കേന്ദ്ര മന്ത്രി വി മുരളീധരന് എതിരെയോ ബി ജെ പിയ്ക്ക് എതിരെയോ കേസെടുക്കണം എന്നു വെറുതേ പറയാനുള്ള ശേഷി മാത്രമേ കേരളം ഭരിക്കുന്നവര്ക്കുള്ളു. അവര്‍ക്കെതിരെ കണ്മുന്നില് വരുന്ന കേസുകളില്‍പോലും നടപടിയെടുത്തു കണ്ടിട്ടില്ല.
രണ്ട് ഉദാഹരണങ്ങള്‍ പറയാം. ഒന്ന് കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിലുള്ള പ്രതിരോധ ഗവേഷണ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞന് എന്ന നിലയില്‍ ആള്‍മാറാട്ടമോ ചാരപ്രവര്‍ത്തനമോ നടത്തിയ ഒരാള്‍ കേരള പൊലീസിന്റെ പിടിയിലായിരുന്നു. വ്യാജ ഐഡന്റിറ്റി കാര്‍ഡോടു കൂടിയാണ് പിടിച്ചത്. വെറും ഒമ്പതാം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള ഇയാള്‍ മലയാളിയായ കേന്ദ്രമന്ത്രിയുടെ അടുത്തയാളാണെന്നു വാര്‍ത്ത വന്നിരുന്നു. ആ കേസ് എവിടെയെത്തി? അയാളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടോ? യു എ പി എ ഉണ്ടായോ? കേന്ദ്ര മന്ത്രി അന്വേഷണ പരിധിയില്‍ വന്നുവോ? ആ അന്വേഷണത്തെക്കുറിച്ച് കേരളത്തിന്റെ ആഭ്യന്തര മന്ത്രി ഒന്നും പറഞ്ഞു കേട്ടില്ല. കോവിഡ് കാലത്തുതന്നെയാണല്ലോ ആ വാര്‍ത്തയും കണ്ടത്.
രണ്ടാമത്തെ കേസ് കോട്ടയത്തെ തോക്കു നിര്‍മ്മാണവും വില്‍പ്പനയും സംബന്ധിച്ചാണ്. അതില്‍ ബി ജെ പി ബന്ധം ആരോപിച്ചത് സി പി എം നേതൃത്വമായിരുന്നു. കേരളത്തിനു പുറത്തേക്കും തോക്കുകള്‍ പോയി എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ആ അന്വേഷണം എവിടെയെത്തി? അതില്‍ രാജ്യദ്രോഹം ഉണ്ടായിരുന്നുവോ? ബി ജെ പി നേതാക്കളുടെ പങ്ക് അന്വേഷിച്ചുവോ?
ബി ജെ പിക്കു കുരുക്കാവുന്ന അന്വേഷണമൊന്നും എല്‍ ഡി എഫ് ഭരണ കാലത്തുണ്ടാവില്ല. തിരിച്ചും നന്ദി കാണിക്കും എന്ന പ്രതീക്ഷ മുഖ്യമന്ത്രിക്കു കാണും. അതു നല്കുന്ന ആത്മവിശ്വാസം പ്രകടവുമാണ്. ഇപ്പോഴത്തെ സമരങ്ങളില്‍ ബിജെപിയും ഉണ്ടെങ്കിലും അവര്‍ക്ക് അതൊരു മെയ്യനങ്ങല് മാത്രമാണ്. ബി ജെ പി അദ്ധ്വാനിച്ചതിന്റെ ഫലം യുഡി എഫ് കൊയ്യുമോ എന്ന ഭയം അവര്‍ക്കുണ്ട്. ശബരിമലയില്‍ ഏറ്റ പൊള്ളല്‍ ഇനിയും മാറിയിട്ടില്ല. അതിനാല്‍ സി പിഎം ബിജെപിയ്ക്ക് എതിരെയും ബിജെപി സിപിഎമ്മിനെതിരെയും പറയുന്നത് അത്രയേ വിശ്വാസത്തിലെടുക്കാന്‍ കഴിയൂ.
ബെഹറയും ശ്രീവാസ്തവയും പിണറായിയും വി മുരളീധരനും സന്ധിക്കുന്ന ചില ആഭ്യന്തര സന്ധികളുണ്ട്. അവിടെ എന്‍ ഐ എയും യുഎപിഎയും എല്ലാം അടങ്ങിയൊതുങ്ങി നില്ക്കും. അതിലപ്പുറം പ്രതീക്ഷയൊന്നും വേണ്ട. പെരുമ്പാമ്പിനെ വളര്‍ത്തിയ ഒരാളുടെ കഥ കേട്ടിട്ടുണ്ട്. അതുപോലെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വിഴുങ്ങിത്തീര്ക്കാമെന്ന് വിഷജീവി സ്വപ്നം കാണാതിരിക്കില്ല എന്ന് ഓര്മ്മപ്പെടുത്താനേ നമുക്കു കഴിയൂ.
ആസാദ്
19 സെപ്തംബര്‍ 2020

