Article POLITICS

ജീവനക്കാരുടെ വേതനം സര്‍ക്കാറിന്റെ ദാനമല്ല

ജീവനക്കാരുടെ ശംബളം കൈയിട്ടു വാരി വീണ്ടും കണ്‍സള്‍ട്ടന്‍സികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കെതിരെയുള്ള കോടതി വ്യവഹാരങ്ങള്‍ക്കും ചെലവഴിക്കാനാണ് സര്‍ക്കാര്‍ മുതിരുന്നതെങ്കില്‍ അപലപിക്കാതെ വയ്യ. സെപ്തംബര്‍ മാസം മുതല്‍ പിന്നെയും ആറുമാസം ശംബളം പിടിക്കാനുള്ള തീരുമാനം ചില വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

2018ലെ പ്രളയകാലം മുതല്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യം ചര്‍ച്ച ചെയ്തതാണ്. തുടര്‍ന്ന് 2019ലെ പ്രളയവും ഈ വര്‍ഷം നേരിട്ട കോവിഡും സ്ഥിതിഗതികള്‍ ഗുരുതരമാക്കി. ജനങ്ങള്‍ ചെലവു ചുരുക്കിയും വരുമാനം വെട്ടിക്കുറയ്ക്കുന്നതിനോടു പൊരുത്തപ്പെട്ടും സഹകരിക്കാന്‍ തയ്യാറായി. എന്നാല്‍ സര്‍ക്കാര്‍ ചെലവു ചുരുക്കാന്‍ സന്നദ്ധമായില്ല. പാഴ് ചെലവുകള്‍ വര്‍ദ്ധിച്ചതേയുള്ളു. കണ്‍സള്‍ട്ടന്‍സികള്‍ക്കു വാരിക്കോരിയാണ് പണം നല്‍കിയത്. കോര്‍പറേറ്റ് വികസന ഭ്രാന്തിന് ഒട്ടും ശമനമുണ്ടായില്ല. കോവിഡ് അച്ചടക്കം പാലിക്കേണ്ട സന്ദര്‍ഭത്തില്‍ തര്‍ക്കപദ്ധതികള്‍ ബലം പ്രയോഗിച്ചു നടപ്പാക്കുന്ന അനുഭവം പോലും ഉണ്ടായി.

ജീവനക്കാരുടെ വേതനം പിടിച്ചുപറ്റാന്‍ എളുപ്പമാണ്. സമ്പന്ന വിഭാഗത്തില്‍നിന്ന് പണം കണ്ടെത്താന്‍ ഒരുപായവും സര്‍ക്കാറിന് തോന്നിയില്ല. ഏതേതു മേഖലകളില്‍ ഏതേതു വിധത്തില്‍ ചെലവു ചുരുക്കാനാവും എന്നതിനെക്കുറിച്ച് ഒരു വിശദീകരണം നല്‍കാനും സര്‍ക്കാര്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പു വര്‍ഷത്തിന്റെ പൊലിമകള്‍ക്കു മാറ്റുകൂട്ടാന്‍ ജീവനക്കാരുടെ വിയര്‍പ്പാണ് സര്‍ക്കാര്‍ ഊറ്റിയെടുക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം രണ്ടു മാസത്തെ ശംബളമാണ് ജീവനക്കാര്‍ക്കു നഷ്ടപ്പെടുന്നത്. സംസ്ഥാനം അത്യപൂര്‍വ്വമായ ആപത്തിനെ നേരിടുന്ന ഘട്ടത്തില്‍ ഇങ്ങനെയൊരു ത്യാഗത്തിന് ജീവനക്കാര്‍ എതിര്‍പ്പ് കാണിക്കാന്‍ ഇടയില്ല. എന്നാല്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയാണ് എന്ന തോന്നല്‍ അവര്‍ക്കുണ്ടായാല്‍ അതെളുപ്പമാവുകയുമില്ല. സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ പദ്ധതി പ്രഖ്യാപിക്കാതെയും സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളെ ഒഴിവാക്കിക്കൊണ്ടും ജീവനക്കാരുടെ വേതനത്തില്‍ മാത്രം പിടിമുറുക്കാന്‍ ശ്രമിക്കുന്നത് എതിര്‍പ്പിന് ഇടയാക്കും. അതു ശരിയായ രീതിയുമല്ല.

ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന കൂട്ടരാണ് ജീവനക്കാരും അദ്ധ്യാപകരും എന്ന ചിന്ത ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നുണ്ട്. സര്‍ക്കാറിന്റെ വരുമാനത്തില്‍ സിംഹഭാഗവും വായ്പാചെലവിലേക്ക് പോകുന്നത് അവരുടെ കുറ്റമല്ല. അത് ഓരോ സര്‍ക്കാറും പിന്തുടരുന്ന തെറ്റായ സാമ്പത്തിക സമീപനത്തിന്റെ ഫലമാണ്. ഇക്കാര്യം മറച്ചുവെച്ച് ജീവനക്കാരെ കുറ്റക്കാരാക്കുകയും എന്തിനും അവരില്‍നിന്നു പരിഹാരമുണ്ടാക്കണമെന്ന വ്യാജബോധം രൂപപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂട കൗശലം തുറന്നുകാട്ടേണ്ടതുണ്ട്. ജനാധിപത്യ ഭരണ സംവിധാനത്തിന്റെ പ്രവര്‍ത്തനോര്‍ജ്ജം ജീവനക്കാരിലാണ് ഉള്ളത്. അത് മരവിപ്പിക്കും വിധമുള്ള തീരുമാനങ്ങള്‍ നല്ലതല്ല.

സര്‍ക്കാര്‍ ചെലവു ചുരുക്കലിനു മാതൃകയാവണം. പാഴ്ച്ചെലവുകള്‍ കുറയ്ക്കണം.അല്‍പ്പകാലം നീട്ടിവെയ്ക്കാന്‍ കഴിയുന്ന പദ്ധതികള്‍ നീട്ടി വെയ്ക്കണം. വന്‍ തോതില്‍ കോഴയും കമ്മീഷനും കണ്‍സള്‍ട്ടന്‍സി ഫീസും പണമായി കിനിഞ്ഞു വീഴുന്നത് ജനം കാണുന്നുണ്ട്. പിന്‍വാതില്‍ നിയമനവും സ്വജനനിയമനവും വലിയ തട്ടിപ്പാകുന്നു. അനാവശ്യ വ്യവഹാരങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കത്തിനു നിരക്കാത്ത ചെലവുകളാണ് കാണുന്നത്. അതിനിടയില്‍ ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശംബളം നഷ്ടപ്പെടുന്നത് ഒരു സഹായമായല്ല, പിടിച്ചുപറിയായാണ് അനുഭവപ്പെടുക.

ആദ്യവട്ടം ശംബളം പിടിക്കുമ്പോള്‍ പണം ഉണ്ടാകുമ്പോള്‍ തിരിച്ചു നല്‍കാം എന്നായിരുന്നു വാഗ്ദാനം. വീണ്ടും ഒരു മാസത്തെ ശംബളം പിടിക്കാന്‍ കുറെകൂടി നല്ല ഓഫര്‍ മുന്നോട്ടു വെക്കുന്നു. അടുത്ത ജൂണില്‍ തിരിച്ചെടുക്കാവുന്ന വിധം പലിശ സഹിതം പി എഫില്‍ ഉണ്ടാവും എന്നാണത്. എന്നാല്‍ അതിനിടെ ഒരു ഭരണമാറ്റം ഉണ്ടാവില്ലേ? ജൂണില്‍ എന്തു നടക്കുമെന്നതിന് എന്ത് ഉറപ്പുണ്ട്? പണം തിരിച്ചു കിട്ടണമെങ്കില്‍ ഞങ്ങളെത്തന്നെ വിജയിപ്പിക്കൂ എന്ന ഒരഭ്യര്‍ത്ഥനയാകുമോ അത്? എല്‍ ഡി എഫ് തന്നെ തിരിച്ചു വന്നാലും അന്നേയ്ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും എന്ന് നിശ്ചയിക്കാനാവുമോ?

എന്നു തിരിച്ചുകിട്ടും എന്നു നോക്കിയല്ല ആപല്‍ കാലത്ത് മനുഷ്യര്‍ സഹായം ചെയ്യുന്നത്. എന്നാല്‍ സഹായം വാങ്ങുന്നവര്‍ ചില മര്യാദകള്‍ കാണിക്കേണ്ടതുണ്ട്. അതാണ് മുകളില്‍ സൂചിപ്പിച്ച ചെലവു ചുരുക്കലും സാമ്പത്തിക അച്ചടക്കവും. സര്‍ക്കാര്‍ ആദ്യം അതു ബോധ്യപ്പെടുത്തട്ടെ. എന്നിട്ടുമതി വേതനം വെട്ടിക്കുറയ്ക്കല്‍.

ആസാദ്
17 സെപ്തംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )