Article POLITICS

ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ പ്രസ്ഥാനവും കേരള രാഷ്ട്രീയവും

എന്റെ രാഷ്ട്രീയമെന്ത് എന്ന് ഫെയ്സ്ബുക് സുഹൃത്തുക്കള്‍ ചോദിക്കുന്നതു കേട്ടു.

ഇന്നത്തെ ഫാഷിസ്റ്റ് ഇന്ത്യയില്‍ വിപുലമായ ഫാഷിസ്റ്റ് വിരുദ്ധ ജനകീയ മുന്നണി വേണം എന്നു ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. എത്ര ചെറുതും ദുര്‍ബ്ബലവുമായ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനും വലിയ പങ്കാണ് വഹിക്കാനുള്ളത്. ബിജെപിയെയും സംഘപരിവാരങ്ങളെയും സന്തോഷിപ്പിക്കും വിധം ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ ചേരിയില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഞാന്‍ കൂട്ടു നില്‍ക്കില്ല.

അതോടൊപ്പം രാജ്യത്ത് പുതിയ സാമ്പത്തിക നയത്തിന്റെ ഇരകളായി പുറംതള്ളപ്പെടുന്ന ജനങ്ങളുടെ എണ്ണം പെരുകുന്നത് കാണുന്നു. അവര്‍ സമരരംഗത്തേയ്ക്ക് നിര്‍ദ്ദയം എടുത്തെറിയപ്പെടുകയാണ്. ഭൂരഹിതരും ഭവന രഹിതരും തൊഴില്‍ രഹിതരും കുടിയൊഴിക്കപ്പെടുന്നവരും കയ്യേറ്റങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയപ്പെടുന്നവരും അതിജീവന സമരങ്ങളില്‍ സജീവമാകുന്ന നേരത്ത് ഞാന്‍ അവര്‍ക്കൊപ്പമാണ്. ജനകീയ സമരങ്ങളുടെ രാഷ്ട്രീയം കോര്‍പറേറ്റ് ഭരണ വര്‍ഗ രാഷ്ട്രീയത്തിന്റെ എതിര്‍ മുഖമാണ്.

രാജ്യത്താകെ നടക്കുന്ന പോരാട്ടങ്ങളില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും ദളിതരുടെയും ആദിവാസി ഗോത്രങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സമരജീവിതങ്ങള്‍ക്ക് ഒപ്പമാണ് ഞാന്‍. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെയും സാമൂഹിക ഇടതുപക്ഷ വിഭാഗങ്ങളുടെയും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞാബദ്ധ ഐക്യമാണ് എന്റെ സങ്കല്‍പ്പത്തിലുള്ളത്. അതിനു ക്ഷിണം വരുത്തുന്ന ഒരു നിലപാടിനോടും വിട്ടുവീഴ്ച്ച സാദ്ധ്യമല്ലതന്നെ.

കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷം കേരള രാഷ്ട്രീയത്തിലെ കിടമത്സരത്തിനപ്പുറം ഈ ദേശീയ സാഹചര്യം മനസ്സിലാക്കാന്‍ തയ്യാറില്ലാത്തവരാണ്. ബിജെപിയാണ് മുഖ്യശത്രു എന്നു തിരിച്ചറിയാനും പറയാനും അറച്ചു നില്‍ക്കുന്നവരാണ്. ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുടെ ഭാഗമാകേണ്ട പാര്‍ട്ടികളെയും ജനവിഭാഗങ്ങളെയും ശിഥിലമാക്കുന്നവരാണ്. അത്തരം പാര്‍ട്ടികളുടെ തകര്‍ച്ചയില്‍ ആനന്ദം കണ്ടെത്തുന്നവരാണ്. ഞങ്ങള്‍മാത്ര വാദത്തിന്റെ അശ്ലീല നിലപാട് സ്വീകരിച്ചു ഫാഷിസ്റ്റുകള്‍ക്ക് പരോക്ഷ പിന്തുണ നല്‍കുന്നവരാണ്. കോര്‍പറേറ്റാശ്രിത പുറം തള്ളല്‍ വികസനത്തിന്റെയും സ്വകാര്യവത്ക്കരണത്തിന്റെയും കേന്ദ്രവഴി പിന്തുടരുന്നവരാണ്. സംസ്ഥാനാധികാരം വഴി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ യുഎപിഎ പോലുള്ള ഭീകര നിയമങ്ങളിലേക്ക് കേരളത്തെ കൂട്ടിക്കെട്ടുന്നവരാണ്. ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ മുന്നണിയില്‍ വരേണ്ട ശക്തികളെ ദുര്‍ബ്ബലപ്പെടുത്താന്‍ വര്‍ഗീയ പരീക്ഷണങ്ങള്‍ക്കു പോലും സന്നദ്ധത പ്രകടിപ്പിക്കുന്നവരാണ്. ആ വിയോജിപ്പും വിമര്‍ശനവും ഉന്നയിക്കാതെ വയ്യ. അത് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള എന്റെ സംഭാവനയാണ്.

ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വിവിധ ധാരകളോട് ഐക്യപ്പെട്ടു നില്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഒപ്പം ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യപ്പെടുന്നു. കോണ്‍ഗ്രസുപോലുള്ള വലതുപക്ഷ പാര്‍ട്ടികളോടുള്ള രാഷ്ട്രീയ വിയോജിപ്പ് പുതിയ സാഹചര്യത്തില്‍ മുഖ്യ ശത്രുതയായി ഉയര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തീവ്രവലതു വംശീയ രാഷ്ട്രീയാധിപത്യത്തോടു പൊരുതാന്‍ വലതു ജനാധിപത്യ പാര്‍ട്ടികള്‍ കൂടെ വേണം. പരിമിതമായ ജനാധിപത്യമെങ്കിലും നില നിന്നാല്‍ മാത്രമേ നമുക്കു ശാന്തമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍പോലും സാദ്ധ്യമാവൂ. ആ വിചാരം ഇല്ലാതായാല്‍ ഞാന്‍ ഫാഷിസത്തെ തുണയ്ക്കുന്നവനായി തരംതാഴും.

ഇന്നത്തെ ഇന്ത്യയില്‍ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മതേതര മൂല്യങ്ങളും പൗരാവകാശ ബോധവും ഹാനികൂടാതെ നിലനില്‍ക്കണം. അതിനു വേണ്ടി പൊരുതുന്ന വിപുലമായ ജനകീയ ഐക്യമുണ്ടാവണം. അതു തകര്‍ക്കുന്ന സങ്കുചിത താല്‍പ്പര്യങ്ങളെ പിന്തുണയ്ക്കാനാവില്ല. ഇന്ത്യന്‍ ഇടതുപക്ഷം മുന്‍നിരയിലുള്ള ഒരു ജനാധിപത്യ മുന്നേറ്റം ഞാന്‍ സ്വപ്നം കാണുന്നു. അതു തകര്‍ക്കുന്ന കേരളത്തിന്റെ സ്വാര്‍ത്ഥനേതൃത്വത്തെ ദയാരഹിതമായി വമര്‍ശിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്. അതവര്‍ ചോദിച്ചു വാങ്ങുന്നതാണ്. ഫാഷിസ്റ്റ് വിരുദ്ധമായ ഇന്ത്യന്‍ മുന്നേറ്റം ശക്തിപ്പെടുത്താന്‍ തടസ്സം നില്‍ക്കുന്ന എല്ലാറ്റിനെയും നിര്‍ദ്ദയമായും നിര്‍ഭയമായും ഞാന്‍ എതിര്‍ക്കും. ഇന്നത്തെ ഇന്ത്യ ആവശ്യപ്പെടുന്ന പുതു മുന്നേറ്റത്തിന്റെ രാഷ്ട്രീയമാണ് തല്‍ക്കാലം എന്റെ രാഷ്ട്രീയം.

ആസാദ്
25 സെപ്തംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )