തന്റെ രാഷ്ട്രീയ പാര്‍ട്ടിയ്ക്കു വേണ്ടി കൊല ചെയ്യാനും കൊലയാളീ പട്ടമണിയാനും പ്രവര്‍ത്തകര്‍ക്ക് വിരോധമില്ലാത്ത കാലമാണ്. അനല്‍പ്പമായ സന്തോഷവും അഭിമാനവും അവരെ പ്രചോദിപ്പിക്കുന്നുമുണ്ടാവും. ആ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം വരെയും പോകും. സുപ്രീംകോടതിവരെ പോയി കൊലയാളികളെ രക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ കടമയായി നേതാക്കളും സര്‍ക്കാറും കരുതുന്നു. പൊതുഖജനാവിലെ പണമുപയോഗിച്ചു രാഷ്ട്രീയ കേസ് നടത്താന്‍ വേണ്ട കൗശലം അവര്‍ക്കുണ്ട്. ഭരണമുള്ള കാലത്ത് അതു പലമട്ടു ചെയ്യാനുമാവും.
പാര്‍ട്ടിക്കുവേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ പൊരുതി നില്ക്കുന്നവര് ശത്രുക്കളെ ഏതു വിധത്തിലും എതിര്‍ക്കും. ശ്ലീലമോ അശ്ലീലമോ ആയ ഭാഷ ഉപയോഗിച്ചേക്കും. സ്ത്രീകളോടു സംസാരിക്കുമ്പോള്‍ അമാന്യമായ ഭാഷയില്‍ പറയാനറയ്ക്കില്ല. മാനനഷ്ടക്കേസോ പീഡനക്കേസോ വരട്ടെ! പീഡനക്കേസില്‍ പ്രതികളായി ജാമ്യത്തിലിറങ്ങുമ്പോള്‍ പാര്‍ട്ടി സ്വീകരണം ഒരുക്കും. കേസ് നടത്താന്‍ സഹായിക്കും. രാഷ്ട്രീയ കൊലപാതകം പോലെ മാന്യമല്ലേ രാഷ്ട്രീയ സ്ത്രീപീഡനം?!
ട്രഷറിയില്‍നിന്നു സോഫ്റ്റ് വെയറില്‍ തിരിമറി നടത്തി ലക്ഷങ്ങളോ കോടികളോ അടിച്ചു മാറ്റുന്ന കേസുകളില്‍ അന്വേഷണം മുന്നോട്ടു നീങ്ങുന്നില്ലെങ്കില്‍ ആ മോഷണം രാഷ്ട്രീയ മോഷണമാണെന്നു കരുതണം. പാര്‍ട്ടിക്കു വേണ്ടി മോഷണം നടത്തുമോ എന്ന സംശയം എനിക്കുമുണ്ട്. കേസുകളില്‍ അന്വേഷണവും കുറ്റപത്രവുമെല്ലാം വല്ലാതെ വൈകുന്നതു കാണുമ്പോള്‍ അങ്ങനെ വിചാരിക്കാന്‍ നാം നിര്‍ബന്ധിതരാവുകയാണ്. രാഷ്ട്രീയ കൊലപാതകം ഉണ്ടോ എന്ന സംശയം ആരും പ്രകടിപ്പിക്കുന്നില്ലല്ലോ! അന്വേഷണത്തില്‍ കാണുന്ന ഇടപെടലും അനാസ്ഥയുമാണ് കുറ്റകൃത്യത്തെ രാഷ്ട്രീയമാണോ എന്നു വ്യക്തമാക്കിത്തരുന്നത്. ദുരിതാശ്വാസ നിധിയില്‍നിന്നു പണം തട്ടുന്ന കേസും മെല്ലെ പോകുന്നുവെങ്കില്‍ അതിനു പിറകില്‍ ചെറുതല്ലാത്ത താല്‍പ്പര്യം കാണുമല്ലോ.
നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സ്പീക്കറുടെ ചേമ്പര്‍ അടിച്ചു തകര്‍ക്കുന്ന ഒരു ചിത്രം നാലഞ്ചു വര്‍ഷം മുമ്പു കണ്ടത് ഇപ്പോഴും മറന്നിട്ടില്ല. ആ കേസ് പിന്‍വലിക്കാനോ തള്ളിക്കളയാനോ വേണ്ട തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. അന്നത്തെ ധനമന്ത്രി കെ എം മാണി കോഴവാങ്ങിയതിനെതിരെ നടത്തിയ പ്രതിഷേധമാണ് നിയമസഭയില്‍ അക്രമാസക്തമായത്. രാഷ്ട്രീയ അക്രമം കുറ്റകരമല്ലെന്ന സമീപനമാണ് ഭരണകക്ഷിയുടേത് എന്നു വ്യക്തം.
രാഷ്ട്രീയ കൊലപാതകം, രാഷ്ട്രീയ പീഡനം, രാഷ്ട്രീയ മോഷണം, രാഷ്ട്രീയ അക്രമം എന്നിങ്ങനെ കുറ്റകൃത്യം വിശുദ്ധപ്പെടുത്തുന്ന വിശേഷണമായി രാഷ്ട്രീയം മാറുകയാണ്. ആ വിശേഷണപദം പുരസ്കാരംപോലെയാണ് പല പ്രവര്‍ത്തകരും അണിയുന്നത്. അത് കുറ്റവാളികള്‍ക്ക് ആദരവും അംഗീകാരവും നല്കാനിടയാക്കുന്നു. സ്പീക്കറുടെ കസേര മറിച്ചിടാന്‍ നേതൃത്വം നല്കിയ ആള് സ്പീക്കറാവുമെന്നത് ‘നല്ല വാഗ്ദാന’മാണ്.
ഇങ്ങനെ കുറ്റകൃത്യം വിശുദ്ധപ്പെടുന്ന കാലത്ത് ധാര്‍മ്മികത എന്നൊന്ന് നിലനില്‍ക്കില്ല. ജനാധിപത്യ രാഷ്ട്രീയം എന്നത് അധികാര ജീര്‍ണതയുടെ അശ്ലീലത്തില്‍ മുങ്ങുന്നു. സത്യാനന്തര കാലത്തിന്റെ യുക്തികള്‍കൊണ്ട് ന്യായീകരണം നടത്താനാണ് രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നത്. കുറ്റം ആരു ചെയ്താലും ഒരുപോലെ ശിക്ഷാര്‍ഹമാണെന്ന് പറയാന്‍ നമുക്കു കഴിയാത്തതെന്ത്? നിയമസഭയിലെ അക്രമം സംബന്ധിച്ച കേസ് തുടരണമെന്ന ഇന്നത്തെ കോടതി ഉത്തരവ് ആശ്വാസം നല്കുന്നു. എന്നാല്‍ ഇതിലും അപ്പീല്‍ പോകാനാവും സര്‍ക്കാര്‍ ശ്രമിക്കുക. പൊതുഖജനാവിലെ പണം അതിനുള്ളതല്ല?!
ആസാദ്
22 സെപ്തംബര്‍ 2020
