Article POLITICS

ചെരിപ്പു വിപ്ലവം നവഫാഷിസ്റ്റുകള്‍ക്കു താക്കീത്

പാറ്റരാക്ഷസന് വിശക്കുന്നൂ,
സിംഹങ്ങളെ വേണം തിന്നാന്‍!!!

റഷ്യന്‍ നാടോടിക്കഥയിലുള്ളതാണ്. കൂറയെന്നോ പാറ്റയെന്നോ വിളിക്കുന്ന പ്രാണിപ്രമാണിക്ക് ഒരു അധികാര ഭ്രമം. അതിന് തന്റെ വലിപ്പം സങ്കല്‍പ്പിക്കാനായില്ല. വിശന്നപ്പോള്‍ അനുചര വൃന്ദത്തോടു കല്‍പ്പിക്കുന്നു, ‘കൊണ്ടുവാ സിംഹങ്ങളെ!’

ഫാഷിസം പാറ്റരാക്ഷസരുടെ റിപ്പബ്ലിക്കാണ്. വിശക്കുമ്പോള്‍ കൊണ്ടു വാ കമ്യൂണിസ്റ്റുകളെ എന്നോ കൊണ്ടു വാ സിംഹങ്ങളെ എന്നോ അലറും. എന്നാല്‍ ജനകീയ മുന്നേറ്റത്തിനു മുന്നില്‍ ദയനീയമായി പിന്‍ തിരിഞ്ഞോടും. പാറ്റ രാക്ഷസര്‍ക്കു ചെറു പ്രാണികളെ ദഹിപ്പിക്കാനുള്ള ശേഷിയേ കാണൂ. പക്ഷെ, അധികാരത്തിന്റെ ആനപ്പുറത്തിരിക്കുമ്പോള്‍ സങ്കല്‍പ്പിക്കുന്നത്, തിന്നുന്നത് സിംഹങ്ങളെയാണെന്നാണ്.

ഇപ്പോള്‍ ഈ നാടോടിക്കഥയും പുതു വംശീയ ഫാഷിസവും സന്ധിക്കുന്ന ഒരു രാഷ്ട്രീയ ചിത്രം കണ്ടത് ബെലാറസ് എന്ന കൊച്ചു രാജ്യത്താണ്. അവിടെ കുട്ടികളും മുതിര്‍ന്നവരും പാറ്റവിരുദ്ധ വിപ്ലവത്തിന്റെ കഥ പാടുന്നു. ഒരേകാധിപതിയെ തുരത്തണം അവര്‍ക്ക്. ഇത് ജനാധിപത്യ മുന്നേറ്റത്തിന്റെ ഒരു യൂറോപ്യന്‍ ചിത്രം. ഒരു ബ്ലോഗര്‍ തുടങ്ങിവെച്ച രാഷ്ട്രീയ വിമര്‍ശം ജനാധിപത്യ യുദ്ധമായി മാറിയ കഥ.

സര്‍ജി ടികാനോസ്കി എന്ന ബ്ലോഗര്‍ ബെലാറസിലെ അസ്വസ്ഥതകളെ ജനകീയ പ്രതിഷേധമായി പരിവര്‍ത്തിപ്പിച്ചു. ഇതോടെ പ്രസിഡണ്ട് അലക്സാണ്ടര്‍ ലുകാഷെങ്കോ കാല്‍ നൂറ്റാണ്ടായി തുടരുന്ന സ്വേച്ഛാധികാര വാഴ്ച്ച വെല്ലുവിളിക്കപ്പെട്ടു. വ്ലാദ്മീര്‍ പുടിനെ മാതൃകയാക്കിയുള്ള ഭരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ജനസമ്മതിയിലാണ് നില നില്‍ക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. ടികാനോസ്കി ഇദ്ദേഹത്തെ പഴയ നാടോടിക്കഥയിലെ പാറ്റയോടാണ് ഉപമിക്കുന്നത്. ഒരു ചെരിപ്പു വിപ്ലവംകൊണ്ടു നേരിടാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. സ്ലിപ്പര്‍ റവല്യൂഷന്‍ ഇന്നു ലോകത്തെ പിടിച്ചു കുലുക്കുന്നു.

ആദ്യം ഹിറ്റ്ലറുടെയും പിന്നീട് സ്റ്റാലിന്റെയും ഭരണത്തിലിരുന്ന പ്രദേശമാണിത്. പണ്ടു മുതല്‍ പോളണ്ടിനും റഷ്യക്കും ഉക്രെയിനും ജര്‍മനിക്കും പ്രിയം തോന്നിയ നാട്. 1945ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായതോടെ റഷ്യന്‍ ഭാഷയുടെയും സംസ്കാരത്തിന്റെയും ബലാല്‍ക്കാരത്തിനു വിധേയമായി. ബെലോറഷ്യന്‍ ഭാഷയും സംസ്കാരവും അവഗണിക്കപ്പെട്ടു. 1991ല്‍ സോവിയറ്റ് തകര്‍ച്ചയ്ക്കു ശേഷം വലിയ പ്രതീക്ഷയാണ് നിറഞ്ഞു നിന്നത്. എന്നാല്‍ 1994 മുതലുള്ള ലുകാഷെങ്കോ ഭരണം ഉരുക്കു മുഷ്ടിയുടെയും ഇരുമ്പു മറയുടെയും പരീക്ഷണമായിരുന്നു.

കോവിഡ് പകര്‍ച്ചവ്യാധി പടര്‍ന്ന കാലത്തു തന്നെ പുതിയ വിമോചന മുന്നേറ്റവും പടര്‍ന്നു. യൂ ട്യൂബറും ബ്ലോഗറുമായ ടിക്കാനോവ്സ്കി ആരംഭിച്ച തുറന്നു കാട്ടലുകള്‍ രാഷ്ട്രീയ പ്രതിരോധത്തിന്റെ രൂപമാര്‍ജ്ജിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പ്രസിഡണ്ടു തെരഞ്ഞെടുപ്പിലേക്ക് അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പിടികൂടി തടവറയിലാക്കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ സ്വെറ്റ്ലാന ടിക്കാനോവ്സ്കായ മത്സര രംഗത്തു വന്നു. ജനങ്ങള്‍ ആവേശപൂര്‍വ്വമാണ് അവരെ സ്വീകരിച്ചത്.

ആഗസ്ത് 9നു നടന്ന തെരഞ്ഞെടുപ്പ് ലുകാഷെങ്കോ അട്ടിമറിച്ചു. അന്നു തുടങ്ങിയ പ്രക്ഷോഭം ബെലാറസില്‍ തുടരുകയാണ്. സ്വെറ്റ്ലാന അറുപതു മുതല്‍ എഴുപതു ശതമാനം വരെ വോട്ടുകള്‍ നേടിയെന്ന് അവകാശപ്പെടുന്നു. ലുകാഷെങ്കോ ആകട്ടെ വോട്ടുകള്‍ എണ്ണുംമുമ്പുതന്നെ എണ്‍പതു ശതമാനം വോട്ടുകള്‍ ലഭിച്ചു എന്നാണ് അവകാശവാദം ഉന്നയിച്ചത്. പ്രക്ഷോഭത്തെ ഭരണകൂടം തെരുവുകളില്‍ അടിച്ചമര്‍ത്തുന്നു. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ സേനാ വിഭാഗങ്ങള്‍ തെരുവുകള്‍ കീഴ്പ്പെടുത്തി കടുത്ത നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇന്റെനെറ്റ് സൗകര്യങ്ങളും ഇല്ലാതാക്കി. കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി യു എന്‍ മനുഷ്യാവകാശ സമിതി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലും അത്ഭുതകരമായ ജനകീയ മുന്നേറ്റമാണ് രാജ്യത്തെമ്പാടും ഉയരുന്നത്.

ബെലാ റസ് എ ന്നതുതന്നെ വെള്ള റൂസ് എന്ന അര്‍ത്ഥത്തിലുള്ളതാണ്. സോവിയറ്റ് ഭരണ ശേഷം ആ വെളുപ്പാധിപത്യം അതിവേഗം തിരിച്ചു പിടിക്കാന്‍ ലുകാഷെങ്കോ ഭരണകൂടം ശ്രമിച്ചിരിക്കും. വംശീയ ദേശീയതകളുടെ സ്വേച്ഛാധികാര കാലം ആ കുഞ്ഞു രാജ്യത്തെ ജീവിതവും കലുഷമാക്കി. നവഫാഷിസ്റ്റ് ചേരിയില്‍ ബെലാറസിനെ കൂട്ടിക്കെട്ടാനുള്ള ശ്രമമാണ് ജനങ്ങള്‍ തടയുന്നത്. പ്രക്ഷോഭത്തിന് യൂറോപ്യന്‍ സമൂഹത്തില്‍ പിന്തുണ വര്‍ദ്ധിക്കുന്നുണ്ട്.

ഭീകര നിയമങ്ങളും വേട്ടകളും അടിച്ചേല്‍പ്പിക്കുന്ന സ്വേച്ഛാധികാര വംശീയ വാഴ്ച്ചകളുടെ കാലത്ത് പ്രതിരോധത്തിന്റെ പ്രത്യാശാഭരിതമായ വാര്‍ത്തകളും വരുന്നു. ഇത് ലോകത്തെ മര്‍ദ്ദിത സമൂഹങ്ങള്‍ക്കുള്ള ആഹ്വാനമാണ്. ചെരിപ്പു വിപ്ലവം ജനാധിപത്യം പുനസ്ഥാപിക്കാതിരിക്കില്ല.

ആസാദ്
23 സെപ്തംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )