Article POLITICS

സമരങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണകൂടമാണ്

പ്രതിഷേധ സമരങ്ങള്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്ന് മുഖ്യമന്ത്രി. ആ നിരീക്ഷണം ശരിയായിരിക്കാം. സമരങ്ങള്‍ മാറ്റി വെയ്ക്കാവുന്ന ഉത്സവങ്ങളല്ല. ഭരണകൂടം പ്രകോപിപ്പിച്ചു തള്ളി വിടുന്ന മനുഷ്യരുടെ പ്രതിരോധമാണ്.

അമേരിക്കയിലെ ബ്ലാക് ലീവ്സ് മാറ്റര്‍ എന്ന ജനകീയസമരം മുതല്‍ ഇന്ത്യന്‍ കര്‍ഷകരുടെ പ്രക്ഷോഭം വരെ കോവിഡുകൊണ്ടു മാറ്റി വെയ്ക്കപ്പെട്ടില്ല. ബുഡാപെസ്റ്റിലെ വിദ്യാര്‍ത്ഥി സമരം ആയിരങ്ങളുടെ പങ്കാളിത്തത്തോടെ തുടരുകയാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സമരങ്ങള്‍ മാറ്റി വെയ്ക്കപ്പെടുന്നില്ല. ജീവിതം പ്രതിസന്ധിയിലാകുമ്പോള്‍ ജനങ്ങള്‍ ഒരു രോഗത്തെയും ഭയക്കുകയില്ല.

കേരളത്തില്‍തന്നെ നോക്കൂ ദേശീയപാതാ വികസനത്തിന്റെ പേരില്‍ ഉദ്യോഗസ്ഥ സംഘവും പൊലീസ് സേനയും കോവിഡ് അച്ചടക്കം ലംഘിച്ചു വീടുകളിലേക്ക് ഇരച്ചു കയറുമ്പോള്‍ ഇരകള്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. പുറംതള്ളല്‍ വികസനത്തിന്റെ ഇരകള്‍ക്ക് കോവിഡിനെ ഭയക്കാന്‍ സമയമോ സാവകാശമോ കാണില്ല. തര്‍ക്ക പദ്ധതികള്‍ നീട്ടിവെയ്ക്കാന്‍ മനസ്സു കാണിക്കാത്ത സര്‍ക്കാറാണ് സമരങ്ങള്‍ അഴിച്ചു വിടുന്നത്.

പൊതു ജീവിതവും പൊതു ധാര്‍മ്മികതയും അക്രമിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം പ്രതിഷേധം ശക്തമാണ്. തുടര്‍ച്ചയായി ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ രാജ്യത്തെങ്ങും പ്രതിഷേധം ആളിക്കത്തിക്കുന്നു. ഇതിനു കൂട്ടു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാറുകളും സമരങ്ങളെ ക്ഷണിച്ചു വരുത്തുന്നു. കോവിഡ് കാലം അപ്രഖ്യാപിതമായ ആഭ്യന്തര അടിയന്തരാവസ്ഥയാക്കി മാറ്റുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കറുകളുടെ നടപടികളാണ് തിരുത്തേണ്ടത്. തീവ്ര വലതു ഭരണ നേതൃത്വങ്ങള്‍ ലോകത്തെങ്ങും ഇതേ ജനവിരുദ്ധ നിലപാടുകളാണ് കൈക്കൊള്ളുന്നത്. ആള്‍ക്കൂട്ട സമരങ്ങളെ അപലപിക്കുന്ന കോടതികള്‍ ഭരണകൂടം എന്തു ചെയ്താണ് സമരങ്ങളെ സൃഷ്ടിക്കുന്നതെന്ന് കാണാന്‍ മടിക്കുകയാണ്.

കേരളത്തിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്ന യുവാക്കളുടെ രക്തം വീഴുന്നുണ്ട്. ഭരണ കേന്ദ്രത്തിലേക്ക് സ്വര്‍ണ കള്ളക്കടത്തു സംഘങ്ങളുടെ സ്വാധീനമുണ്ടായി എന്ന ഞെട്ടിക്കുന്ന അറിവാണ് പ്രതിഷേധത്തിനു കാരണം. ആരോപണ വിധേയരും സംശയത്തിന്റെ നിഴലില്‍ പെട്ടവരും മാറി നില്‍ക്കണമെന്ന ആവശ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. ആരും ആവശ്യപ്പെടാതെ ഇടതുപക്ഷ നേതൃത്വം നടപ്പാക്കേണ്ട കാര്യമാണത്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഭരണ കക്ഷി നേതാക്കളുടെ മക്കളുമെല്ലാം ഇങ്ങനെ കണ്ണിചേര്‍ന്ന് ഒരു കേസിന്റെ തുടര്‍ച്ചകളാകുന്ന സംഭവം അപൂര്‍വ്വമാണ്. ഓരോരുത്തരായി ദേശീയ അന്വേഷണ ഏജന്‍സികളുടെ മുന്നിലേക്ക് വിളിക്കപ്പെടുകയാണ്.

ഒരു ഭാഗത്ത് പൊതുജീവിതത്തിലെ സ്തംഭനവും സാമ്പത്തിക തകര്‍ച്ചയും നേരിടുമ്പോള്‍ മറുഭാഗത്ത് സര്‍ക്കാറിന്റെ ധൂര്‍ത്തും അഹങ്കാരവും പിടിച്ചുപറിയും മൂല്യത്തകര്‍ച്ചയും ന്യായീകരണ വാദങ്ങളും അസഹ്യമാണ്. പ്ലമ്പിംഗ് ഉപകരണങ്ങളുടെയോ ഈന്തപ്പഴത്തിന്റെയോ ഖുര്‍ ആന്റെയോ മറവില്‍ കള്ളക്കടത്തു സംഘം സ്വര്‍ണം കടത്തിയോ എന്നു സംശയിക്കുമ്പോള്‍ ‘ഇതാ ഖുര്‍ ആനെ അധിക്ഷേപിക്കുന്നേ’ എന്നു നിലവിളിക്കുന്നത് ദയനീയമായ കുറ്റസമ്മതമല്ലാതെ മറ്റെന്ത്? കള്ളനെ കൈയോടെ പിടിക്കാന്‍ ഓടിക്കൂടിയ ജനങ്ങള്‍ കുറ്റക്കാരാവുകയാണ്. അവര്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു മരണത്തിന്റെ വ്യാപാരം നടത്തുന്നു!! കള്ളനോ കോവിഡ് അച്ചടക്കം പാലിച്ച മാന്യനാണ്!!

സമരങ്ങള്‍ക്ക് സംസ്ഥാനത്തിലായാലും ലോകത്തില്‍ എവിടെയായാലും ഒരു കാരണം മാത്രമേയുള്ളു. അധികാരത്തിലുള്ള ഭരണ സംവിധാനങ്ങളാണ് അവ സൃഷ്ടിക്കുന്നത്. കേരളത്തില്‍ സിപി എമ്മാണ് ഭരിക്കുന്നത്. ഇവിടെ ആള്‍ക്കൂട്ടസമരങ്ങള്‍ അവര്‍ക്ക് ഇഷ്ടമല്ല. ഹരിയാനയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ആശാവര്‍ക്കേഴ്സിന്റെ ഉജ്ജ്വല സമരം നടത്താന്‍ നേതൃത്വം നല്‍കുന്നത് സി പി എമ്മാണെന്നത് അവരിവിടെ മറച്ചു പിടിക്കുന്നു. ബംഗാളിലും സി പി എം കടുത്ത സമരങ്ങള്‍ നയിക്കുന്നു. കേരളത്തില്‍ ഏതു വലതുപക്ഷ ഭരണകൂടത്തിന്റെയും ഭാഷയെ തോല്‍പ്പിക്കുന്ന രീതിയിലാണ് സമരങ്ങളെ നേരിടുന്നത്.

ഇടതുപക്ഷം സമരങ്ങളെ കാണുന്ന രീതിയല്ല ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ജനകീയ പ്രതിഷേധങ്ങളെ വര്‍ഗീയമാക്കുന്ന സംഘ പരിവാര രീതിയിലേക്കാണ് മാറ്റം. ഏതു വലതുപക്ഷ സര്‍ക്കാറിനെയുംപോലെ സമരങ്ങള്‍ക്ക് എതിരാവുന്നതു മനസ്സിലാക്കാം. എന്നാല്‍ തീവ്ര വലതു സര്‍ക്കാറുകളുടെ രീതിയിലേക്കു മാറുന്നത് അത്ഭുതകരമാണ്. സമരം ഖുര്‍ ആനെതിരെയാണ് എന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ബി ജെ പി രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പ്രകടനമാണ്. വര്‍ഗീയ കലാപങ്ങളിലേക്ക് ജനങ്ങളെ തള്ളിയും അധികാരം നില നിര്‍ത്തിയാല്‍ മതി എന്ന ചിന്ത ഹീനമാണ്.

സമരങ്ങള്‍ കോവിഡ് വ്യാപനത്തിന് ഹേതുവാകുന്നുവെങ്കില്‍ തിരുത്തേണ്ടത് ഭരണകൂടങ്ങളാണ്. ലോകത്തെവിടെയായാലും അതങ്ങനെത്തന്നെ. കാലുഷ്യങ്ങളിലേക്കും അനിശ്ചിതത്വത്തിലേക്കും ചാടിയിറങ്ങാന്‍ ആരും ഇഷ്ടപ്പെടില്ല. അവരതിന് തീര്‍ച്ചയായും നിര്‍ബന്ധിക്കപ്പെടുകയാണ്. കുറ്റം അധികാര പ്രമത്തതയുടേതാണ്. ജനങ്ങളോടു നീതി കാണിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.

ആസാദ്
19 സെപ്തംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )