നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഇല്ല എന്ന പി ജയരാജന്റെ പ്രസ്താവന ശരിതന്നെ. അതിന് നേതാക്കളുടെ മക്കള്‍ എന്തു ചെയ്താലും പാര്‍ട്ടിയെ ബാധിക്കില്ല എന്ന് അര്‍ത്ഥമില്ല.
വഴി വിട്ട പ്രവര്‍ത്തനം മക്കളുടെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്ന് ഉണ്ടാവാതെ നോക്കേണ്ടി വരും. വിവാഹം മക്കളുടെ കാര്യമാണെങ്കിലും ധൂര്‍ത്തു പാടില്ല എന്ന കാര്യത്തില്‍ പാര്‍ട്ടിക്കു നിര്‍ബന്ധമുണ്ട്. വീട്ടുകാരുടെ താല്പ്പര്യപ്രകാരമാണെങ്കിലും മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അരുത് എന്നും പാര്‍ട്ടി നിഷ്കര്‍ഷിക്കുന്നു. പാര്‍ട്ടിക്ക് അധികാരം കിട്ടുമ്പോള്‍ ഔദ്യോഗിക വാഹനങ്ങളോ സൗകര്യങ്ങളോ കുടുംബാംഗങ്ങള്‍ ഉപയോഗപ്പെടുത്തരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനം പാര്‍ട്ടിയെ മോശമായി ബാധിക്കും എന്നാണ് സി പി ഐ എം രേഖകള്‍ പറയുന്നത്.
അപ്പോള്‍ പ്രായപൂര്‍ത്തിയായ മക്കള്‍ ചെയ്യുന്നത് പാര്‍ട്ടിയുമായി ചേര്‍ത്തു പറയരുത് എന്ന വാദത്തെ പാര്‍ട്ടിതന്നെ തള്ളിക്കളയുന്നു എന്നര്‍ത്ഥം. പാര്‍ട്ടിക്ക് ചില പെരുമാറ്റ ചട്ടങ്ങളും സദാചാര സംഹിതകളുമുണ്ട്. നേതാക്കള്‍ക്ക് അത് അനുസരിക്കാതെ വയ്യ. കമ്യൂണിസ്റ്റ് സദാചാരമോ പാര്‍ട്ടി തീരുമാനമോ മക്കളും കുടുംബാംഗങ്ങളും അനുസരിക്കണം എന്ന ശാഠ്യമല്ല അത്. അവര്‍ക്ക് വ്യത്യസ്ത രാഷ്ട്രീയ കാഴ്ച്ചപ്പാടുപോലും ആവാം. ആ രാഷ്ട്രീയ വേര്‍തിരിവും പ്രകടമാവണം. നേതാക്കളുടെ രാഷ്ട്രീയത്തിന്റെയോ ഔദ്യോഗിക പദവിയുടെയോ തണല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ മക്കളെയോ മറ്റു കുടുംബാംഗങ്ങളെയോ അനുവദിച്ചുകൂടാ. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വഴക്കം.
നേതാക്കന്മാരുടെ പദവിയും അധികാരവും പ്രയോജനപ്പെടുത്തി ജോലിയോ സ്ഥാനമോ സമ്പത്തോ സൗഹൃദമോ നേടുന്നത് തെറ്റാണ്. ആ തെറ്റിലൂടെ വലിയ തെറ്റുകളിലേക്ക് വഴുതി നീങ്ങിയ മക്കള്‍ ചെയ്യുന്ന കുറ്റകൃത്യം അവരുടെ മാത്രം പിശകായി കാണാനാവില്ല. അവര്‍ക്കു വളവും നീരും നല്കി വളര്‍ത്തി പ്രോത്സാഹിപ്പിച്ച നേതാക്കളുടെ രീതി വിചാരണ ചെയ്യപ്പെടും. അവര്‍ തെറ്റിലേക്കു വഴുതുന്നത് തന്റെ പദവി ദുരുപയോഗിച്ച ഘട്ടത്തിലാണെന്ന് നേതാക്കള്‍ക്കു ബോധ്യപ്പെടണം. അത് ഏറ്റു പറയണം.
ഒട്ടും ആസ്തിയില്ലാതെ തുടങ്ങിയ രാഷ്ട്രീയ ജീവിതം കോടികളുടെ ആസ്തിയിലേക്കു കുതിച്ചുയരുന്നത് നാം കണ്ടിട്ടുണ്ട്. നേതാക്കന്മാരും കുടുംബാംഗങ്ങളും മാത്രം നേടുന്ന സൗഭാഗ്യത്തിന്റെ അക്ഷയപാത്രം ഏതെന്നു ജനങ്ങളറിയണം. ആ പ്രവര്‍ത്തനം ആശാസ്യമായ പൊതുപ്രവര്‍ത്തനമല്ല എന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പഠിപ്പിക്കുന്നത്. ആ പഴയ കമ്യൂണിസ്റ്റ് പാഠങ്ങളൊക്കെ തിരുത്തിയെഴുതിയോ എന്നറിയില്ല. ജയരാജന് വ്യാഖ്യാനമെഴുതുന്ന പുതിയ കമ്യൂണിസ്റ്റ് സദാചാരം ആരാണ് എഴുതിയിട്ടുണ്ടാവുക എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
മകന്/മകള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അവര്‍ തന്നെ നേരിടട്ടെ എന്ന് ഏതു രക്ഷിതാവിനും കൈകഴുകി ശുദ്ധരാവാം. എന്നാല്‍ അവര്‍ എങ്ങനെ തെറ്റിന്റെ പാതയിലേക്ക് എത്തിയെന്ന് ഏതു രക്ഷിതാവും ആലോചിക്കണം. അതു വ്യക്തിപരമായ കാര്യം. എന്നാല്‍ പാര്‍ട്ടി നല്കിയ പദവികള്‍ അറിഞ്ഞോ അറിയാതെയോ ദുരുപയോഗം ചെയ്യപ്പെട്ടുവോ എന്ന് പാര്‍ട്ടിയ്ക്ക് ചര്‍ച്ച ചെയ്യേണ്ടി വരും. അത് ഒഴിവാക്കാന്‍ പറ്റില്ലെന്ന് ജയരാജനും അറിയാം.
നല്ല മാര്‍ക്കോടെ ഒരു ബിരുദംപോലും ഇല്ലാത്തവര്‍ ഉന്നത സ്ഥാനങ്ങളിലേക്ക് ക്ഷണിക്കപ്പെടുന്നത് അച്ഛന്നേതാവിന്റെ പ്രഭാവം കണ്ടാണെന്ന് ആര്‍ക്കാണ് അറിയാത്തത്? ഏതു പദവിയിലെത്തിയാലും അതൃപ്തി ഒഴിയാത്തവരുണ്ട്. ആര്‍ത്തി കെട്ടടങ്ങില്ല. പണം കിട്ടുന്നിടത്തേക്ക് ചാഞ്ഞും ചെരിഞ്ഞും വലിയ മെയ് വഴക്കം കാണിക്കും. അതിന് എന്തും ചെയ്യും. ആ പ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി മാറിയാല്‍ കുറ്റത്തില്‍ അച്ഛന്നേതാവിന് കൈകഴുകി ശുദ്ധി നടിക്കാന്‍ കഴിയുമോ? കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അത് എളുപ്പമാവില്ല.
അതിനാല്‍ ചെയ്യാവുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അതല്ലാതാക്കി മാറ്റുക എന്നതാണ്. ഇപ്പോഴത്തെ നേതൃത്വം അതിനാണ് ശ്രമിക്കുന്നത്. നേതാക്കള്‍ തിരുത്തിയാല്‍ മതി എന്നു പറയാന്‍ ശേഷിയുള്ളവരെ കാണാനില്ല. അലനും താഹയും യുഎപിഎ ചുമത്തപ്പെടേണ്ടവരായത് മാവോയിസ്റ്റു പ്രവര്‍ത്തകരായതുകൊണ്ടാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജയരാജന് വ്യക്തമാക്കുന്നത് പൊലീസ് കണ്ടെത്തും മുമ്പ് താനാണ് ആ സത്യം കണ്ടെത്തിയത് എന്നാണ്. അപ്പോള്‍ അലനെയും താഹയെയും ആരാണ് പിടിപ്പിച്ചതെന്ന് വ്യക്തമാവുന്നു. കണ്ണൂര്‍ പാര്‍ട്ടിയുടെ ഓപറേഷനായിരുന്നു അത്. നേതാക്കളുടെ മക്കള്‍ പോകുന്ന വഴിയില്‍ പുസ്തകങ്ങളോ ചിന്തകളോ ഇല്ല. അലന്റെയും താഹയുടെയും വഴിയില്‍ അവയുണ്ട്. അലനെയും താഹയെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ ജയരാജനു ഉറക്കമില്ല. പാര്‍ട്ടിക്കും. നേതാക്കളുടെ മക്കളാവുമ്പോള്‍ പാര്‍ട്ടിക്ക് ഇടപെട്ടുകൂടാ. അത് പാര്‍ട്ടിയുടെ കാര്യമല്ല!
അപ്പോള്‍ എങ്ങോട്ടാണ് ഇക്കൂട്ടര്‍ പോകുന്നത്? പാര്‍ട്ടിയെത്തന്നെ ദുര്‍ബ്ബലപ്പെടുത്തി ഇവര്‍ എന്താണ് നേടുന്നത്? ഏതു പുസ്തകമാണ് ഇവരെ നയിക്കുന്നത്? പിതാക്കള്‍ക്കും പുത്രന്മാര്ക്കും സ്തുതി. നിങ്ങള്‍ വലിയൊരു വിമോചന സ്വപ്നത്തെ അടിയോടെ തകര്‍ത്തു അര്മാദിക്കുകയാണല്ലോ! എന്തൊരു മിടുക്ക്!!
ആസാദ്
22 സെപ്തംബര്‍ 2020
