Article POLITICS

ഈന്തപ്പഴവും മതഗ്രന്ഥവും നിയമം മറന്ന സഞ്ചാരങ്ങള്‍

ഈന്തപ്പഴം കൊണ്ടുവന്നുകൂടേ കോണ്‍സുലേറ്റിന് ഡിപ്ലോമാറ്റിക് ചാനലില്‍ എന്നു ചോദിച്ചാല്‍ കൊണ്ടുവരാം എന്നുതന്നെയാണ് ഉത്തരം. അതു പക്ഷെ അവര്‍തന്നെ തിന്നു തീര്‍ക്കണം. പുറത്തു വിതരണം ചെയ്യാനോ വില്‍പ്പന നടത്താനോ അവര്‍ക്കു കഴിയില്ല. നിയമം അതിന് അനുവദിക്കുന്നില്ല. എന്നിട്ടും പുറത്തു വിതരണം ചെയ്തുവെങ്കില്‍ അതില്‍ നിയമലംഘനം നടന്നു എന്നുവേണം കരുതാന്‍. അതില്‍ പങ്കാളികളായവര്‍ക്കെല്ലാം കുറ്റത്തില്‍ പങ്കുണ്ട്.

മതഗ്രന്ഥങ്ങള്‍ കോണ്‍സുലേറ്റിന് ഡിപ്ലോമാറ്റിക് ബഗേജില്‍ കൊണ്ടുവന്നുകൂടേ എന്നു ചോദിച്ചാല്‍ കൊണ്ടുവരാം എന്നുതന്നെയാണ് ഉത്തരം. അതു പക്ഷേ അവര്‍ക്കു വായിക്കാനാവണം. പുറത്തു വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല. നിയമം അത് അനുവദിക്കുന്നില്ല. എന്നിട്ടും പുറത്തു വിതരണം നടന്നുവെങ്കില്‍ അതില്‍ നിയമലംഘനം നടന്നു എന്നുവേണം മനസ്സിലാക്കാന്‍. അതില്‍ പങ്കാളികളായവര്‍ ആ കുറ്റത്തിലും പങ്കാളികളാകുന്നു.

കോണ്‍സുലേറ്റിന് ആവശ്യമുള്ളത് (നിരോധിക്കപ്പെട്ടവ ഒഴികെ) അതതു രാജ്യങ്ങളില്‍നിന്ന് കൊണ്ടുവരാന്‍ തടസ്സമില്ല. സര്‍ക്കാറിന്റെ ചട്ടങ്ങള്‍ക്കു വിധേയമായി അതു ചെയ്യാം. അതിനു നികുതിയിളവും ലഭിക്കും. സാധാരണ നിലയില്‍ വിതരണത്തിനോ വില്‍പ്പനയ്ക്കോ ഉള്ള അനുവാദം കോണ്‍സലേറ്റുകള്‍ക്കില്ല. സര്‍ക്കാറിന്റെ പ്രോട്ടോകോള്‍ വിഭാഗത്തിന്റെ അനുവാദമില്ലാതെ ഒന്നും ചെയ്യാനാവില്ല.

പ്രശ്നം എന്തു കൊണ്ടുവന്നു എന്നതു മാത്രമായി ചുരുക്കരുത്. അതു കൊണ്ടുവന്നവര്‍ (ഇവിടെ കോണ്‍സുലേറ്റ്) നിയമം ലംഘിച്ചുവോ എന്നതും സംസ്ഥാന സര്‍ക്കാറിന്റെ മന്ത്രിയോ ഉദ്യോഗസ്ഥരോ ആ നിയമലംഘനത്തിന്റെ ഭാഗമായിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടണം. ഈന്തപ്പഴം കൊണ്ടുവന്നത് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണോ? അതിന് മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുണ്ടോ? എത്രയളവില്‍ ഏതേതിടങ്ങളില്‍ അതു വിതരണം ചെയ്തു? ഏതു പദ്ധതിയുടെ ഭാഗമായിരുന്നു അത്?

അതേ പ്രശ്നം മതഗ്രന്ഥം കൊണ്ടുവന്നതിലും വിതരണം ചെയ്തതിലും കാണാം. വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റ് നമ്മുടെ രാജ്യത്തെ പ്രോട്ടോകോള്‍ ലംഘിച്ചുവോ? കേന്ദ്രത്തിലോ സംസ്ഥാനത്തിലോ ഉള്ള പ്രോട്ടോകോള്‍ ഓഫീസിന്റെ ഏത് അനുവാദ പത്രത്തോടെയാണ് സംസ്ഥാനത്തെ മന്ത്രി അതു സ്വീകരിച്ചത്? അങ്ങനെ ഏറ്റെടുക്കാനും വിതരണം ചെയ്യാനും നമ്മുടെ രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ മന്ത്രി ചെയ്ത കുറ്റത്തിന്റെ വ്യാപ്തി എത്രത്തോളമാണ്?

ഈന്തപ്പഴം കുട്ടികള്‍ക്കു കൊടുക്കുന്നതു നല്ലതല്ലേ? ഓര്‍ഫനേജിലും മറ്റുമുള്ള കുട്ടികള്‍ക്ക് അത് വലിയ അനുഗ്രഹമായില്ലേ എന്നൊക്കെ ചോദിക്കുന്നത് നിഷ്കളങ്കമായി കാണാനാവുമോ? അങ്ങനെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കണമെങ്കില്‍ അതിനു നിയമപരമായ സാദ്ധ്യതകള്‍ തേടുകയാണ് വേണ്ടത്‌. സംഭാവനയോ സ്വകാര്യ വിതരണമോ നടത്താന്‍ വിദേശരാജ്യത്തിന് നമ്മുടെ രാജ്യം തുറന്നു കൊടുത്തിട്ടില്ല. അതു സാങ്കേതികവും നിയമപരവുമായ വിഷയമാണ്. മന്ത്രിയും സര്‍ക്കാറുമൊക്കെ പാലിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട നിയമത്തെക്കുറിച്ചാണ് പറയുന്നത്. മതഗ്രന്ഥത്തിന്റെ വിതരണത്തില്‍ സര്‍ക്കാര്‍ നിയമലംഘനമാണ് നടത്തിയത് എന്നു വേണം കരുതാന്‍.

മതഗ്രന്ഥമല്ലേ, അതു വിതരണം ചെയ്യുന്നതു നല്ലതല്ലേ എന്നൊക്കെയാണ് നമ്മുടെ മതേതര സര്‍ക്കാര്‍ ചോദിക്കുന്നത്. അതു ന്യായമാവാം. നിയമം പാലിച്ചുകൊണ്ടുവേണം അതു ചെയ്യാനെന്ന് അവര്‍ക്ക് അറിയാതെ വരുമോ? ഇവിടെ എന്തൊക്കെ സമ്മാനങ്ങളും സംഭാവനകളും വാങ്ങി? ആതെത്രമാത്രം സാധൂകരിക്കാം എന്നതൊക്കെ നമ്മുടെ വിദേശ കാര്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പുസ്തകം മുന്‍ നിര്‍ത്തിയാണ് നിശ്ചയിക്കപ്പെടുക.

കോണ്‍സുലേറ്റാണ് ഒന്നാം പ്രതിയാവുക എന്ന് അഭിപ്രായമുണ്ടാവാം.അതുകൊണ്ട് തുടര്‍ന്നുള്ള ആരും പ്രതികളാവില്ല എന്ന അര്‍ത്ഥമുണ്ടാവുമോ? സ്വന്തം രാജ്യത്തിന്റെ നിയമം പാലിക്കാനും കോണ്‍സുലേറ്റിനെ ഓര്‍മ്മപ്പെടുത്താനും ബാധ്യതപ്പെട്ടവര്‍ കുറ്റ കൃത്യത്തില്‍ പങ്കാളികളായോ എന്നതാണ് ഇവിടത്തെ വിഷയം. ഈ വിഷയങ്ങളൊക്കെ ഉയര്‍ന്നു വന്നത് ഒരു സ്വര്‍ണ കള്ളക്കടത്തു കേസിന്റെ അന്വേഷണം നടക്കുമ്പോഴാണ് എന്നത് ഗൗരവതരമാണ്. കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഓഫീസില്‍ പരിചയവും സ്വാധീനവും ഉണ്ടായിരുന്നു എന്നത് പ്രശ്നത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു.

ആസാദ്
20 സെപ്തംബര്‍ 2020

1 അഭിപ്രായം

  1. ഇവിടെ കൊടുത്തിട്ടുള്ള പ്രോട്ടോക്കോൾ ബുക്ക് ഏഴാം പാരഗ്രാഫ് പ്രകാരം മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന് വിതരണം ചെയ്യുന്നതിനും എട്ടാം പാരഗ്രാഫ് പ്രകാരം ചാരിറ്റിക്കുവേണ്ടി ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിനും പ്രശ്നമൊന്നുമില്ല, കസ്റ്റംസ് നികുതി ഇളവില്ലാന്നേ ഉള്ളു.

    Liked by 1 person

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )