Article POLITICS

ജലീല്‍ മാറി നില്‍ക്കണം

സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഏജന്‍സികളുടെ ചോദ്യം ചെയ്യലിനു വിധേയനാകുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ കെ ടി ജലീല്‍ മന്ത്രിസ്ഥാനത്തുനിന്നു മാറി നില്‍ക്കുന്നതാണ് മര്യാദ. ജനാധിപത്യ മൂല്യങ്ങളുടെയും നീതി നിര്‍വ്വഹണ വഴക്കങ്ങളുടെയും മാന്യതയ്ക്കു കളങ്കമേറ്റുകൂടാ. അദ്ദേഹത്തിനു സ്വയം തീരുമാനമെടുക്കാന്‍ കഴിയണം.

കെ ടി ജലീല്‍ കുറ്റമൊന്നും ചെയ്തിട്ടുണ്ടാവില്ല. അങ്ങനെ വിചാരിക്കാനാണ് എനിക്കും താല്‍പ്പര്യം. എന്നാല്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നതും ചോദ്യം ചെയ്യുന്നതും ഒരു കാബിനറ്റ് മന്ത്രിപദവിയെ ആവുന്നത് ഖേദകരമാണ്. അതിന് ഇട വരുത്താതിരിക്കുന്നതാണ് ധാര്‍മ്മികമായ ശരി.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തപ്പോള്‍ ചില കാര്യങ്ങളുടെ വിശദീകരണം മാത്രമേ നടന്നുള്ളു എന്നാണ് മന്ത്രിയും സര്‍ക്കാറും പാര്‍ട്ടിയും പറഞ്ഞത്. ഇപ്പോള്‍ എന്‍ ഐ എകൂടി ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അങ്ങനെയൊരു പ്രതിരോധം നിലനില്‍ക്കില്ല. ജലീലിന്റെ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ട്. അതുവരെ മന്ത്രി പദവിയില്‍നിന്നു മാറുന്നതാണ് ഉചിതം.

ഇന്നു സിപിഎം പറഞ്ഞത് ഒന്നാം പ്രതി വി മുരളീധരനാണ് എന്നാണ്. അതു ശരിയാവാം. അക്കാര്യം അന്വേഷണ ഏജന്‍സികളെ അറിയിക്കുകയും വേണം. എന്നാല്‍ ജലീലിന്റെ കാര്യം ചോദിക്കുമ്പോള്‍ മുരളീധരനാണ് ഒന്നാം പ്രതിയെന്ന സിപിഎം നേതാവ് എം വി ഗോവിന്ദന്റെ പ്രതികരണത്തില്‍ ഒരു കുറ്റസമ്മതമുണ്ട്. ജലീല്‍ കേസില്‍ ഒന്നാം പ്രതിയാവില്ല എന്നേ അദ്ദേഹത്തിനു വാദമുള്ളു. മുരളീധരന്റെ പങ്കാളിത്തം ജലീലിനു ബോധ്യമുണ്ടെങ്കില്‍ അദ്ദേഹം അതു മറച്ചു വെക്കില്ലല്ലോ.

ജലീല്‍ രാജി വെക്കേണ്ടതില്ല എന്ന സി പി എമ്മിന്റെ അഭിപ്രായം അവരുടെ ബോധ്യമായി മനസ്സിലാക്കാം. ജലീലിനെക്കാള്‍ കുറ്റം ചെയ്തവര്‍ പദവികളില്‍ തുടരുന്നു എന്നതാവാം ഇതിനര്‍ത്ഥം. അവരെ നില നിര്‍ത്തി എങ്ങനെ ജലീലിനെ ബലി നല്‍കും എന്ന ചിന്തയ്ക്കുമുണ്ടല്ലോ ധാര്‍മ്മികബലം! അന്വേഷണം ഇനി ഏതേതു വഴികളില്‍ എങ്ങെല്ലാം എത്തില്ലെന്ന് ആരറിഞ്ഞു! രാജി വെക്കാന്‍ തുടങ്ങിയാല്‍ അത് എവിടെ ചെന്ന് അവസാനിക്കും? പാര്‍ട്ടിയുടെ ഉത്ക്കണ്ഠ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.

പക്ഷെ ജനാധിപത്യം ഭൂരിപക്ഷത്തിന്റെ വ്യാഖ്യാനമോ അഹങ്കാരമോ അല്ല. ആധിപൂണ്ട നിസ്സംഗതയുമല്ല. അധികാരം അങ്ങനെ തോന്നിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനഹിതത്തിനോ ഇടതുപക്ഷ മൂല്യ വിചാരത്തിനോ യോജിച്ച സമീപനമല്ല ഇപ്പോള്‍ സ്വീകരിച്ചു കാണുന്നത്. കള്ളക്കടത്ത് അന്വേഷണത്തിന് ദേശീയ ഏജന്‍സികളെ ക്ഷണിക്കാന്‍ കാണിച്ച ആര്‍ജ്ജവം അവരുടെ അന്വേഷണങ്ങളോടു സഹകരിക്കാനും കാണിക്കണം. രാജി കുറ്റസമ്മതമല്ല. ഒരിക്കലും അങ്ങനെ ആയിരുന്നില്ല.

വാസ്തവം ഒളിച്ചുവെച്ച് ഏറെ മുന്നേറാനാവില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിക്കാന്‍ കഴിഞ്ഞ സ്വര്‍ണക്കടത്തു ലോബിക്കു മറ്റു മന്ത്രിമാരെ സ്വാധീനിക്കാന്‍ പ്രയാസം കാണില്ല. ജനങ്ങള്‍ക്ക് അങ്ങനെയോ തോന്നൂ. അതിനാല്‍ മന്ത്രിമാര്‍ അറിഞ്ഞോ അറിയാതെയോ കുരുക്കില്‍ പെട്ടുപോയോ എന്നത് ഏജന്‍സികള്‍ അന്വേഷിക്കുക സ്വാഭാവികം. ആ അന്വേഷണത്തോടു സഹകരിക്കുകയാണ് വേണ്ടത്. അതിന് മന്ത്രി പദവിയില്‍നിന്നു മാറുക എന്നത് പ്രാഥമിക ഉപാധിയാണ്. ജലീലിന് അതറിയാതെ വരില്ല.

സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ കയറി ഇറങ്ങിയ ഇടങ്ങളിലെല്ലാം സംശയത്തിന്റെ കണ്ണുകളെത്തും. അധികാരത്തിന്റെ ഇടനാഴികളും അങ്ങോട്ടുള്ള ഊടുവഴികളും പരിശോധിക്കപ്പെടും. ഭരണകക്ഷിയുടെ നേതാക്കളും അവരുടെ അടുപ്പക്കാരും ചോദ്യം ചെയ്യപ്പെടാം. അധികാരത്തിന്റെ ആനുകൂല്യം മക്കള്‍ ഉപയോഗിച്ചാല്‍ കുറ്റക്കാര്‍ മക്കള്‍ മാത്രമല്ലെന്ന് പാര്‍ട്ടിക്കും അറിയാമല്ലോ. തെറ്റു തിരുത്തല്‍ രേഖയില്‍ അതല്ലേ എഴുതി വെച്ചിരിക്കുന്നത്? അതങ്ങു മറന്നു പോവരുത്.

ഒളിച്ചു പോകുന്ന മന്ത്രി ജനാധിപത്യത്തിന് അപമാനമാണ്. കള്ളം പറയുന്നതും കള്ളക്കടത്തു വിസ്താരത്തെ കള്ളം പറയാവുന്ന ധര്‍മ്മയുദ്ധമാക്കുന്നതും നന്നല്ല. ഹീനമായ ഒളിച്ചോട്ടമോ സാധൂകരണമോ മാത്രമാണത്. മഹത്തായ പാരമ്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇങ്ങനെ ചെറുതാവരുത്.

ആസാദ്
17 സെപ്തംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )