Article POLITICS

വിറ്റു തുലയ്ക്കുകയാണ് ഇന്ത്യയുടെ ആത്മാവിനെ

കാര്‍ഷിക മേഖലയുടെ സ്വകാര്യവത്ക്കരണം ഏറെക്കുറെ പൂര്‍ത്തിയാവുകയാണ്. ഭൂമിയുടെ നീതിയുക്തമായ വിതരണമോ തരംതിരിക്കലോ കാര്‍ഷിക പരിഷ്കാരമോ നരേന്ദ്ര മോദി സര്‍ക്കാറിന്റെ അജണ്ടയിലില്ല. ദരിദ്രരും ഭൂരഹിതരുമായ കര്‍ഷകരുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും പരിഗണന നേടുന്നില്ല. കാര്‍ഷിക മുതലാളിത്തത്തെ കോര്‍പറേറ്റ് കമ്പോള മത്സരങ്ങളിലേക്ക് കണ്ണി ചേര്‍ക്കാനാണ് ഉത്സാഹം. പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്ന് നിയമമാകുന്നത് ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ കച്ചവടച്ചീട്ടാണ്.

Farmers’ Produce Trade and Commerce (Promotion and Facilitation) Bill, 2020, Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill, 2020, The Essential Commodities (Amendment) എന്നീ മൂന്നു ബില്ലുകളാണ് കാര്‍ഷിക രംഗം കലുഷമാക്കിയിട്ടുള്ളത്. സെലക്റ്റ് കമ്മറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ ധൃതിപിടിച്ചു ബില്‍ പാസാക്കുന്നത്. രാജ്യത്തെ കര്‍ഷകരുടെ വികാരം കണക്കിലെടുക്കാനും സര്‍ക്കാര്‍ തയ്യാറല്ല. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രതിഷേധം ആളിപ്പടരുകയാണ്.

കേന്ദ്ര മന്ത്രിസഭയില്‍നിന്ന് ഹംസ്രത് കൗള്‍ ബാദല്‍ രാജിവെച്ചത് ഈ ബില്ലുകളില്‍ പ്രതിഷേധിച്ചാണ്. പഞ്ചാബിലെ കര്‍ഷകരുടെ അമര്‍ഷത്തില്‍ പങ്കുചേരാതെ അവര്‍ക്കു സാദ്ധ്യമല്ലാതെ വന്നു. ബിജെപി പാര്‍ലമെന്റില്‍ തങ്ങള്‍ക്കു ലഭിച്ച ഭൂരിപക്ഷം അമിതാധികാര പ്രയോഗത്തിനും കോര്‍പറേറ്റ് കൂട്ടുകച്ചവടത്തിനും പിന്‍ബലമാക്കുകയാണ്.
ദരിദ്രരും സാധാരണക്കാരുമായ കര്‍ഷകരെ വന്‍കിട കോര്‍പറേറ്റുകളുടെ കരാര്‍ തൊഴിലാളികളോ അടിമകളോ ആക്കി മാറ്റാവുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. ഭൂരഹിത കര്‍ഷകരുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവും. വിളകളുടെ വിലയും വിതരണവും വില്‍പ്പനയുമെല്ലാം കോര്‍പറേറ്റ് കുത്തകകളുടെ കൈകളിലേക്കു നീങ്ങും. താങ്ങുവിലകള്‍ ഇല്ലാതാവും. ഗ്രാമച്ചന്തകള്‍ അപ്രത്യക്ഷമാകും. ഇന്ത്യന്‍ ഗ്രാമീണ ജീവിതം കൂടുതല്‍ ദരിദ്രവത്ക്കരിക്കപ്പെടും.

ഹരിതവിപ്ലവത്തിന്റെ ഗുണഫലങ്ങളോ എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍പോലുള്ളവര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളോ നില നില്‍ക്കില്ല. തങ്ങളുടെ വിളകള്‍ക്ക് വിലപേശാന്‍പോലും കഴിയാതെ വന്‍കിട കോര്‍പറേറ്റുകള്‍ക്കും ഭരണകൂട നിയമങ്ങള്‍ക്കും മുന്നില്‍ തകര്‍ന്നു വീഴാനേ ഇന്ത്യന്‍ കര്‍ഷകര്‍ക്കു സാധിക്കൂ. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ദീര്‍ഘകാലം കൈവശംവെച്ച് അനുഭവിച്ചതിന്റെ കയ്പ് നമ്മുടെ ജീവിതത്തില്‍നിന്നു മാഞ്ഞു പോയിട്ടില്ല. സ്വാതന്ത്ര്യാനന്തരം കടന്നുവന്ന കോര്‍പറേറ്റുകള്‍ക്ക് മണ്ണ് അധീനപ്പെടുന്നതു തടയാന്‍ നിരന്തരം പ്രക്ഷോഭം നടത്തുന്നവരാണ് നമ്മുടെ രാജ്യത്തെ കര്‍ഷകര്‍. ഇപ്പോള്‍ രാജ്യത്തിന്റെ ആത്മാവു തന്നെയാണ് നിയമത്തിലൂടെ കോര്‍പറേറ്റ് രാജിന് അടിമപ്പെടുത്തുന്നത്.

തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തും ഭൂമി പിടിച്ചെടുക്കല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും കാര്‍ഷിക മേഖലയോടുള്ള യുദ്ധം സമീപ കാലത്തു ശക്തിപ്പെട്ടിരിക്കുന്നു. അത് കൂടുതല്‍ ഭീകരമാകുന്നതാണ് ഇപ്പോള്‍ കാണുന്നത്. രാജ്യസഭയില്‍ എതിര്‍പ്പു പ്രകടിപ്പിച്ച എളമരം കരീം, കെ കെ രാഗേഷ് തുടങ്ങിയവരുള്‍പ്പെടെയുള്ള എം പിമാരെ സസ്പെന്റ് ചെയ്തിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങള്‍ നമ്മുടെ പാര്‍ലമെന്റിലും അടിച്ചമര്‍ത്തപ്പെടുന്നു എന്നു ഭയപ്പെടേണ്ടി വരുന്നു.

കര്‍ഷകര്‍ തുടര്‍പ്രക്ഷോഭങ്ങളിലേക്കു നീങ്ങുകയാണ്. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവു കുടികൊള്ളുന്നത് എങ്കില്‍ അതിനു മുറിവേറ്റിരിക്കുന്നു. ആ മുറിവ് ഇന്ത്യയെ വേദനിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്യട്ടെ.

ആസാദ്
21 സെപ്തംബര്‍ 2020

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )