നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയിലും ബഹുമാനപ്പെട്ട നീതിപീഠത്തിന്റെ വിധിയിലും വിശ്വാസവും ആദരവും പ്രകടിപ്പിക്കുന്നത് തീവ്ര ഇടതുപക്ഷ നിലപാടായാണ് സംസ്ഥാന ആഭ്യന്തര വകുപ്പിനു തോന്നുന്നത്. പൊലീസുകാരും മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും കോടതിവിധി വായിക്കണമെന്ന് ഉപദേശിക്കുന്നതും മഹാ അപരാധമാണത്രെ!
”ഇത് ഇന്ത്യയാണ്. ഇവിടെ ഒരു ഭരണഘടനയുണ്ട്. ആ ഭരണഘടന പൗരന് നല്കുന്ന അവകാശങ്ങളുണ്ട്. അത് എക്കാലവും നിലനില്ക്കട്ടെ” എന്നു പറയാന്‍ ഒരു സാധാരണ പൊലീസുകാരന് ആരാണ് എന്നത് കോഴിക്കോട്ടെ ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിന്റെ ഉറക്കം കെടുത്തുന്നു. അദ്ദേഹം അമിത താല്‍പ്പര്യമെടുത്ത് യു എ പി എ ചുമത്തി അറസ്റ്റു ചെയ്ത് എന്‍ ഐ എയെ ഏല്‍പ്പിച്ച അലനും താഹയ്ക്കും ജാമ്യം ലഭിച്ചതുതന്നെ അദ്ദേഹത്തിനു പൊറുക്കാനാവില്ല!. കോടതിയോടു ഇപ്പോളിങ്ങനെ പല്ലിറുമ്മുന്ന കാക്കിത്തമ്പുരാന് എന്തും ചെയ്യാനാവും സാധാരണ പൊലീസ് കോണ്‍സ്റ്റബിളിനോട്. അലന് താഹ കേസിലെ ജാമ്യവിധി എല്ലാവരും പഠിക്കേണ്ടതാണെന്ന് ഒരു പൊലീസുകാരന് പറയുന്നത് കമ്മീഷണറെ പൊള്ളിക്കുന്നു! ഉമേഷ് വള്ളിക്കുന്ന് എന്ന കോണ്‍സ്റ്റബിള്‍ പൊടുന്നനെ അങ്ങ് ഉയരം വെച്ച് തന്നെക്കാള്‍ പൊക്കത്തില്‍ ശിഖരങ്ങള്‍ വിടര്‍ത്തി നില്‍ക്കുന്നുവെന്ന് ഐ എ എസ്സുകാരന് ഭയക്കുന്നു!
ഇന്ത്യന്‍ ഭരണഘടന തീവ്രവാദമാകുന്ന കാലമാണ്. ഇതുപോലത്തെ ഏമാന്മാരാണ് അങ്ങനെയാക്കുന്നത്. ആ ഭരണഘടന സാധാരണ പൗരന് നല്കുന്ന ചില മൗലികാവകാശങ്ങളുണ്ട്. അതു പൊലീസിനും ന്യായാധിപര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍രഹിതര്‍ക്കും തടവുകാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എല്ലാം ഒരുപോലെയാണ്. ജോലിയുടെ സവിശേഷത പൗരാവകാശം ഇല്ലാതാക്കില്ല.
ഏമാന്മാരുടെ താന്‍ പ്രമാണിത്തത്തിന് ആരെയും ലോക്കപ്പില്‍ കൊല്ലാനും ആര്‍ക്കെതിരെയും യുഎപിഎ ചുമത്താനും അധികാരമുണ്ടെന്ന ഒരു ഭാവമുണ്ട്. ആനപ്പുറത്തുനിന്ന് ഇറങ്ങേണ്ടത് ജനങ്ങള്‍ക്ക് ഇടയിലേക്കാണെന്ന് അവര്‍ മറക്കുന്നു. വൈകിയാണെങ്കിലും വിതച്ചതു കൊയ്ത ഏമാന്മാരുള്ള നാടാണ്. അതു മറക്കരുത്. ഉമേഷ് വള്ളിക്കുന്ന് ആജ്ഞകള്‍ അനുസരിക്കേണ്ട സാധാരണ പൊലീസുകാരന് മാത്രമല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും പൗരാവകാശവും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പൗരന്കൂടിയാണ്. വീ ദി പീപ്പിള്‍ എന്ന് ഭരണഘടന തുടങ്ങുന്നത് ആ പ്രതിബദ്ധതയില്‍ ഊന്നിയാണ്.
‘അക്രമോത്സുകതയും സ്നേഹവ്യഗ്രതയും’ തമ്മിലുള്ള ഒരു സംഘര്‍ഷം കാവല്‍ സേനകളില്‍ പതിവാണ്. മനുഷ്യത്വം ചോര്‍ത്തിക്കളയാതെ നിയമപാലനം സാദ്ധ്യമാണെന്ന് പറയാന്‍ പരിഷ്കൃത സമൂഹത്തിനു കഴിയണം. ഉമേഷിനെപ്പോലെ അതിനു കഴിവുള്ള അനേകം പൊലീസുകാര്‍ നാട്ടിലുണ്ട്. ജനാധിപത്യ സമൂഹത്തിന് അവരെയാണ് വേണ്ടത്. ജനശത്രുക്കളെയല്ല.
ഭരണഘടന തീവ്രവാദമാണെങ്കില്‍ ഞങ്ങളൊക്കെ തീവ്രവാദികളാവും. പൊലീസ് സേന ആ തീവ്രവാദം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാകും. അലനെയും താഹയെയും നിത്യ തടങ്കലിലേക്ക് തള്ളി വിട്ടവര്‍ക്ക് കോടതിവിധി ജാള്യമുണ്ടാക്കുന്നത് സ്വാഭാവികമാണ്. അതു പക്ഷെ പ്രകടിപ്പിക്കാന്‍ നിയമ വ്യവസ്ഥ അനുവദിക്കുന്നില്ല. അതിന്റെ പേരില്‍ ഉമേഷിനെ ഇല്ലാതാക്കാമെന്ന തോന്നല്‍ വേണ്ട. അതു ജനങ്ങളോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാവും.
ഉമേഷ് എവിടെയൊക്കെ പോകുന്നുവെന്നും ആരുമായൊക്കെ സൗഹൃദമുണ്ട് എന്നും ഏമാന്മാര്ക്ക് നോക്കാം. പക്ഷെ അതിന്റെ പേരില്‍ നാട്ടിലെ സ്ത്രീകളുടെ പേരില്‍ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കാനോ അവരെ അപകീര്‍ത്തിപ്പെടുത്താനോ നോക്കരുത്. നിയമം ഏമാന്മാര്ക്കും ബാധകമാണ്. ഉമേഷിന്റെ സര്ഗാതമക സിദ്ധികളിലും പൗരാവകാശ കാഴ്ച്ചപ്പാടുകളിലും മതിപ്പുള്ള ധാരാളംപേര്‍ നാട്ടിലുണ്ട്. അത്ര മതിപ്പൊന്നും പല ഏമാന്മാരെപ്പറ്റിയും നാട്ടുകാര്‍ക്കില്ല. കുറ്റവാളികളെ പിടിക്കാന്‍ അറയ്ക്കുന്ന, പോക്സോ ചുമത്തേണ്ടവരെ തൊഴുതു പിന്മാറുന്ന പ്രമാണിമാരുടെ സേവകരെ ആര്‍ക്കാണ് അറിയാത്തത്? വിദ്യാര്‍ത്ഥികളുടെ മേല്‍ യുഎപിഎയും കീഴ് ജീവനക്കാരന് സസ്പെന്‍ഷനും നല്‍കാനുള്ള ശൗര്യം ആരെയും ഭയപ്പെടുത്താന്‍ പോന്നതല്ല.
പൊലീസ് വകുപ്പിന് നീതിബോധമുള്ള നേതൃത്വമുണ്ടോ? അങ്ങനെ ഉണ്ടെന്നൊരു തോന്നല്‍ ഈ ഭരണവും ഉണ്ടാക്കിയിട്ടില്ല. അതിനാല്‍ ഉമേഷിന്റെ ഭാവി പ്രവചിക്കാനാവില്ല. ഭരണഘടനയും നീതിബോധവും മുറുകെ പിടിച്ചതിന് ശിക്ഷിക്കപ്പെടാന്‍ ഈ നാട്ടിലെ ജനങ്ങള്‍ അനുവദിക്കില്ല. ഉമേഷിനൊപ്പം. ജനാധിപത്യ നീതിബോധത്തിനൊപ്പം.
ആസാദ്
23 സെപ്തംബര്‍ 2020
