങളെ പിന്തുണയ്ക്കണം.! ഞങ്ങളുടെ ഭരണത്തെ സ്തുതിക്കണം! അല്ലാത്തവരെ ശത്രുവിന്റെ ജൈവായുധത്തെ എന്നപോലെ നേരിടും! വ്യാജ ഏറ്റുമുട്ടലുകളെന്നോ യുഎ പി എ എന്നോ പിന്നെ കരഞ്ഞു വിളിക്കരുത്!
ഭീകരതയ്ക്ക് ഒപ്പമോ അമേരിക്കയ്ക്ക് ഒപ്പമോ എന്നു മുമ്പ് ബുഷ് ചോദിച്ചിട്ടുണ്ട്. അതേ ചോദ്യത്തിന്റെ ആവര്‍ത്തനമാണ് സി പി ഐ എം നേതാക്കള്‍ കേരളത്തില്‍ ഉയര്‍ത്തുന്നത്. കേന്ദ്രത്തില്‍ ഈ ചോദ്യം നരേന്ദ്ര മോദിയും സംഘപരിവാറും ഉയര്‍ത്തുന്നു. മരണത്തിന്റെ വ്യാപാരികളായ സമരക്കാര്ക്കൊപ്പമോ ഭരിക്കുന്ന ഞങ്ങള്‍ക്കൊപ്പമോ? കോവിഡ് കാലത്തെ പ്രതിഷേധ സമരങ്ങള്‍ മരണം വില്‍ക്കലും വിതയ്ക്കലുമാണ്! കോവിഡ് കാലത്ത് ജനജീവിതത്തില്‍ അശാന്തിയുടെ വിത്തു വിതച്ചു നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിയ്ക്കുന്നവര്‍ മരണംവിതയ്ക്കുന്നവരല്ല! അവര്‍ ചോദ്യം ചെയ്യപ്പെടരുത്!
ആരെങ്കിലും ചോദിക്കണം. ആരാണ് കര്‍ഷകരെ തെരുവിലിറക്കിയത്? ആരാണ് പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചു വരുത്തിയത്? കോവിഡ് വ്യാപനത്തിന്റെ ആശങ്ക നിറഞ്ഞ നാളുകളിലും ജനങ്ങളെ കൊള്ളയടിക്കുന്ന, പൊതു വിഭവങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്ന, തൊഴില്‍ സുരക്ഷയും മിനിമം വേതനവും ഇല്ലാതാക്കുന്ന, കയ്യേറ്റക്കാരെയും കള്ളക്കടത്തു ലോബികളെയും രക്ഷിക്കുന്ന, കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളി വിടുന്ന, ജനാധിപത്യ മൂല്യങ്ങളും അവകാശങ്ങളും ചവിട്ടി മെതിക്കുന്ന, ഭീകര നിയമങ്ങള്‍കൊണ്ടു വേട്ടയാടുന്ന തുടര്‍ച്ചയായ ഭരണകൂട നടപടികളോളം മരണം വിതയ്ക്കുന്നതെന്തുണ്ട്?
സര്‍ക്കാര്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ സമരങ്ങള്‍ ഉണ്ടാവില്ല. ഏതാവശ്യത്തിനും ജനങ്ങളെ പിഴിഞ്ഞൂറ്റാമെന്നും ഒരു പിടി അധികാരികള്‍ക്ക് സകലവിധ ധൂര്‍ത്തും തുടരാമെന്നും കരുതുമ്പോള്‍ തിരിച്ചടിയുണ്ടാകും. ജനങ്ങള്‍ക്കു ജീവനും സ്വത്തും ധാര്‍മ്മിക മൂല്യവും വിലപ്പെട്ടതാണ്. ഭരണഘടന നല്കുന്ന പൗരാവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ മരണത്തെക്കാള്‍ ചീത്തയായ നിശ്ശബ്ദതയില്‍ ജീവിക്കാന്‍ അവര്‍ ഇഷ്ടപ്പെടണമെന്നില്ല. അടിമ ജീവിതത്തിന്റെ സ്വാതന്ത്ര്യത്തെക്കാള്‍ ‘മരണ വ്യാപാരികള്‍’ എന്നാക്ഷേപിക്കപ്പെടുന്ന പ്രക്ഷോഭകര്‍ നീട്ടുന്ന മരണത്തിന്റെ സ്വാതന്ത്ര്യം അവര്‍ ഇഷ്ടപ്പെട്ടു എന്നു വരും. ഇന്ത്യയിലും ലോകത്താകെയും പടര്‍ന്നു പിടിക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ അതാണ് നമ്മോടു പറയുന്നത്. ആവശ്യമുണ്ട് രക്തസാക്ഷികളെ എന്ന മുദ്രാവാക്യം ഇന്ത്യനാകാശത്തു മുഴങ്ങിയത് ഇതിലും മോശമായ ഒരു രോഗകാലത്താണ്.
ഈ കുറിപ്പ് കോവിഡ് നിസ്സാരമാണെന്നോ അതു വക വെയ്ക്കേണ്ട എന്നോ ഉള്ള ആഹ്വാനമല്ല. അതീവ ശ്രദ്ധയോടെ വേണം കോവിഡിനെ നേരിടല്‍. ആതിനിടയില്‍ രോഗത്തെക്കാള്‍ മോശമായ ഭരണകൂട വേട്ടയാടലുകള്‍ ഉണ്ടാകുമ്പോഴും ജാഗ്രത കൈവെടിഞ്ഞുകൂടാ. പക്ഷെ, ഭരണത്തിന്റെ വക്താക്കള്‍ ജനങ്ങളെ പ്രക്ഷോഭങ്ങളിലേക്കു തള്ളിവിട്ട ശേഷം ആ മരണക്കെണി തങ്ങള്‍ സൃഷ്ടിച്ചതാണെന്ന വാസ്തവം ഒളിച്ചു പിടിക്കുന്നു. ആ വഞ്ചന തുറന്നു കാട്ടുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. ഭരണകൂടവും അതിന്റെ ഉപകൂടങ്ങളും ജനങ്ങളെ ദുസ്സഹമായ ജീവിതത്തിലേക്ക് തള്ളിവിടും. പ്രതിഷേധിക്കുമ്പോള്‍ അടിച്ചമര്‍ത്തും. ഉപജാപകപ്പട സമവാക്യവും ന്യായവാദവും സൃഷ്ടിച്ച് ഒറ്റുപണി തുടരും. അതിനിടയിലും ജീവിതത്തിന്റെ കൊടിക്കൂറ താഴ്ത്താന്‍ മരണം വെച്ചു നീട്ടുന്നവരുടെ താല്‍പ്പര്യം അറിഞ്ഞിരിക്കണം
ആസാദ്
29 സെപ്തംബര്‍ 2020.
