തായ്ലന്റില്നിന്ന് ഒരു പെണ്‍കുട്ടിയുടെ ശബ്ദം അതിരുകള്‍ കടന്നു മുഴങ്ങുന്നുണ്ട്. രാജകൊട്ടാരത്തിനു മുന്നിലേയ്ക്ക് ഭയലേശമില്ലാതെ ആയിരങ്ങളെ നയിച്ചു ചെന്ന ജനാധിപത്യോത്സുക വിദ്യാര്‍ത്ഥികളുടെ നേതാവ്. തമസാത് സര്‍വ്വകലാശാലയിലെ സാമൂഹികശാസ്ത്ര വിദ്യാര്‍ത്ഥി. റൂങ്ങ് എന്ന വിളിപ്പേരുള്ള ഇരുപത്തിരണ്ടുകാരി പനുസായ സിതിജിറാവത്താനാകുള്.
തായ്ലന്റ് ജനാധിപത്യ – പട്ടാള ഭരണങ്ങളുടെ ഇടകലര്‍ന്നുള്ള അധികാര മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. രാജവാഴ്ച്ച അപ്പോഴും നില നില്ക്കുന്നു. മഹാ വജ്രലങ്കോണ് എന്ന രാജാവാണ് ഇപ്പോഴുള്ളത്. ഒപ്പം ജനാധിപത്യ ഭരണ സംവിധാനവുമുണ്ട്. പ്രയൂത് ചാന് ഒ ചായാണ് പ്രധാനമന്ത്രി. രാജാവും കുടുംബവും കൈവശം വെച്ച അധികാരവും അവര്‍ നടത്തുന്ന ധൂര്‍ത്തും ജനങ്ങളുടെ അവകാശം ചവിട്ടിയരക്കുന്നതാണെന്ന വികാരമാണ് വിദ്യാര്‍ത്ഥികളില്‍ വളരുന്നത്.

ആഗസ്ത് 10ന് തമസാത് സര്‍വ്വകലാശാലാ റാങ്സിത് കാമ്പസില്‍ വിദ്യാര്‍ത്ഥി സംഘടനാ മുന്നേറ്റത്തിന്റെ പത്തു പ്രശ്നങ്ങള്‍ ഉന്നയിച്ചു ള്ള മാനിഫെസ്റ്റോ അവതരിപ്പിച്ചുകൊണ്ട് റൂങ്ങ് പറഞ്ഞു. ”എനിക്കു നിശബ്ദയാവാന്‍ കഴിയില്ല. രാജ്യം യഥാര്‍ത്ഥ ജനാധിപത്യത്തില്‍ എത്തണം. ഒത്തുതീര്‍പ്പുകള്‍ പരിഹാരമല്ല”. രാജദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ടുള്ള സാഹസികമായ രാഷ്ട്രീയ പോരാട്ടത്തിനാണ് അവര്‍ തുടക്കം കുറിച്ചത്.
”രാജ്യം ജനങ്ങളുടേതാണ്, രാജകുടുംബത്തിന്റേതല്ല, എല്ലാ മനുഷ്യരുടെയും രക്തം ചുവപ്പാണ്. ആരും നീല രക്തമുള്ളവരായി ജനിക്കുന്നില്ല’ എന്നൊക്കെയുള്ള അവരുടെ പ്രസ്താവങ്ങള്‍ ആയിരങ്ങളെ ആവേശംകൊള്ളിക്കുന്നു. ബാങ്കോങ്കിലെ റോയല്‍ ഗ്രൗണ്ടിന്റെ (സനം ല്വാന് എന്നു വിളിക്കുന്ന വിശാലമായ മൈതാനം) പേര് വിദ്യാര്‍ത്ഥികള്‍ മാറ്റി. അതിനി പീപിള്‍സ് ഗ്രൗണ്ട് എന്നേ അറിയപ്പെടൂ. അവിടെ അവര്‍ നാട്ടിയ ശിലാഫലകത്തില്‍ ‘ഈ രാജ്യം ജനങ്ങളുടേതാണ്’ എന്നു കൊത്തി വെച്ചിരിക്കുന്നു.

ഇന്നലെ ആ മൈതാനത്തു സമ്മേളിച്ചാണ് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ രാജ കൊട്ടാരത്തിലേക്ക് മാര്‍ച്ചു ചെയ്തത്. രാജ കുടുംബത്തിന്റെ അമിതാധികാരവും ധൂര്‍ത്തും അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം ഉയര്‍ന്നു. ആവശ്യങ്ങളെഴുതിയ കത്ത് പൊലീസ് മുഖേന രാജാവിന് കൈമാറി. തായ്ലന്റില് വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം പിറവിയെടുക്കുകയാവണം. ലോക മാധ്യമങ്ങള്‍ അങ്ങനെയാണ് വാര്‍ത്തകള്‍ നല്‍കുന്നത്.
ഒക്ടോബര്‍ 14ന് അവര്‍ പൊതു പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ വിപുലമായ പ്രചാരണത്തോടൊപ്പം ചില നിര്‍ദ്ദേശങ്ങളും റൂങും കൂട്ടരും മുന്നോട്ടു വെക്കുന്നു. രാജകുടുംബത്തിന് മുഖ്യ ഓഹരിയുള്ള സ്യാം കൊമേഴ്സ്യല്‍ ബാങ്കിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ ജനങ്ങളോടുള്ള ആഹ്വാനമാണ് അതിലൊന്ന്. പുതിയ മുന്നേറ്റത്തെ അടയാളപ്പെടുത്താന്‍ വ്യത്യസ്തമായ ചില ശീലങ്ങള്‍ ആവിഷ്കരിക്കാനും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. മൂന്നു വിരലുകള്‍ ഉയര്‍ത്തിയുള്ള സല്യൂട്ടും വെള്ള റിബ്ബണ്‍ ഉപയോഗവും അതില്‍പ്പെടും. ദേശീയഗാനം ഉയരുമ്പോള്‍ തെരുവുകളിലും തീവണ്ടി സ്റ്റേഷനുകളിലുമെല്ലാം പുതിയ അഭിവാദന രീതി പടര്‍ന്നു കഴിഞ്ഞു.
പുതിയ നായികയ്ക്കും മുന്നേറ്റത്തിനും പിറകില്‍ ആരാണുള്ളതെന്ന് പലരും അന്വേഷിക്കുന്നു. ഒരദ്ധ്യാപകനും ഞങ്ങളെ നിയന്ത്രിക്കുന്നില്ല എന്നാണ് റൂങിന്റെ മറുപടി. മുതിര്‍ന്നവര്‍ അനുവദിക്കാനിടയില്ലാത്ത സാഹസമാണ് തങ്ങളുടേതെന്ന് റൂങ്ങിനും കൂട്ടര്‍ക്കും വ്യക്തമാണ്. കോവിഡ് കാല നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഭരണകൂടം റൂങ്ങിനെതിരെ തിരിഞ്ഞതാണ്. ഇന്നലെ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഏതുവിധം പ്രതികരണമാണ് ഉണ്ടാവുകയെന്ന് ലോകം ഉറ്റു നോക്കുന്നു.

തായ്ലന്റ് രാഷ്ട്രീയം അമേരിക്കന്‍ ഇംഗിതങ്ങള്‍ക്കു കീഴ്പ്പെട്ടേ നീങ്ങുക പതിവുള്ളു. ഈ മുന്നേറ്റത്തിനു പിറകിലെ ജനാധിപത്യ തൃഷ്ണയ്ക്കും ഒരു സാര്‍വ്വദേശീയ പശ്ചാത്തലം ഉണ്ടായെന്നു വരാം. തൊട്ടടുത്തു കിടക്കുന്ന മ്യാന്മറിലെ ആങ് സാന്‍ സൂചിയുടെ പഴയ ജീവിതം റൂങിനെ ആവേശംകൊള്ളിച്ചുവോ ആവോ! ഏതായാലും കോവിഡ്കാലം മാസ്കു ധരിച്ച് മരവിച്ചു കഴിയാനുള്ളതല്ല എന്ന ബോധ്യം വിദ്യാര്ത്ഥിലോകത്ത് വ്യാപകമാവുകയാണ്. ഹംഗറിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം തെരുവുകളില്‍ പടരുന്ന കാലത്ത്, വളരെ വ്യത്യസ്തമായ മുദ്രാവാക്യമാണ് ഉയര്‍ത്തുന്നതെങ്കിലും പനുസായാ റൂങിന്റെ പോരാട്ടവും ശ്രദ്ധേയമാണ്. വിമോചനത്തിന്റെ പോരാട്ടവീര്യം ആളിക്കൊണ്ടേയിരിക്കുമെന്ന് അതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ആസാദ്
21 സെപ്തംബര്‍ 2020