Article POLITICS

ഭാഷകൊണ്ടും ആയുധംകൊണ്ടും വെട്ടിവീഴ്ത്തുന്ന ചോരക്കളികള്‍

രോഗം പടര്‍ത്തുന്നവര്‍ എന്ന് വ്യക്തികളെയോ സംഘങ്ങളെയോ ചൂണ്ടിക്കാണിക്കുന്നവര്‍ അവരെ അക്രമിക്കൂ, അവരെ കൊല്ലൂ എന്ന ആഹ്വാനമാണ് മുഴക്കുന്നത്. ആള്‍ക്കൂട്ട വേട്ടയ്ക്കുള്ള ആഹ്വാനമാണത്. ,മാരകമായ രോഗങ്ങള്‍ പകരുന്നവര്‍ എന്നത് അധിക്ഷേപ വിളിയല്ല. കൊലവിളിയാണ്. കലാപ ആഹ്വാനം തന്നെയാണ്.

രോഗങ്ങള്‍ ആരും ബോധപൂര്‍വ്വം വരുത്തി വെയ്ക്കില്ല. ബോധപൂര്‍വ്വം പകരുകയുമില്ല. ആത്മഹത്യയും കൊലപാതകവും നടക്കുന്ന സമൂഹത്തില്‍ ഇതിന് അപവാദങ്ങളുണ്ടാകാം. എന്നാല്‍ കടല്‍ തീരത്തു നില്‍ക്കുന്നവരെ കടലില്‍ ചാടാന്‍ വന്നവരെന്ന് ആക്ഷേപിക്ക വയ്യ. ‘ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു വന്നവരെ’ കൊലയാളികളാക്കുകയും അരുത്. ചെറിയ വഴുതലും വ്യാകരണത്തെറ്റും വലിയ ക്രിമിനല്‍ കുറ്റമാക്കരുത്.

ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥവും അതിന്റെ വ്യാപ്തിയും അറിയാതെയുള്ള ഭാഷാ വ്യവഹാരം ആപത്ക്കരമാവാം. അവര്‍ മരണത്തിന്റെ വ്യാപാരികള്‍ എന്ന ചൂണ്ടു വാക്യത്തിനു പിറകില്‍ അവരെ കൊല്ലാതെ രക്ഷയില്ല എന്ന് ഹിംസയ്ക്കുള്ള സാധൂകരണം ഒളിപ്പിച്ചിരിക്കുന്നു. ഇതാ പോക്കറ്റടിക്കാരന്‍ എന്നു ചൂണ്ടിക്കാട്ടി രക്ഷപ്പെടുന്ന ക്രിമിനല്‍ വൈദഗ്ദ്ധ്യം അതിന്റെ പരകോടിയില്‍ ചോരക്കൊതി പ്രകടിപ്പിക്കുകയാണ്.

വിയോജിച്ചു പാര്‍ട്ടി വിടുന്നവന്‍ കുലംകുത്തി. മുന്നണി വിടുന്നവന്‍ പരനാറി. സഖാവിന് അന്ത്യകൂദാശ നല്‍കിയ പുരോഹിതന്‍ നികൃഷ്ട ജീവി. രാഷ്ട്രീയ എതിരാളിയുടെ അച്ഛന്‍ അട്ടംപരതി. സ്വതന്ത്രാഭിപ്രായം പറയുന്നവര്‍ പാര്‍ട്ടിവിരുദ്ധര്‍ എന്നിങ്ങനെ ഭാഷകൊണ്ടുള്ള അക്രമം ശീലമാക്കിയവര്‍ കൂട്ടക്കൊലയ്ക്കുള്ള സാധൂകരണമായാണ് മരണത്തിന്റെ വ്യാപാരികള്‍ എന്ന വിശേഷണം വികസിപ്പിച്ചെടുത്തത്. ഭാഷ വിനിമയോപാധി മാത്രമല്ല പ്രവര്‍ത്തനം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ സമൂഹമാണ് നമ്മുടേത്.

അഭിജിത് എന്ന വിദ്യാര്‍ത്ഥി നേതാവ് കോവിഡ് ടെസ്റ്റ് നടത്തിയത് വലിയ വിവാദവും കേസും ആയി മാറിയിരിക്കുന്നു. പേരു തെറ്റിച്ചു കൊടുത്തു, ക്വറന്റൈനില്‍ കഴിയുന്ന വീടിന്റെ ഉടമയുടെ ഫോണ്‍ നംബറാണ് നല്‍കിയത്, ആറു ദിവസമായി ക്വറന്റൈനിലാണെന്ന് പറഞ്ഞത് വിശ്വസിക്കാനാവില്ല, ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാത്ത ക്വറന്റൈന്‍ അംഗീകരിക്കാനാവില്ല, രോഗവിവരം മറച്ചു വെക്കാനുള്ള ശ്രമമാണ് നടത്തിയത്. പ്രതിപക്ഷം നടത്തുന്ന സമരം രോഗം പടര്‍ത്താനാണെന്ന് ഇതോടെ തെളിയുന്നു. തുടങ്ങി ആരോപണങ്ങളുടെ പെരുമഴയാണ് ഉണ്ടായത്. രോഗം പടര്‍ത്തുന്ന ദൗത്യമാണ് അഭിജിത് നിര്‍വ്വഹിച്ചതെന്ന് മുഖ്യമന്ത്രിയും വിധി പറപ്പെടുവിച്ചു.

സര്‍ക്കാറിന്റെ ആരോഗ്യ സംവിധാനങ്ങളുടെ സഹായം തേടിയ ഒരാളെ എങ്ങനെ അപമാനിക്കാം എന്നതിന്റെ തെളിവാണിത്. കോവിഡ് രോഗമുണ്ടാവാം എന്നു സംശയം വന്ന ഉടനെ നാട്ടിലേയ്ക്കുള്ള യാത്ര ഒഴിവാക്കി തലസ്ഥാനത്തെ സുഹൃത്തിന്റെ വീട്ടിനടുത്ത് ക്വറന്റൈന്‍ സൗകര്യം തേടിയ ഒരാളെയാണ് രോഗം പരത്തുന്നവനാക്കി മുദ്രയടിക്കുന്നത്. സുഹൃത്തിനൊപ്പം ടെസ്റ്റിനു പോയി. അവിടെ ക്വറന്റൈനില്‍ കഴിയുന്ന വീട്ടിന്റെ ഉടമയുടെ ഫോണ്‍നംബറാണ് കൊടുത്തത്. ആ നാട്ടുകാരനായ ഒരാളുടെ നംബര്‍. രോഗം പോസിറ്റീവായാല്‍ അങ്ങനെ ഒരാള്‍ ആദ്യം അറിയട്ടെ എന്നു കരുതുന്നത് രോഗം ഒളിച്ചു വെക്കാനുള്ള താല്‍പ്പര്യംകൊണ്ടാവില്ലല്ലോ. പേരു നല്‍കിയത് സുഹൃത്താണെന്നു പറയുന്നു. അതു തെറ്റായി പറഞ്ഞെന്നു തന്നെ വെയ്ക്കുക. ആളെ കണ്ടെത്താന്‍ താമസിക്കുന്നയിടത്തെ നംബര്‍ മതിയല്ലോ. കണ്ടെത്തി സമ്പര്‍ക്കത്തില്‍ വരാവുന്ന ആളുകള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ തടസ്സമില്ലായിരുന്നല്ലോ.

പഞ്ചായത്തു പ്രസിഡണ്ടിന്റെ ഉത്സാഹത്തിനു കാരണം അതിവേഗം ആളെ മനസ്സിലായതാണ്. എതിര്‍പാര്‍ട്ടിയുടെ ഒരു നേതാവിനെ അപകീര്‍ത്തിപ്പെടുത്താന്‍ കിട്ടിയ സന്ദര്‍ഭം അദ്ദേഹം പ്രയോജനപ്പെടുത്തി. പേരു അപൂര്‍ണമായോ തെറ്റായോ പറഞ്ഞതിനുള്ള കേസും ശിക്ഷയുമാവാം. എന്നാല്‍ മരണത്തിന്റെ വ്യാപാരത്തിനുള്ള ഗൂഢാലോചന എന്നൊക്കെ പറയാന്‍ നല്ല ചര്‍മ്മബലം വേണം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യം കണ്ടെടുക്കാനും ആറു ദിവസം ക്വറന്റൈനില്‍ കഴിഞ്ഞുവെന്ന വാദം തെറ്റാണെന്നു സമര്‍ത്ഥിക്കാനും ചിലര്‍ അമിതോത്സാഹം കാണിക്കുന്നതു കണ്ടു. സെപ്തംബര്‍ 17നായിരുന്നു ആ പരിപാടി എന്ന കാര്യം മറന്നു. വാസ്തവത്തില്‍ അഭിജിത് ക്വറന്റൈനില്‍ ഇരുന്നുവോ എന്നു ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തേണ്ടതുണ്ട്. അത് ഇങ്ങനെ ഉണ്ടയില്ലാവെടി വെച്ചുകൊണ്ടല്ല ചെയ്യേണ്ടത്.

ക്വറന്റൈന്‍ ലംഘനവും രോഗവ്യാപന ശ്രമവും കേസെടുക്കാവുന്ന കുറ്റമാണെങ്കില്‍ അതു ചെയ്ത ആരും ഒഴിവാക്കപ്പെടരുത്. സംസ്ഥാന മന്ത്രിയാണെങ്കിലും മന്ത്രിയുടെ ഭാര്യയോ ബന്ധുവോ ആണെങ്കിലും ഡി ജി പിയോ ചീഫ് സെക്രട്ടറിയോ ആണെങ്കിലും കുറ്റത്തിന് എഫ് ഐ ആറിട്ട് അന്വേഷണമാവാം. കുറ്റം പദവികള്‍ക്കും ബന്ധുത്വത്തിനും അനുസരിച്ച് മാറുകയില്ല. രാഷ്ട്രീയ എതിരാളികളെ തളയ്ക്കാനോ തകര്‍ക്കാനോ ഹീനമായ മാര്‍ഗം തേടരുത്. രാഷ്ട്രീയ പ്രവര്‍ത്തനം ഇത്രയും തരം താഴരുത്.

സമരങ്ങള്‍ രോഗവ്യാപനത്തിന് ഇടയാക്കും എന്നു കരുതുന്ന സര്‍ക്കാര്‍ സമരങ്ങള്‍ക്കു വഴിയൊരുക്കരുത്. പടക്കത്തിന് തീ കൊടുത്തിട്ട് അതിനു പൊട്ടാതിരുന്നുകൂടേ എന്നു ചോദിക്കരുത്. വെടിമരുന്നു ചോര്‍ന്നു പോയ പടക്കങ്ങളേ പൊട്ടാതിരിക്കൂ. ദേശീയ പാതയില്‍ നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ കോവിഡ് അച്ചടക്കം ലംഘിച്ചാണ് വീടുകളില്‍ കയറുന്നതും സ്ഥലമെടുപ്പ് നടത്തുന്നതും. തര്‍ക്കപദ്ധതികള്‍ തല്‍ക്കാലം നിര്‍ത്തി വെയ്ക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ കേള്‍ക്കുന്നില്ല. പ്രതിഷേധിക്കുന്നവര്‍ കോവിഡ് അച്ചടക്കം ലംഘിക്കുന്നവരാകും! അവര്‍ക്കെതിരെ പൊലീസ് മര്‍ദ്ദനവും കള്ളക്കേസും!

കോവിഡിന്റെ മറവില്‍ കള്ളക്കടത്തു ലോബിക്കു വഴങ്ങിയ സര്‍ക്കാര്‍ സംവിധാനം തുറന്നുകാട്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലും വകുപ്പിലും ഭരണത്തിന്റെ മറ്റു തലങ്ങളിലും നടന്ന പിന്‍വാതില്‍ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി കരാറുകളും ധനവിയോഗവും കോഴയും ഒന്നൊന്നായി പുറത്തുവന്ന സാഹചര്യത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ജനാധിപത്യ രാജ്യങ്ങളിലൊക്കെ ഇത്തരം ഭരണകൂട വിരുദ്ധ സമരങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിലെ ഭരണകക്ഷികള്‍ കേരളത്തിനു പുറത്ത് ഉജ്ജ്വല സമരങ്ങള്‍ നടത്തുന്നുണ്ട്. കോവിഡ് കേരളത്തിലെ മാത്രം പ്രതിഭാസമല്ല. കോവിഡ് കാലത്ത് സമരം നടത്തുന്നതു തെറ്റാണെങ്കില്‍ കേരളത്തിലെ മുഖ്യ ഭരണകക്ഷിയും ആ തെറ്റ് ചെയ്യുന്നുണ്ട്. ആ’തെറ്റ്’ ചെയ്യുന്നവരെ മരണത്തിന്റെ വ്യാപാരികള്‍ എന്നു വിളിക്കണമെങ്കില്‍ കേരള സര്‍ക്കാറിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും അങ്ങനെ വിളിക്കേണ്ടി വരും.

ജനകീയ പ്രശ്നങ്ങള്‍ തിരിച്ചറിയാനും അവയ്ക്കു രാഷ്ട്രീയ പരിഹാരം കാണാനും ശ്രമിക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒളിയുദ്ധങ്ങളും ചീത്തവിളികളും നടത്തി തൃപ്തിയടയുകയാണ്. ചുറ്റും ഊതിവീര്‍പ്പിച്ച ബലൂണുകളാണ് നിറയുന്നത്. യഥാര്‍ത്ഥ പ്രശ്നങ്ങളെ അവ മറച്ചു പിടിക്കുന്നു. പിറകില്‍നിന്നു വെട്ടി ശീലമായവര്‍ അതു ചെയ്യുന്നു. ഒരു ദര്‍ശനത്തിന്റെയും അതിരും ആകാശവും ആര്‍ക്കും മുന്നിലില്ല. വന്നതു വന്നു. കണ്ടതു വഴി. വായില്‍ വന്നതു യുക്തി. കൈയില്‍ തടഞ്ഞത് ആയുധം. ഇപ്പോള്‍ വേണ്ടതെന്തോ അതു മതി. നാളെയുടെ പ്രസ്ഥാനങ്ങളെ ഇന്നിന്റെ ഹീനമായ താല്‍പ്പര്യങ്ങളില്‍ കുരുക്കിയിടുന്ന നേതൃത്വങ്ങളാണ് നിറയെ. ഒരു വീണ്ടുവിചാരത്തിന് മുതിരുമെങ്കില്‍ നല്ലത്.

ആസാദ്
25 സെപ്തംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )